ലയണൽ മെസി

 
Editorial

ഇതിഹാസം ബൂട്ടഴിക്കുമ്പോൾ

അർജന്‍റീനയ്ക്കു വേണ്ടിയുള്ള മെസി മാജിക് ചരിത്രത്തിന്‍റെ ഏറ്റവും തിളക്കമുള്ള അധ്യായമായി എക്കാലവും സൂക്ഷിക്കപ്പെടും

MV Desk

ആ മാന്ത്രികക്കാലുകൾ ഇനി അർജന്‍റീനയ്ക്കു വേണ്ടി ഗോൾവല കുലുക്കില്ല. ഇതിഹാസ സമാനമായ ഒരു കാലഘട്ടത്തിന് അവസാനം കുറിച്ചുകൊണ്ട് ലയണൽ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക ഫുട്ബോളിലെ സൂപ്പർ ഹീറോയില്ലാത്ത ലോകകപ്പുകളാവും ഇനി നമ്മൾ കാണുക. എന്നാൽ, അർജന്‍റീനയ്ക്കു വേണ്ടിയുള്ള മെസി മാജിക് ചരിത്രത്തിന്‍റെ ഏറ്റവും തിളക്കമുള്ള അധ്യായമായി എക്കാലവും സൂക്ഷിക്കപ്പെടും. രണ്ടു പതിറ്റാണ്ട് ദേശീയ ടീമിൽ കളിച്ച താരം നേടേണ്ടതൊക്കെ നേടിയാണു മുപ്പത്തൊമ്പതാം വയസിൽ കളം വിടുന്നത്. കളിക്കളത്തിൽ എന്തെന്തു വിസ്മയങ്ങളാണ് ഇക്കാലത്തിനുള്ളിൽ മെസി കാഴ്ചവച്ചത്. അവയോരോന്നും ഓർത്തെടുക്കുകയാവും ഇപ്പോൾ കോടിക്കണക്കിനു വരുന്ന ആരാധകർ. അവരിൽ ഇന്ത്യയുടെ തെക്കേയറ്റത്ത് ഈ കൊച്ചുകേരളത്തിലെമ്പാടുമുള്ള ആരാധക വൃന്ദവുമുണ്ട്.

കേരളത്തിൽ നിന്ന് എത്രയോ കിലോമീറ്ററുകൾ അകലെയാണ് അർജന്‍റീന. ഏഷ്യൻ ഭൂഖണ്ഡത്തിൽ പോലുമല്ല. സൗത്ത് അമെരിക്കൻ രാജ്യത്തിലെ ഫുട്ബോൾ ടീമിനോട്, പ്രത്യേകിച്ച് മെസിയോട്, മലയാളികൾ ഇത്രയേറെ ആരാധന കാണിക്കുന്നുണ്ടെങ്കിൽ അതുതന്നെ അസാധാരണ സ്ഥിതിവിശേഷമാണല്ലോ. ലോകകപ്പ് കാലത്ത് കേരളത്തിന്‍റെ മുക്കിലും മൂലയിലും വരെ മെസിയുടെ കട്ടൗട്ടുകളും ഫ്ലക്സുകളുമൊക്കെ കാണുന്നതു പതിവാണ്. മെസിയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ മത്സരബുദ്ധിയോടെ ഇവ സ്ഥാപിക്കുന്നതു ലോക ശ്രദ്ധ നേടിയതുമാണ്. മെസി ഇനി ദേശീയ ടീമിനു കളിക്കില്ല എന്ന അറിവ് അതുകൊണ്ടു തന്നെ കേരളത്തിലും വലിയ തോതിലുള്ള നിരാശയാണു സൃഷ്ടിക്കുന്നത്. കേരളത്തിൽ കളിക്കാൻ മെസിയും അർജന്‍റീന ടീമും വരുമെന്ന പ്രഖ്യാപനവും അതിനു പിന്നാലെ അടുത്തിടെയുണ്ടായ രാഷ്‌ട്രീയ വിവാദവുമൊക്കെ വലിയ ചർച്ചകൾക്കു വഴിയൊരുക്കുകയുണ്ടായി. തങ്ങളുടെ പ്രിയപ്പെട്ട താരം ഇവിടെ കളിക്കുന്നതു കാത്തിരുന്ന ആയിരക്കണക്കിന് ആരാധകരാണു മെസി വരില്ല എന്നറിഞ്ഞു നിരാശരായത്.

പത്തുവർഷം മുൻപ് 2016ൽ പരാജയങ്ങളുടെ ദുഃഖഭാരത്താൽ അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതാണു മെസി. ഇരുപത്തൊമ്പതാം വയസിലെ ആ പ്രഖ്യാപനം ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. കോപ്പ അമെരിക്ക ഫുട്ബോൾ ഫൈനലിൽ അർജന്‍റീനയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4-2നു തോൽപ്പിച്ച് ചിലി കിരീടം നേടിയപ്പോഴായിരുന്നു നിരാശയുടെ പടുകുഴിയിൽ വീണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. ഷൂട്ടൗട്ടിൽ താനെടുത്ത കിക്ക് നഷ്ടപ്പെടുത്തിയ നിരാശ അദ്ദേഹത്തിനുണ്ടായിരുന്നു. 2014ലെ ലോകകപ്പ് ഫൈനലിൽ ജർമനിയോടു തോറ്റതിന്‍റെ വിഷമവും വിട്ടുമാറിയിരുന്നില്ല. ഒരു മാസത്തിനു ശേഷമാണ് വിരമിക്കൽ തീരുമാനം പിൻവലിച്ച് വീണ്ടും ദേശീയ ടീമിന്‍റെ ജഴ്സിയണിയാൻ അദ്ദേഹം സമ്മതിച്ചത്. അന്നു കിരീടങ്ങൾ എത്തിപ്പിടിക്കാൻ കഴിയാതെയാണു പിൻവാങ്ങിയതെങ്കിൽ ഇപ്പോൾ സർവവും വെട്ടിപ്പിടിച്ചാണ് മെസി കളിക്കളത്തോടു വിടപറയുന്നത്.

ഒരു പ്രധാന അന്താരാഷ്‌ട്ര ട്രോഫിക്കു വേണ്ടിയുള്ള അർജന്‍റീനയുടെ 28 വർഷത്തെ കാത്തിരിപ്പ് മെസി അവസാനിപ്പിച്ചത് 2021ലെ കോപ്പ അമെരിക്ക കിരീടം നേടിക്കൊണ്ടാണ്. 2024ലും കോപ്പ അമെരിക്കയിൽ അർജന്‍റീനയെ ചാംപ്യൻമാരാക്കി. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്‍റീനയെ ജേതാക്കളാക്കിയതാണ് ഏറ്റവും വലിയ വിജയ മുഹൂർത്തം. നിലവിലുള്ള ചാംപ്യൻമാരായിരുന്ന ഫ്രാൻസുമായുള്ള അന്നത്തെ ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് അർജന്‍റീന ജയിക്കുന്നത്. അധിക സമയം കഴിയുമ്പോൾ 3-3 സമനില വന്നതിനെത്തുടർന്നായിരുന്നു ഷൂട്ടൗട്ട്. ഫൈനലിന്‍റെ ഇരുപത്തിമൂന്നാം മിനിറ്റിലും നൂറ്റിയെട്ടാം മിനിറ്റിലും ഗോൾ നേടിയ മെസി ഷൂട്ടൗട്ടിലെ തന്‍റെ കിക്കും ഗോളാക്കി മാറ്റി. 2026ലെ ലോകകപ്പിൽ പൊരുതിക്കളിച്ചാണ് മെസിയുടെ ടീം ഫൈനൽ വരെയെത്തിയത്. കലാശക്കളിയിൽ സ്പെയിനോടു തോറ്റത് ഒരേയൊരു ഗോളിനും. 2008ൽ അർജന്‍റീനയ്ക്ക് ഒളിംപിക്സ് സ്വർണം നേടിക്കൊടുക്കുന്നതിലും മെസി പങ്കു വഹിച്ചു.

അർജന്‍റീനയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ തവണ കളിക്കളത്തിലിറങ്ങിയ താരമാണു മെസി. ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും മറ്റാരുമല്ല. 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകളാണ് മെസിയുടെ സംഭാവന. 2006 മുതൽ 2026 വരെ ആറു ലോകകപ്പുകളിൽ കളിച്ചു. 34 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് മെസി നേടിയത്. ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച നിരവധിയായ വ്യക്തിഗത പ്രകടനങ്ങൾ മെസിയുടേതായുണ്ട്. മത്സരഗതി മാറ്റിയെഴുതാൻ, ഏതു വമ്പൻമാർക്കെതിരേയും ഒറ്റയ്ക്കു പട നയിക്കാൻ കെൽപ്പുള്ള താരമാണ് പുതിയ തലമുറയ്ക്കു വേണ്ടി വഴിമാറുന്നത്. മെസിയില്ലാത്ത അർജന്‍റീനയെയാണ് ഇനി നമുക്കു കളിക്കളങ്ങളിൽ കാണാനാവുക. അതു വലിയ നഷ്ടം തന്നെയാണ്.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും