ഇനിയും നന്നാവട്ടെ, പൊലീസിന്‍റെ മുഖം
file image
ഏതു സർക്കാരിനെ വിലയിരുത്തുമ്പോഴും അതിൽ പ്രധാന പങ്കുണ്ട് പൊലീസ് എങ്ങനെയാണു പ്രവർത്തിക്കുന്നത് എന്നതിന്. ക്രമസമാധാന പാലനത്തിൽ പാകപ്പിഴകളുണ്ടായാൽ ആ സർക്കാരിനെക്കുറിച്ചുള്ള ജനങ്ങളുടെ മതിപ്പും ഇല്ലാതാവുന്നതു സ്വാഭാവികമാണ്. തങ്ങളുടെ ജോലി പൊലീസ് സേന ഏറ്റവും ഭംഗിയായി ചെയ്യുക എന്നതിനൊപ്പം ജനങ്ങളോടുള്ള പെരുമാറ്റത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. പൊലീസ് സ്റ്റേഷനുകൾ ജനസൗഹൃദമല്ലെങ്കിൽ പരാതികളുമായി അവിടേക്കു കടന്നുചെല്ലാൻ പോലും ആളുകൾ മടിക്കും. സാധാരണക്കാർക്കു നീതി തേടി കടന്നുചെല്ലേണ്ട ഇടങ്ങളാണ് പൊലീസ് സ്റ്റേഷനുകൾ. ജനങ്ങളുടെ പരാതികൾ ക്ഷമയോടെ കേൾക്കാനാവണം അവിടെയുള്ളവർ തയാറാവേണ്ടത്. കുറ്റകൃത്യങ്ങൾ തടയാനും പക്ഷഭേദമില്ലാതെ നിയമം നടപ്പാക്കാനും ഇരകൾക്കു സംരക്ഷണം നൽകാനും പൊതുവിൽ സമൂഹത്തിൽ സമാധാനവും നിയമവ്യവസ്ഥയും നിലനിർത്താനും പൊലീസിനു കഴിയണം. പൊലീസിന്‍റെ മുഖം എത്രയും നന്നാവുന്നോ അത്രയും സർക്കാരിനും ജനപിന്തുണ ലഭിക്കും. അതുകൊണ്ടു തന്നെയാണു മാറി മാറി വരുന്ന സർക്കാരുകൾ പൊലീസിനെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനസൗഹൃദമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നത്. വർഷങ്ങൾക്കു മുൻപുള്ള പൊലീസിങ്ങും ഇന്നത്തെ പൊലീസിങ്ങും തമ്മിൽ വളരെ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇനിയും മാറ്റങ്ങൾ ആവശ്യമായി വരുകയും ചെയ്യും. കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനു സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിലും സ്റ്റേഷനുകളിലും സമഗ്രമായ മാറ്റം വരുത്തുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനെയും ഇതുമായി ബന്ധപ്പെട്ടാണു കാണേണ്ടത്.
യുഡിഎഫ് സർക്കാർ അധികാരമേറ്റു ചുരുങ്ങിയ നാളുകൾക്കുള്ളിൽ ശ്രദ്ധേയമായ പദ്ധതികൾ രമേശ് ചെന്നിത്തല നടപ്പിലാക്കുകയുണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓപ്പറേഷൻ തൂഫാൻ തന്നെയാണ്. ലഹരി മാഫിയയുടെ വേരറുക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച ഈ പദ്ധതി വലിയ വിജയമായി മാറുന്നുണ്ട്. എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഹകരണവും തേടിയിട്ടുണ്ട്. മയക്കുമരുന്നു വിൽപ്പനക്കെതിരേ സംസ്ഥാന വ്യാപകമായി ശക്തമായ നടപടിയാണ് ഉണ്ടാവുന്നത്. അഴിമതിരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന പ്രോജക്റ്റ് സീറോ പദ്ധതിയും രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യം. ഇതിനു പിന്നാലെയാണ് പൊലീസിനെ ജനങ്ങളുടെ സ്വന്തം സംവിധാനമാക്കി മാറ്റുന്ന "മൈ പൊലീസ് സ്റ്റേഷൻ' പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 15നു പദ്ധതിക്കു തുടക്കമാവുകയാണ്. ഈ പദ്ധതിയിലൂടെ പൊലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
