ജനറൽ വിഭാഗത്തിനു നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തിയിരിക്കുന്നു

 

file photo

Editorial

കാലാവധി നീട്ടിക്കിട്ടുന്ന സർക്കാർ ജോലി സ്വപ്നം

ജനറൽ വിഭാഗത്തിനു നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തിയിരിക്കുന്നു

MV Desk

പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ നാലു വർഷത്തെ വർധന വരുത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ജനറൽ വിഭാഗത്തിനു നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തിയിരിക്കുന്നു. മറ്റു വിഭാഗക്കാർക്കും തത്തുല്യമായ വർധന വരുത്തിയിട്ടുണ്ട്. ഒബിസി വിഭാഗത്തിന് 39ൽ നിന്ന് 43 ആയി പ്രായപരിധി ഉയരുമ്പോൾ പട്ടികജാതി- പട്ടികവർഗ വിഭാഗത്തിന് 45 വയസാണ് പുതിയ പ്രായപരിധി. നിലവിലുള്ളത് 41 വയസായിരുന്നു.

കഴിഞ്ഞ മന്ത്രിസഭാ യോഗം എടുത്ത ഈ തീരുമാനം നിരവധി പേർക്കു ഗുണകരമാവും എന്നതിൽ സംശയമില്ല. നാലു വർഷം കൂടി അവസരം നീട്ടിക്കിട്ടുന്നത് സർക്കാർ ജോലിയെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള കുറച്ചുപേരുടെയെങ്കിലും പരിശ്രമത്തിനു സഹായകരമാവുമെങ്കിൽ അത്രയും നല്ലതാണല്ലോ. അതേസമയം തങ്ങൾ നേരിടേണ്ടിവരുന്ന മത്സരം ഒന്നുകൂടി മുറുകും എന്ന ചിന്ത ഒരു വിഭാഗം യുവാക്കൾക്കുണ്ടാവും എന്നതും സത്യമാണ്.

എല്ലാവർക്കും നാലുവർഷം കൂടി അവസരം കിട്ടും എന്നതു കൊണ്ട് പൊതുവിൽ ഈ തീരുമാനം സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തു നിയമസഭാ തെരഞ്ഞെടുപ്പു നടത്താനുള്ള ഒരുക്കങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ നടത്തിവരുന്നതിനിടെയാണ് യുവാക്കളെ ബാധിക്കുന്ന പ്രധാനമായ ഒരു വിഷയത്തിൽ സർക്കാർ തീരുമാനം വരുന്നത് എന്നതു കൊണ്ടു തന്നെ വോട്ട് ലക്ഷ്യമാക്കിയുള്ള നീക്കം എന്ന നിലയിലും ഇതിനെ കാണുന്നവരുണ്ട്.

പല റാങ്കു ലിസ്‌റ്റുകളുടെയും കാലാവധി കഴിയാറായിട്ടും നിയമനം നടത്താത്തതിന് യുവജന സംഘടനകൾ സർക്കാരിനെതിരേ രംഗത്തുവന്നുകൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. അസിസ്റ്റന്‍റ് പ്രൊഫസർ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാർക്കു പോലും നിയമനം നൽകാനായില്ല എന്ന യാഥാർഥ്യം നമ്മുടെ മുന്നിലുണ്ടുതാനും.

2023ൽ പ്രസിദ്ധീകരിച്ച ഉറുദു അസിസ്റ്റന്‍റ് പ്രൊഫസർ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിച്ചപ്പോൾ ഒന്നാം റാങ്കുകാരിയായ മലപ്പുറം സ്വദേശി റഷീദയ്ക്കുപോലും നിയമനം നൽകിയിരുന്നില്ല. സമീപകാലത്ത് കാലാവധി അവസാനിക്കുന്ന മറ്റു ചില അസിസ്റ്റന്‍റ് പ്രൊഫസർ റാങ്ക് പട്ടികകളുടെ സ്ഥിതിയും ഏതാണ്ട് ഇതുപോലൊക്കെ തന്നെയാണ്. ഇത്തരത്തിൽ റാങ്ക് പട്ടികകൾ തയാറാക്കുന്നത് ഉദ്യോഗാർഥികളെ പരിഹസിക്കാനാണോ എന്ന ചോദ്യവും ഉയരുകയുണ്ടായി.

