ആഫ്രിക്കയിൽ എബോള, ലോകം ജാഗ്രതയിൽ

 
Editorial

ആഫ്രിക്കയിൽ എബോള, ലോകം ജാഗ്രതയിൽ

എബോളയുടെ "ബുണ്ടിബുഗ്യോ' എന്ന വകഭേദമാണ് ആഫ്രിക്കയിൽ പടരുന്നത്

MV Desk

കൊവിഡിനു പിന്നാലെ ലോകം മറ്റൊരു വൈറസിന്‍റെ ഭീതിയിലേക്കു നീങ്ങുമോ എന്ന ആശങ്ക ഉയരുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് അതിവേഗം പടരുന്നു എന്നാണു റിപ്പോർട്ടുകൾ.‌ ഡെ​മൊ​ക്രറ്റി​ക്ക് റി​പ്പ​ബ്ലി​ക്ക് ഓ​ഫ് കോം​ഗോ, ഉ​ഗാ​ണ്ട, സൗ​ത്ത് സു​ഡാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ബോ​ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഗോ​ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​കയാണ്. ആഗോള മഹാമാരിയായി അതു മാറിയിട്ടില്ലെങ്കിലും ലോക രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. അമെരിക്ക അടക്കമുള്ള രാജ്യങ്ങൾ പ്രതിരോധ നടപടികൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതാണു ലോക രാജ്യങ്ങൾ ഈ അവസരത്തിൽ ചെയ്യേണ്ടത്. എബോളയുടെ "ബുണ്ടിബുഗ്യോ' എന്ന വകഭേദമാണ് ആഫ്രിക്കയിൽ പടരുന്നത്. ഇതിന്‍റെ മരണനിരക്ക് 25 മുതൽ 40 വരെ ശതമാനമാണത്രേ. ഈ വൈറസിനെ തടയാൻ ഫലപ്രദമായ വാക്സിനുകളോ മരുന്നുകളോ ഇല്ലെന്നാണു പറയുന്നത്. അതുകൊണ്ടു തന്നെ ഇത് അപകടകാരിയാണ്. കേസുകളിലുണ്ടാവുന്ന വർധനയും മരണവും വലിയ ആശങ്കയായി മാറിയിട്ടുണ്ട്. കോംഗോയിലെ ഇതൂരിയിൽ പൊട്ടിപ്പുറപ്പെട്ട എബോള അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്കും പടരുകയായിരുന്നു. കോംഗോയിൽ എബോള അതിവേഗമാണു പടരുന്നതെന്നും അതു രാജ്യത്തു വളരെ വലിയ റിസ്കാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്റ്റർ ജനറൽ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് വെളിപ്പെടുത്തിയതു കഴിഞ്ഞ ദിവസമാണ്.

ഈ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ന്യൂഡൽഹിയിൽ നടക്കാനിരുന്ന നിർണായകമായ ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റിവച്ചത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഭരണത്തലവന്മാരും പ്രതിനിധികളുമാണ് ഈ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. ഒരേസമയം ഇത്രയധികം വിദേശ പ്രതിനിധികൾ എത്തുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യ സുരക്ഷാ വെല്ലുവിളികളും വൈറസ് വ്യാപന സാധ്യതയും മുൻകൂട്ടിക്കണ്ടാണ് ഇരുപക്ഷവും ചേർന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനായി നിശ്ചയിച്ചിരുന്ന ഈ ഉന്നതതല യോഗം സ്ഥിതിഗതികൾ ശാന്തമായ ശേഷമേ ഇനി നടക്കൂ. ഇതു കൂടാതെ എബോള ബാധിത പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യ യാത്രാ നിയന്ത്രണങ്ങൾ ‍ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ എ​ബോ​ള റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും അപകടസാധ്യത മുൻകൂട്ടിക്കണ്ടുള്ള മുന്നൊരുക്കങ്ങളാണു നടക്കുന്നത്. വിമാനത്താവളങ്ങളിലെ പരിശോധനകൾ ശക്തമാക്കിയിരിക്കുന്നു. വൈറസ് ബാധയുള്ള രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക നിർദേശങ്ങൾ നൽകിയിരിക്കുകയാണ്.

കേരള സർക്കാരും എബോളയെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾക്കു തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന ദ്രു​ത​ക​ർ​മ സ​മി​തി യോ​ഗം ചേ​ർ​ന്നിരുന്നു. പൊ​തു​ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നു യോ​ഗം വി​ല​യി​രു​ത്തുകയുണ്ടായി. രോഗബാധിതമായ രാജ്യങ്ങളിൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണമെന്നും വ്യക്തമാക്കപ്പെട്ടു.​ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളാ​യ പ​നി, ക്ഷീ​ണം, ത​ല​വേ​ദ​ന, പേ​ശീ​വേ​ദ​ന, ഛർ​ദ്ദി, വ​യ​റി​ള​ക്കം, തൊ​ണ്ട​വേ​ദ​ന, ര​ക്ത​സ്രാ​വം എ​ന്നി​വ​യു​ണ്ടെ​ങ്കി​ൽ യാ​ത്ര​ക്കാ​ർ​ വിമാനത്താവളത്തിലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ൽ റി​പ്പോ​ർട്ടു ചെയ്യണമെന്നാണു നിർദേശം. എ​ബോ​ള സ്ഥി​രീ​ക​രി​ച്ച​തോ സം​ശ​യി​ക്കു​ന്ന​തോ ആ​യ ആ​ളു​ക​ളു​മാ​യി നേ​രി​ട്ടു സ​മ്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രും റി​പ്പോ​ർ​ട്ട് ചെ​യ്യേണ്ടതുണ്ട്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും കേ​ന്ദ്ര സ​ർ​ക്കാ​രും നി​ർ​ദേശി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്ക് 21 ദി​വ​സം വ​രെ​യു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​നം ആ​രോ​ഗ്യ​വ​കു​പ്പ് സ​ജ്ജ​മാ​ക്കു​ന്ന​താ​ണെ​ന്നും കെ. ​മു​ര​ളീ​ധ​രൻ അറിയിക്കുകയുണ്ടായി.

സംസ്ഥാനത്തെ നാ​ല് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ര​ണ്ടു തു​റ​മു​ഖ​ങ്ങ​ളി​ലും എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് ഐ​സൊ​ലേ​ഷ​ൻ സൗ​ക​ര്യ​ത്തോ​ടു​ കൂ​ടി​യു​ള്ള തീ​വ്ര​പ​രി​ച​ര​ണ സം​വി​ധാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​രിക്കുന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​യും തു​റ​മു​ഖ​ങ്ങ​ളി​ലെ​യും ആ​രോ​ഗ്യ വി​ഭാ​ഗ​വും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജി​ല്ലാ രോ​ഗ​നി​രീ​ക്ഷ​ണ വി​ഭാ​ഗ​വും മെ​ഡി​ക്ക​ൽ കോ​ളെ​ജു​ക​ളും ചേ​ർ​ന്നാണു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​ണു​ബാ​ധ നി​യ​ന്ത്ര​ണം, പി​പി​ഇ കി​റ്റു​ക​ളു​ടെ ഉ​പ​യോ​ഗം, ചി​കി​ത്സാ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ, രോ​ഗി​ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണം എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ഉ​റ​പ്പു​വ​രു​ത്തുന്നുമുണ്ട്. ലോകത്തിന്‍റെ ഏതു ഭാഗത്തേക്കും ഈ വൈറസ് പടരാനുള്ള സാധ്യത ഒരു വെല്ലുവിളിയായി നിലനിൽക്കുന്നുണ്ട്. കൊവിഡ് എങ്ങനെയാണു ലോകം മുഴുവൻ പടർന്നതെന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടു തന്നെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ ആവശ്യമായിരിക്കുന്നു.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു