തെറ്റു തിരുത്തട്ടെ, സിപിഎം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് സിപിഎമ്മിനും ഇടതുപക്ഷത്തിനുമുണ്ടായത്. പത്തുവർഷം ഭരിച്ച് മൂന്നാം തവണയും അധികാരം നേടുകയെന്ന ലക്ഷ്യത്തോടെ വോട്ടർമാരെ സമീപിച്ച എൽഡിഎഫിന് ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണു ലഭിച്ചത്. 140 അംഗ കേരള നിയമസഭയിൽ 99 സീറ്റാണ് 2021ൽ എൽഡിഎഫിനു കിട്ടിയത്. ഇത്ര വലിയ ഭൂരിപക്ഷത്തോടെ ജനങ്ങൾ സമ്മാനിച്ച ഭരണത്തുടർച്ച രാജ്യത്തെ ഏക ഇടതു മന്ത്രിസഭയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനുള്ള അവസരം നൽകി. സർക്കാരിലും എൽഡിഎഫിലും ജനങ്ങൾ ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ട് എന്നു കൂടി ഈ ഭൂരിപക്ഷം അർഥമാക്കുന്നുണ്ടായിരുന്നു. ആ പ്രതീക്ഷകൾ നിറവേറ്റപ്പെടുന്നില്ല എന്ന തോന്നൽ ലോക്സഭാ തെരഞ്ഞെടുപ്പിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും യുഡിഎഫ് വിജയങ്ങളിൽ നിഴലിച്ചിരുന്നു. അപ്പോഴും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്ര വലിയ തോൽവി ഇടതു നേതാക്കൾ കണക്കുകൂട്ടിയില്ല. അൽപ്പം താഴോട്ടുപോന്നാലും ഭൂരിപക്ഷത്തിന് ആവശ്യമായ 71ൽ കൂടുതൽ സീറ്റ് ഉറപ്പാണെന്നു കരുതിയിരുന്ന പല നേതാക്കളും ജനവിധി കണ്ടു ഞെട്ടി. 102 സീറ്റോടെ യുഡിഎഫ് ചരിത്ര വിജയം നേടിയപ്പോൾ മൂന്നിടത്തു ബിജെപിയും വിജയിച്ചു. എൽഡിഎഫിനു ലഭിച്ചത് 35 സീറ്റ് മാത്രമാണ്.
എൽഡിഎഫിനും മുന്നണിയെ നയിക്കുന്ന സിപിഎമ്മിനും ജനങ്ങൾ എന്തുകൊണ്ട് ഇങ്ങനെയൊരു പ്രഹരം നൽകിയെന്നു വിലയിരുത്തുന്നതും അതിനു കാരണമായ തെറ്റുകൾ തിരുത്തുന്നതും വളരെ നല്ലതാണ്. ജനാധിപത്യത്തിൽ ജനങ്ങളുടെ വിശ്വാസം ആർജിക്കുന്നതാണ് ഏതു രാഷ്ട്രീയ പാർട്ടിയുടെയും നിലനിൽപ്പിന് ആധാരമായിട്ടുള്ളത്. അതിന് ഇനി എന്തൊക്കെ ചെയ്യണം എന്നു സിപിഎം ആലോചിക്കുന്നതും അതിനനുസരിച്ചു തുടർ പ്രവർത്തനങ്ങളുണ്ടാവുന്നതും ആ പ്രസ്ഥാനത്തിൽ വിശ്വാസമർപ്പിച്ചിട്ടുള്ള ലക്ഷക്കണക്കിനാളുകൾക്കു പ്രതീക്ഷയും പ്രത്യാശയും പകരുന്നതാണ്. സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഇടതുപക്ഷത്തിനു സ്ഥാനമുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ധാരാളം ജനങ്ങൾ അവരുടെ തിരിച്ചുവരവ് കാത്തിരിക്കുന്നുണ്ട്. നേതാക്കൾ അതു തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പു തോൽവികളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോടു നടന്ന സിപിഎം വിശാല സമിതി യോഗം സംഘടനാപരമായ തിരുത്തലുകളും പുനഃസംഘടനയും നടപ്പിലാക്കി ജനങ്ങളിലേക്കിറങ്ങാനാണു തീരുമാനിച്ചിരിക്കുന്നത്. പാർട്ടിക്ക് ആത്മവിശ്വാസം പകരാനും അണികളെ ചേർത്തു നിർത്താനുമുള്ള അവരുടെ പരിശ്രമം രാഷ്ട്രീയ വിദഗ്ധർ ഏറെ താത്പര്യത്തോടെയാവും വീക്ഷിക്കുക.