പിഎസ്‌സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കിക്കൊണ്ട് പിൻവാതിൽ നിയമനങ്ങൾ വൻതോതിൽ നടക്കുന്നു എന്ന ആക്ഷേപവും ഈ സർക്കാരിനു കേൾക്കേണ്ടിവന്നിട്ടുണ്ട്. ആയിരക്കണക്കിനാളുകൾക്കു പലവിധ സ്വാനീനങ്ങളാൽ പിൻവാതിൽ നിയമനങ്ങൾ ലഭിക്കുമ്പോൾ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ കയറി കാത്തിരിക്കുന്നവരാണു കബളിപ്പിക്കപ്പെടുന്നത്.

വർഷങ്ങളോളം ഉറക്കമിളച്ചിരുന്ന് പഠിച്ച് പരീക്ഷകൾ എഴുതി ജോലിക്ക് അർഹത നേടിയവരെ പരിഹസിക്കുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരേ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധവും ഉണ്ടായിട്ടുണ്ട്. കാലാവധി കഴിയുന്ന റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരത്തിൽ ഉദ്യോഗാർഥികൾ മുട്ടിലിഴഞ്ഞു പ്രതിഷേധിക്കുന്നതു വരെ കണ്ടതാണ്.

അതേസമയം, റെക്കോഡ് നിയമനങ്ങളാണ് ഈ സർക്കാർ നടത്തിയതെന്ന അവകാശവാദം എൽഡിഎഫ് ഉന്നയിക്കുന്നുണ്ട്. 2016 മേയ് മുതൽ മൂന്നു ലക്ഷത്തിനടുത്ത് നിയമന ശുപാർശകൾ പിഎസ്‍സി അയച്ചെന്നാണ് ഏതാനും മാസം മുൻപ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടത്. 2016 മുതൽ 2021 വരെ ഒന്നാം പിണറായി സർക്കാർ 1,61,268 പേർക്ക് നിയമന ശുപാർശ നൽകിയെന്നാണു കണക്ക്.

രണ്ടാം പിണറായി സർക്കാരും നിയമന കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് അവർ അവകാശപ്പെടുന്നു. അവശ്യ മേഖലകളിൽ പുതിയ തസ്‌തിക സൃഷ്‌ടിക്കുന്നതും നിലവിലുള്ള ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതും നിയമനം വർധിക്കാൻ കാരണമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

പിഎസ്‌സി നിയമനങ്ങൾ നടക്കുന്നുണ്ട് എന്ന അവകാശവാദം അംഗീകരിച്ചാലും പിൻവാതിൽ നിയമനങ്ങൾ പരാതിയായി നിലനിൽക്കുന്നുണ്ടെന്നതു വസ്തുതയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇനി വരുന്നത് ഏതു സർക്കാരായാലും നികത്താതെ കിടക്കുന്ന സ്ഥിരം ഒഴിവുകളിൽ നിയമനം നടത്തുന്നതിനു താത്പര്യം കാണിക്കേണ്ടതാണ്.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുക എന്നതല്ല, ജോലി കിട്ടുക എന്നതാണല്ലോ പരീക്ഷയെഴുതുന്നവരുടെ ലക്ഷ്യം. 2013 ഏപ്രിൽ ഒന്നിന് പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വന്നപ്പോൾ അതിനുശേഷം നിയമിതരാവുന്ന ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസായി വർധിപ്പിച്ചിരുന്നു.

