കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കുന്നതിനു സർക്കാർ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ ജനങ്ങളിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ടോൾ പിരിക്കുന്നതിന് എൽഡിഎഫ് തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞുവെന്നാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറയുന്നത്. ഭരണമുന്നണി പച്ചക്കൊടി കാണിച്ച സ്ഥിതിക്ക് കിഫ്ബി റോഡുകളിൽ ടോൾ ഏർപ്പെടുത്തുന്നതിന് അധികം കാലതാമസമുണ്ടാവില്ല എന്നു കരുതണം. പ്രതിപക്ഷം സമരത്തിന് ഇറങ്ങുമെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സർക്കാർ അതു കണക്കിലെടുക്കുമെന്നു കരുതാനാവില്ല. സർക്കാരിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധി അധിക വിഭവ സമാഹരണം നടത്തിയേ തീരൂ എന്ന അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. കിഫ്ബി എടുക്കുന്ന വായ്പകൾ സർക്കാരിന്‍റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ നയം സൃഷ്ടിച്ച പ്രതിസന്ധി നിലനിൽക്കുകയാണ്. വായ്പയെടുത്തു പദ്ധതികൾ നടപ്പാക്കാനുള്ള കിഫ്ബിയുടെ പരിശ്രമങ്ങൾക്ക് ഇതു തിരിച്ചടിയായെന്നും പറയുന്നുണ്ട്. അതിനിടെയാണ് കിഫ്ബി ചെലവഴിക്കുന്ന പണം തിരിച്ചുകിട്ടാനുള്ള മാർഗം കണ്ടെത്താതെ വയ്യ എന്ന ആലോചനയുണ്ടാകുന്നത്. അങ്ങനെയാണ് ടോൾ പിരിവ് ആലോചിച്ചു തുടങ്ങിയത് എന്നു വേണം കരുതാൻ.
ചെലവഴിച്ച പണം തിരിച്ചുകിട്ടാൻ ടോളല്ലാതെ മറ്റു മാർഗമില്ലെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. വികസന പ്രവർത്തനങ്ങളുമായി കിഫ്ബിക്കു മുന്നോട്ടുപോകണമെങ്കിൽ തിരിച്ചുവരുമാനം കിട്ടാനുള്ള മാർഗങ്ങളും കണ്ടെത്തിയേ തീരൂവെന്ന് അവർ വിശദീകരിക്കുന്നുണ്ട്. സർക്കാരിന്‍റെ ഭാഗത്തുനിന്നു നോക്കുമ്പോൾ ടോൾ എളുപ്പ മാർഗമാണ്. ആളുകൾക്ക് വാഹനങ്ങൾ റോഡിലിറക്കിയേ തീരൂ എന്നതുകൊണ്ട് ഉറപ്പായും വരുമാനമുണ്ടാവും. രാജ്യത്ത് ഏറ്റവും കൂടുതൽ വാഹന സാന്ദ്രതയുള്ള സംസ്ഥാനമാണു കേരളം. ഇവിടെ മൂന്നിൽ ഒരാൾക്കു വാഹനമുണ്ടെന്നാണ് നേരത്തേ പുറത്തുവന്നിട്ടുള്ള ഒരു കണക്ക്. വാഹനങ്ങളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് സംസ്ഥാനത്തുണ്ടാവുന്നതും. അതുകൊണ്ടു തന്നെ വാഹന ഉടമകളിൽ നിന്നു വരുമാനം നേടാനുള്ള ശ്രമം വിജയിക്കും. എന്നാൽ, ഈ എളുപ്പവിദ്യ ജനങ്ങളെ കൊള്ളയടിക്കുന്നതിനു തുല്യമാണ്. സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള നയം മാറ്റവുമാണ്.
ടോളിനെതിരേ ഇത്ര കാലവും സിപിഎം സമരത്തിലായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ടോള്‍രഹിത റോഡുകളെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്‍റെ പ്രഖ്യാപനമെന്നും സുധാകരൻ പറയുന്നു. എന്തായാലും കിഫ്ബി നടപ്പിലാക്കുന്ന പദ്ധതികളിൽ യൂസർ ഫീ, ടോൾ എന്നിവ പിരിക്കില്ലെന്ന് ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നതാണ്. സാഹചര്യങ്ങൾ മാറിയപ്പോൾ നയവും മാറുന്നു എന്നാണു സർക്കാർ വിശദീകരണമെങ്കിൽ അതു ജനങ്ങൾ പ്രതീക്ഷിച്ചതല്ല എന്നേ പറയാനാവൂ. ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ഓരോ പുതിയ ബാധ്യതകളും അവരുടെ ജീവിതച്ചെലവ് ഉയർത്തുന്നതാണ്. വൈദ്യുതി ചാർജ് കൂട്ടിയതും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും അടക്കമുള്ള അമിതഭാരം ഇപ്പോഴേ ജനങ്ങളുടെ മുതുകത്തുണ്ട്. അതിനു പിന്നാലെയാണ് വീണ്ടും പുതിയ ചെലവുകൾ അടിച്ചേൽപ്പിക്കുന്നത്.
കിഫ്ബിക്കു വേണ്ടി ഇപ്പോൾ തന്നെ ഇന്ധന സെസ് ചുമത്തുന്നുണ്ട്. മോട്ടോർ വാഹന നികുതിയുടെ പകുതിയും കിഫ്ബിക്കു നൽകുന്നു. ഇങ്ങനെയുള്ള വരുമാനം തിരിച്ചടവിനുള്ള മാർഗമായി കണക്കാക്കി കിഫ്ബി വായ്പയെടുക്കുന്നു എന്നാണു സർക്കാർ നേരത്തേ അവകാശപ്പെട്ടിരുന്നത്. ഭാവി വരുമാനത്തിന്‍റെ ഈടിൽ വായ്പയെടുത്ത് പശ്ചാത്തല സൗകര്യ നിർമിതികൾ ഇപ്പോൾ തന്നെ നടത്തുന്നു എന്നായിരുന്നു വാദം. എന്നാൽ, ഇത്തരം വരുമാനമൊന്നും കിഫ്ബിയുടെ പ്രതിസന്ധി പരിഹരിക്കാൻ സഹായിച്ചില്ല എന്നുവേണം ടോൾ നീക്കത്തിൽ നിന്നു ധരിക്കേണ്ടത്. കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായി വായ്പകള്‍ എടുത്തതിലെ അപാകതകളുമാണ് ഇപ്പോഴത്തെ ധനപ്രതിസന്ധിക്കു കാരണമെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്. കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹമാണെന്നും സ്വന്തക്കാർക്കും ഇഷ്ടക്കാർക്കുമായി കരാറുകൾ പലതും നൽകിയത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കിയെന്നും അവർ ആരോപിക്കുന്നു. ക്രമവിരുദ്ധമായി കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റത് ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് ആരോപണം. ഇതിലൊക്കെ ഒരു വ്യക്തത ഉണ്ടാവേണ്ടതുണ്ട്.
കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ ദുരുഹമാണെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് ടോൾ പിരിവ് എന്നതു ശ്രദ്ധേയമാണ്. സർക്കാരിനു മേൽ അധിക ബാധ്യത വരില്ലെന്ന് ഉറപ്പുവരുത്തും പ്രകാരമാണ് കിഫ്ബിയുടെ പ്രവർത്തനമെന്നായിരുന്നു മുൻപ് അവകാശപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ജനങ്ങൾക്കു മേൽ അധിക ബാധ്യത വരുന്ന അവസ്ഥയായിരിക്കുന്നു. കിഫ്ബി ഫണ്ടിൽ നിന്ന് 50 കോടിയിലധികം രൂപ ചെലവഴിച്ചു നിർമിച്ച നിരവധി റോഡുകൾ സംസ്ഥാനത്തുണ്ട്. അവയിലൊക്കെ ടോൾ ഏർപ്പെടുത്തുമെന്ന ആശങ്കയാണു നിലവിലുള്ളത്. ടോൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് കിഫ്ബി പഠനം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ദേശീയ പാതയിലെ ടോൾ പിരിവിനു പുറമേ കിഫ്ബി റോഡുകളിലെ പിരിവു കൂടിയാവുമ്പോൾ ആളുകൾ ടോൾ കൊടുത്തു വലയും. അതുകൊണ്ടു തന്നെ അന്തിമ തീരുമാനമെടുക്കുമ്പോൾ സർക്കാർ പലവട്ടം ആലോചിക്കണം.