വികസിത ഭാരതത്തിന് യുവശക്തി

 
Editorial

വികസിത ഭാരതത്തിന് യുവശക്തി

2047 ആവുമ്പോഴേക്കും വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യം മുൻനിർത്തിയാണു കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങൾ.

Reena Varghese, MV Desk

രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്‍റെ ദിനമാണ് ഓഗസ്റ്റ് 15. ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് സ്വതന്ത്ര ഇന്ത്യ പിറന്നത് 1947 ഓഗസ്റ്റ് പതിനഞ്ചിനാണ്. സ്വാതന്ത്യ സമര സേനാനികളുടെ മഹത്തായ ത്യാഗങ്ങളെ നന്ദിയോടെ സ്മരിക്കേണ്ട ദിവസമാണിത്. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും വ്യക്തികളുടെ അന്തസും ജനാധിപത്യ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിനും ഉത്തരവാദിത്വമുള്ള പൗരന്മാരായി പ്രവർത്തിക്കുന്നതിനും ഓരോരുത്തർക്കുമുള്ള കടമ ഓർമപ്പെടുത്തുക കൂടിയാണ് ഈ ദിവസം. ദേശീയബോധം വളർത്തുകയും ഭരണഘടനയെ സംരക്ഷിക്കുകയും ചെയ്യുന്നതിൽ യാതൊരു വീഴ്ചയും ഉണ്ടായിക്കൂടാ. ഈ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ പ്രധാന പ്രമേയം "വികസിത ഭാരതത്തിനു യുവശക്തി' എന്നതാണ്. 2047 ആവുമ്പോഴേക്കും വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യം മുൻനിർത്തിയാണു കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങൾ. അതിൽ യുവജനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് ഓർമിപ്പിക്കുകയാണ് ഈ പ്രമേയം.

ലോകത്ത് ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യമാണ് ഇന്ത്യ. 65 ശതമാനം ജനങ്ങളും 35 വയസിൽ താഴെയുള്ളവർ. ഇവരുടെ ശാക്തീകരണം രാജ്യപുരോഗതിയിൽ നിർണായകമായി മാറുമെന്നതിൽ സംശയമൊന്നുമില്ല. കരുത്തുറ്റ, സ്വയംപര്യാപ്തമായ ഇന്ത്യ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ നിലകൊള്ളുമ്പോൾ അതിൽ യുവാക്കൾ വഹിക്കുന്ന പങ്ക് വളരെ വലുതാവും. ശാസ്ത്രം, സാങ്കേതിക വിദ്യ, നവീകരണം, സംരംഭകത്വം തുടങ്ങിയ രംഗങ്ങളിൽ യുവാക്കൾ നൽകുന്ന സംഭാവനകളെ രാജ്യം അംഗീകരിക്കേണ്ടതുണ്ട്. യുവാക്കൾ വികസിത ഭാരതത്തിന്‍റെ ഗുണഭോക്താക്കളല്ല, പങ്കാളികളാണെന്ന് എല്ലാവർക്കും ബോധ്യമാവേണ്ടതുണ്ട്. പുതിയ ആശയങ്ങൾ കൊണ്ടുവരുന്നതിലും ഊർജസ്വലമായ പ്രവർത്തനങ്ങൾ നടത്തുന്നതിലും യുവാക്കൾ മുന്നിട്ടു നിൽക്കേണ്ടതുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയിൽ കുതിച്ചുചാട്ടമുണ്ടാക്കാൻ യുവശക്തിക്കു കഴിയണം. അതിനൊപ്പം സാമൂഹികമായ അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള പൂർണമായ മോചനവും യുവാക്കൾ ലക്ഷ്യമിടേണ്ടതാണ്. ദേശീയ ഗീതമായ വന്ദേമാതരത്തിന്‍റെ നൂറ്റമ്പതാം വാർഷികം എന്ന ചരിത്രപരമായ പ്രാധാന്യവും ഇത്തവണയുണ്ട്. രാജ്യതലസ്ഥാനത്തു ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നുണ്ട്. ദേശീയ ഗാനമായ ജനഗണമനയ്ക്കു തുല്യമായ പദവി ദേശീയ ഗീതമായ വന്ദേമാതരത്തിനും നൽകുന്ന ബിൽ പാർലമെന്‍റ് പാസാക്കിയത് അടുത്തിടെയാണ്. ഇതു പ്രകാരം വന്ദേമാതരത്തെ അപമാനിക്കുന്നത് മൂന്നു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

സ്വാതന്ത്ര്യം നേടിയ ശേഷം ഇതുവരെയുണ്ടായ രാജ്യത്തിന്‍റെ പുരോഗതി ആരെയും അസൂയപ്പെടുത്തുന്നതു തന്നെയാണ്. കരുത്തുറ്റ ജനാധിപത്യ സംവിധാനം നമുക്കുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണു നമ്മുടേത്. സാമ്പത്തിക രംഗത്തുണ്ടായ പുരോഗതിയും അഭിമാനകരമാണ്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥകളിലൊന്നാണു നമ്മുടേത്. ലോകത്തെ ഏറ്റവും വലിയ അഞ്ചു സാമ്പത്തിക വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക വ്യവസ്ഥയായി വളരാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ രാജ്യം. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ഓരോ ഇന്ത്യക്കാരനും അവരവരുടെ പങ്ക് ഏറ്റവും ഭംഗിയായി നിർവഹിക്കേണ്ടതുണ്ട്. ജനാധിപത്യം സംരക്ഷിക്കുന്നതിനും സാമ്പത്തിക വളർച്ച തടസപ്പെടാതെ സൂക്ഷിക്കുന്നതിനും നമുക്കു കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണ്. ദുർബല വിഭാഗങ്ങളെയും അവശതയനുഭവിക്കുന്നവരെയും സംരക്ഷിക്കുകയും ഉയർത്തിക്കൊണ്ടുവരുകയും ചെയ്യുന്നതിലും ശ്രദ്ധയുണ്ടാവണം. സ്വദേശി ഉത്പന്നങ്ങൾക്കു പ്രാധാന്യം നൽകുന്നതു പോലുള്ള നടപടികൾ രാജ്യതാത്പര്യം സംരക്ഷിക്കുന്നതാണ്.

കഴിഞ്ഞ ദിവസം അവസാനിച്ച പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം നീറ്റ് ചോദ്യ പേപ്പർ ചോർച്ചയെയും ജന്തർ മന്തറിലെ സമരത്തിനെതിരായ പൊലീസ് നടപടിയെയും ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങിപ്പോയി എന്നതു നിരാശാജനകമാണ്. ബഹളത്തിനു കാരണമായ വിഷയങ്ങൾ ചെറുതാണ് എന്നല്ല. വളരെ ഗൗരവമുള്ള വിഷയങ്ങൾ തന്നെയാണ് അവ. എന്നാൽ, പാർലമെന്‍റ് നടപടികൾ ഇങ്ങനെ ബഹളത്തിൽ മുങ്ങുന്നത് നിരവധിയായ മറ്റു ജനകീയ വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യുന്നതിനുള്ള അവസരമാണു നഷ്ടപ്പെടുത്തുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും അത് ആലോചിക്കേണ്ടതുണ്ട്. 25 ദിവസം നീണ്ട സമ്മേളനത്തിൽ ലോക്സഭ പ്രവർത്തിച്ചത് 19 ശതമാനം മാത്രം സമയത്താണ് എന്നാണു കണക്ക്. രാജ്യസഭയ്ക്ക് 39 ശതമാനം സമയം പ്രവർത്തിക്കാനായി. 12 ബില്ലുകളാണ് ഈ സമ്മേളനത്തിൽ പാസാക്കിയത്. ഇതിൽ ചർച്ച നടന്നത് പരീക്ഷാ ക്രമക്കേടു തടയാനുള്ള ബില്ലിൽ മാത്രമാണ്.

പാർലമെന്‍റായാലും നിയമസഭകളായാലും സഭാ നടപടികൾ നിരന്തരം തടസപ്പെടുത്തുന്ന രീതി നമുക്കു വേണോയെന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ രാഷ്‌ട്രീയ കക്ഷികളും ചിന്തിക്കട്ടെ. നമ്മുടെ ജനാധിപത്യത്തെ ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ മുന്നോട്ടുകൊണ്ടുപോകേണ്ടത് ഓരോ ഇന്ത്യൻ പൗരന്‍റെയും കടമയാണ്. അഴിമതിയും അക്രമവും തുടങ്ങി രാജ്യത്തിനും ജനങ്ങൾക്കും ഹിതകരമല്ലാത്തവയെ പ്രതിരോധിക്കുന്നതിനുള്ള പ്രതിബദ്ധത നമുക്കുണ്ടാവണം. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ മറന്നുകൊണ്ട് നാം ഒന്നും ചെയ്തു കൂടാ. ശത്രുക്കളിൽ നിന്നു നാടിനെ രക്ഷിക്കാൻ അതിർത്തിയിൽ സദാസമയവും ജാഗ്രതയോടെ കാവൽ നിൽക്കുന്ന സൈനികരെയും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം