ഏതാനും ദിവസം മുൻപാണ് ഛത്തിസ്ഗഡിലെ സുക്മ ജില്ലയിൽ രക്ഷാസേനയുമായി ഏറ്റുമുട്ടിയ മൂന്നു സ്ത്രീകൾ അടക്കം പത്തു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷങ്ങളിലായി നിരവധി ജവാന്മാരെ കൊലപ്പെടുത്തിയതിൽ പങ്കുള്ള മാവോയിസ്റ്റ് കമാൻഡർ അടക്കമാണ് കൊല്ലപ്പെട്ടതെന്ന് അന്നു ഛത്തിസ്ഗഡ് പൊലീസ് വ്യക്തമാക്കുകയുണ്ടായി. ഒരു ഗ്രാമത്തിലെ വനപ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ ജില്ലാ റിസർവ് ഗാർഡും സിആർപിഎഫും ചേർന്ന് അവരെ തെരയുകയായിരുന്നു. എ.കെ. 47 തോക്കുകൾ അടക്കം ആയുധങ്ങൾ അവരിൽ നിന്നു പിടിച്ചെടുത്തു. ശക്തമായ അന്തർ സംസ്ഥാന ബന്ധങ്ങളുള്ളതാണ് ഈ സംഘമെന്നും അവർ അടുത്തുള്ള സംസ്ഥാനങ്ങളിലേക്കും പോകാറുണ്ടെന്നും അന്നു പൊലീസ് വ്യക്തമാക്കുകയുണ്ടായി.
കഴിഞ്ഞ ദിവസം അയൽ സംസ്ഥാനമായ തെലങ്കാനയിലും സമാനമായ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരിക്കുന്നു. മുളുഗു ജില്ലയിലെ ചൽപാക വനത്തിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ തെരച്ചിൽ നടത്തുകയായിരുന്നു. കീഴടങ്ങാനാവശ്യപ്പെട്ടെങ്കിലും മാവോയിസ്റ്റുകൾ അതിനു തയാറാവാതെ പൊലീസിനോട് ഏറ്റുമുട്ടുകയായിരുന്നു എന്നാണു പറയുന്നത്. മാവോയിസ്റ്റുകളുടെ യെല്ലാണ്ടു- നർസാംപേട്ട് ഏരിയ കമ്മിറ്റി കമാൻഡർ ബദ്രു എന്ന പാപ്പണ്ണ അടക്കമുള്ളവരാണു കൊല്ലപ്പെട്ടിരിക്കുന്നത്. ആന്ധ്ര, തെലങ്കാന പൊലീസിന്‍റെ പ്രധാന നോട്ടപ്പുള്ളികളിൽ ഒരാളാണു പാപ്പണ്ണ. എ.കെ. 47 തോക്കുകൾ അടക്കം നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും അവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഛത്തിസ്ഗഡിൽ നിന്നുള്ള മാവോയിസ്റ്റുകൾ തെലങ്കാനയിലേക്കു കടക്കാനുള്ള സാധ്യത കൂടി കണ്ടറിഞ്ഞുള്ള പൊലീസിന്‍റെ പ്രവർത്തനമാവണം ഈ മാവോയിസ്റ്റ് വേട്ടയിലേക്കു നയിച്ചത്. മുളുഗുവിൽ രണ്ട് ആദിവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് ഏതാനും ദിവസം മുൻപാണ്. ഇവർ പൊലീസിനു വിവരം നൽകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ഇത്. ഈ പ്രദേശത്ത് മാവോയിസ്റ്റുകൾ വീണ്ടും കരുത്തുനേടാൻ ശ്രമിക്കുന്നുവെന്ന സൂചനയാണ് ഈ കൊലപാതകങ്ങളിൽ വ്യക്തമായത്. അതും പൊലീസിന്‍റെ ജാഗ്രത വർധിപ്പിച്ചിരിക്കാം.
രാജ്യത്തുനിന്ന് മാവോയിസ്റ്റ് തീവ്രവാദം തുടച്ചുനീക്കുന്നതിന് ഏതാനും വർഷങ്ങളായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. അതു വലിയൊരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്നും പറയാം. മാവോയിസ്റ്റ് സ്വാധീന മേഖലകൾ വളരെ ചുരുങ്ങിക്കഴിഞ്ഞതായി നക്സലുകളെ നേരിടാൻ നിയോഗിക്കപ്പെട്ട സേനകളുടെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൊടും വനങ്ങളുടെ അകത്തു വരെ താവളങ്ങൾ തുറന്നുകൊണ്ട് സേനകൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ നക്സലുകളെ നേരിടുന്നതിൽ സഹായിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്. ഒരു പതിറ്റാണ്ടിനിടെ മാവോയിസ്റ്റ് ആക്രമണങ്ങൾ 77 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പഴയതുപോലെ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ നടത്താനോ ആക്രമണങ്ങൾക്കു പദ്ധതിയിടാനോ നക്സലുകൾക്കു കരുത്തു കുറഞ്ഞിട്ടുണ്ട് എന്നത് രാജ്യത്തെ നക്സൽ ബാധിത മേഖലകളിലെല്ലാം വലിയ ആശ്വാസമാണു പകർന്നിട്ടുള്ളത്. ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്ന് ഇടതു തീവ്രവാദം ഏറെക്കുറെ പൂർണമായും ഇല്ലാതാക്കിയെന്നു കേന്ദ്ര സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഛത്തിസ്ഗഡിൽ ഇനിയും വെല്ലുവിളികൾ അവസാനിച്ചിട്ടില്ല. അതിനൊപ്പമാണ് തെലങ്കാനയിലും ഭീഷണികൾ സജീവമായി നിൽക്കുന്നത്. ഇതിനെ ശക്തമായി തന്നെ തുടർന്നും സേനകൾ നേരിടേണ്ടിയിരിക്കുന്നു. ഈ വർഷം 210 മാവോയിസ്റ്റുകളാണ് ഛത്തിസ്ഗഡിൽ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. 2000ൽ സംസ്ഥാനം രൂപവത്കരിച്ച ശേഷം ഇത്രയും മാവോയിസ്റ്റുകൾ അവിടെ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. അറുപതോളം സിവിലിയൻമാരും 17 സുരക്ഷാ ഉദ്യോഗസ്ഥരും ഛത്തിസ്ഗഡിലെ ഈ വർഷത്തെ മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഒക്റ്റോബർ ആദ്യമാണ് ബസ്തർ ജില്ലയിൽ രക്ഷാസേനയുമായി ഏറ്റുമുട്ടിയ 28 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. നവംബറിൽ ബിജാപ്പുർ ജില്ലയിലും മൂന്നു മാവോയിസ്റ്റുകൾ രക്ഷാസേനയോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടിരുന്നു. തെലങ്കാനയോട് അടുത്തുള്ള പ്രദേശത്താണ് ഈ ഏറ്റുമുട്ടലുണ്ടായത്. തെലങ്കാനയിൽ ആറു മാവോയിസ്റ്റുകൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ഛത്തിസ്ഗഡ്- തെലങ്കാന മേഖലയിൽ അടക്കം രാജ്യത്ത് എല്ലായിടത്തും മാവോയിസ്റ്റ് ഭീഷണി പൂർണമായി ഒഴിവാകേണ്ടതുണ്ട്. അതിനുള്ള പ്രവർത്തനങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണവും തുടരേണ്ടതുണ്ട്. ജനങ്ങളുടെ സമാധാന ജീവിതത്തിനു ഭീഷണി ഉയർത്തുന്നതാണ് മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങൾ. അക്രമവും കൊള്ളയും കൊലപാതകവും ജനാധിപത്യ രാജ്യത്തിന് ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കാനാവില്ല.