ആശാ ഭോസ്‌ലെ

 
Editorial

ആശാ ഭോസ്‌ലെയെന്ന സംഗീത വിസ്മയം

ലോകത്തു തന്നെ ഏറ്റവുമധികം ഗാനങ്ങൾ റെക്കോഡ് ചെയ്ത ഗായിക എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ ഗായിക

MV Desk

ഇന്ത്യൻ സംഗീത ലോകത്ത് അതുല്യമായ സംഭാവനകൾ നൽകിയ പ്ര​ശ​സ്ത ഗാ​യി​ക ആ​ശാ ഭോ​സ്‌​ലെ ഈ ലോകത്തോടു യാത്ര പറഞ്ഞപ്പോൾ അവസാനിക്കുന്നത് സുദീർഘമായ ഒരു കാലഘട്ടം കൂടിയാണ്. തൊണ്ണൂറ്റിരണ്ടാം വയസിലാണ് ആശ ഭോസ്‌ലെ അന്തരിക്കുന്നത്. അതിനുമുൻപ് എട്ടു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതമുണ്ട് ഈ അനുഗ്രഹീത ഗായികയ്ക്ക്. 20 ഭാഷകളിലായി 12,000 ഗാനങ്ങള്‍ അവർ പാടി. ഇതുപോലൊരു സംഗീത ജീവിതം എത്ര ധന്യമാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ലോകത്തു തന്നെ ഏറ്റവുമധികം ഗാനങ്ങൾ റെക്കോഡ് ചെയ്ത ഗായിക എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ ആശ ഭോസ്‌ലെയുടെ ആദ്യ ഗാനം 1943ൽ പത്താം വയസിലാണ്. മറാത്തി ചിത്രമായ "മജാബാലി'ൽ ചലാ ചലാ നവ്ബാല എന്ന ഗാനം ആലപിച്ചുകൊണ്ടാണ് അരങ്ങേറ്റം. പിന്നീട് പല പതിറ്റാണ്ടുകൾ ബോളിവുഡിലെ തിരക്കുള്ള ഗായികയായിരുന്നു അവർ. ജാ​ക്കി ഷെ​റോ​ഫ് അ​ഭി​ന​യി​ച്ച 2022ലെ ​ലൈ​ഫ് ഈ​സ് ഗു​ഡ് എ​ന്ന ചി​ത്ര​ത്തി​ലെ "രു​ത് ഭീഗേ തൻ' എന്ന ഗാനമാണ് ആ​ശാ ഭോ​സ്‌​ലെ​യു​ടെ അ​വ​സാ​ന​മാ​യി റെ​ക്കോ​ഡ് ചെ​യ്ത ഹി​ന്ദി ച​ല​ച്ചി​ത്ര ഗാ​നം എന്നു പറയുമ്പോൾ ആ സംഗീത ജീവിതത്തിന്‍റെ ദൈർഘ്യം മനസിലാവും. ഹിന്ദിയിലെ ആദ്യ ഗാനം പാടുന്നത് 1945ൽ "ബഡി മാ' എന്ന ചിത്രത്തിലാണ്. പക്ഷേ, 1948ൽ റിലീസായ "ചുനാരിയ' ആണ് ആശ പാടിയ ആദ്യ ചിത്രമായി അറിയപ്പെടുന്നത്.

മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ഗോ​റി​ല്‍ പ്ര​ശ​സ്തമായ മ​ങ്കേ​ഷ്‌​ക​ര്‍ കു​ടും​ബ​ത്തി​ല്‍ 1933 സെ​പ്റ്റം​ബ​ര്‍ എട്ടിന് ല​താ മ​ങ്കേ​ഷ്‌​ക​റി​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി​യാ​യാണ് ആശ ഭോസ്‌ലെ ജനിച്ചത്. ആയിരക്കണക്കിനു ഗാനങ്ങൾ ആലപിച്ച്, ഭാരതീയ സംഗീതത്തിന്‍റെ വാനമ്പാടിയായി, നിത്യഹരിത ഗായികയായി, ചരിത്രത്തിൽ ഇടം നേടിയ ലതയ്ക്കു പിന്നാലെ സിനിമാഗാന രംഗത്തെത്തിയ ആശയും ഇന്ത്യൻ സംഗീത ലോകം കീഴടക്കുകയായിരുന്നു. 2022ലാണു ല​താ മ​ങ്കേ​ഷ്‌​കർ അന്തരിക്കുന്നത്. ഇപ്പോൾ ആശയും ഈ ലോകത്തുനിന്നു യാത്രയായിരിക്കുന്നു. ഈ സഹോദരിമാരുടെ തിളക്കമാർന്ന കാലഘട്ടം ഇന്ത്യൻ സിനിമ ഒരു കാലത്തും മറക്കില്ല എന്നു തീർച്ച. പ​ഴ​യ​കാ​ല അ​ഭി​നേ​ത്രി​മാ​രു​ടെ ചി​ത്ര​ങ്ങ​ളി​ൽ മു​ത​ല്‍ പു​തി​യ​കാ​ല ന​ടി​മാ​രു​ടെ ചി​ത്ര​ങ്ങ​ളി​ല്‍ വ​രെ​ സ്വരമാധുര്യം ഒട്ടും കുറയാതെ പാടാൻ കഴിഞ്ഞിട്ടുണ്ട് ആ​ശാ ഭോ​സ്‌​ലെയ്ക്ക്. സംഗീത ലോകത്തെ മുടിചൂടാമന്നനായിരുന്ന ആര്‍.ഡി. ബര്‍മനുമായുള്ള ആശയുടെ കൂട്ടുകെട്ടിൽ ബോളിവുഡിലെ മികച്ച ഗാനങ്ങള്‍ പിറവികൊണ്ടു. പിന്നീട് ആര്‍.ഡി. ബര്‍മനും ആശാ ഭോസ്‌ലെയും വിവാഹിതരാവുകയും ചെയ്തു. ആശാ ഭോസ്‌ലെയുടെ ശബ്ദത്തിന്‍റെ സാധ്യതകൾ ഏറ്റവും ഫലവത്തായി പ്രയോജനപ്പെടുത്താൻ ബർമനു കഴിഞ്ഞു. 1990കളിൽ സിനിമയിൽനിന്നു പിൻവാങ്ങിയ ആശയെ തിരിച്ചുകൊണ്ടുവന്ന എ.ആർ. റഹ്‌മാൻ അവർക്കു പിന്നെയും സൂപ്പർ ഹിറ്റുകൾ നൽകി.