സർക്കിൾ ഇൻസ്പെക്റ്റർമാർ വഹിച്ചുവരുന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) ചുമതല ഇനി സബ് ഇൻസ്പെക്റ്റർമാർക്കു (എസ്ഐ) തന്നെ നൽകുകയാണ്. നേരിട്ടു ജോലിയിൽ പ്രവേശിക്കുന്ന യുവതീ- യുവാക്കളായ എസ്ഐമാർക്കു പുതിയ ചുമതലകൾ ലഭിക്കുന്നത് അവരുടെ കാര്യക്ഷമതയും തീരുമാനമെടുക്കാനുള്ള ശേഷിയും വർധിപ്പിക്കുമെന്നാണു പ്രതീക്ഷ. സംസ്ഥാനത്തെ 484 ലോ ആൻഡ് ഓർഡർ പൊലീസ് സ്റ്റേഷനുകളിൽ 419 എണ്ണത്തിലാണ് സബ് ഇൻസ്പെക്റ്റർമാരെ എസ്എച്ച്ഒമാരായി നിയമിക്കുക. പ്രധാന സിറ്റികളിലുൾപ്പെടെ 64 സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്റ്റർമാർ തന്നെ എസ്എച്ച്ഒമാരായി തുടരും. 63 പൊലീസ് സ്റ്റേഷനുകളിൽ വനിതാ സബ് ഇൻസ്പെക്റ്റർമാരാണ് എസ്എച്ച്ഒമാരാകാൻ പോകുന്നത് എന്നതും ശ്രദ്ധേയമാണ്. എസ്ഐമാർക്കു മാർഗനിർദേശം നൽകാനും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും സിഐമാരുടെ കീഴിൽ 200 പൊലീസ് സർക്കിളുകൾ രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റേഷനുകളിൽ എത്തുന്ന ഓരോ വ്യക്തിയുടെയും അന്തസ് മാനിച്ച് സമയബന്ധിതമായി സേവനം നൽകി പൗരന്‍റെ സംതൃപ്തി ഉറപ്പുവരുത്താനാണ് "മൈ പൊലീസ് സ്റ്റേഷൻ' പദ്ധതി ഊന്നൽ നൽകുക. കസ്റ്റഡി മരണങ്ങളും കസ്റ്റഡി മർദനങ്ങളും പൂർണമായി ഇല്ലാതാക്കുമെന്നും ആഭ്യന്തര മന്ത്രി അവകാശപ്പെടുന്നുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന കാലമാണിത്. ലോൺ ആപ്പ് തട്ടിപ്പു പോലുള്ള എന്തെല്ലാം കുറ്റകൃത്യങ്ങളാണ് ഇന്‍റർനെറ്റും ഡിജിറ്റൽ ഉപകരണങ്ങളും എല്ലാം ഉപയോഗിച്ചു നടത്തുന്നത്. സൈബർ കെണികളെക്കുറിച്ച് അറിയാതെ അതിൽ ചെന്നുവീഴുന്ന സാധാരണക്കാർ നിരവധിയാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് ആളുകളെ വഞ്ചിക്കുന്ന കുറ്റവാളികളെ പിടികൂടുന്നതിനും ഇത്തരം തട്ടിപ്പുകൾ തടയുന്നതിനും പൊലീസ് സംവിധാനത്തിലും മാറ്റങ്ങൾ ആവശ്യമുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനിലും ഒരേ നിറത്തിലുള്ള പെയിന്‍റടിക്കുന്നതുപോലുള്ള നടപടികൾക്കൊപ്പം പൊലീസിന്‍റെ നവീകരണത്തിൽ ഇതും പ്രധാന ഭാഗമാവണം. പുതിയ എസ്എച്ച്ഒമാർക്കും സിഐമാർ മുതൽ മുകളിലേക്കുള്ള സൂപ്പർവൈസറി ഉദ്യോഗസ്ഥർക്കും ഡിവൈഎസ്പിമാർക്കും മറ്റ് എല്ലാ ഉദ്യോഗസ്ഥർക്കും ഘട്ടംഘട്ടമായി ഓറിയന്‍റേഷൻ പരിശീലനം നൽകുമെന്നാണു മന്ത്രി അറിയിച്ചിരിക്കുന്നത്. ജനങ്ങളോടു സൗഹൃദപരമായി പെരുമാറാനുള്ള പരീശീലനം പൊലീസ് ഉദ്യോഗസ്ഥർക്കു ലഭിക്കുന്നത് നല്ലതു തന്നെയാണ്. നീതിയുക്തവും കാര്യക്ഷമവുമായി ഇടപെടുന്ന പൊലീസിനെയാണു നാടിനു വേണ്ടത്. അതിനൊപ്പം നീതിരഹിതവും നിയമവിരുദ്ധവുമായി പ്രവർത്തിക്കുന്നവർക്കു സംരക്ഷണം നൽകാനും പാടില്ല. ആധുനിക കാലത്തെ വെല്ലുവിളികൾ നേരിടുന്നതിൽ നമ്മുടെ പൊലീസ് സേന രാജ്യത്തിനു തന്നെ മാതൃകയായി നിൽക്കട്ടെ.