പരിഹാരമില്ലാതെ കാട്ടാനപ്പേടി  
Editorial

പരിഹാരമില്ലാതെ കാട്ടാനപ്പേടി

സമീപനാളുകളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാട്ടാനയുടെ ആക്രമണം വർധിച്ച തോതിലായിട്ടുണ്ട്.

Megha Ramesh Chandran

കാട്ടാനകൾ മനുഷ്യജീവനെടുക്കുന്ന സംഭവങ്ങൾ സംസ്ഥാനത്തു വർധിച്ചു വരികയാണ്. അതുകൊണ്ടു തന്നെ ഈ വിഷയത്തെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ആവർത്തിച്ചു പറയേണ്ടിവരുന്നു. സർക്കാരിന്‍റെയോ വനം വകുപ്പിന്‍റെയോ ഭാഗത്തുനിന്നുള്ള നടപടികൾ വന്യമൃഗങ്ങളുടെ ഭീഷണി നേരിടുന്ന മലയോര പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒട്ടും തൃപ്തികരമല്ല എന്നതാണു യാഥാർഥ്യം.

മെട്രൊ വാർത്തയടക്കം മാധ്യമങ്ങൾ ഇതു പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വീണ്ടും വീണ്ടും ഇതേ വിഷയത്തിൽ ബന്ധപ്പെട്ടവരുടെ ജാഗ്രത ആവശ്യപ്പെടേണ്ടിവരുന്നു എന്നതു നിർഭാഗ്യകരമാണ്. ദുരന്തങ്ങളുണ്ടാവുമ്പോൾ വനം വകുപ്പും സർക്കാരും യോഗങ്ങൾ വിളിക്കുന്നതും പലവിധ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതും പ്രഖ്യാപനങ്ങൾ നടത്തുന്നതുമൊക്കെ സാധാരണമാണ്. പക്ഷേ, വന്യമൃഗ ഭീഷണി തുടർന്നും ജനങ്ങൾ സഹിക്കേണ്ടിവരുന്നു. എന്നു മാത്രമല്ല ആ ഭീഷണി ഏറിക്കൊണ്ടിരിക്കുന്നു.

സമീപനാളുകളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാട്ടാനയുടെ ആക്രമണം വർധിച്ച തോതിലായിട്ടുണ്ട്. അടുത്തിടെ ഇടുക്കി കൊമ്പൻപാറയിൽ സോഫിയ എന്ന വീട്ടമ്മ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത് അരുവിയിൽ കുളിക്കാൻ പോയപ്പോഴാണ്. ഈ മേഖലയിലെ കാട്ടാന ശല്യത്തെക്കുറിച്ച് ബന്ധപ്പെട്ടവർക്കു പരാതി നൽകിയിട്ടും പരിഹരിക്കാൻ നടപടിയെടുത്തില്ലെന്നാണു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.

തിരുവനന്തപുരം പാലോടിനു സമീപം ബാബുവെന്ന അമ്പത്തിനാലുകാരനെയും വയനാട്ടിലെ നൂൽപ്പുഴയിൽ മാനു എന്ന യുവാവിനെയും കാട്ടാന കൊന്നതും സമീപദിവസങ്ങളിൽ തന്നെയാണ്. പീച്ചി താമരവെള്ളച്ചാലിൽ പ്രഭാകരൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതും അടുത്ത നാളുകളിൽ. കഴിഞ്ഞ ദിവസം ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾക്കാണു ജീവൻ നഷ്ടമായത്. കശുവണ്ടി ശേഖരിച്ചു മടങ്ങുമ്പോൾ വെള്ളി, ഭാര്യ ലീല എന്നിവരെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ കാട്ടാനയാക്രമണങ്ങളിൽ ഇതുവരെ ഇരുപതോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ആനകളെ തടയുന്നതിനു വനാതിർത്തിയിൽ മതിൽ നിർമാണം രണ്ടുവർഷം മുൻപു തുടങ്ങിയതാണ്. പണി ഇഴഞ്ഞുനീങ്ങുന്നതിനെതിരേ മേഖലയിൽ പ്രതിഷേധം ശക്തമാണ്. പക്ഷേ, പ്രതിരോധ സംവിധാനങ്ങൾ എത്രയും വേഗം ഒരുക്കണമെന്ന് അധികൃതർക്കു തോന്നുന്നില്ല.

അതിരൂക്ഷമായ കാട്ടാനശല്യം സഹിച്ചും ആക്രമണം ഭയന്നും കഴിയാനാണു ജനങ്ങളുടെ വിധി. ഈ വർഷം രണ്ടു മാസം പോലും തികഞ്ഞിട്ടില്ല. അപ്പോഴേക്കും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി പേരുടെ മരണം റിപ്പോർട്ടു ചെയ്യപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ വർഷവും ഇതു തന്നെയായിരുന്നു അവസ്ഥ. കാടുമായി ചേർന്നു കിടക്കുന്ന ഗ്രാമങ്ങളിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സ്ഥിതിയായിട്ടുണ്ട്. പല ഭാഗത്തും നിത്യേനയെന്നോണം വന്യമൃഗങ്ങളുടെ ചെറുതും വലുതുമായ ആക്രമണങ്ങളുണ്ടാവുന്നു. കാടുകളിൽ വന്യമൃഗങ്ങൾ പെരുകിയിരിക്കുന്നു. അവ നാട്ടിലിറങ്ങുന്നതു തടയാനുള്ള മാർഗങ്ങളാണെങ്കിൽ അതിനൊത്ത് ഉണ്ടാവുന്നുമില്ല.

ദുരന്തത്തിന് ഇരയാവുന്നവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുന്നതിൽ കാണിച്ചുവരുന്ന അലംഭാവവും ഇതിനൊപ്പം എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി പത്തിനാണ് മാനന്തവാടി പടമലയിൽ പനച്ചിയിൽ അജീഷിനെ വീട്ടുമുറ്റത്ത് ഓടിക്കയറി കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്. വലിയ പ്രതിഷേധമാണ് അന്നുണ്ടായത്. അജീഷിന്‍റെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു.

പ്രതിഷേധം അവസാനിപ്പിക്കാൻ അന്നു സർക്കാർ നൽകിയ ഉറപ്പുകൾ ഒരു വർഷം കഴിഞ്ഞിട്ടും പാലിച്ചിട്ടില്ലെന്നു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം പൂർണമായി അനുവദിക്കാത്തത് അടക്കം സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള വാക്കുമാറ്റങ്ങളുണ്ട്. പടമല പ്രദേശത്തേക്ക് കാട്ടാനകൾ എത്തുന്നതു തടയാൻ ആവിഷ്കരിച്ച പദ്ധതിയും പൂർത്തിയായില്ല.

ഇത്തരത്തിലാണ് ഓരോ വാഗ്ദാനങ്ങളുടെയും മെല്ലെപ്പോക്ക്. മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരകളായിട്ടുള്ള നിരവധിയാളുകളിൽ പലർക്കും അർഹതപ്പെട്ട നഷ്ടപരിഹാരം സർക്കാർ നൽകിയിട്ടില്ല. പലരും ഓഫിസുകൾ കയറിയിറങ്ങി വലയുകയാണ്. കൈയോടെ കിട്ടുന്ന നഷ്ടപരിഹാരം മാത്രമാണു വിശ്വസിക്കാവുന്നതെന്നു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആദ്യ ഗഡുവായ 10 ലക്ഷം രൂപയാണ് ഇപ്പോൾ നൽകുന്നത്. ബാക്കി പത്തുലക്ഷം വൈകാതെ നൽകുമെന്നാണു പറയുന്നത്. ഇത്തരത്തിൽ "പിന്നീട്' എന്നു പറയുന്നതാണു വൈകി വൈകി പോകുന്നത്. ഇനിയും അതു സംഭവിക്കാതിരിക്കണം.

മൃതദേഹം വച്ച് വിലപേശേണ്ടിവരുന്ന ഗതികേട് ഇരകളുടെ കുടുംബത്തിനും നാടിനും ഉണ്ടാവാതിരിക്കണമെങ്കിൽ സർക്കാർ സംവിധാനങ്ങൾ വാക്കുപാലിക്കുന്നതാവണം. മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് ഫെബ്രുവരി 27ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

വനം, ധനകാര്യം, തദ്ദേശ സ്വയംഭരണം, വൈദ്യുതി, റവന്യൂ, ആരോഗ്യം, ജലസേചനം വകുപ്പു മന്ത്രിമാർ ഈ യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ചീഫ് സെക്രട്ടറി, വനം, ധനകാര്യം, തദ്ദേശ സ്വയംഭരണം, വൈദ്യുതി, ആഭ്യന്തരം, ജലസേചനം, റവന്യൂ വകുപ്പ് സെക്രട്ടറിമാർ, വനം- വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെംബർ സെക്രട്ടറി എന്നിവരും പങ്കെടുക്കുന്നുണ്ട്. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. ഈ യോഗം വെറുമൊരു ചടങ്ങായി അവസാനിക്കാതിരിക്കണം.

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ഇല്ല: പൊലീസ്

ഇന്ത്യയിൽ പുടിന് അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് പേടിക്കണ്ട

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ലിഫ്റ്റടിച്ച് പോകുന്നത് അത്ര സേഫല്ല: മുന്നറിയിപ്പുമായി പൊലീസ്

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടു ദിവസം പൊതു അവധി | Video