തോൽവിയുടെ കുറ്റം അനുയായികളിലും ജനങ്ങളിലും ചാർത്തി നേതൃത്വത്തിനു തെറ്റൊന്നും പറ്റിയിട്ടില്ല എന്നു നടിക്കുകയാണു ചെയ്യുന്നതെങ്കിൽ അതു നേർവഴിയാവുമായിരുന്നില്ല. താഴെത്തട്ടിലുള്ള പ്രവർത്തകരെ മാത്രം ലക്ഷ്യം വച്ചുള്ള തിരുത്തലുകൾകൊണ്ട് പ്രയോജനവും ലഭിക്കില്ല. നേതൃത്വം തിരുത്തണം എന്ന ശക്തമായ അഭിപ്രായം വിശാല സമിതി യോഗത്തിൽ ഉയർന്നുവെന്നും അതിനനുസരിച്ചു തീരുമാനങ്ങളുണ്ടായി എന്നുമാണു റിപ്പോർട്ടുകൾ. താനടക്കമുള്ള എല്ലാവർക്കുമെതിരേ വിമർശനവും സ്വയം വിമർശനവുമുയർന്നു എന്നാണല്ലോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞത്. തങ്ങളെല്ലാം തിരുത്തൽ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. നേതാക്കളുടെയും ജനപ്രതിനിധികളുടെയും വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനവും ബിനാമി ഇടപാടുകളും കർശനമായി പരിശോധിക്കാനുള്ള തീരുമാനം ഒരു പ്രധാന ചുവടാണ്. നവംബറോടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സ്വത്തുവിവരങ്ങൾ ആദ്യം ഓഡിറ്റ് ചെയ്യുമെന്നാണു പറയുന്നത്, ആഡംബര ജീവിത ശൈലികൾ പൂർണമായും ഒഴിവാക്കാനും ജനങ്ങളോടു വിനയത്തോടെയുള്ള ആശയവിനിമയ ശൈലി സ്വീകരിക്കാനും കേഡർമാർക്കു നിർദേശം നൽകുകയാണു പാർട്ടി. സഹകരണ ബാങ്കുകളിൽ നിന്നു ലോണെടുത്ത് തിരിച്ചടയ്ക്കാത്ത നേതാക്കൾക്കെതിരേ കർശന അച്ചടക്ക നടപടി സ്വീകരിക്കുന്നതും പാർട്ടിക്കു ഗുണം ചെയ്യും. മൂന്നു മാസം കൂടുമ്പോൾ സംഘടനാ തലത്തിലും ആറു മാസം കൂടുമ്പോൾ സംസ്ഥാന സമിതി തലത്തിലും പ്രവർത്തനങ്ങൾ പരിശോധിക്കുമെന്നാണു സംസ്ഥാന സെക്രട്ടറി പറയുന്നത്. ഇത്തരത്തിലുള്ള സൂക്ഷ്മ പരിശോധന പ്രവർത്തനങ്ങളിലെ പാളിച്ചകൾ തിരുത്തുന്നതിനു സഹായിക്കും.
ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും തെറ്റായ പ്രവണതകൾ തിരുത്തുന്നതിനുമുള്ള കർശന നിർദേശങ്ങൾ അംഗങ്ങൾക്കു നൽകിയിട്ടുണ്ടെന്നു പറയുന്നുണ്ട്. ഇടതു മുന്നണിയുടെ അടിത്തറ വിപുലമാക്കുന്നതിനും വർഗ ബഹുജന സംഘടനകളെ കൂടുതൽ ജനകീയമായി മുന്നോട്ടു നയിക്കുന്നതിനുമുള്ള സംഘടനാ തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ടത്രേ. പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുകയാണു പാർട്ടി. ജോൺ ബ്രിട്ടാസ് കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവ് എന്ന പരിഗണനയിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ഭാഗമായി പ്രവർത്തിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയെങ്കിലും കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ ഇവർക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാവുന്നതാണ്. കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവിനെ എൽഡിഎഫ് കൺവീനറായി നിയോഗിക്കാൻ ധാരണയായെന്നും കേൾക്കുന്നുണ്ട്. സിപിഎം പോഷക സംഘടനകളുടെ തലപ്പത്തുള്ളവരും യുവമുഖങ്ങളും ഉൾപ്പെടെ ഒമ്പതു പേരെ സംസ്ഥാന സമിതിയിലേക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള മാറ്റങ്ങൾ പാർട്ടിക്കു ഗുണകരമായി തീരുമെന്നു തന്നെയാവും അണികൾ പ്രതീക്ഷിക്കുന്നത്.