വികസിത ഭാരതത്തിലേക്ക് ഒരു ബജറ്റ് കൂടി ‌| മുഖപ്രസംഗം 
Editorial

വികസിത ഭാരതത്തിലേക്ക് ഒരു ബജറ്റ് കൂടി ‌| മുഖപ്രസംഗം

എന്തായാലും രാജ്യത്തിനു മൊത്തത്തിൽ ഗുണകരമാവുന്ന നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ശനിയാഴ്ച പാർലമെന്‍റിൽ അവതരിപ്പിച്ച അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രത്യേക ശ്രദ്ധ നേടുന്നത് ആദായ നികുതിയിലെ ഇളവുകൾ കൊണ്ടുതന്നെയാണ്. ആദായ നികുതി ഒഴിവുപരിധി 12 ലക്ഷം രൂപയാക്കിയതും നികുതി നിരക്കുകൾ പരിഷ്കരിച്ചതും കോടിക്കണക്കിനു ജനങ്ങൾക്ക് ഉപകാരപ്പെടുമെന്നതിനാൽ അതൊരു ചരിത്ര നേട്ടമായി എല്ലാവരും വാഴ്ത്തുന്നുണ്ട്. ഇടത്തരക്കാർക്ക് ഇത്രയേറെ നികുതിയാനുകൂല്യം ലഭിക്കുന്ന ഒരു ബജറ്റ് അവതരിപ്പിച്ചു എന്നതു കൊണ്ടു തന്നെ ധനമന്ത്രി കൈയടി നേടുന്നുണ്ട്. ഇതിനിടയിൽ ബജറ്റിന്‍റെ മറ്റു വശങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതാണ്. 2047 എത്തുമ്പോഴേക്കും വികസിത ഭാരതമാവുക എന്ന ലക്ഷ്യത്തിന് ബജറ്റ് കാര്യമായ സഹായം ചെയ്യുമെന്നാണ് ഭരണപക്ഷത്തുനിന്നു വിലയിരുത്തലുകൾ വരുന്നത്. അതേസമയം, സാമ്പത്തിക വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്.

കേരളത്തെ സംബന്ധിച്ചിടത്തോളം അർഹതപ്പെട്ട പലതും നിഷേധിക്കുന്ന ബജറ്റ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എൽഡിഎഫും യുഡിഎഫും ഒരേ സ്വരത്തിൽ കേന്ദ്രാവഗണന ചൂണ്ടിക്കാണിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിനുള്ള സഹായം പരിഗണ‍ിക്കപ്പെടാതെ പോകുന്നതും ദുരന്തബാധിതമായ വയനാടിനെ സഹായിക്കാത്തതും അടക്കം വിഷയങ്ങൾ ഗൗരവമായി കാണേണ്ടതു തന്നെയാണ്. കേന്ദ്ര വിഹിതത്തിൽ വലിയ തോതിലുള്ള വെട്ടിക്കുറവു നേരിടേണ്ടിവന്ന സംസ്ഥാനമാണു കേരളം. അതുകൊണ്ടു തന്നെ സംസ്ഥാനത്തിനു പ്രത്യേക സാമ്പത്തിക പാക്കെജ് അനുവദിക്കണമെന്ന് അഭ്യർഥിച്ചിരുന്നതാണ്. അതും ഉണ്ടായില്ല. ബജറ്റ് പ്രസംഗത്തിൽ ബിഹാറിന്‍റെ പേര് പലവട്ടം പരാമർശിച്ചു പദ്ധതികൾ പ്രഖ്യാപിച്ച ധനമന്ത്രി ബജറ്റിന്‍റെ ചില രാഷ്ട്രീയ താത്പര്യങ്ങളും അതുവഴി പ്രകടമാക്കിയിട്ടുണ്ട്. പൊതുവികസന കാഴ്ചപ്പാടിൽ കേരളത്തിനു കൂടുതൽ പരിഗണന കിട്ടണമെന്നതു വർഷങ്ങളായി നമ്മുടെ ആവശ്യമാണല്ലോ. പദ്ധതികൾക്കായി ശക്തമായ രാഷ്ട്രീയ സമ്മർദം ചെലുത്താനും അതുവഴി നേട്ടങ്ങളുണ്ടാക്കാനും കേരളത്തിന് ഇനിയും കഴിയേണ്ടിയിരിക്കുന്നു.

