Bengaluru's Rameshwaram Cafe Explosion Editorial 
Editorial

ബംഗളൂരു സ്ഫോടനം: എല്ലാ ചുരുളും അഴിയട്ടെ | മുഖപ്രസംഗം

സ്ഫോടനങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന രാജ്യദ്രോഹികളെ പുറത്തുകൊണ്ടുവന്ന് അവർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കേണ്ടത് അനിവാര്യമാണ്.

ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് ടെക് ഹബ്ബിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഒരാഴ്ച പിന്നിടുമ്പോഴും അതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല. ഒമ്പതു പേർക്കു പരുക്കേറ്റ ഈ സ്ഫോടനത്തിന് 2022ൽ മംഗളൂരുവിൽ നടന്ന സ്ഫോടനവുമായി സാമ്യമുണ്ടെന്നു പൊലീസ് പറയുന്നുണ്ട്. മാർച്ച് ഒന്നിന് ഉച്ചയ്ക്ക് 12.56നാണു സ്ഫോടനമുണ്ടായത്. രാവിലെ11.34ന് കഫെയിൽ പ്രവേശിച്ച പ്രതിയെന്നു സംശയിക്കുന്നയാൾ 11.43നു പുറത്തേക്കു പോയി എന്നാണു പറയുന്നത്. തൊപ്പിയും കണ്ണടയും മാസ്ക്കും ധരിച്ച് റസ്റ്ററന്‍റിലെത്തിയ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകൾ ഒപ്പിയെടുത്തിട്ടുണ്ട്. കഫേയുടെ ഒരു മൂലയിൽ ഐഇഡി സ്ഥാപിച്ചത് ഇയാളാണെന്നാണു കരുതുന്നത്. ബോംബ് അടങ്ങിയ ടിഫിൻ ക്യാരിയർ കഫേയിൽ വച്ച ശേഷം ഇയാൾ തിരികെ ഒരു കിലോമീറ്റര്‍ ദൂരെയുള്ള ബസ് സ്റ്റോപ്പിലേക്കു നടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും എൻഐഎയ്ക്കു ലഭിച്ചിട്ടുണ്ട്.

ഇയാളുടെ മുഖം മറയ്ക്കാത്ത ചിത്രവും കഴിഞ്ഞ ദിവസം പുറത്തുവന്നു. തൊപ്പിയോ മാസ്ക്കോ ഇല്ലാതെ നഗരത്തിൽ ഇയാൾ ബിഎംടിസി ബസിൽ യാത്ര ചെയ്യുന്ന ദൃശ്യമാണു പുറത്തു വന്നിട്ടുള്ളത്. നിരവധി ബിഎംടിസി ബസുകളില്‍ ഇയാള്‍ മാറിക്കയറിയിട്ടുണ്ട്. ബോംബ് വച്ചശേഷം തിരികെ പോവുമ്പോൾ ഇയാൾ വസ്ത്രം മാറിയിട്ടുണ്ടെന്നും എൻഐഎ കണ്ടെത്തിയിരിക്കുന്നു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്തു ലക്ഷം രൂപ പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുകയാണ് അന്വേഷണ സംഘം. ഈ കേസിന്‍റെ മുഴുവൻ യാഥാർഥ്യങ്ങളും പുറത്തുവരേണ്ടതുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഘടകങ്ങൾ ഇതിലുണ്ടാവാം. ഭീകരരുടെ സാന്നിധ്യം അടക്കം സംശയിക്കണം. ബംഗളൂരു പോലുള്ള മഹാനഗരങ്ങളിൽ ഭീകരർക്കു താവളങ്ങളുണ്ടാവുന്നത് ജനങ്ങളിലുണ്ടാക്കുന്ന ആശങ്ക ചെറുതല്ല.

