പാമ്പുകടി: ആശുപത്രികൾ

ജാഗ്രതയിലാവട്ടെ

 

representative image- Ai

Editorial

പാമ്പുകടി: ആശുപത്രികൾ ജാഗ്രതയിലാവട്ടെ

തൃശൂർ ജില്ലയിലെ കൊടകര മറ്റത്തൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടു വയസുകാരൻ പാമ്പുകടിയേറ്റു മരിച്ചതും സഹോദരൻ പാമ്പുകടിയേറ്റു ചികിത്സയിലായതും നാടിനെ ഏറെ വേദനിപ്പിച്ച സംഭവമാണ്

MV Desk

വേനൽ കടുത്തതോടെ കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളും വർധിക്കുകയാണ്. വീടിനകത്തും വീടിനോടു ചേർന്നും പാമ്പുകളുടെ ശല്യം സ്വാഭാവികമായും വർധിക്കുന്ന കാലമാണിത്. മാളങ്ങളിൽ കഴിയുന്ന പാമ്പുകൾ കൊടുംചൂടിൽ തണുപ്പു തേടി പുറത്തിറങ്ങും. അവ വീടുകളിലേക്കും പരിസരങ്ങളിലേക്കും എത്താനുള്ള സാധ്യത കൂടുതലാണ്. അവധിക്കാലമായതിനാൽ കുട്ടികൾ പറമ്പുകളിൽ കളിക്കുമ്പോൾ പാമ്പുകടിയേൽക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടു തന്നെ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. വീടിന്‍റെ പരിസരം വൃത്തിയാക്കുന്നതടക്കം മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കേണ്ടതാണ്. സംശയം തോന്നിയാൽ ഉടൻ ആശുപത്രിയിലെത്തിക്കുക എന്നതും പ്രധാനമാണ്. അതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ആശുപത്രികളിൽ കൃത്യമായ ചികിത്സ കിട്ടുക എന്നതും.

തൃശൂർ ജില്ലയിലെ കൊടകര മറ്റത്തൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടു വയസുകാരൻ പാമ്പുകടിയേറ്റു മരിച്ചതും സഹോദരൻ പാമ്പുകടിയേറ്റു ചികിത്സയിലായതും നാടിനെ ഏറെ വേദനിപ്പിച്ച സംഭവമാണ്. കുട്ടികൾ കിടന്ന മുറിയിലെ തലയിണക്കടിയിൽ നിന്നാണു പാമ്പിനെ കണ്ടെത്തിയത്. അസ്വസ്ഥത തോന്നിയ കുട്ടികളെ ഭക്ഷ്യവിഷബാധയാകാം എന്നു കരുതിയാണ് ആശുപത്രിയിലെത്തിച്ചത് എന്നാണു പറയുന്നത്. രോഗലക്ഷണം കണ്ട ഡോക്റ്ററാണ് പാമ്പുകടിയേറ്റതാണെന്നു തിരിച്ചറിഞ്ഞതത്രേ. ഈ വീട്ടിൽ നിന്ന് പിന്നീടുള്ള ദിവസങ്ങളിലും പാമ്പുകളെ പിടികൂടുകയുണ്ടായി. കൂടുതൽ പാമ്പുകളുണ്ടോ എന്നറിയാൻ തറ പൊളിച്ചു പരിശോധന നടത്തേണ്ടിവന്നു.

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് അഴൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരൻ പാമ്പുകടിയേറ്റു മരിച്ചതും അടുത്തിടെയാണ്. ഉറക്കത്തിനിടെ എന്തോ കടിച്ചതായി കുട്ടി പറഞ്ഞതിനെത്തുടർന്നു മാതാപിതാക്കൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യ നില വഷളാവുകയും തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. പക്ഷേ, കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രിയിൽ കൃത്യമായ ചികിത്സ കിട്ടിയില്ലെന്നാണു ബന്ധുക്കളുടെ ആരോപണം. അവിടെ ആന്‍റിവെനം കുത്തിവയ്പ്പു നൽകിയില്ല. പാമ്പു കടിച്ചതാണെന്നു വ്യക്തമാവാത്ത സാഹചര്യത്തിൽ ആന്‍റിവെനം നൽകുന്നതിനു തടസമുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അവകാശപ്പെടുന്നത്. ചികിത്സയിലെ കാലതാമസം മരണത്തിനു കാരണമായെന്ന ബന്ധുക്കളുടെ ആരോപണത്തിന്മേൽ അന്വേഷണം നടക്കുകയാണ്. പാമ്പു കടിയേറ്റതിന്‍റെ ലക്ഷണങ്ങൾ കൃത്യമായി സ്ഥിരീകരിക്കാൻ ആശുപത്രിയിലെത്തിച്ചിട്ടും കഴിഞ്ഞില്ല എന്നതു ഗൗരവമുള്ള വിഷയമാണ്.

