.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഒന്നാം തീയതി ശമ്പളം: കെഎസ്ആർടിസിയുടെ നല്ല നീക്കം | മുഖപ്രസംഗം
കെഎസ്ആർടിസിയെ കടുത്ത പ്രതിസന്ധിയിൽ നിന്ന് രക്ഷപെടുത്താനുള്ള ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പരിശ്രമങ്ങൾ ഏവരും ഉറ്റുനോക്കുന്നതാണ്. പതിനാലു മാസം മുൻപ് മന്ത്രിയായി ചുമതലയേറ്റെടുത്ത അദ്ദേഹം കോർപ്പറേഷന്‍റെ പ്രവർത്തനങ്ങളിൽ പലവിധത്തിലുള്ള മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ടെന്നും അതിനൊക്കെ ഫലമുണ്ടായിട്ടുണ്ടെന്നുമാണ് മന്ത്രിയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ചെലവു ചുരുക്കാനും വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതടക്കം കെഎസ്ആർടിസിയുടെ നീക്കങ്ങൾ വിജയത്തിലെത്തുന്നത് പൊതുഖജനാവിൽ നിന്ന് കോർപ്പറേഷനു വേണ്ടി ചെലവാക്കുന്ന പണത്തിൽ കുറവു വരുത്താൻ സഹായിക്കും. അതിലേക്ക് എത്തുന്നത് അത്ര എളുപ്പമല്ല. അതികഠിനമായ ഈ ദുർഘടയാത്രയിൽ മുന്നോട്ടുപോകണമെങ്കിൽ ജീവനക്കാരുടെ പൂർണ പിന്തുണ കോർപ്പറേഷന് അനിവാര്യമാണ്. ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകാനുള്ള ഗതാഗത മന്ത്രിയുടെ തീരുമാനം ഈ ദിശയിൽ സ്വാഗതാർഹമായ ചുവടുവയ്പ്പാണ്. ജീവനക്കാരിൽ പ്രതീക്ഷയും വിശ്വാസവും വളർത്താൻ ഈ തീരുമാനം ഉപകരിക്കുമെന്ന് ഉറപ്പ്.
കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിനു വേണ്ടി പല തവണ കോടതി ഇടപെടലുകൾ ഉണ്ടാവേണ്ടിവന്നിട്ടുണ്ട്. ശമ്പളം കിട്ടാതെ ജീവിതം വഴിമുട്ടിയ നാളുകൾ ഏറെയുണ്ട് ജീവനക്കാരുടെ മുന്നിൽ. ഗഡുക്കളായി ശമ്പളം നൽകുമ്പോൾ അഞ്ചാം തീയതിക്കു മുൻപ് ആദ്യ ഗഡു നൽകാം എന്നു വാഗ്ദാനം നൽകിയിട്ട് അതും പാലിക്കാതിരുന്നിട്ടുണ്ട്. സർക്കാരിന്‍റെ സാമ്പത്തിക സഹായത്തിനായി ദിവസങ്ങൾ കാത്തിരുന്നിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ അടച്ചുപൂട്ടിക്കൂടേയെന്ന് ഹൈക്കോടതി വാക്കാൽ ആരായുക വരെയുണ്ടായി. ശമ്പളം വൈകുന്നതിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഇത്. കോർപ്പറേഷനെ ബാധിച്ചിട്ടുള്ള പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽപ്പോലും ഒന്നാം തീയതി ശമ്പളം കിട്ടുമെന്ന് ഉറപ്പായാൽ ജീവനക്കാർക്കത് ഏറെ സഹായകരമാവും. ഈ വാക്ക് പാലിക്കാൻ മന്ത്രിക്കു കഴിയട്ടെ. കോർപ്പറേഷനെ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് ജീവനക്കാരുടെ കൂട്ടായ സഹകരണം ആവശ്യമാണ്. സമയത്തു ശമ്പളം നൽകുന്നത് ഇക്കാര്യത്തിൽ ഏറെ നിർണായകവുമാണ്.
2021 ജൂണിലെ ശമ്പളം ജൂലൈ രണ്ടിനു കൊടുത്തതിനു ശേഷം ഇതുവരെ കോർപ്പറേഷൻ ഒന്നാം തീയതി ശമ്പളം കൊടുത്തിട്ടില്ല. ഒരുമിച്ചു ശമ്പളം കൊടുക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടായി. മാസം 50 കോടി രൂപ വീതം സർക്കാരിൽ നിന്നു സഹായം കിട്ടിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും അതു മാസാരംഭത്തിൽ ശമ്പളം കൊടുക്കാൻ സഹായിക്കുന്ന വിധത്തിലല്ല. എസ്ബിഐയിൽ നിന്ന് 100 കോടി രൂപയുടെ ഓവർഡ്രാഫ്റ്റെടുത്ത് ശമ്പളം നൽകുക, സർക്കാർ സഹായം കിട്ടുമ്പോൾ തിരിച്ചടയ്ക്കുക എന്ന മാനെജ്മെന്‍റ് "ടെക്നിക്ക്' പരാജയപ്പെടാതിരിക്കണമെങ്കിൽ ചെലവു ചുരുക്കുക, വരുമാനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വിജയിക്കേണ്ടതുണ്ട്. സർക്കാരിൽ നിന്ന് രണ്ടു ഗഡുക്കളായി 50 കോടി രൂപ നൽകുമ്പോൾ അത്രയും തിരിച്ചടയ്ക്കാനാവും. ബാക്കി തുക തിരിച്ചടയ്ക്കണമെങ്കിൽ അതിനു വരുമാനമുണ്ടാവണം. ജീവനക്കാരും കോർപ്പറേഷൻ അധികൃതരും അതറിഞ്ഞു പ്രവർത്തിച്ചാലേ ഈ പദ്ധതി മുന്നോട്ടുപോകൂ. പെൻഷൻ നൽകുന്നതിനായി ഓരോ ദിവസവും വരുമാനത്തിന്‍റെ അഞ്ചു ശതമാനം കെഎസ്ആർടിസി മാറ്റിവയ്ക്കുന്നുണ്ടെന്ന് മന്ത്രി അവകാശപ്പെടുന്നു. അതും നല്ല തീരുമാനമാണ്. ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളിലെ കുടിശിക തീർക്കുന്നതിനു കോടികൾ കെഎസ്ആർടിസിക്ക് ആവശ്യമുണ്ട്. 2023 മേയ് വരെയുള്ള പെൻഷൻ ആനുകൂല്യമാണ് ഇതുവരെ മുഴുവനായി നൽകിയിട്ടുള്ളത്. രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ 2024 സെപ്റ്റംബർ വരെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാകുമെന്നു മന്ത്രി പറയുന്നു.
സ്വന്തം കാര്യങ്ങൾ നോക്കിനടത്താൻ കഴിയുന്ന നിലയിലേക്ക് കെഎസ്ആർടിസിയെ എത്തിക്കാൻ കഴിഞ്ഞാൽ അത് ഈ സർക്കാരിന്‍റെ നേട്ടമായി വിലയിരുത്തപ്പെടും. പല ഘട്ടങ്ങളിലായി 10,000 കോടിയിലേറെ രൂപ സർക്കാർ കെഎസ്ആർടിസിക്കു നൽകിക്കഴിഞ്ഞിട്ടുണ്ട്. എടുത്താൽ പൊന്താത്ത സാമ്പത്തിക ബാധ്യതകളിൽ സർക്കാർ നട്ടം തിരിയുമ്പോഴാണ് ഈ വിധം കെഎസ്ആർടിസിയെ സഹായിക്കേണ്ടിവരുന്നതും. അതുകൊണ്ടു തന്നെ വലിയ ലാഭമുണ്ടാക്കിയില്ലെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ കെഎസ്ആർടിസിക്കു കഴിഞ്ഞാൽ അതു ഗംഭീര നേട്ടമാവും. അഴിമതിയും ക്രമക്കേടും പൂർണമായി തടയുന്നത് അടക്കം നടപടികളും ഇതിന്‍റെ ഭാഗമായി ഉണ്ടാവേണ്ടതുണ്ട്. കൂടുതൽ മൈലേജ് ലഭിക്കുന്ന ബസുകൾ വാങ്ങാൻ മന്ത്രി ഉത്തരവു നൽകിയിട്ടുണ്ടെന്നാണു പറയുന്നത്. 143 ബസുകൾ വാങ്ങുന്നതിന് നിലവിൽ ഓർഡർ നൽകിയിട്ടുണ്ടെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയതാണ്. "ഒരുപാട് ഡീസൽ കുടിക്കുകയും നഷ്ടമുണ്ടാക്കുകയും' ചെയ്യുന്ന പഴകി തുരുമ്പിച്ച ബസുകൾ പിൻവലിച്ച് പുതിയത് ഇറക്കുന്നത് പ്രവർത്തനച്ചെലവു കുറയ്ക്കാൻ സഹായിക്കും. യാത്രക്കാരുടെ താത്പര്യവും നല്ല ബസുകൾ വേണമെന്നതാണല്ലോ.