അയോധ്യയിലെ രാമക്ഷേത്രം
അയോധ്യയിലെ രാമക്ഷേത്രത്തിൽ വിശ്വാസികൾ നൽകിയ കോടിക്കണക്കിനു രൂപയുടെ സംഭാവനകൾ ഏതാനും ചിലർ ചേർന്നു കൊള്ളയടിച്ചത് രാജ്യത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള രാഷ്ട്രീയ വിവാദവും ഉത്തർപ്രദേശിൽ കൊടുമ്പിരി കൊള്ളുന്നുണ്ട്. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും അടക്കം പ്രതിപക്ഷ കക്ഷികൾ യോഗി ആദിത്യനാഥ് സർക്കാരിനെതിരേ രംഗത്തുവന്നിരിക്കുന്നു. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന യുപിയിൽ അയോധ്യയിലെ കൊള്ള ബിജെപിക്കു തലവേദനയായി മാറിയേക്കാം എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. കേരളത്തിൽ ശബരിമലയിലെ സ്വർണക്കൊള്ള ഉയർത്തിയ വിവാദത്തിനു സമാനമായ രാഷ്ട്രീയ കോളിളക്കമാണ് ഇപ്പോൾ യുപിയിലുള്ളത്. കൊള്ളക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയാറാവണമെന്ന ആവശ്യം എല്ലാ ഭാഗത്തുനിന്നും ഉയരുകയാണ്.
ക്ഷേത്രങ്ങളിൽ വിശ്വാസികൾ അർപ്പിക്കുന്ന വഴിപാടുകളും സംഭാവനകളും കള്ളത്തരങ്ങളിലൂടെ തട്ടിയെടുക്കുന്നത് എത്ര ഉന്നതരായാലും അവർക്കു തക്കതായ ശിക്ഷ ഉറപ്പാക്കേണ്ടതാണ്. ഇനിയും ഇത്തരത്തിലുള്ള കൈയിട്ടുവാരലുകൾ ഉണ്ടാവാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കേണ്ടതുമാണ്. കേസിൽ ഇതുവരെ എട്ടു പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ എഫ്ഐആറിൽ ഉൾപ്പെട്ടവരാണ് ഇവർ. ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണു കരുതുന്നത്. ക്ഷേത്രത്തിലേക്കു സംഭാവനയായി ലഭിച്ച പണവും മറ്റു വിലപ്പെട്ട വസ്തുക്കളും എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലി ചെയ്തിരുന്നവരാണ് അറസ്റ്റിലായവർ. പണം എണ്ണുന്നതിനിടെ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. പണത്തിനു പുറമേ കാണിക്കയായി ലഭിച്ച 60 കിലോഗ്രാമിലേറെ വെള്ളിയും കാണാതായിട്ടുണ്ടെന്നാണ് ആരോപണം. തട്ടിപ്പു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുമെന്നും കരുതുന്നു. ഭണ്ഡാരപ്പെട്ടികൾ കൈകാര്യം ചെയ്യുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നാണു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. സ്വർണം, വെള്ളി, മറ്റ് ആഭരണങ്ങൾ എന്നിവ സംബന്ധിച്ച രേഖകളിൽ വലിയ തോതിലുള്ള അപാകതകൾ കണ്ടെത്തിയിട്ടുണ്ടത്രേ.
എട്ടു പേർ പിടിയിലായതിനു പിന്നാലെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റിയായ അനിൽ മിശ്രയും രാജിവച്ചതായി റിപ്പോർട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷൻ കൂടിയായ ചമ്പത് റായ് രാമക്ഷേത്ര നിർമാണത്തിനായുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിരയിൽ നിന്നിരുന്ന നേതാവാണ്. ഉന്നത സ്വാധീനമുള്ളവർ കൂടി ഉൾപ്പെട്ടതാണ് ഈ കൊള്ള എന്ന ആരോപണത്തിന്‍റെ യാഥാർഥ്യം പൊലീസ് അന്വേഷണത്തിലൂടെയാണു വെളിപ്പെടേണ്ടത്. ആരോപണത്തിൽ ഉൾപ്പെട്ട പലരും വളരെ പെട്ടെന്നു കോടീശ്വരൻമാരായി മാറിയതു ക്ഷേത്രത്തിലെ പണം കൊള്ളയടിച്ചിട്ടാണ് എന്നാണു പറയപ്പെടുന്നത്. തട്ടിപ്പിനെക്കുറിച്ച് അറിവുള്ളവർ അതു പുറത്തുപറയാൻ മടിച്ചത് ഉന്നത സ്വാധീനമുള്ളവർ ഉൾപ്പെട്ടതുകൊണ്ടാണ് എന്നും പറയുന്നുണ്ട്. എല്ലാം തെളിയിക്കേണ്ടതു യുപി പൊലീസാണ്. അതിൽ അവർ വീഴ്ചവരുത്തില്ല എന്നു തന്നെ കരുതാം. കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രാഥമികാന്വേഷണ റിപ്പോർട്ട് മാത്രമാണ് ഇതുവരെ സമർപ്പിച്ചിട്ടുള്ളത്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വസ്തുതകൾ ശേഖരിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കുന്നുണ്ട്. അന്തിമ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ തട്ടിപ്പിന്‍റെ മുഴുവൻ വിവരങ്ങളും അതിലുണ്ടാവുമെന്നു പ്രതീക്ഷിക്കാം. ക്ഷേത്ര ജീവനക്കാരടക്കം നൂറ്റമ്പതോളം പേർ അന്വേഷണം പൂർത്തിയാകുന്നതുവരെ അയോധ്യ വിട്ടുപോകരുതെന്നാണ് എസ്ഐടിയുടെ നിർദേശമത്രേ.
രാമക്ഷേത്രത്തെ കളങ്കപ്പെടുത്താനും രാമഭക്തരെ വഞ്ചിക്കാനും സർക്കാർ കൂട്ടുനിന്നു എന്ന ആരോപണത്തിൽ നിന്നു മുക്തമാവാൻ എല്ലാ കള്ളത്തരങ്ങളും പുറത്തുകൊണ്ടുവരേണ്ടതു യുപി സർക്കാരിനും ആവശ്യമാണ്. കുറ്റക്കാർ ആരെയും വെറുതെ വിടില്ലെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് റിപ്പോർട്ട് തേടിയതായും സൂചനകളുണ്ട്. സംഭവം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവും ഇതിനിടെ ഉയരുകയുണ്ടായി. സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്നും ആവശ്യം ഉയരുന്നു. ക്ഷേത്രത്തിന്‍റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന ട്രസ്റ്റിൽ നിന്ന് ഭരണച്ചുമതല ജില്ലാ മജിസ്ട്രേറ്റിനു കൈമാറിയിട്ടുണ്ട്. ക്ഷേത്രത്തിലെ സാമ്പത്തിക കാര്യങ്ങളിൽ വിശ്വാസ്യത ഉറപ്പാക്കുന്നതു വിശ്വാസികളുടെ ആവശ്യമാണ്. ഇതിൽ ഇനിയും വീഴ്ച സംഭവിക്കാതിരിക്കട്ടെ.