.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

താരിഖ് റഹ്മാൻ

 
Editorial

ബംഗ്ലാദേശിൽ പുതിയ സർക്കാർ

കത്തിപ്പടർന്ന ആഭ്യന്തര കലാപത്തിനും രാഷ്‌ട്രീയ അനിശ്ചിതത്വത്തിനും സുരക്ഷാ ഭീഷണികൾക്കും എല്ലാം ഒടുവിൽ ബംഗ്ലാദേശിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിൽ വരുകയാണ്

MV Desk

കത്തിപ്പടർന്ന ആഭ്യന്തര കലാപത്തിനും രാഷ്‌ട്രീയ അനിശ്ചിതത്വത്തിനും സുരക്ഷാ ഭീഷണികൾക്കും എല്ലാം ഒടുവിൽ ബംഗ്ലാദേശിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിൽ വരുകയാണ്. അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീനയുടെ ഒന്നര പതിറ്റാണ്ടു നീണ്ട ഭരണത്തിനെതിരേ ഉയർന്നുവന്ന വിദ്യാർഥി പ്രക്ഷോഭം കലാപമായി മാറുകയും 2024 ഓഗസ്റ്റിൽ അവരുടെ ഭരണം അവസാനിക്കുകയും ചെയ്തു. അക്രമാസക്തമായ ഭരണവിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നാടുവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിലാണ് അഭയം തേടിയത്. തുടർന്ന് നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിൽ അധികാരമേറ്റ ഇടക്കാല സർക്കാരിനു കീഴിലാണു കഴിഞ്ഞ ദിവസം രാജ്യത്തു പൊതുതെരഞ്ഞെടുപ്പു നടന്നത്. അവാമി ലീഗിനു നിരോധനം ഏർപ്പെടുത്തി അവരെ മാറ്റിനിർത്തിക്കൊണ്ടു നടന്ന തെരഞ്ഞെടുപ്പ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഷെയ്ഖ് ഹസീനയും അവരെ അനുകൂലിക്കുന്നവരും ആരോപിക്കുന്നുണ്ട്. ബംഗ്ലാദേശ് രാഷ്‌ട്രീയത്തിലെ പ്രധാന ശക്തിയായ അവാമി ലീഗ് ഇല്ലാത്ത തെരഞ്ഞെടുപ്പ് വെറും പ്രഹസനം, നാടകം എന്നൊക്കെയാണു ഹസീന വിശേഷിപ്പിക്കുന്നത്.

എന്തായാലും വോട്ടെടുപ്പു കഴിഞ്ഞ് ജനവിധി പുറത്തുവന്നിരിക്കുന്നു. അതു പ്രകാരം രണ്ടു പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്കു ശേഷം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്കു തിരിച്ചെത്തുകയാണ്. അവരുടെ സമുന്നത നേതാവ് താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാവുമെന്നാണു കരുതുന്നത്. മുൻ പ്രധാനമന്ത്രി അന്തരിച്ച ഖാലിദ സിയയുടെ മകനാണു താരിഖ് റഹ്‌മാൻ. താരിഖിന്‍റെ പിതാവും മുൻ ബംഗ്ലാദേശ് പ്രസിഡന്‍റുമായ സിയാഉർ റഹ്‌മാൻ 1978ൽ സ്ഥാപിച്ചതാണു ബിഎന്‍പി. ബംഗ്ലാദേശ് രാഷ്‌ട്രീയത്തിൽ അവാമി ലീഗിന്‍റെ പ്രധാന എതിരാളികളായിരുന്നു അവർ. 1981ൽ സിയാഉർ റഹ്‌മാൻ വധിക്കപ്പെട്ട ശേഷമാണ് ഖാലിദ സിയ പാർട്ടിയെ നയിക്കാനെത്തുന്നത്. 1984 മുതൽ 2018 വരെ ഖാലിദയായിരുന്നു പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത്. തുടർന്ന് ബിഎന്‍പിയുടെ ആക്റ്റിങ് ചെയർമാനും അതിനുശേഷം ചെയർമാനുമായി താരിഖ്. 1991ലും 2001ലും ബിഎന്‍പി സർക്കാരിനെ നയിച്ചതു ഖാലിദയാണ്. ബംഗ്ലാദേശിന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന സ്ഥാനം അവർക്കുണ്ട്. രാജ്യത്തുനിന്ന് ഒളിച്ചോടി 17 വർഷക്കാലം പ്രവാസ ജീവിതം നയിച്ച ശേഷം കഴിഞ്ഞ വർഷം ഡിസംബർ അവസാനമാണ് താരിഖ് റഹ്‌മാൻ ലണ്ടനിൽ നിന്ന് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്. സുരക്ഷിതമായ ബംഗ്ലാദേശിനെ പുനർനിർമിക്കണമെന്ന അദ്ദേഹത്തിന്‍റെ ആഹ്വാനത്തിനു വലിയ പിന്തുണയാണു ജനങ്ങൾ നൽകിയത്. ഹിന്ദുക്കൾ അടക്കം ന്യൂനപക്ഷങ്ങൾക്കു സുരക്ഷ ഉറപ്പാക്കി, എല്ലാവരെയും ഉൾക്കൊണ്ടുള്ള ഭരണമാണ് താരിഖ് വാഗ്ദാനം ചെയ്തത്. ജനങ്ങൾ അതു വിശ്വസിച്ചു എന്നുവേണം ഇപ്പോൾ പുറത്തുവന്നിട്ടുള്ള തെരഞ്ഞെടുപ്പു ഫലങ്ങളിൽ നിന്നു മനസിലാക്കാൻ.

രാജ്യത്തെ അടിമുടി മൂടിനിൽക്കുന്ന അസ്ഥിരതയ്ക്കു പരിഹാരം കാണാൻ പുതിയ സർക്കാരിനു കഴിയേണ്ടതാണ്. ബംഗ്ലാദേശിൽ ശാന്തിയും സമാധാനവും പുലർന്നു കാണാൻ അയൽ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്കു താത്പര്യമുണ്ട്. അതിർത്തിക്കപ്പുറം സംഘർഷാവസ്ഥയും അരാജകത്വവും നിലനിൽക്കുന്നതു നല്ലതല്ലല്ലോ. തീവ്രനിലപാടുകാരായ ജമാഅത്തെ ഇസ്‌ലാമി പ്രധാന പ്രതിപക്ഷമായി മാറിയെന്നു റിപ്പോർട്ടുണ്ട്. അധികാരം പിടിക്കുക എന്ന ലക്ഷ്യം നടന്നില്ലെങ്കിലും അവരുടെ ശക്തമായ തിരിച്ചുവരവാണിത്. മുൻപ് ബിഎന്‍പി സർക്കാരിൽ സഖ്യയായി ചേർന്നിട്ടുണ്ട് ജമാഅത്തെ ഇസ്‌ലാമി. അന്നവർക്ക് മന്ത്രിസ്ഥാനങ്ങളും ഉണ്ടായിരുന്നു. പ്രതിപക്ഷത്ത് അവരുടെ പ്രവർത്തനങ്ങൾ എങ്ങനെയാവുമെന്നത് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. തെരഞ്ഞെടുപ്പു ഫലങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി സംശയം പ്രകടിപ്പിച്ചു രംഗത്തുവന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഷെയ്ഖ് ഹസീന സർക്കാരിന്‍റെ കാലത്ത് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജമാഅത്തെ ഇസ്‌ലാമിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശം നൽകിയതു യൂനുസിന്‍റെ ഇടക്കാല സർക്കാരായിരുന്നു.

എല്ലാവരെയും ഉൾക്കൊള്ളുന്ന ജനാധിപത്യ, പുരോഗമനപരമായ ബംഗ്ലാദേശിന് ഇന്ത്യ പിന്തുണ നൽകുമെന്നു വിജയത്തിൽ താരിഖ് റഹ്‌മാനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. പൊതുവായ വികസന ലക്ഷ്യങ്ങൾ നേടുന്നതിനു വേണ്ടി ബംഗ്ലാദേശുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിന് ഇന്ത്യ തയാറാണ്. ഇടക്കാല സർക്കാരിന്‍റെ കാലത്ത് ബംഗ്ലാദേശിന്‍റെ ഇന്ത്യയുമായുള്ള ബന്ധങ്ങൾ അത്ര മെച്ചമായിരുന്നില്ല. ഇന്ത്യയുമായുള്ള സൗഹൃദത്തിന്‍റെ പ്രാധാന്യം താരിഖിന് അറിയാമെന്നാണു പൊതുവേ കരുതുന്നത്. ബംഗ്ലാദേശിന് "പ്രഥമ പരിഗണന' എന്ന നയമാണു താരിഖ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്. അങ്ങനെയാവുമ്പോൾ പോലും ഇന്ത്യയുമായുള്ള സൗഹൃദവും സഹകരണവും പ്രധാനമാവും. ഷെയ്ഖ് ഹസീനയെ വിചാരണയ്ക്കായി വിട്ടുനൽകണമെന്ന ആവശ്യം ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ ബംഗ്ലാദേശിലെ പുതിയ ഭരണ‍കൂടം ഉന്നയിക്കുമോ എന്നു കണ്ടറിയേണ്ടതുണ്ട്.

യുഎസും ഇസ്രയേലും കീഴടങ്ങും വരെ യുദ്ധം തുടരുമെന്ന് ഇറാന്‍

"ക്രിസ്ത്യാനികൾ വിഡ്ഢികളല്ല"; എഫ്‌സിആര്‍എക്കെതിരെ നിലപാട് കടുപ്പിച്ച് സിബിസിഐ

പിണറായി മോദിയുടെ ബി ടീം: പ്രിയങ്ക ഗാന്ധി

രേവന്ത് റെഡ്ഡി തരത്തിൽ പോയി കളിക്കണമെന്ന് വി. ശിവൻകുട്ടി

സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞു വീശുന്നു: ഷാഫി പറമ്പിൽ