അറുപതുകളിലും എഴുപതുകളിലും യുവാക്കളുടെ ഹരമായി മാറിയ നിരവധി ഹിറ്റ് ഗാനങ്ങൾ ആശാ ഭോസ്‌ലെ ആലപിച്ചതാണ്. എന്നും സംഗീത പ്രേമികളെ ആവേശ ഭരിതരാക്കുന്നതായിരുന്നു ആ ശബ്ദം. ഗസലുകളും ഭജനുകളും ഖവാലിയും പോപ്പും ക്ലാസിക്കൽ സംഗീതവും എല്ലാം ആശയ്ക്ക് ഇണങ്ങുന്നതായിരുന്നു. ബോളിവുഡിലെ എക്കാലത്തെയും മികച്ച നൃത്തഗാനങ്ങൾ പലതും ഹിറ്റായത് ആശ ഭോസ്‌ലെയുടെ ശബ്ദത്തിലാണ്. "പിയാ തൂ അബ് തോ ആജാ', "ദം മാരോ ദം', "യേ മേരാ ദിൽ' തുടങ്ങിയവ ആശാ ഭോസ്‌ലെയുടെ ഡാൻസ് ഹിറ്റുകളിൽ ഉൾപ്പെടുന്നു. മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, മന്നാ ഡേ തുടങ്ങിയ ഇതിഹാസ ഗായകരോടൊപ്പം ആശ ഭോസ്‌ലെ ആലപിച്ച യുഗ്മഗാനങ്ങള്‍ എത്രയോ സംഗീതാസ്വാദകരുടെ മനസുകളിലാണു കുടികൊള്ളുന്നത്.

ആശ ഇന്ത്യൻ സംഗീതത്തിനു നൽകിയ അമൂല്യമായ സംഭാവനകൾ പരിഗണിക്കുമ്പോൾ അവർക്കു ലഭിച്ച നിരവധിയായ പുരസ്കാരങ്ങളും ഓർക്കേണ്ടതുണ്ട്. 1981ലും 1988ലും ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ച്ച ആശയ്ക്ക് 2000ല്‍ ​ദാ​ദാ സാ​ഹേ​ബ് ഫാൽക്കെ അവാർഡും 2008ല്‍ ​പ​ദ്മ വി​ഭൂ​ഷണും രാജ്യം സമ്മാനിച്ചു. ഗ്രാമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണ് ആശ. 1997ലും 2006ലും അവർക്ക് ഗ്രാമി നാമനിർദേശം ലഭിച്ചു. മഹാരാഷ്ട്ര സർക്കാരിന്‍റെ 17 ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രാ ഭൂഷൺ അവാർഡ് നൽകിയും മഹാരാഷ്‌​ട്ര സർക്കാർ ആദരിക്കുകയുണ്ടായി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അനുസ്മരിക്കുന്നതു​​ പോലെ ആ​ശാ ഭോ​സ്‌​ലെ​യു​ടെ അ​സാ​ധാ​ര​ണ സം​ഗീ​തയാ​ത്ര രാ​ജ്യ​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തെ സ​മ്പ​ന്ന​മാ​ക്കി​യിട്ടുണ്ട്. ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ണ്ണ​മ​റ്റ ഹൃ​ദ​യ​ങ്ങ​ളെ സ്പ​ര്‍ശി​ച്ചിട്ടുമുണ്ട്. വരും കാലത്തും അവരുടെ ഗാനങ്ങൾ തലമുറകളെ ആവേശം കൊള്ളിക്കും

ലോൺ ആപ്പിൽ നിന്ന് അധ്യാപികയ്ക്ക് നിരന്തരം കോൾ, നിതിൻ രാജിനെതിരേ സൈബർ പൊലീസിൽ പരാതി; അധ്യാപകരെ പ്രതി ചേർത്തു

"ഹോർമൂസിലൂടെ ഒരു കപ്പലും പോകില്ല", ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ഭീഷണിയുമായി ട്രംപ്

"ഇന്‍റേണൽ മാർക്കിന്‍റെ പേരു പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തി, നിതിനെ അവസാനമായി കാണാൻ ഒരു വിദ്യാർഥി പോലും വന്നില്ല": വി. ശിവൻകുട്ടി

മകളെ ഉപദ്രവിക്കുന്നത് പതിവാക്കി, താക്കീത് ചെയ്തിട്ടും നിർത്തിയില്ല; മരുമകനെ വെട്ടി അച്ഛൻ‌

നവകേരള സർവേയ്ക്കായി അനുവദിച്ചത് 20 കോടി, ചെലവാക്കിയത് 13.04 കോടി; കണക്ക് പുറത്തുവിട്ട് സർക്കാർ