വഴങ്ങാനാവില്ല, ട്രംപിന്‍റെ ഭീഷണിക്ക്
file image
സൗഹൃദ രാജ്യമായ ഇന്ത്യയോട് അമെരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കാണിക്കുന്ന അനീതി രാജ്യം ചർച്ച ചെയ്യുകയാണിപ്പോൾ. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ജൂലൈ 30നു പ്രഖ്യാപിച്ച 25 ശതമാനം തീരുവ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഇതിനൊപ്പം ഇന്ത്യയ്ക്കു മേല്‍ 25 ശതമാനം അധിക തീരുവ കൂടി പ്രഖ്യാപിച്ചിരിക്കുകയാണു ട്രംപ്. അമെരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയെ ഗണ്യമായി ബാധിക്കും ഈ തീരുവയും നിലവിൽ വരുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരേയുള്ള നടപടിയുടെ ഭാഗമായാണ് ഈ അധിക തീരുവ എന്നാണു യുഎസ് പ്രസിഡന്‍റ് പറയുന്നത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കുള്ള മൊത്തം തീരുവ 50 ശതമാനമായിരിക്കുകയാണ്. ഈ മാസം 27ന് ഈ താരിഫ് പ്രാബല്യത്തില്‍ വരും. അമെരിക്കയിലേക്കു കയറ്റുമതി നടത്തുന്ന മറ്റു രാജ്യങ്ങളുമായുള്ള മത്സരത്തിൽ വളരെ ഉയർന്ന ഈ തീരുവ ഇന്ത്യയ്ക്കു തിരിച്ചടിയാവും. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് വിപണിയിൽ മത്സരക്ഷമത നഷ്ടപ്പെടുന്നത് ഇന്ത്യൻ വ്യാപാരികളുടെയും കയറ്റുമതിക്കാരുടെയും പ്രതീക്ഷകൾക്കാണു മങ്ങലേൽപ്പിക്കുന്നത്. യുഎസുമായുള്ള വ്യാപാരബന്ധം മോശമാക്കാൻ ട്രംപ് പ്രഖ്യാപിച്ച "കൊള്ള തീരുവ' വഴിവയ്ക്കും.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണു ട്രംപിന്‍റെ സമ്മർദതന്ത്രം. ഇന്ത്യയെ ഭയപ്പെടുത്തി കീഴടക്കാമെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കിൽ അതു വെറുതേയാണെന്നു തെളിയിക്കേണ്ടതുണ്ട്. മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളിൽ വലിയ തോതിലുള്ള മുന്നേറ്റമുണ്ടാക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞാൽ ട്രംപിന്‍റെ സമ്മർദതന്ത്രം പൊളിഞ്ഞു പോകും. തീരുവ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി യാതൊരു തരത്തിലുള്ള വ്യാപാര ചർച്ചയുമില്ലെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് യുദ്ധത്തെ സഹായിക്കലാണ് എന്നത്രേ ട്രംപിന്‍റെ നിലപാട്. റഷ്യൻ ക്രൂഡ് ഓയിലിന് ഇന്ത്യ നൽകുന്ന പണം യുദ്ധം ചെയ്യാനുള്ള സാമ്പത്തിക സഹായമായി മാറുമെന്ന വാദം വിചിത്രമാണ്. ഇന്ത്യ മാത്രമല്ല ചൈനയും യൂറോപ്യൻ രാജ്യങ്ങളുമൊക്കെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. യുക്രെയ്‌ൻ യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യയ്ക്ക് എണ്ണ കയറ്റുമതിയിൽ നിന്നു ലഭിച്ച വരുമാനത്തിന്‍റെ 23 ശതമാനവും യൂറോപ്യൻ യൂണിയനിൽ നിന്നാണെന്ന് കഴിഞ്ഞ ദിവസം ഒരു കണക്ക് പുറത്തുവരുകയുണ്ടായി. ഇന്ത്യയെക്കാൾ കൂടുതൽ എണ്ണ ചൈനയും റഷ്യയിൽ നിന്നു വാങ്ങുന്നുണ്ട്. എണ്ണ കയറ്റുമതിയിൽ റഷ്യയ്ക്കു കിട്ടുന്ന വരുമാനത്തിന്‍റെ 13 ശതമാനമാണ് ഇന്ത്യയിൽ നിന്നുള്ളത്. എന്നിട്ടും ഇന്ത്യക്കെതിരേ ഉയർന്ന തീരുവ ചുമത്തുന്നത് അന്യായവും അനീതിയുമാണെന്നു വ്യക്തം.
