.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ചെറിയ പ്രതിഫലം മാത്രം വാങ്ങി വലിയ ഉത്തരവാദിത്വമുള്ള ജോലികൾ ചെയ്യുന്നവരാണ് ആശാ വർക്കർമാർ. ആരോഗ്യമേഖലയ്ക്ക് അവർ നൽകുന്ന സേവനം കേരളം മറക്കാൻ പാടില്ലാത്തതാണ്. സർക്കാരും ആരോഗ്യ വകുപ്പും അത് അവഗണിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനുമാവില്ല. ജോലിക്ക് അർഹമായ അംഗീകാരവും പ്രതിഫലവും അവർക്കു ലഭിക്കുന്നുവെന്നു പറയാനാവില്ല. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി നിയമിക്കപ്പെടുന്ന ആരോഗ്യ പ്രവർത്തകരാണ് ആശാ വർക്കർമാർ. ഡോക്റ്റർമാർ അടക്കം സർക്കാരിന്‍റെ പൊതുജനാരോഗ്യ സംവിധാനത്തിനും പൊതുജനങ്ങൾക്കും ഇടയിലുള്ള കണ്ണികളാണിവർ.
ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിലും ആരോഗ്യ മേഖലയിലെ സർക്കാർ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിലും എല്ലാം ഇവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വീടുകൾ കയറിയിറങ്ങി ഇവർ ശേഖരിക്കുന്ന വിവരങ്ങൾ ആരോഗ്യ വകുപ്പിന്‍റെ കാര്യക്ഷമമായ പ്രവർത്തനത്തിന് അത്യാവശ്യമാണ്. ആശാ വർക്കർമാരുടെ ഉത്തരവാദിത്വം ഒന്നിനൊന്നു വർധിച്ചു വരുന്ന കാലവുമാണിത്. ജീവിതശൈലീ രോഗങ്ങളും പലതരം പകർച്ചവ്യാധികളും വ്യാപിക്കുന്ന കാലഘട്ടത്തിലാണു സംസ്ഥാനമുള്ളത്. കൊവിഡ് പടർന്നുപിടിച്ച കാലത്ത് ആശാ വർക്കർമാർ ചെയ്ത സേവനം മറക്കാറായിട്ടില്ല. കൊവിഡിനെതിരായ പോരാട്ടത്തിൽ പ്രധാന പങ്കു വഹിച്ചതിനും ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിച്ചതിനും ഇന്ത്യയിലെ ആശാ വർക്കർമാരെ ലോകാരോഗ്യ സംഘടന ആദരിക്കുകയുണ്ടായി. ഇത്രയൊക്കെയായിട്ടും ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ അവർക്കു സമരം ചെയ്യേണ്ടിവരുന്നു എന്നതു നിർഭാഗ്യകരമാണ്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ അവരുടെ രാപകൽ സമരം പത്തു ദിവസം പിന്നിട്ടിരിക്കുന്നു. ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ മഹാസംഗമം സംഘടിപ്പിക്കാനാണ് സമരത്തിനു നേതൃത്വം നൽകുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നതും. സമരം ഇനിയും നീണ്ടുപോകുന്നത് ഒഴിവാക്കാൻ സർക്കാർ അത്യാവശ്യമായി ഇടപെടേണ്ടതുണ്ട്. സമരത്തിനു നേതൃത്വം നൽകുന്ന നേതാക്കള്‍ക്കെതിരേ കലാപത്തിനു കേസെടുത്തതു പോലുള്ള നടപടികൾ പ്രശ്നപരിഹാരത്തിനു സഹായിക്കുന്നതായില്ല. ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, മൂന്നു മാസത്തെ കുടിശിക ഉടന്‍ നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ പ്രഖ്യാപിക്കുക, അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാർ സമരം തുടങ്ങിയത്. സമരത്തെ തള്ളി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നടത്തിയ പരാമര്‍ശം വിവാദമാവുകയുണ്ടായി. ആശാ വര്‍ക്കര്‍മാരെ രാഷ്‌ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സംഘടന മുന്നോട്ടുവരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കൾക്കെതിരേ കേസെടുത്തതെന്ന് അവർ കുറ്റപ്പെടുത്തുന്നുണ്ട്.
ആശാ വർക്കർമാരുടെ ഓണറേറിയം കുടിശിക ഈ ദിവസങ്ങളിൽ നൽകാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ഉപാധിരഹിത ഓണറേറിയം അനുവദിക്കാന്‍ തീരുമാനിച്ചതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, അതുകൊണ്ടു മാത്രം സമരം അവസാനിപ്പിക്കാനാവില്ലെന്നാണ് അവർ വ്യക്തമാക്കിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളെക്കാൾ ഉയർന്ന പ്രതിഫലമാണ് ആശാ വർക്കർമാർക്കു കേരളം നൽകുന്നതെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ട്. അപ്പോഴും സർക്കാർ കണക്കിൽ മാസം പരമാവധി നൽകുന്നത് 13,200 രൂപയാണ്. ഓണറേറിയവും ഇൻസെന്‍റീവും എല്ലാം അടക്കമാണിത്. ഇക്കാലത്തെ ജീവിതച്ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോൾ ഇതു ചെറിയ തുക തന്നെയാണ്. ഇത്രയും തുകയൊന്നും കൈയിൽ കിട്ടുന്നില്ലെന്നു പലരും പറയുന്നുണ്ട്. സമരം പൊളിക്കുന്നതിനു വേണ്ടിയാണ് പതിമൂവായിരത്തിന്‍റെ കണക്ക് സർക്കാർ പറയുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും വളരെ കുറഞ്ഞ ഒരു പ്രതിഫലം മാത്രമാണ് ഇവർക്കു കിട്ടുന്നത്. അതു കുടിശികയാവുക കൂടി ചെയ്യുമ്പോൾ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാട് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ലക്ഷങ്ങൾ വാങ്ങിക്കൊണ്ടിരിക്കുന്നവർക്കു മനസിലായില്ലെന്നു വരും. ആശാ വർക്കർമാരുടെ ഇൻസെന്‍റീവ് വർധിപ്പിക്കാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാവുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആരോഗ്യ രംഗത്ത് കേരളത്തിന്‍റെ കാലാൾപ്പടയാണ് ആശാ വർക്കർമാർ എന്ന യാഥാർഥ്യം കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും സർക്കാരിന് ഉണ്ടാവേണ്ടതുണ്ട്.