തിരിച്ചുവരണം, കായിക രംഗത്ത്

 

representative image-pixabay

Editorial

തിരിച്ചുവരണം, കായിക രംഗത്ത്

ഒരുകാലത്ത് ജൂണിയർ മീറ്റിൽ അടക്കം അത്‌ലറ്റിക്സിൽ ചോദ്യം ചെയ്യപ്പെടാത്ത സംസ്ഥാനമായിരുന്നു കേരളം

Aswin AM

ഇന്ത്യൻ അത്‌ലറ്റിക്സിലെ കൗമാര താരങ്ങൾ ഏറ്റുമുട്ടിയ ദേശീയ ജൂണിയർ മീറ്റ് ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ സമാപിച്ചത് ഏതാനും ദിവസം മുൻപാണ്. കഴിഞ്ഞ എട്ടു മീറ്റുകളിൽ ചാംപ്യൻമാരായിരുന്ന ഹരിയാനയെ രണ്ടു പോയിന്‍റ് വ്യത്യാസത്തിൽ പിന്തള്ളി തമിഴ്നാട് ഓവറോൾ കിരീടം ചൂടിയതാണ് ഈ മീറ്റിന്‍റെ പ്രധാന സവിശേഷത. എട്ടു വർഷം മുൻപ് കേരളത്തിൽനിന്നാണ് ഹരിയാന ഈ കിരീടം പിടിച്ചെടുത്തത് എന്നുകൂടി ഇതിനൊപ്പം അറിയണം. ഒരുകാലത്ത് ജൂണിയർ മീറ്റിൽ അടക്കം അത്‌ലറ്റിക്സിൽ ചോദ്യം ചെയ്യപ്പെടാത്ത സംസ്ഥാനമായിരുന്നു കേരളം. അത്‌ലറ്റിക്സിന്‍റെ അക്ഷയഖനി എന്ന വിശേഷണം അക്ഷരാർഥത്തിൽ യോജിക്കുന്ന നാട്. അന്തർദേശീയ മത്സരങ്ങളിലടക്കം മെഡലുകൾ നേടിയ എത്രയെത്ര താരങ്ങളെയാണു കേരളം സംഭാവന ചെയ്തത്. എന്നാൽ, മറ്റു പല സംസ്ഥാനങ്ങളും കായികരംഗത്തു മികവിലേക്കു കയറിവന്നപ്പോൾ കേരളം പുറകോട്ടടിക്കുകയാണുണ്ടായത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പല മീറ്റുകളിലും കേരളം പുറകിലാണ്. ഭുവനേശ്വറിലെ ജൂനിയർ മീറ്റിൽ ഏഴാം സ്ഥാനത്താണു കേരളം ഫിനിഷ് ചെയ്തത്. അഞ്ചു സ്വർണവും നാലു വെള്ളിയും പത്തു വെങ്കലവും കേരളത്തിനു ലഭിച്ചു. ആറു സ്വർണവും മൂന്നു വെള്ളിയും ഒമ്പതു വെങ്കലവും നേടി ആറാം സ്ഥാനത്തായിരുന്നു കഴിഞ്ഞ തവണ. ട്രാക്കിലും ഫീൽഡിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ താരങ്ങൾക്കു കഴിയുന്നില്ല എന്നത് അവരുടെ കുറ്റമേയല്ല. കഴിവുള്ള നിരവധി കുട്ടികൾ നമുക്കുണ്ട്. അവർക്കു വേണ്ട പരിശീലനം നൽകാനോ മറ്റു സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനോ കഴിയുന്നില്ല എന്നതാണു പ്രധാന പ്രശ്നം. പരിശീലനത്തിന് ആവശ്യമായ നല്ല മൈതാനങ്ങളുടെയും ട്രാക്കുകളുടെയും അഭാവം അടക്കം വിഷയങ്ങളുണ്ട്. അതൊന്നും പരിഹരിക്കാൻ കായിക മേഖലയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾക്കു കഴിയുന്നില്ല. ദേശീയ മത്സരങ്ങളിൽ നാം പിന്തള്ളപ്പെടുമ്പോഴെങ്കിലും ഗൗരവമായ ചർച്ചകൾ നടക്കേണ്ടതാണ്. കായികാധികൃതർ ഉണരേണ്ടതാണ്. അതിന് ഇനിയും വൈകിക്കൂടാ എന്ന് ഒരിക്കൽക്കൂടി ആവർത്തിക്കുകയാണ്.

വളർന്നു വരുന്ന താരങ്ങൾക്കു പരമാവധി നല്ല അവസരങ്ങൾ ഒരുക്കിക്കൊടുക്കുക എന്നതാവണം കായിക മേഖലയെ നിയന്ത്രിക്കുന്നവരുടെ ലക്ഷ്യം. സ്കൂൾ തലത്തിലെയും കോളെജ് തലത്തിലെയും കായിക മേളകൾ ഭംഗിയായി നടത്തുന്നതും ഇതിന്‍റെ ഭാഗമായി കരുതാം. നല്ല നിലയിൽ നടത്തിയിരുന്ന സ്കൂൾ കായിക മേളകളാണ് നമുക്ക് ഇത്രയേറെ മികച്ച താരങ്ങളെ കാണിച്ചു തന്നത്. ഇപ്പോഴും സ്കൂൾ മേളകളിൽ നിന്ന് മിടുക്കരായ കുട്ടികളെ കിട്ടുന്നുണ്ട്. അവർക്കു വളർന്നുവരാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതടക്കം കാര്യങ്ങളിലാണു വീഴ്ചകൾ സംഭവിക്കുന്നത്. ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്നു തിരുവനന്തപുരത്ത് കൊ​ടി​യു​യ​രുകയാണ്. ഒളിം​പി​ക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ കായിക മേളയാണിത്. കഴിഞ്ഞ വർഷം എറണാകുളത്താണ് ഇത്തരത്തിലുള്ള മേളയ്ക്കു തുടക്കം കുറിച്ചത്. രാജ്യത്തു തന്നെ ആദ്യമായാണ് ഒളിംപിക്സ് മാതൃകയിൽ സ്കൂൾ കായിക മേള നടത്തുന്നതും. മറ്റു സംസ്ഥാനങ്ങൾ കേരളത്തിന്‍റെ ഈ മാറ്റം എന്തായാലും ശ്രദ്ധിക്കുന്നുണ്ടാവും.

ഒളിംപിക്സ് മാതൃക വന്നതോടെ പല വേദികളിലായി അത്‌ലറ്റിക്സും ഗെയിംസും ഒരേസമയത്തു നടക്കുകയാണ്. ഒളിംപിക്സ് ആശയങ്ങളിലേക്ക് സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്നത് അവരിൽ കായിക രംഗത്തോടുള്ള താത്പര്യം വർധിപ്പിക്കുന്നതിനു സഹായിക്കുമെങ്കിൽ നല്ലത്. എന്തായാലും മേളയുടെ ഭംഗിയായ നടത്തിപ്പ് കായിക കേരളം പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികളും ഗൾഫ് മേഖലയിൽ നിന്നുള്ള കായിക പ്രതിഭകളും ഉൾപ്പെടെ ഇരുപതിനായിരത്തിലേറെ താരങ്ങളാണ് എട്ടു ദിവസങ്ങളിൽ, 12 വേദികളിലായി നടക്കുന്ന മേളയിൽ മാറ്റുരയ്ക്കുന്നത്. ചാംപ്യൻപട്ടം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിങ് ട്രോഫി സമ്മാനിക്കുന്നു. ഒളിംപിക്സിലേതു പോലെ ഭാഗ്യചിഹ്നം, പ്രൊമോ വിഡിയോ, ബ്രാൻഡ് അംബാസഡർ തുടങ്ങിയവയെല്ലാം സ്കൂൾ കായിക മേളയ്ക്കുമുണ്ട്. അന്താരാഷ്ട്ര വേദികളിൽ തിളങ്ങുന്ന പ്രകടനം കാഴ്ചവയ്ക്കാൻ കെൽപ്പുള്ള നിരവധി താരങ്ങളെ വരും കാലങ്ങളിലും നമുക്കു വളർത്തിയെടുക്കേണ്ടതുണ്ട്. അതിനുള്ള പരിശ്രമങ്ങളിൽ ഈ ഒളിംപിക്സ് മാതൃക പങ്കുവഹിക്കുമെങ്കിൽ അതു വലിയ നേട്ടമായി മാറും.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം