വാഹനക്കടത്തിൽ പിടിച്ചെടുത്ത വാഹനം
വ്യാജരേഖകളുണ്ടാക്കി ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്കു കടത്തിയതുമായി ബന്ധപ്പെട്ട് "ഓപ്പറേഷന്‍ നുംഖോർ'' എന്ന പേരിൽ കസ്റ്റംസ് നടത്തിയ പരിശോധനയും അതേത്തുടർന്നു നടക്കുന്ന അന്വേഷണങ്ങളും വലിയ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ചില പ്രമുഖ സിനിമാ താരങ്ങളുടെ വാഹനങ്ങളും കസ്റ്റംസിന്‍റെ അന്വേഷണത്തിൽ വരുന്നുണ്ട് എന്നത് സംഭവത്തിനു പ്രത്യേകമായ വാർത്താ ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. തങ്ങൾ തട്ടിപ്പിനു വിധേയരാവുകയാണെന്ന് അറിഞ്ഞുകൊണ്ടായിരിക്കില്ല ഇപ്പോൾ ഈ വാഹനങ്ങൾ ഉപയോഗിക്കുന്ന പലരും അതു വാങ്ങിയിരിക്കുന്നത്. നിയമവിരുദ്ധമായി രാജ്യത്തേക്കു കടത്തിയ വാഹനങ്ങൾ പല കൈ മറിഞ്ഞാണു പലരുടെയും കൈവശം എത്തിയിട്ടുള്ളത്. ഇതിനിടയിൽ വാഹനക്കടത്തുകാരുടെ തട്ടിപ്പ് മൂടിവയ്ക്കപ്പെട്ടിട്ടുണ്ടാവാം. എന്തായാലും അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. നിരപരാധികൾ കുറ്റവാളികളാവാതെ യഥാർഥ പ്രതികൾ പിടിക്കപ്പെടണം. വാഹനക്കടത്തിന്‍റെ വിശാലമായ ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടാവാം. അവർ വാഹനങ്ങൾ മാത്രമല്ല സ്വർണവും മയക്കുമരുന്നും അടക്കം കടത്തുന്നുണ്ടാവാം. ഈ കള്ളക്കടത്തു ലോബിയുടെ അടിവേരറുക്കുന്നത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണ്.
കേരളത്തിലും ഇവരുടെ പ്രവർത്തനങ്ങൾ നടക്കുന്നു എന്നതു നമ്മെ സംബന്ധിച്ച് ആശങ്ക വർധിപ്പിക്കുന്ന കാര്യമാണ്. കാറുകളും സ്വർണവും മയക്കുമരുന്നുമെല്ലാം ഈ രീതിയിൽ കടത്താൻ കഴിയുമെങ്കിൽ കള്ളക്കടത്തു ലോബിക്ക് എന്തും ഇങ്ങോട്ടു കൊണ്ടുവരാം. രാജ്യസുരക്ഷയ്ക്കും രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്കും അതുയർത്തുന്ന ഭീഷണി വളരെ വലുതാണ്. ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത‍്യയിലേക്ക് എത്തിച്ചതിൽ 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിലുള്ളതായി അറിയാൻ സാധിച്ചിട്ടുണ്ടെന്നാണ് കൊച്ചിയിൽ കസ്റ്റംസ് കമ്മിഷണർ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. സംസ്ഥാന വ‍്യാപകമായി കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങളാണ്. ഇനിയുള്ളവയും എത്രയും വേഗം കണ്ടെത്തേണ്ടതുണ്ട്. വാഹനങ്ങൾ ഇന്ത്യയിൽ എത്തിച്ചപ്പോൾ ഇന്ത‍്യൻ ആർമിയുടെയും അമെരിക്കൻ എംബസിയുടെയും പേര് ദുരുപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പരിവാഹൻ വെബ് സൈറ്റിലുൾപ്പടെ ഇവർ തിരിമറി നടത്തിയെന്നും കണ്ടെത്തിയിരിക്കുന്നു.
നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ ഇതിലുണ്ട്. അതിനൊക്കെ പുറമേ ഇത്തരത്തിൽ ലഭ്യമാവുന്ന ഫണ്ട് തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നതടക്കം അന്വേഷിക്കേണ്ടതാണ്. ഭൂട്ടാൻ വഴി ഇന്ത്യയിലെത്തിക്കുന്ന വാഹനങ്ങൾ ഇന്ത്യൻ ആർമിയുടെയും അമെരിക്കൻ എംബസിയുടെയും എല്ലാം പേരിൽ വ്യാജമായി രജിസ്റ്റർ ചെയ്ത് അവർ വിറ്റ വാഹനങ്ങളാണെന്ന് വ്യാജസീലും ഒപ്പും അടങ്ങുന്ന രേഖയുണ്ടാക്കിയാണ് മറ്റുള്ളവർക്കു കൈമാറുന്നതത്രേ. ഇന്ത്യയിൽ ഈ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനാണ് പരിവാഹൻ വെബ്സൈറ്റിൽ കൃത്രിമം കാണിച്ചതായി കരുതുന്നത്. സൈന്യവും എംബസിയുമൊക്കെ ഉപയോഗിച്ച പഴയ വാഹനങ്ങളാണെന്നു തെറ്റിദ്ധരിച്ചാണു പലരും ഇവ വാങ്ങിയിട്ടുണ്ടാവുക. 2014ൽ നിർമിച്ച വാഹനം 2005ൽ രജിസ്റ്റർ ചെയ്തതായി വ്യാജരേഖയുണ്ടാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു. ഇത്തരം വാഹനങ്ങളുടെ ആദ്യ ഉടമസ്ഥൻ ആരാണെന്നു പോലും വ്യക്തമാകാത്ത അവസ്ഥയുണ്ടാവാം. അനധികൃതമായാണ് വാഹനം ഇന്ത്യയിലേക്കു കൊണ്ടുവന്നതെന്നു കണ്ടെത്തിയാൽ അവ പിടിച്ചെടുക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനം അനധികൃതമായി ഇന്ത്യയിൽ കൊണ്ടുവന്നതാണെന്ന് ഇപ്പോഴത്തെ ഉടമസ്ഥന് അറിവുണ്ടെങ്കിലും ഇല്ലെങ്കിലും ഈ പിടിച്ചെടുക്കൽ ഉണ്ടാവും എന്നാണു പറയുന്നത്. തട്ടിപ്പിൽ അറിയാതെ തലവച്ചുകൊടുത്തവർ കുടുങ്ങിപ്പോവുന്ന സാഹചര്യമാണിത്. തട്ടിപ്പിനെക്കുറിച്ച് ഉടമസ്ഥർക്ക് അറിവുണ്ടെങ്കിൽ അവർ നിയമനടപടി നേരിടേണ്ടിയും വരും. നിയമ വിരുദ്ധമായല്ല വാഹനം വാങ്ങിയതെന്നു തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യതയാണെന്നു സാരം.
കസ്റ്റംസിനു പുറമേ മറ്റു കേന്ദ്ര ഏജൻസികളും വാഹനക്കടത്ത് അന്വേഷിക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. വാഹന കൈമാറ്റത്തിൽ വ്യാപകമായി കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്നാണു കരുതുന്നത്. ഇക്കാര്യം എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റാണ് അന്വേഷിക്കുക. ജിഎസ്ടി വെട്ടിപ്പ് കേന്ദ്ര ജിഎസ്ടി വിഭാഗം അന്വേഷിക്കും. എംബസികളുടെയും സൈന്യത്തിന്‍റെയും പേരിൽ വ്യാജ രേഖകൾ ചമച്ചത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നാണ് കസ്റ്റംസ് അധികൃതർ പറഞ്ഞിരിക്കുന്നത്. വ്യാജ രേഖകൾ ഉണ്ടാക്കിയത് സംസ്ഥാന പൊലീസിന് അന്വേഷിക്കാം. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഈ ഫണ്ട് പോയിട്ടുണ്ടോ എന്ന് എൻഐഎ പോലുള്ള ഏജൻസികൾ അന്വേഷിക്കുമെന്നു കരുതണം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഈ കള്ളക്കടത്തു സംഘത്തിന്‍റെ മുഴുവൻ പ്രവർത്തനങ്ങളും വെളിച്ചത്തുകൊണ്ടുവരേണ്ടതുണ്ട്. അതിന് പല തലത്തിലുള്ള അന്വേഷണങ്ങൾ ആവശ്യവുമാണ്. കോടതികളും ഈ കേസ് ഗൗരവമായെടുത്തിട്ടുണ്ട്. മുഴുവൻ അന്വേഷണ ഏജൻസികളും അവരുടെ ചുമതല ഭംഗിയായി നിറവേറ്റട്ടെ.