ചൈനയ്ക്കു പോലും 40 ശതമാനമാണ് ട്രംപ് പ്രഖ്യാപിച്ച തീരുവ. അതിലും കൂടുതൽ ഇന്ത്യയുടേ മേൽ അടിച്ചേൽപ്പിക്കുന്നു. 140 കോടി ജനങ്ങളുടെ താത്പര്യമാണ് ഇന്ത്യയ്ക്കു സംരക്ഷിക്കേണ്ടത്. രാജ്യത്ത് ജനങ്ങളുടെ ഊർജാവശ്യങ്ങൾ ഏറ്റവും കുറഞ്ഞ ചെലവിൽ നിറവേറ്റാൻ സർക്കാരിനു കഴിയേണ്ടതുണ്ട്. റഷ്യൻ എണ്ണ അതിനു സഹായിക്കുമ്പോൾ അതിനോടു മുഖം തിരിഞ്ഞു നിൽക്കാതിരിക്കുകയെന്നത് രാജ്യത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. അമെരിക്കൻ താത്പര്യങ്ങളെക്കാൾ ഇന്ത്യയ്ക്കു പ്രധാനം ഇന്ത്യക്കാരുടെ താത്പര്യങ്ങളാണെന്ന് ട്രംപിനു മനസിലാവുന്ന മട്ടിൽ തന്നെ വേണം നമ്മുടെ നിലപാടുകൾ. ട്രംപിന്‍റെ നടപടി അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. മറ്റു പല രാജ്യങ്ങളും അവരുടെ ദേശീയ താത്പര്യം മുൻനിർത്തി സ്വീകരിക്കുന്നതിനു സമാനമായ നടപടിക്ക് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത് അന്യായമാണ്. രാജ്യത്തിന്‍റെ സാമ്പത്തിക പരമാധികാരം ഉയർത്തിപ്പിടിക്കാനും ദേശീയ താത്പര്യം സംരക്ഷിക്കാനും എല്ലാ നടപടികളും സ്വീകരിക്കും. ഇത്തരം ഏകപക്ഷീയ നീക്കങ്ങൾ രാജ്യത്തെ വ്യവസായങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കാതെ നടപടിയെടുക്കും- കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.
യുഎസ്-ഇന്ത്യ ബന്ധത്തെ വഷളാക്കുന്ന ട്രംപിന്‍റെ നയങ്ങൾക്കെതിരേ യുഎസിലും ശബ്ദം ഉയരുന്നുണ്ട്. യുഎസിന്‍റെ "എതിരാളിയായ' ചൈനയ്ക്ക് അവസരം നല്‍കരുതെന്നും ഇന്ത്യയെ പോലുള്ള ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം 'നശിപ്പിച്ചു കളയരുതെന്നും' ട്രംപിന് പലരും മുന്നറിയിപ്പു നൽകുന്നു. എന്നാൽ, അദ്ദേഹം അതൊന്നും ശ്രദ്ധിക്കുന്നുണ്ടാവില്ല എന്നു വേണം കരുതാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ നല്ല സുഹൃത്താണെന്നു പലപ്പോഴും ട്രംപ് വിശേഷിപ്പിച്ചിട്ടുണ്ട്. അപ്പോഴും ഇന്ത്യയുമായുള്ള വ്യാപാരബന്ധം അമെരിക്കയ്ക്കു സാമ്പത്തികമായി അനുകൂലമാവുന്നില്ല എന്ന പരാതിയാണ് അദ്ദേഹത്തിനുള്ളത്. തീരുവയുടെ രാജാവാണ് ഇന്ത്യയെന്നും വ്യാപാര ബന്ധത്തിൽ ശത്രു രാജ്യങ്ങളെക്കാൾ മോശമാണു സഖ്യ രാജ്യങ്ങളെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കാർഷിക, ക്ഷീരമേഖലകൾ യുഎസ് വിപണിക്കു തുറന്നുകൊടുക്കണമെന്നാണ് വ്യാപാരക്കരാർ ചർച്ചകളിൽ യുഎസ് ആവശ്യപ്പെടുന്നത്. ചോളം, സോയാബീൻ, ആപ്പിൾ, ബദാം, എഥനോൾ തുടങ്ങിയവയുടെ ഇറക്കുമതിത്തീരുവ ഇന്ത്യ കുറച്ചാൽ അത് യുഎസിൽ നിന്നുള്ള ഇറക്കുമതിക്ക് സഹായകരമാവും. ഇതിന് ഇന്ത്യ സമ്മതിക്കാത്തതുകൊണ്ടാണ് ആദ്യം 25 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിച്ചതും അതു നടപ്പിൽ വന്നതും. എന്നാൽ, കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരമേഖലയുടെയും താത്പര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിട്ടുണ്ട്. അതിനുവേണ്ടി എന്തു വില കൊടുക്കാനും തയാറെന്നും അദ്ദേഹം പറയുന്നു. യുഎസ് ഭീഷണിക്കു വഴങ്ങില്ലെന്ന സന്ദേശമാണ് ഇതിൽ നിന്നു ട്രംപിനു കിട്ടുന്നത്. ഇന്ത്യയിലെ പല കമ്പനികളെയും യുഎസിന്‍റെ അമിത തീരുവ ബാധിക്കാനുള്ള സാധ്യതയുണ്ട്. ചെറിയ സ്ഥാപനങ്ങൾ മുതൽ വലിയ കമ്പനികൾ വരെ ഭീഷണി നേരിടേണ്ടിവരും. ഈ സാഹചര്യത്തിൽ ദേശീയ താത്പര്യം സംരക്ഷിക്കാനുള്ള എല്ലാ നടപടികളും കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ടതുണ്ട്.