അതിന് ആനുപാതികമായാണ് ഇപ്പോൾ പിഎസ്‌സി പരീക്ഷയെഴുതാവുന്ന പ്രായവും വർധിപ്പിച്ചിരിക്കുന്നത്. വിരമിക്കൽ പ്രായം നാലു വയസ് കൂട്ടിയപ്പോൾ അപേക്ഷിക്കാനുള്ള പ്രായവും നാലു വർഷം ദീർഘിപ്പിക്കണമെന്നു പലരും ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്.

2013 ഏപ്രിൽ ഒന്നിനു മുൻപ് സർവീസിൽ എത്തിയവരുടെ പെൻഷൻ പ്രായം നിലവിൽ 56 വയസാണ്. അത് ഉയർത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ, യുവജന സംഘടനകൾ ഇതിനോടു വിയോജിക്കുകയാണ്. യുവാക്കൾക്കുള്ള തൊഴിൽ അവസരങ്ങൾ കുറയുമെന്നതാണു കാരണം.

പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വർധിപ്പിച്ചതിനു പിന്നാലെ പെൻഷൻ പ്രായവും കൂട്ടുമോ എന്നു കണ്ടറിയേണ്ടതുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കുള്ള സംസ്ഥാനങ്ങളിലാണ് കേരളത്തിനു സ്ഥാനം. ഉയർന്ന സാക്ഷരതയും ജീവിത നിലവാരവുമുണ്ടായിട്ടും വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കേരളം പരാജയപ്പെടുന്നു.

യുവാക്കൾ വലിയ തോതിൽ വിദേശത്തേക്കു ചേക്കേറുന്നത് തങ്ങൾക്ക് അനുയോജ്യമായ തൊഴിൽ തേടിയാണ്. അപ്പോഴും പതിനായിരക്കണക്കിനു യുവാക്കൾ സർക്കാർ ജോലി സ്വപ്നം കണ്ടു കാത്തിരിക്കുന്നുണ്ട്. ഉറപ്പുള്ള ശമ്പളവും തൊഴിൽ സുരക്ഷിതത്വവും സർക്കാർ ജോലി തേടുന്നവരുടെ ലക്ഷ്യമാണ്. ലക്ഷ്യത്തിലെത്താൻ നാലു വർഷം നീട്ടിക്കിട്ടുന്നത് അവരെ സന്തോഷിപ്പിക്കും.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും പരീക്ഷയെഴുതാനുള്ള പ്രായപരിധി ഇപ്പോൾ തന്നെ നാൽപ്പതു വയസോ അതിനു മുകളിലോ ആണ്. തെലങ്കാനയിൽ അത് 46 വയസാണ്. ഗോവയിൽ 45. ആന്ധ്ര പ്രദേശ്, ഹരിയാന പോലുള്ള സംസ്ഥാനങ്ങളിൽ 42 വയസു വരെ പിഎസ്‌സി പരീക്ഷയെഴുതാം. കേരളത്തിലും ഇത്തരത്തിൽ പ്രായപരിധി കൂട്ടുന്നത് കാലോചിതമായ മാറ്റം എന്നു വിലയിരുത്താം.

സിംബാബ്വെയെ മുക്കി ഇന്ത്യൻ ജയം

കേരളത്തിൽ ഓടുന്ന 6 സ്പെഷ്യൽ ട്രെയ്നുകൾ സ്ഥിരപ്പെടുത്തി

കേരളത്തിൽ ചൂട് മുന്നറിയിപ്പ്

പാൽ വില കൂട്ടാൻ ശുപാർശ തേടി മിൽമ; ലിറ്ററിന് 4 രൂപ വർധിപ്പിക്കണമെന്ന് ആവശ്യം

പാട്ടു പാടാമോയെന്ന് മോഹൻലാൽ; പൊട്ടിച്ചിരിച്ച്, കവിത ചൊല്ലി മുഖ്യമന്ത്രി