അലംഭാവം പാടില്ല, പകർച്ചവ്യാധി പ്രതിരോധത്തിൽ Don't be complacent, in epidemic prevention

 
Editorial

അലംഭാവം പാടില്ല, പകർച്ചവ്യാധി പ്രതിരോധത്തിൽ

പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനു കൂട്ടായ പ്രവർത്തനം അനിവാര്യമാണ്.

MV Desk

സംസ്ഥാനത്തു പകർച്ചവ്യാധികൾ വർധിക്കുന്നത് ആരോഗ്യ രംഗത്ത് ആശങ്ക ഉയർത്തുന്നുണ്ട്. കോഴിക്കോട് നിപ സ്ഥിരീകരിച്ചതും സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും ഷിഗെല്ല രോഗബാധിതരുണ്ടാകുന്നതും മാത്രമല്ല ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്. ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും പകർച്ചപ്പനിയും എല്ലാം വർധിക്കുകയാണ്. മഴ വീണ്ടും ശക്തമാവുന്ന അവസരത്തിൽ പകർച്ചവ്യാധി ഭീഷണി കൂടുതൽ ഗൗരവമുള്ളതായി മാറും എന്നാണു കരുതേണ്ടത്. ആരോഗ്യരംഗം അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്. പകർച്ചവ്യാധികളുടെ വ്യാപനസാധ്യത മുൻകൂട്ടിക്കണ്ട് ജനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്.

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം പാളിയതാണു പകർച്ചവ്യാധികളുടെ വർധനയ്ക്കു കാരണമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറയുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ശുചീകരണ പ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരത്തിലെത്തിയ പുതിയ ഭരണസമിതികൾക്ക് മാർച്ചിൽ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതോടെ ശുചീകരണ പ്രവർത്തനങ്ങൾക്കു വേണ്ടത്ര സമയമില്ലാതെ വന്നു. തെരഞ്ഞെടുപ്പിനു ശേഷം നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പലയിടത്തും പോരായ്മകളുണ്ടെന്നും പരാതി ഉയരുന്നുണ്ട്. എന്തായാലും ശുചീകരണത്തിലെ പാളിച്ച വലിയ വിനയായി മാറാതിരിക്കണമെങ്കിൽ പ്രത്യേക ശ്രദ്ധ ഇനിയുള്ള നാളുകളിൽ ഉണ്ടായേ തീരൂ.

പകർച്ചവ്യാധികൾ മുൻകൂട്ടിക്കണ്ട് പ്രതിരോധിക്കാൻ കലണ്ടർ തയാറാക്കുന്നതും പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതിയെ നിയോഗിക്കുന്നതും സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള നല്ല കാര്യമാണ്. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധർ അടങ്ങിയ സമിതി സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമൊക്കെ സ്ഥിരം സംവിധാനമായി തുടരുന്നത് രോഗപ്രതിരോധത്തിനു സഹായകരമാവുമെന്നതിൽ സംശയമില്ല. അതിനൊപ്പം ജലസ്രോതസുകൾ ശുദ്ധീകരിക്കുന്നതുപോലുള്ള നടപടികൾ അടിയന്തരമായി ചെയ്യേണ്ടതുമുണ്ട്. ജലാശയങ്ങൾ മാലിന്യം തള്ളാനുള്ള സ്ഥലമല്ലെന്ന് എല്ലാവർക്കും ബോധ്യമുണ്ടാവണം. ജലാശയങ്ങളിലേക്കു മാലിന്യം ഒഴുക്കുന്നത് സമൂഹവിരുദ്ധ നടപടിയായി കാണേണ്ടതുണ്ട്. സർക്കാർ ആശുപത്രികളിൽ മരുന്നിന്‍റെ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നതും ആവശ്യത്തിനു ഡോക്റ്റർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കുന്നതും ഈ അവസരത്തിൽ വളരെ പ്രാധാന്യമുള്ളതാണ്.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൃശൂരും കോഴിക്കോടും ഷിഗെല്ല ബാധിച്ചുണ്ടായ മരണം ഏറ്റവും അവസാനത്തേതാണ്. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്തു ഷിഗെല്ല സ്ഥിരീകരിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായിട്ടുണ്ട്. തൃശൂരിൽ മാപ്രാണം സ്വദേശിയായ നാൽപ്പത്തിമൂന്നുകാരനാണ് ഷിഗെല്ല ബാധിച്ചു മരിച്ചത്. കോഴിക്കോട്ട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരനും ഷിഗെല്ല ബാധിച്ചു മരിച്ചു. മലപ്പുറം കോഡൂര്‍ സ്വദേശിയാണ് ഈ കുട്ടി. ഈ വർഷം 146 ഷിഗെല്ല കേസുകളാണു റിപ്പോർട്ട് ചെയ്തത്. അതിൽ 70 പേർക്കു രോഗബാധയുണ്ടായത് ഈ മാസമാണ്. അതായത് കഴിഞ്ഞ രണ്ടാഴ്ച കൊണ്ട്. ഷിഗെല്ലയെ അതീവ ഗൗരവത്തിൽ കാണണമെന്നാണ് ഇത് അർഥമാക്കുന്നത്.