മലയാളികൾ അടക്കം പതിനായിരക്കണക്കിനാളുകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി വന്നു താമസിക്കുന്ന നഗരമാണു ബംഗളൂരു. രാജ്യത്തു തന്നെ ഏറ്റവുമധികം ആളുകൾ താമസിക്കുന്ന നഗരങ്ങളിലൊന്ന്. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നാണ് ബംഗളൂരു അറിയപ്പെടുന്നത്. അതിനൊപ്പം തന്നെ അതിവേഗ വളർച്ച നേടുന്ന മെട്രൊ സാമ്പത്തിക വ്യവസ്ഥ കൂടിയാണു ബംഗളൂരുവിനുള്ളത്. രാജ്യത്തിന്‍റെ ഐടി ഹബ്ബ് കൂടിയായ ഇവിടം ഇന്ത്യയുടെ സിലിക്കൺവാലി എന്നും അറിയപ്പെടുന്നുണ്ട്. ഇൻഫോസിസും വിപ്രോയും ടിസിഎസും അടക്കം ലോകത്തിലെ പ്രമുഖ ടെക് കമ്പനികളെല്ലാം ബംഗളൂരുവിലുണ്ട്. നിരവധി സ്റ്റാർട്ടപ്പുകൾ ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഏതു നിലയ്ക്കു നോക്കിയാലും രാജ്യത്തിന്‍റെ തന്ത്രപ്രധാന നഗരമാണ് ബംഗളൂരു. അവിടെ സമാധാനപരവും സുരക്ഷിതവുമായ ജനജീവിതം ഉറപ്പുവരുത്താൻ കഴിയേണ്ടതുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സ്ഫോടനങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന രാജ്യദ്രോഹികളെ പുറത്തുകൊണ്ടുവന്ന് അവർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കേണ്ടത് അനിവാര്യമാണ്.

സ്ഫോടനത്തിനു പിന്നിൽ ഒരു വ്യക്തിയോ വ്യക്തികളോ മാത്രമാണോ അതോ ഏതെങ്കിലും സംഘടനകളുണ്ടോ, പുറത്തുനിന്ന് സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ അറിയാനിരിക്കുകയാണ്. തീവ്രത കുറഞ്ഞ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത് എന്നാണു പറയുന്നത്. അതു പ്രാദേശികമായി നിർമിച്ചതാവാമെന്നും കരുതുന്നുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച ഘടകങ്ങളുടെ കാര്യത്തിൽ 2022ലെ മംഗളൂരു സ്ഫോടനവുമായി ബന്ധമുണ്ടെന്നും അധികൃതർ പറയുന്നു. 2022 നവംബർ 19നാണ് മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടൊറിക്ഷയിൽ കുക്കർ ബോംബ് പൊട്ടിത്തെറിച്ചത്. ഓട്ടൊറിക്ഷയിൽ ഇതു കൊണ്ടുപോയിരുന്ന യുവാവിനെ പൊള്ളലേറ്റ നിലയിൽ അറസ്റ്റു ചെയ്തു. ഭീകര സംഘടനയുടെ ആശ‍യങ്ങളിൽ ആകൃഷ്ടനായ പ്രതി മറ്റൊരിടത്ത് സ്ഫോടനത്തിനാണു പദ്ധതിയിട്ടിരുന്നതെന്നും ഓട്ടൊറിക്ഷയിൽ വച്ച് അബദ്ധത്തിൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നുമാണു പറയുന്നത്. ഇയാൾക്കും സഹായിയായ മറ്റൊരാൾക്കും എതിരേ എന്‍ഐഎ കുറ്റപത്രം സമർപ്പിച്ചതു കഴിഞ്ഞ നവംബറിലാണ്.

എന്തായാലും ബംഗളൂരുവിലേത് അബദ്ധത്തിലുള്ള സ്ഫോടനമല്ല എന്നു തന്നെ കരുതണം. മഹാനഗരത്തിൽ ഭീതി സൃഷ്ടിക്കാൻ മനഃപൂർവം ആസൂത്രണം ചെയ്തതു തന്നെയാവണം ഇത്. എത്രയും വേഗം മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിയട്ടെ.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു