കലോത്സവക്കാഴ്ചകൾ | Kerala State School Youth festival Mohiniyattam photos ചിത്രങ്ങൾ: കെ.ബി. ജയചന്ദ്രൻ
Editorial

കലോത്സവ വിജയികൾക്ക് അഭിനന്ദനങ്ങൾ | മുഖപ്രസംഗം

സ്കൂളുകളുടെ പ്രകടനം വിലയിരുത്തുമ്പോൾ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലത്തിന്‍റെ അടുത്തൊന്നുമില്ല മറ്റൊരു സ്കൂളും

അഞ്ച് ദിവസം കൊണ്ട് 25 വേദികളിലായി 249 ഇനങ്ങളിൽ പതിനയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത അറുപത്തിമൂന്നാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിന് കേരളത്തിന്‍റെ തലസ്ഥാന നഗരിയിൽ തിരശ്ശീല വീണപ്പോൾ സ്വർണക്കപ്പ് കൊണ്ടുപോകുന്നതു തൃശൂർ ജില്ലയാണ്. അത് ഒരേയൊരു പോയിന്‍റിന്‍റെ വ്യത്യാസത്തിലാണെന്നത് എടുത്തുപറയണം. തൃശൂരിന് 1,008 പോയിന്‍റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1,007 പോയിന്‍റുമാണുള്ളത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ ജില്ല 1,003 പോയിന്‍റും അതിനു മുൻപ് ജേതാക്കളായിരുന്ന കോഴിക്കോട് ജില്ല 1,002 പോയിന്‍റും നേടിയിട്ടുണ്ട്. ആയിരത്തിനു മുകളിൽ പോയിന്‍റ് നേടിയ നാലു ജില്ലകൾ നമ്മുടെ സ്കൂൾ കലോത്സവം എത്രമാത്രം ആവേശകരമാണെന്നു വ്യക്തമാക്കുന്നതാണ്. ഇതിനു പുറമേ എറണാകുളം, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കാസർഗോഡ് ജില്ലകളും 900ൽ ഏറെ പോയിന്‍റ് നേടിയിട്ടുണ്ട്. അവസാന ഘട്ടം വരെ സാധ്യതകൾ മാറിമറിഞ്ഞ കൗമാര കലോത്സവത്തിൽ ഓരോ ഇഞ്ചിലും വെല്ലുവിളി ഉയർത്താൻ മുൻനിര ജില്ലകൾക്കു കഴിഞ്ഞു. ഇതിനുമുൻപും നമ്മുടെ സ്കൂൾ കലോത്സവങ്ങളിൽ വളരെ നേരിയ വ്യത്യാസത്തിലാണു സ്വർണക്കപ്പ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ തവണ കണ്ണൂരും കോഴിക്കോടും തമ്മിലുള്ള വ്യത്യാസം മൂന്നു പോയിന്‍റിന്‍റേതു മാത്രമായിരുന്നു. കഴിഞ്ഞ തവണ പാലക്കാട് മൂന്നാമതും തൃശൂർ നാലാമതുമായിരുന്നു. സമീപവർഷങ്ങളിൽ കലോത്സവത്തിലെ മുൻനിര ടീമുകളിൽ ഒന്നായി തുടരാറുള്ള തൃശൂരിന് ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് ലഭിക്കുന്നത് കാൽ നൂറ്റാണ്ടിനു ശേഷമാണ്. ഇതിനു മുൻപ് 1994, 1996, 1999 വർഷങ്ങളിലും തൃശൂർ ഓവറോൾ ജേതാക്കളായിട്ടുണ്ട്.

സ്കൂളുകളുടെ പ്രകടനം വിലയിരുത്തുമ്പോൾ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലത്തിന്‍റെ അടുത്തൊന്നുമില്ല മറ്റൊരു സ്കൂളും. പാലക്കാടിനായി ഈ ഹയർ സെക്കൻഡറി സ്കൂൾ നേടിയത് 171 പോയിന്‍റാണ്. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ 116 പോയിന്‍റോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ മാനന്തവാടി എംജിഎം എച്ച്എസ്എസ് 106 പോയിന്‍റോടെ മൂന്നാം സ്ഥാനത്തുണ്ട്. ആലപ്പുഴ മാന്നാർ എന്‍എസ് ബോയ്സ് എച്ച്എസ്എസ്, പത്തനംതിട്ട കിടങ്ങന്നൂർ എസ് വിജിവി എച്ച്എസ്എസ്, ഇടുക്കി കുമാരമംഗലം എംകെഎൻ എംഎച്ച്എസ്, സെന്‍റ് തെരേസാസ് കണ്ണൂർ തുടങ്ങിയ സ്കൂളുകളും നൂറു പോയിന്‍റിലേറെ നേടിയിട്ടുണ്ട്. ബിഎസ്എസ് ഗുരുകുലത്തെ സംബന്ധിച്ചിടത്തോളം ഇതു തുടർച്ചയായ പന്ത്രണ്ടാം കിരീടമാണ്. കലാമികവിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിലുള്ള സ്കൂൾ എന്ന സത്പേര് ഒരിടിവും സംഭവിക്കാതെ നിലനിർത്താൻ സ്കൂളിനു കഴിയുന്നത് ഒട്ടും ചെറിയ കാര്യമല്ല. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയുമൊക്കെ പൂർണ സഹകരണത്തോടെ കലാരംഗത്തുള്ള തങ്ങളുടെ മികവ് ഇടിയാതെ നിലനിർത്തുകയാണ് ഈ കലാലയം. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ടവിധത്തിൽ പരിശീലനം നൽകുന്നതിൽ ഗുരുകുലം സ്കൂൾ കാഴ്ചവയ്ക്കുന്ന മാതൃക പ്രശംസിക്കപ്പെടുക തന്നെ വേണം.