കായംകുളത്ത് കഴിഞ്ഞ ദിവസം പാമ്പു കടിയേറ്റു യുവതി മരിച്ച സംഭവത്തിലും അവിടുത്തെ താലൂക്ക് ആശുപത്രിക്കെതിരേ ആരോപണം ഉയർന്നിട്ടുണ്ട്. കായംകുളം താലൂക്ക് ആശുപത്രിയിൽ നിന്ന് ആന്‍റിവെനം നൽകിയില്ലെന്നാണു ബന്ധുക്കൾ പറയുന്നത്. അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളെജിലേക്കു റഫർ ചെയ്യുകയായിരുന്നു. പാമ്പു കടിയേറ്റതിന്‍റെ ലക്ഷണങ്ങളില്ലായിരുന്നുവെന്നാണു താലൂക്ക് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിശദീകരണം. എന്നാൽ, പാമ്പു കടിച്ചതിന്‍റെ അടയാളങ്ങൾ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും പറയുന്നുണ്ട്. പാമ്പുകടിയേറ്റതു ചിറയിൻകീഴും കായംകുളത്തും താലൂക്ക് ആശുപത്രികളിൽ തിരിച്ചറിയാതെ പോയി എന്നത് ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്.

സർക്കാർ ആശുപത്രികൾ ആരോപണം കേൾക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്റ്റർ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ അടിയന്തര യോഗം പ്രസക്തമാവുന്നത്. അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന കേസുകളിൽ പാമ്പുകടിക്കുള്ള സാധ്യത കൂടി കർശനമായി പരിശോധിക്കണമെന്ന് ആശുപത്രികൾക്കു നിർദേശം നൽകിയിരിക്കുകയാണ്. രോഗികൾ വ്യക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിൽ പോലും പാമ്പുകടിക്കുള്ള സാധ്യത തള്ളിക്കളയരുത് എന്നാണു നിർദേശം. അതുപോലെ തന്നെ പ്രധാനമാണ് ആന്‍റിവെനം ആവശ്യത്തിനു സ്റ്റോക്കുണ്ടെന്ന് ഉറപ്പാക്കുന്നതും. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളെജുകൾ വരെ സർക്കാർ ആശുപത്രികളിൽ ആന്‍റിവെനം സ്റ്റോക്കുണ്ടാവേണ്ടതാണ്. ഇക്കാര്യത്തിൽ ആശുപത്രികൾ പ്രത്യേക ജാഗ്രത പുലർത്തണം. പാമ്പു കടിയേറ്റയാൾക്ക് എത്രയും പെട്ടെന്നു ശരിയായ ചികിത്സ കിട്ടുകയെന്നതു വളരെ പ്രധാനമാണ്. ആശുപത്രികളിൽ ഇക്കാര്യത്തിലൊരു വീഴ്ചയുണ്ടായിക്കൂടാ.

പാമ്പുകടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്‍റിവെനമുള്ള ആശുപത്രികളിൽ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ ആംബലുൻസിലുള്ള എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാമെന്നും ആരോഗ്യ വകുപ്പ് പറയുന്നു. കനിവ് 108 ആംബുലൻസിന്‍റെ സേവനം കാര്യക്ഷമമാക്കുന്നതു തീർച്ചയായും ഉപകാരപ്രദമാണ്. പാമ്പുകടി തിരിച്ചറിഞ്ഞു ചികിത്സ നൽകുന്ന കാര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കു ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതും നല്ല കാര്യമാണ്.

'പ്രിൻസ് ഓൺ ഫയർ'; ധരംശാലയിൽ അഫ്ഗാൻ എരിഞ്ഞടങ്ങി

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ 24 മണിക്കൂർ സമാധാന കരാർ പ്രസ്താവന തള്ളി ഇറാൻ

39-ാം വയസിൽ പുതു ചരിത്രമെഴുതി ഹിറ്റ്മാൻ; സച്ചിന്‍റെ റെക്കോഡ് തകർത്തു

'നിപയിൽ ഭയപ്പെടേണ്ട സാഹചര‍്യമില്ല'; പ്രതിരോധം പാളിയിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