മലിനമായ വെള്ളവും മോശമായ ഭക്ഷണവും ഷിഗെല്ല പടരുന്നതിനു കാരണമാവും. രോഗപ്രതിരോധത്തിൽ വ്യക്തിശുചിത്വം പ്രധാനമാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം തയാറാക്കുന്നതും വിതരണം ചെയ്യുന്നതും ഒഴിവാക്കേണ്ടതുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും സ്കൂളുകളിലെ ഭക്ഷണശാലകളിലും പരിശോധന ശക്തമാക്കുമെന്നാണു സർക്കാർ പറയുന്നത്. വൃത്തിഹീനമായ തട്ടുകടകൾക്കെതിരേ നടപടിയെടുക്കുന്നതിൽ അമാന്തം കാണിക്കേണ്ടതില്ല. ഷിഗെല്ല രോഗം ബാധിച്ചയാൾ പാകം ചെയ്ത ഭക്ഷണം കഴിച്ചാലും രോഗം പടരാൻ സാധ്യതയുണ്ടെന്നതു പ്രത്യേകം ഓർക്കേണ്ടതാണ്. ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും ഉറപ്പുവരുത്താനാവണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് ക്ലോറിനേഷൻ നടപടികൾ ഊർജിതമാക്കുന്നത് അത്യാവശ്യമായിരിക്കുന്നു. ഓവുചാലുകൾ വൃത്തിയാക്കാതിരിക്കുന്നതും മാലിന്യ നീക്കം തടസപ്പെടുന്നതും പകർച്ചവ്യാധികൾ പടരാനുള്ള സാഹചര്യം സൃഷ്ടിക്കും.

സംസ്ഥാനത്ത് ഓരോ ദിവസവും ആയിരങ്ങളാണു പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. ഇതിൽ പലർക്കും ഡെങ്കിപ്പനിയും എലിപ്പനിയുമൊക്കെ സ്ഥിരീകരിക്കുന്നുണ്ട്. മഴക്കാലം ആരംഭിച്ചതോടെ പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ടുകളിൽ കൊതുകുകൾ പെരുകുന്നത് ഡെങ്കി പോലുള്ള രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണവും വർധിപ്പിക്കുന്നുണ്ട്. മുൻ വർഷങ്ങളിലും മഴക്കാലത്ത് ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ തന്നെ മുൻകരുതലും പ്രതിരോധവും ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്. കൊതുകു നശീകരണത്തിനു സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതാണ്. പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനു കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. ഇക്കാര്യത്തിൽ സർക്കാർ കാണിക്കുന്ന ഗൗരവം താഴെത്തട്ടുവരെ എത്തുക എന്നതു രോഗപ്രതിരോധത്തിൽ നിർണായകവുമാണ്.

സെൻസസ് നടപടികൾ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ഡ്രൈവിങ് ടെസ്റ്റ് രീതികളിൽ മാറ്റം; ഇനിമുതൽ 'H' എടുക്കുമ്പോൾ പിൻ ക്യാമറകൾ നോക്കാം

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇടുക്കിയിൽ 2 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ

നെല്ല് സംഭരണം; എസ്ബിഐ, കാനറ ബാങ്കുകൾ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചതായി സപ്ലൈകോ

നിയമസഭയിൽ ഇനി പൊതു ജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാം; സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