ഇന്നും ദുർമന്ത്രവാദത്തിലും ആഭിചാര ക്രിയകളിലുമൊക്കെ വിശ്വസിക്കുന്നവർ ഇവിടെയുണ്ട്.
ശാസ്ത്രം ഒരുപാട് വളർന്നു. ലോകം ഒരുപാട് മാറി. ഈ മാറ്റം ഉൾക്കൊണ്ടു തന്നെയാണ് കേരളവും ഇന്നത്തെ നിലയിലേക്ക് എത്തിയത്. അറിവിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും ഒക്കെ കാര്യത്തിൽ കേരളം രാജ്യത്തിനു തന്നെ മാതൃകയായി മാറുകയും ചെയ്തു. പക്ഷേ, ഇന്നും ദുർമന്ത്രവാദത്തിലും ആഭിചാര ക്രിയകളിലുമൊക്കെ വിശ്വസിക്കുന്നവർ ഇവിടെയുണ്ടെന്നത് സാമൂഹികമായും സാംസ്കാരികമായും ഉയർന്ന നിലവാരം പുലർത്തുന്നുവെന്ന് അഭിമാനിക്കുന്ന നമുക്കു ലജ്ജാകരമാണ്. ഇത്തരക്കാർ വളരെക്കുറച്ചു പേർ മാത്രമാണ് എങ്കിൽപ്പോലും അതു നാടിനു മൊത്തത്തിൽ പേരുദോഷം വരുത്തിവയ്ക്കുന്നു. നിരപരാധികളായ പലരെയും ആഭിചാര ക്രിയകളുടെ പേരിൽ അതിക്രൂരമായി ഉപദ്രവിക്കുന്നു. ഇത്തരം ദുർമന്ത്രവാദികളെ വിശ്വസിച്ചു കബളിപ്പിക്കപ്പെടുന്നവരുമുണ്ട്. ഇത്തരക്കാർക്കെതിരേ പൊതുസമൂഹം ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ആഭിചാരം തുടച്ചുനീക്കുന്നതിനുള്ള നടപടികളുമായി സർക്കാരും രംഗത്തുവരേണ്ടതുണ്ട്.
കോട്ടയത്ത് ആഭിചാരക്രിയയുടെ പേരിൽ ഒരു യുവതി ഭർത്താവിന്‍റെ വീട്ടിൽ നേരിട്ട ക്രൂരമായ പീഡനത്തിന്‍റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്റ്റിലാവുകയും ചെയ്തു. പ്രണയ വിവാഹമായിരുന്നു യുവതിയുടേത്. യുവതിയുടെ ശരീരത്തിൽ അടുത്തിടെ മരിച്ച ബന്ധുവിന്‍റെ ആത്മാവ് കയറി എന്നാരോപിച്ചായിരുന്നു ആഭിചാരം നടത്തിയത്. ബാധയൊഴിപ്പിക്കാൻ ഭർത്താവിന്‍റെ അമ്മയാണ് മന്ത്രവാദിയെ വീട്ടിലേക്കു കൊണ്ടുവന്നത് എന്നാണു പറയുന്നത്. ക്രൂരമായ ആഭിചാരക്രിയ 10 മണിക്കൂർ നീണ്ടു. മന്ത്രവാദി മുടിയിൽ ആണി ചുറ്റുകയും മുടി മുറിക്കുകയും ചെയ്തു. കാലിൽ ചുവന്ന പട്ടു കെട്ടി. ശരീരത്തിൽ പൊള്ളലേൽപ്പിച്ചു. മദ്യം കുടിപ്പിക്കുകയും ബീഡി വലിപ്പിക്കുകയും ചെയ്തെന്നും പറയുന്നു. ആഭിചാരക്രിയകൾ മൂലം യുവതിയുടെ ബോധം നഷ്ടമാവുക വരെയുണ്ടായി. മാനസികമായി തകർന്ന യുവതിയുടെ പിതാവാണ് വിവരമറിഞ്ഞ് പൊലീസിൽ പരാതി നൽകിയത്. മൂന്നു വർഷമായി താൻ ആഭിചാരക്രിയകൾ സജീവമായി നടത്തിവരുന്നുവെന്നാണു മന്ത്രവാദി പൊലീസിനോടു പറഞ്ഞത്. അതിനർഥം മറ്റു പലരും ഇത്തരം പീഡനങ്ങൾക്കു വിധേയരായിട്ടുണ്ട് എന്നാണല്ലോ. രഹസ്യമായി നടത്തുന്ന ദുർമന്ത്രവാദങ്ങൾ വല്ലപ്പോഴുമേ പുറത്തുവരുന്നുള്ളൂ. ഇരകളായവരും കബളിപ്പിക്കപ്പെട്ടവരും സമൂഹത്തോട് അക്കാര്യം തുറന്നുപറയാൻ മടിക്കുന്നതാണ് ദുർമന്ത്രവാദികൾക്കു രക്ഷയാവുന്നത്.
ആഭിചാര ക്രിയകളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാമെന്ന അപരിഷ്കൃത ചിന്ത അതിന്‍റെ ഏറ്റവും മോശമായ രീതിയിൽ കേരളത്തിൽ നിലനിൽക്കുന്നുവെന്നു തെളിഞ്ഞത് പത്തനംതിട്ട ഇലന്തൂരിലെ ദമ്പതികൾ സമ്പത്തും ഐശ്വര്യവുമുണ്ടാകുന്നതിന് മന്ത്രവാദി ചമഞ്ഞയാളുടെ പ്രേരണയാൽ രണ്ടു സ്ത്രീകളെ ബലി നൽകിയെന്ന കണ്ടെത്തലിലൂടെയാണ്. അതിനു ശേഷം ആഭിചാരത്തിനെതിരേ അതിശക്തമായ നടപടികളുണ്ടാവുമെന്നൊക്കെ പറഞ്ഞു കേട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. പിന്നീടും ആഭിചാരവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞ് ഒരു പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ദുർമന്ത്രവാദി പൊലീസിന്‍റെ പിടിയിലായ ശേഷം പുറത്തുവന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മുപ്പത്തെട്ടുകാരൻ തട്ടുകട നടത്തി നഷ്ടമായപ്പോൾ പണമുണ്ടാക്കാൻ കണ്ടെത്തിയ ജോലിയായിരുന്നു മന്ത്രവാദമത്രേ! സമൂഹത്തിലെ ഉന്നത ശ്രേണിയിൽപ്പെട്ട പലരും അയാളെ കാണാനെത്തിയിരുന്നുവെന്നും പറഞ്ഞുകേട്ടിരുന്നു. യുവതിയുടെ "ജിന്ന്' ബാധ ഒഴിപ്പിക്കുന്നതിന് മന്ത്രവാദം നടത്തിയ സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെയുള്ളവർ അറസ്റ്റിലായ സംഭവവും കേരളത്തിലുണ്ടായതാണ്. മന്ത്രവാദത്തിനിടെ യുവതിയെ വാൾ ഉപയോഗിച്ചു മുറിപ്പെടുത്താൻ വരെ ശ്രമിച്ചു എന്നാണു പറയുന്നത്. തിരുവനന്തപുരത്ത് ദുർമന്ത്രവാദി ഒരു കുടുംബത്തിന്‍റെ 55 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കബളിപ്പിച്ചെടുത്തെന്ന പരാതി ഉയർന്നത് ഏതാണ്ടു മൂന്നുവർഷം മുൻപാണ്. വീട്ടിലുണ്ടായ ദുർമരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കുടുംബം പൂജയ്ക്കായി ഒരു ആൾ ദൈവത്തെ സമീപിച്ചത്. സ്വർണവും പണവും പൂജാമുറിയിലെ അലമാരയിൽ വച്ചു പൂട്ടുകയും ആ മുറിയിൽ ദേവിയും കരിനാഗവുമുണ്ടെന്നു വിശ്വസിപ്പിക്കുകയും ചെയ്താണു കബളിപ്പിക്കൽ നടത്തിയതത്രേ. അലമാര തുറക്കാൻ വീട്ടുകാർ ഭയപ്പെട്ടതിനാൽ സ്വർണവും പണവും തട്ടിയെടുത്തത് അറിയാൻ വൈകുകയായിരുന്നു.
ദുർമന്ത്രവാദത്തിന്‍റെ മറവിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ള വ്യാജസിദ്ധൻമാർ കേരളത്തിന്‍റെ പലഭാഗത്തുമുണ്ട്. ഇത്തരക്കാർ അറസ്റ്റിലായ വാർത്തകളും പലപ്പോഴായി നാം കാണാറുള്ളതാണ്. ആളുകളുടെ അന്ധവിശ്വാസം ചൂഷണം ചെയ്യുകയാണ് ഇവരൊക്കെ ചെയ്യുന്നത്. ദുർമന്ത്രവാദത്തിന്‍റെയും ആഭിചാര പ്രവൃത്തികളുടെയും പേരിൽ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 38 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് ഏതാനും മാസം മുൻപാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ആഭിചാരവും അനാചാരവും തടയുന്നതിനുള്ള ബിൽ പരിഗണനയിലുണ്ടെന്നും സർക്കാർ കോടതിയെ ധരിപ്പിച്ചിരുന്നു. അന്ധവിശ്വാസ വിരുദ്ധ നിയമനിർമാണവുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറൽ നൽകിയ ഉപദേശം പരിശോധിച്ചുവരികയാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തേ, മന്ത്രിസഭയിലെ ആശയക്കുഴപ്പം കാരണം മന്ത്രവാദ, ആഭിചാര നിരോധന ബിൽ മാറ്റിവച്ചു എന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്തായാലും സർക്കാരിന്‍റെ ബിൽ സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്. നിയമം കൊണ്ടു മാത്രം ദുർമന്ത്രവാദികളെ തീർത്തും ഒഴിവാക്കാനാവില്ല എന്നതു വസ്തുതയാണ്. അപ്പോഴും കുറ്റക്കാർക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കാൻ ശക്തമായൊരു നിയമം കേരളത്തിൽ കൊണ്ടുവരണമെന്ന ആവശ്യം അവഗണിക്കേണ്ടതല്ല. ആഭിചാര കൊലപാതകങ്ങളും അനാചാരങ്ങളും തടയാനുള്ള നിയമം എത്രയും വേഗം നടപ്പിലാക്കണമെന്ന് നരബലി സംഭവം പുറത്തുവന്നതിനു പിന്നാലെ ഭരണപക്ഷത്തുനിന്നു തന്നെ ആവശ്യമുയർന്നതായിരുന്നു.