ടെക് ഹബ്ബാവാൻ കൈപിടിച്ച് ആഗോള ഭീമൻമാർ

 
Editorial

ടെക് ഹബ്ബാവാൻ കൈപിടിച്ച് ആഗോള ഭീമൻമാർ

ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. വളർന്നുവരുന്ന വലിയൊരു വിപണി കൂടിയാണിത്.

MV Desk

സാങ്കേതിക വിദ്യാ രംഗത്ത് ഇന്ത്യയിൽ ആഗോള ഭീമൻമാരുടെ വൻ നിക്ഷേപം വരുന്നു എന്ന റിപ്പോർട്ടുകൾ ലക്ഷക്കണക്കിനു യുവാക്കൾക്കു പ്രതീക്ഷകൾ നൽകുന്നതാണ്. വലിയ തോതിലുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് ഇതിന്‍റെ ഒരു പ്രധാന നേട്ടം. അതിനൊപ്പം തന്നെ ഇന്ത്യ ഒരു ടെക് ഹബ്ബായി മാറാനുള്ള സാധ്യതകളും തെളിയുകയാണ്. രാജ്യപുരോഗതിക്ക് ഇതു സഹായകമാവും എന്നതിൽ ഒരു സംശയവും വേണ്ട. സാങ്കേതിക വിദ്യാ രംഗത്ത് പുതിയ അവസരങ്ങൾ കാത്തിരിക്കുന്ന നിരവധി മലയാളി യുവാക്കൾക്കും പുതിയ മുതൽമുടക്കുകളുടെ ഗുണം ലഭിക്കുമെന്നു കരുതാം. പുതു തലമുറയിൽ നിന്ന് കൂടുതൽ കുട്ടികൾ ഐടിയും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടുള്ള ജോലികൾക്കു താത്പര്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിർമിത ബുദ്ധി (എഐ) പോലുള്ള മേഖലകളിൽ എത്ര മുതൽമുടക്കു വന്നാലും അതു നേട്ടമായി മാറുന്ന കാലമാണ്.

പ്രമുഖ അമെരിക്കൻ കമ്പനികളായ ഗൂഗിളും മൈക്രോസോഫ്റ്റും ആമസോണുമാണ് ഇന്ത്യയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിർമിത ബുദ്ധി, അനുബന്ധ മേഖലകളിൽ 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്. വിശാഖപട്ടണത്ത് എഐ ഹബ്ബ് ആരംഭിക്കാൻ 1.35 ലക്ഷം കോടി രൂപയുടെ മുതൽമുടക്കാണു ഗൂഗിൾ പ്രഖ്യാപിച്ചിട്ടുള്ളത്. എഐ, ലോജിസ്റ്റിക്സ് മേഖലകളിലായി അഞ്ചു വർഷത്തിനകം ഏതാണ്ട് 3.15 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ആമസോണും അറിയിച്ചിരിക്കുന്നു. മൂന്നു കമ്പനികളും ചേർന്ന് ആറു ലക്ഷം കോടി രൂപയോളം നിക്ഷേപിക്കാനൊരുങ്ങുന്നു എന്നാണ് ഇതിനർഥം. എഐയുമായി ബന്ധപ്പെട്ടുള്ള വളർച്ചയ്ക്ക് അനുകൂലമായ ഒരു സാഹചര്യം രാജ്യത്തുണ്ട്. ധാരാളം യുവാക്കൾ അവസരം കാത്തിരിക്കുകയാണ്. മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ കാര്യങ്ങൾ നടക്കുമെന്ന പ്രതീക്ഷയും ആഗോള ഭീമൻമാർക്കുണ്ട്. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. വളർന്നുവരുന്ന വലിയൊരു വിപണി കൂടിയാണിത്.

ആഗോള സോഫ്റ്റ് വെയർ രാജാക്കന്മാരായ മൈക്രോസോഫ്റ്റിന്‍റെ സിഇഒ സത്യ നാദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അവരുടെ വൻ നിക്ഷേപ പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. നിർമിത ബുദ്ധിയിൽ രാജ്യത്തിന്‍റെ ഭാവി മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് മൈക്രോസോഫ്റ്റിനുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിലും നൈപുണ്യ വികസനത്തിലും അവർ ശ്രദ്ധ ചെലുത്തുന്നു. നാലു വർഷം കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ മുതൽമുടക്കാണ് കമ്പനി ഇന്ത്യയിൽ നടത്തുന്നത്. ഇന്ത്യയിലെ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു മൂന്നു ബില്യൻ ഡോളർ നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. അതിനു പുറമേയാണ് ഇപ്പോഴത്തെ പ്രഖ്യാപനം വന്നിരിക്കുന്നത്. എഐയുടെ കാര്യത്തിൽ ലോകം ഇന്ത്യയെ ശുഭാപ്തി വിശ്വാസത്തോടെയാണു നോക്കുന്നതെന്ന് മൈക്രോസോഫ്റ്റിന്‍റെ നിക്ഷേപ വാഗ്ദാനത്തോടു പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാണിക്കുകയുണ്ടായി.

അമെരിക്കയ്ക്കു പുറത്തുള്ള തങ്ങളുടെ ഏറ്റവും വലിയ നിക്ഷേപം ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് എഐ ഹബ്ബ് സ്ഥാപിക്കാനായി നടത്തുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചതു രണ്ടു മാസം മുൻപാണ്. ഗൂഗിളിന്‍റെ ഇന്ത്യയിലെ ആദ്യത്തെ എഐ ഹബ്ബ് എന്ന നിലയിൽ ഇതിനു പ്രാധാന്യമേറെയുണ്ട്. നേരിട്ടും പരോക്ഷമായും ആയിരക്കണക്കിനു തൊഴിൽ അവസരങ്ങളാണ് ഇതുവഴി ഗൂഗിൾ സൃഷ്ടിക്കുക. രാജ്യത്തിന്‍റെ വർധിച്ചുവരുന്ന ഡാറ്റ ഡിമാൻഡിനും ഗ്ലോബൽ കംപ്യൂട്ടിങ് ആവശ്യങ്ങൾക്കും സഹായകരമായി പദ്ധതി മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. രാജ്യത്തു പത്തുലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആമസോണിന്‍റെ വമ്പൻ നിക്ഷേപം ഉപകരിക്കുമെന്നാണു വിലയിരുത്തലുകൾ. ഇന്ത്യയെ പ്രധാന വിപണിയായി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആമസോൺ കഴിഞ്ഞ വർഷങ്ങളിലൊക്കെ നടത്തിവരുകയാണ്. അതിനൊരു കുതിപ്പു നൽകുന്നതാണു പുതിയ നീക്കം.

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതും എച്ച്1ബി വീസ അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ കൂട്ടിയതും പോലുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടികൾക്കിടെയാണ് അമെരിക്കൻ ‌കമ്പനികൾ ഇത്ര വലിയ മുതൽമുടക്കിന് ഇന്ത്യ തെരഞ്ഞെടുക്കുന്നത് എന്നതു പ്രത്യേകം പറയേണ്ടതുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ ടെക് ഭീമന്മാർ തമ്മിൽ ശക്തമായ മത്സരം നടക്കുന്ന കാലഘട്ടമാണിത് എന്നതും ഓർക്കേണ്ടതുണ്ട്. എന്തായാലും 2047ഓടെ വികസിത ഭാരതമാവുകയെന്ന രാജ്യത്തിന്‍റെ പദ്ധതിക്കു കൈത്താങ്ങാവുകയാണ് ആഗോള ഭീമൻ കമ്പനികളുടെ വലിയ നിക്ഷേപ വാഗ്ദാനങ്ങൾ.

കേരളത്തിൽ ദേശീയ പണിമുടക്കിനു തുടക്കം

20 കോൺഗ്രസ് എംഎൽഎമാർ വീണ്ടും മത്സരിക്കും

ഇന്ത്യ - യുഎസ് വ്യാപാര കരാറിൽ വീണ്ടും മാറ്റം

വിഎസിന്‍റെ മുൻ പിഎ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായേക്കും

അയ്യപ്പ സംഗമം നടത്താൻ ദേവസ്വം ബോർഡിന്‍റെ പണം എടുത്തത് തിരിച്ചടച്ചില്ല