എന്തായാലും രാജ്യത്തിനു മൊത്തത്തിൽ ഗുണകരമാവുന്ന നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. അതിന്‍റെയെല്ലാം ആനുകൂല്യം കേരളത്തിനും ലഭിക്കും. നഗരങ്ങളെ വികസന കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് സംസ്ഥാനങ്ങൾക്ക് ഒന്നര ലക്ഷം കോടി രൂപയുടെ പലിശരഹിത വായ്പയാണ് അനുവദിക്കുന്നത്. അതു കേരളത്തിനും പ്രയോജനപ്പെടേണ്ടതാണ്.‌ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള അഞ്ച് ഐഐടികളുടെ വികസനത്തിൽ പാലക്കാട്ടേതും ഉൾപ്പെടുന്നുണ്ട്. സർക്കാർ മെഡിക്കൽ കോളെജുകളിൽ സീറ്റ് വർധിപ്പിക്കുന്നതിന്‍റെ ഗുണവും കേരളത്തിനു കിട്ടും. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി മൂന്നു ലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷമായി ഉയർത്തിയത് കർഷകർക്കു ഗുണകരമാണ്. രാജ്യത്ത് 7.7 കോടി കർഷകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീരകർഷകർ തുടങ്ങിയവർക്ക് ഇതു പ്രയോജനപ്പെടും. പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന നടപ്പാക്കുന്ന 100 ജില്ലകളിൽ കേരളത്തിലെ ജില്ലകളും ഉൾപ്പെടാവുന്നതാണ്. രാജ്യത്തെ 1.7 കോടി കർഷകർക്കു സഹായകരമാവുന്നതാണു ധൻ ധാന്യ കൃഷി യോജന. കാർഷിക ഉത്പാദനക്ഷമത വർധിപ്പിക്കുക, വിള വൈവിധ്യവത്കരണം പ്രോത്സാഹിപ്പിക്കുക, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ വിളവെടുപ്പിനു ശേഷമുള്ള സംഭരണം ശക്തിപ്പെടുത്തുക, ജലസേചന സൗകര്യം മെച്ചപ്പെടുത്തുക, കർഷകർക്ക് ഹ്രസ്വകാല- ദീർഘകാല വായ്പകളുടെ ലഭ്യത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ പദ്ധതിക്കുണ്ട്. ബജറ്റിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രധാന പദ്ധതി എന്ന നിലയിൽ ഇതിന്‍റെ പുരോഗതി വരുംനാളുകളിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടും.

സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും തെരുവു കച്ചവടക്കാർക്കും സഹായകരമാവുന്ന പദ്ധതികളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ നൽകുന്നുവെന്നതും ശ്രദ്ധേയമാണ്. ചെറുകിട സംരംഭങ്ങൾക്ക് അഞ്ചു ലക്ഷം പരിധിയുള്ള കസ്റ്റമൈസ്ഡ് ക്രെഡിറ്റ് കാർഡുകൾ നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ വർഷം 10 ലക്ഷം സംരംഭങ്ങൾക്കാണ് കാർഡ് വിതരണം ചെയ്യുക. കയറ്റുമതി അധിഷ്ഠിത എംഎസ്എംഇകൾക്ക് 20 കോടി രൂപ വരെയുള്ള ടേം ലോണുകളും സർക്കാർ നൽകുന്നുണ്ട്. എംഎസ്എംഇകൾക്കുള്ള ക്രെഡിറ്റ് ഗ്യാരന്‍റി കവർ അഞ്ചു കോടി രൂപയിൽ നിന്ന് 10 കോടി രൂപയായി വർധിപ്പിക്കുകയാണ്. 7.5 കോടിയിലധികം പേർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതാണ് എംഎസ്എംഇകൾ. കയറ്റുമതിയുടെ 45 ശതമാനവും മാനുഫാക്ചറിങ് ഉത്പാദനത്തിന്‍റെ മൂന്നിലൊന്നും ജിഡിപിയുടെ 29 ശതമാനവും സംഭാവന ചെയ്യുന്നത് ഇവയാണ്. ഈ മേഖലയെ സർക്കാർ എത്രമാത്രം പ്രോത്സാഹിപ്പിക്കുന്നുവോ അതിനനുസരിച്ച് രാജ്യപുരോഗതിയുമുണ്ടാവും.

ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതും ആണവോർജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതും 10 വർഷത്തിനുള്ളിൽ 120 നഗരങ്ങളിൽ കൂടി ചെറു വിമാനത്താവളങ്ങൾ നിർമിക്കുന്നതും എല്ലാ ജില്ലകളിലും ഡേ കെയർ ക്യാൻസർ സെന്‍ററുകൾ തുടങ്ങുന്നതും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ്. ആണവോർജ മേഖലയിലും ഇൻഷ്വറൻസ് മേഖലയിലും പുതിയ നയം എന്തൊക്കെ മാറ്റങ്ങളാണു വരുത്തുകയെന്നു കാത്തിരുന്നു കാണണം. എഐ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള പ്രത്യേക പദ്ധതി വിജയത്തിലെത്തേണ്ടത് രാജ്യത്തിന്‍റെ മുഴുവൻ ആവശ്യമാണ്. കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന പ്രഖ്യാപനവും ചെരുപ്പു നിർമാണ രംഗത്ത് 22 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷ പകരുന്നതാണ്. പോസ്റ്റ് ഓഫിസുകളെ രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക് കേന്ദ്രങ്ങളാക്കി മാറ്റുന്നത് തപാൽ വകുപ്പിന്‍റെ വരുമാനം വർധിപ്പിക്കുന്നതിനും ഉപകരിക്കും. രാജ്യത്തെ ഒന്നര ലക്ഷത്തോളം വരുന്ന പോസ്റ്റ് ഓഫിസുകളുടെ സേവനം വിപുലപ്പെടുത്തുന്നതു ശ്രദ്ധേയമായ നടപടിയാണ്.

വയനാട്ടിൽ 16 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; 2 പേർ അറസ്റ്റിൽ

കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

അഞ്ചു വയസുകാരിയെ കൊന്നു, മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗികബന്ധം; യുപിയിൽ അമ്മ‍യുടെ കൊടും ക്രൂരത

ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു