

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി
കൊച്ചി: കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത വിദ‍്യാർഥികൾക്കെതിരേ നടപടി. സർവകലാശാലയുടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവൃത്തിച്ചെന്ന് സിൻഡിക്കേറ്റ് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ 16 വിദ‍്യാർഥികളെ സസ്പെൻഡ് ചെയ്തു. സമരത്തെ പറ്റിയുള്ള ആഭ‍്യന്തര അന്വേഷണം പൂർത്തിയാകുന്നതു വരെയാണ് നടപടി.
സർട്ടിഫിക്കറ്റ് വിതരണം അടക്കം 18 ആവശ‍്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വിദ‍്യാർഥികൾ സമരം നടത്തിയിരുന്നത്. വിദ‍്യാർഥികൾ തന്നെ കൈയേറ്റം ചെയ്തുവെന്ന് താത്കാലിക വിസി സിസാ തോമസ് മുഖ‍്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഡിജിപിയെ നേരിട്ട് വിളിച്ച് ശക്തമായ നടപടി സ്വീകരിക്കാൻ ഗവർണർ നിർദേശം നൽകുകയായിരുന്നു.