ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിക്കരുത്

 
Editorial

ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിക്കരുത്

മാലിന്യമുക്ത നവകേരളം ഒരുക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് സംസ്ഥാന സർക്കാർ അറിയിക്കുന്നത്.

കടുത്ത വേനൽച്ചൂടിന് ആശ്വാസം പകർന്നുകൊണ്ട് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്യുകയുണ്ടായി. വരും ദിവസങ്ങളിലും മഴയുണ്ടാവുമെന്നാണു മുന്നറിയിപ്പ്. അതു കഴിഞ്ഞാൽ വീണ്ടും വേനൽ കടുക്കുമെന്ന് ഉറപ്പാണ്. രണ്ടു മാസക്കാലം എന്തായാലും ചൂട് സഹിച്ചേ തീരൂ. അതു കഴിഞ്ഞാൽ കാലവർഷമെത്തും. അതിനു മുൻപേ ചെയ്തു തീർക്കേണ്ട അത്യാവശ്യമായ ഒരു ജോലിയുണ്ട്- മഴക്കാല പൂർവ ശുചീകരണം. "ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം' എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ നാം ഉയർത്തുമ്പോഴും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ എത്രമാത്രം ഭംഗിയായി നടക്കുന്നുണ്ടെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ഓടകളും കാനകളുമൊക്കെ വൃത്തിയാക്കുന്നതടക്കം വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കിയില്ലെങ്കിൽ അതിന്‍റെ ദുരിതം ജനങ്ങൾ അനുഭവിക്കേണ്ടിവരും. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ വേനൽ മഴ പെയ്തപ്പോൾ ‌നഗരത്തിലെ കാനറാ ബാങ്കിൽ വെള്ളം കയറിയത് ഡ്രൈനേജ് സംവിധാനത്തിന്‍റെ അപര്യാപ്തത മൂലമാണ്. ബാങ്കിന്‍റെ മുഴുവൻ പ്രവർത്തനത്തെയും ബാധിക്കുന്ന വിധത്തിൽ വലിയ വെള്ളക്കെട്ടാണ് ഒരു മഴയ്ക്കു തന്നെ ബാങ്കിൽ ഉണ്ടായത്. എടിഎം ഇരിക്കുന്ന സ്ഥലത്തടക്കം വെള്ളം ക‍യറുകയായിരുന്നു. മഴ പെയ്തപ്പോൾ വളരെ പെട്ടെന്ന് ബാങ്കിൽ വെള്ളം കയറിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇതു പത്തനംതിട്ടയുടെ മാത്രം പ്രശ്നമല്ല. സ്മാർട്ട് റോഡ് നിർമാണം പാതിവഴിയിലായ തിരുവനന്തപുരം നഗരത്തിൽ ഓടകൾ അടഞ്ഞതു മൂലം വേനൽ മഴയിൽ വെള്ളം കയറിയത് ഏതാനും ദിവസം മുൻപാണ്. വെള്ളം കയറി ചാല മാർക്കറ്റ് മുഴുവനായി മുങ്ങുന്ന അവസ്ഥയുണ്ടായി. കടകളിൽ വെള്ളം കയറിയതു മൂലം വലിയ നഷ്ടമാണു സംഭവിച്ചത്. സ്ലാബ് നിർമിക്കാൻ ഓടകളിൽ സ്ഥാപിച്ച തൂണുകൾ ഇളക്കി മാറ്റാതിരുന്നതിനാൽ ഈ തൂണുകളിൽ മാലിന്യം അടിഞ്ഞാണ് ചിലയിടങ്ങളിൽ വെള്ളം പൊങ്ങിയത്. ഓടകളിലേക്കു വീണ കോൺക്രീറ്റ് ഇളക്കി മാറ്റാത്തതും ഒഴുക്കു തടസപ്പെടുത്തിയത്രേ. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു തൊട്ടുമുന്നിൽ ഒറ്റ മഴ പെയ്താൽ രൂപപ്പെടുന്ന മരണക്കുഴിയാണെന്ന് കഴിഞ്ഞ ദിവസം മെട്രൊ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. സമരഗേറ്റിനു മുന്നിലെ വെള്ളം ഒഴുകിപ്പോകുന്നതിനായി നിർമിച്ച ഓടയിലൂടെ വെള്ളവും ചെളിയും ഒഴുകാതെ തടഞ്ഞു നിൽക്കുന്നതാണ് അപകടങ്ങൾക്കു വഴിവയ്ക്കുന്നത്. ഒഴുക്ക് തടസപ്പെട്ട ഓടകളിൽ നിന്നു വെള്ളം കയറി ജനങ്ങൾ ദുരിതത്തിലാവുന്ന അവസ്ഥ കഴിഞ്ഞ വർഷവും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.

കേരളത്തിന്‍റെ പല ഭാഗങ്ങളിലും മഴക്കാലത്ത് ഇത്തരം സാഹചര്യമാണ്. ഓവുചാലുകൾ അടഞ്ഞു കിടന്നാൽ നല്ലൊരു മഴ മതി പലയിടത്തും വെള്ളം ക‍യറുന്നതിന്. മഴ ശക്തമായപ്പോൾ തൃശൂർ നഗരം മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങിക്കിടന്നത് കഴിഞ്ഞവർഷം നാം കണ്ടതാണ്. അശ്വിനി ആശുപത്രിയിൽ വെള്ളം കയറിയുണ്ടായത് കോടികളുടെ നഷ്ടമാണ്. കാലവർഷത്തിനു മുൻപേ കാനകളും തോടുകളും നീർച്ചാലുകളും വൃത്തിയാക്കാത്തതു കൊണ്ടാണ് തൃശൂരിന് ഈ ഗതി വന്നതെന്ന് അന്നു നഗരസഭയിലെ പ്രതിപക്ഷ നേതാക്കൾ അടക്കം പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളെജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ അര നൂറ്റാണ്ടിനിടെ ആദ്യമായി വെള്ളം കയറിയതും കഴിഞ്ഞ തവണ കണ്ടു.

നല്ല മഴയ്ക്ക് കൊച്ചി നഗരത്തിൽ വെള്ളക്കെട്ടുണ്ടാവുന്നതു സ്ഥിരം പരിപാടിയാണ്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ അപര്യാപ്തത അവിടെ പലപ്പോഴും പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ വേനൽ മഴയ്ക്കും കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയിരുന്നു. വേനൽ മഴയിൽ ഒരാഴ്ചക്കിടെ രണ്ടു തവണ കാക്കനാട് ഇൻഫോപാർക്ക് വെള്ളക്കെട്ടിലായി. തോപ്പുംപടി, എംജി റോഡ്, ജോസ് ജംക്ഷൻ, സൗത്ത് റെയ്‌ൽവേ സ്റ്റേഷന്‍റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ, കളമശേരി, ഇടപ്പള്ളി, തൃക്കാക്കര എന്നിവിടങ്ങളിലെല്ലാം വെള്ളം ക‍യറി. മണിക്കൂറുകൾ നഗരം സ്തംഭിച്ചപ്പോൾ നൂറുകണക്കിനാളുകൾ ഗതാഗതക്കുരുക്കിൽ വലഞ്ഞു. പല നഗരങ്ങളിലും ഇപ്പോൾ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിന്‍റെ ഭാഗമായും വെള്ളക്കെട്ടുകൾ ഉണ്ടാവാം. വെള്ളമൊഴുകിപോകാനുള്ള സൗകര്യം എല്ലായിടത്തും ഉറപ്പാക്കേണ്ടതാണ്. വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നത് കൊതുകു നിവാരണ പ്രവർത്തനങ്ങളുടെ ഭാഗം കൂടിയായി കാണേണ്ടതുണ്ട്. പല വിധത്തിലുള്ള പകർച്ചവ്യാധികൾ മഴക്കാലത്ത് സാധാരണമാണ്. അതു നിയന്ത്രിക്കാൻ ചെളിയും വെള്ളവും മാലിന്യങ്ങളും കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.

മാലിന്യമുക്ത നവകേരളം ഒരുക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് സംസ്ഥാന സർക്കാർ അറിയിക്കുന്നത്. മാലിന്യ സംസ്കരണ രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കാൻ കേരളമാകെ കൈകോർത്തുവെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്. സമ്പൂർണമായി മാലിന്യമുക്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മാർച്ച് മുപ്പതിനാണു സംസ്ഥാനമെങ്ങും നടന്നത്. സർക്കാർ നിശ്ചയിച്ച 13 മാനദണ്ഡങ്ങളിൽ ഓരോന്നിലും 80 ശതമാനം പുരോഗതി കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്. മാലിന്യ സംസ്കരണത്തിലെ പുരോഗതി 80 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ പ്രധാനമായും ഏറ്റെടുക്കുകയെന്നും സർക്കാർ പറയുന്നുണ്ട്. എല്ലാം നല്ലതു തന്നെ. മാലിന്യമുക്ത കേരളത്തിൽ എന്തായാലും ഒരു മഴ പെയ്താൽ തോടുകളിൽ നിന്ന് വെള്ളം നഗരത്തിലേക്കു കയറുന്ന അവസ്ഥ ഉണ്ടാവരുത്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചയ്ക്കും ഇട നൽകാതിരിക്കണം.

ഛത്തീസ്ഗഡിൽ ഡാം തകർന്നു; 4 പേർക്ക് ദാരുണാന്ത‍്യം

പട്ടിയുടെ കസ്റ്റഡിയെച്ചൊല്ലി തർക്കം; മഹുവയും മുൻ കാമുകനും കോടതിയിൽ

അപൂർവം; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സ‌യിലിരുന്ന 17 കാരൻ രോഗമുക്തനാ‍യി

ചാറ്റ്ജിപിടി പണിമുടക്കി; പരാതിയുമായി ഉപയോക്താക്കൾ

അച്ഛൻ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു; ബിആർഎസിൽ നിന്ന് കെ. കവിത രാജിവച്ചു