ഈ കലോത്സവം ഗംഭീര വിജയമാക്കി മാറ്റുന്നതിന് തിരുവനന്തപുരത്തെ കലാസ്നേഹികൾക്കും സംഘാടകർക്കും കഴിഞ്ഞുവെന്നു നിസംശയം പറയാം. കലയുടെ പൂരത്തെ കലാആസ്വാദകരായ ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. 8 വർഷങ്ങൾക്കു ശേഷം സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ലഭിച്ച അവസരം തിരുവനന്തപുരത്തെ ജനങ്ങൾ പാഴാക്കിയില്ല. മോഹിനിയാട്ടവും ഭരതനാട്യവും കുച്ചുപ്പുടിയും ഒപ്പനയും നാടോടി നൃത്തവും മാർഗംകളിയും തിരുവാതിര കളിയും എല്ലാം കണ്ട് ആസ്വദിക്കാൻ ആവേശത്തോടെ കാണികളെത്തി. ടാഗോർ തീയെറ്ററിൽ നാടക മത്സരം കാണാൻ നിറഞ്ഞ സദസായിരുന്നു. നാടകത്തോടുള്ള നമ്മുടെ താത്പര്യം കൃത്യമായി പ്രതിഫലിക്കുന്നതായിരുന്നു ഈ വേദി. മത്സരങ്ങളുടെ നടത്തിപ്പും പരാതിരഹിതമായിരുന്നു. അതു നടത്തിപ്പുകാർക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്. കലാമേള മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനും ജനങ്ങൾക്കു ബുദ്ധിമുട്ടില്ലാത്തവിധം ഗതാഗത ക്രമീകരണങ്ങൾ നടത്തുന്നതിനും കലോത്സവവുമായി ബന്ധപ്പെട്ടവർക്കും പൊലീസിനും കഴിഞ്ഞിട്ടുണ്ട്. പാതിരാത്രിയും കടന്ന് മത്സരങ്ങൾ നീണ്ടുപോകുന്ന പതിവ് ഇക്കുറിയുണ്ടായില്ല എന്നതു സംഘാടനത്തിലെ മികവാണു കാണിക്കുന്നത്. കലോത്സവ നടത്തിപ്പിന്‍റെ പ്രധാന പ്രശ്നമായി മാറിയതാണ് ഗ്ലാമർ ഇനങ്ങളിലെ അപ്പീൽ പ്രളയവും മത്സര ഷെഡ്യൂളിന്‍റെ താളം തെറ്റലും. ഇക്കുറി അതു നിയന്ത്രിക്കാനായി എന്നത് ആശ്വാസകരമാണ്. ഭക്ഷണം, താമസം, ഗതാഗതം തുടങ്ങിയ കാര്യങ്ങളിലും പരാതി ഒഴിവാക്കാനായി. മേളയുടെ സുഗമമായ നടത്തിപ്പിനു നേതൃത്വം നൽകിയ എല്ലാവർക്കും അഭിമാനിക്കാനാവും.

ഗോത്രകലകൾ മത്സരയിനമാക്കിയ കലോത്സവം എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, ഇരുള നൃത്തം, മലപ്പുലയ ആട്ടം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ മത്സരയിനങ്ങൾ. ഈ കലകളെ പ്രോത്സാഹിപ്പിക്കാൻ ധാരാളം ആസ്വാദകരുണ്ടായി. കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന കലോത്സവത്തിലാണ് ഗോത്രകലകളും മത്സരയിനമാക്കുന്നതു സജീവ പരിഗണനയിലാണെന്നു സർക്കാർ വ്യക്തമാക്കിയത്. അതു യാഥാർഥ്യമാക്കാൻ സർക്കാരിനു കഴിഞ്ഞു. സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നവർക്കുള്ള സ്കോളർഷിപ്പ് തുക 1,000 രൂപയിൽ നിന്ന് 1,500 രൂപയായി വർധിപ്പിക്കുന്നതു പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങൾ കുട്ടികളെ കലാരംഗത്തു നിലനിർത്താൻ ഉപകരിക്കും. കലാകേരളത്തിന്‍റെ ഭാവി എത്രമാത്രം ശോഭനമാണെന്ന് ഈ മേളയിൽ പങ്കെടുത്ത കുട്ടികൾ തെളിയിക്കുന്നുണ്ട്. തങ്ങളുടെ കലാമികവ് നാടിനു മുന്നിൽ കാഴ്ചവയ്ക്കാനായി എന്ന അഭിമാനത്തോടെയും സന്തോഷത്തോടെയും തിരുവനന്തപുരത്തെ വേദികളിൽ നിന്നു മടങ്ങുന്ന ഓരോ വിദ്യാർഥിക്കും അഭിനന്ദനങ്ങൾ. ഒരു കലോത്സവത്തിലെ വിജയം കൊണ്ട് അവസാനിപ്പിക്കാവുന്നതല്ല കലാപഠനവും പരിശീലനവും. അതൊരു തുടർ പ്രക്രിയയാണ്. തങ്ങളുടെ കലാജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഈ കുട്ടികൾക്ക് ഇനിയും ഉണ്ടാവട്ടെ.

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ശ്രമം വിഫലം; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും

വയനാട്ടിൽ 16 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; 2 പേർ അറസ്റ്റിൽ

കനത്ത മഴ; രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

അഞ്ചു വയസുകാരിയെ കൊന്നു, മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗികബന്ധം; യുപിയിൽ അമ്മ‍യുടെ കൊടും ക്രൂരത