വികസന പാതയിൽ ഇന്ത്യൻ റെയ്‌ൽവേ

 
Editorial

വികസന പാതയിൽ ഇന്ത്യൻ റെയ്‌ൽവേ

വന്ദേഭാരത് പോലുള്ള പുതിയ തലമുറ ട്രെയ്‌നുകൾ ട്രാക്കിലിറങ്ങുന്നു

വികസന കുതിപ്പിലാണ് ഇന്ത്യൻ റെയ്‌ൽവേ. അടിസ്ഥാന സൗകര്യ വികസനത്തിനു കേന്ദ്ര സർക്കാർ നൽകുന്ന പ്രാധാന്യം റെയ്‌ൽവേയുടെ മുന്നേറ്റത്തിനും സഹായകരമാവുന്നുണ്ട്. ട്രാക്ക് നിർമാണം, വൈദ്യുതീകരണം, റെയ്‌ൽവേ സ്റ്റേഷനുകളുടെ നവീകരണം തുടങ്ങി സർവ മേഖലകളിലും എടുത്തുപറയാവുന്ന പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വന്ദേഭാരത് പോലുള്ള പുതിയ തലമുറ ട്രെയ്‌നുകൾ ട്രാക്കിലിറങ്ങുന്നു. നഗരഗതാഗതത്തിനു കൂടുതൽ സൗകര്യം നൽകിക്കൊണ്ട് മെട്രൊ റെയ്‌ൽ പദ്ധതികൾ നടപ്പാക്കി വരുന്നു. റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടതനുസരിച്ചാണെങ്കിൽ 2014നു ശേഷം നരേന്ദ്ര മോദി സർക്കാർ 35,000‌ കിലോമീറ്റർ റെയ്‌ൽവേ ട്രാക്കാണു പുതുതായി നിർമിച്ചത്. കഴിഞ്ഞ വർഷം മാത്രം 3,200 കിലോമീറ്റർ പുതിയ റെയ്‌ൽവേ ലൈനുകൾ കൂട്ടിച്ചേർത്തു. 44,000ൽ ഏറെ കിലോമീറ്റർ റെയ്‌ൽവേ ശൃംഖല വൈദ്യുതീകരിച്ചു. ഏതു നിലയ്ക്കു നോക്കിയാലും ഇതൊരു വലിയ കണക്കാണ്.

റെയ്‌ൽ വികസനത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു പ്രത്യേക പ്രാധാന്യം തന്നെ റെയ്‌ൽവേ നൽകുന്നു എന്നതു പ്രത്യേകം പറയേണ്ടതുണ്ട്. അശ്വിനി വൈഷ്ണവ് അവകാശപ്പെടുന്ന കണക്കനുസരിച്ച് 2009-14നെ അപേക്ഷിച്ച് വടക്കു കിഴക്കൻ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം അഞ്ചു മടങ്ങു വർധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം മാത്രം 10,440 കോടി രൂപ ഈ മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നു. ഇപ്പോൾ 77,000 കോടി രൂപയുടെ റെയ്‌ൽവേ പദ്ധതികളാണ് വടക്കുകിഴക്കൻ മേഖലയിൽ പുരോഗമിക്കുന്നത്. ഇത്തരത്തിലുള്ള റെക്കോഡ് നിക്ഷേപത്തിന് മുൻപെങ്ങും ഈ മേഖല സാക്ഷ്യം വഹിച്ചിട്ടില്ല. മിസോറാമിലേക്ക് ഇതാദ്യമായി റെയ്‌ൽവേ ലൈൻ എത്തി. ബൈറാബി- സൈരാങ് റെയ്‌ൽ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതു രണ്ടു ദിവസം മുൻപാണ്. മിസോറാമിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ‌ നാഴികക്കല്ലു തന്നെയാണിത്. 8,000 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച 51 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത ഐസ്വാളിനെ ആദ്യമായി ദേശീയ റെയ്‌ൽ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

പുതിയ റെയ്‌ൽ പാത ഗോഹട്ടി, കോൽക്കത്ത, ഡൽഹി തുടങ്ങിയ സ്ഥലങ്ങളുമായി മിസോറാമിനെ ബന്ധിപ്പിക്കുകയാണ്. ഈ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ടൂറിസം രംഗത്തു കുതിപ്പുണ്ടാക്കുന്നതിനും പുതിയ റെയ്‌ൽവേ ലൈൻ സഹായിക്കും. പുതിയ പാതയ്ക്കൊപ്പം മൂന്നു ട്രെയ്‌ൻ സർവീസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഒഫ് ചെയ്തിട്ടുണ്ട്. ഡൽഹിയിലേക്കുള്ള രാജധാനിയും ഗോഹട്ടിയിലേക്കും കോൽക്കത്തയിലേക്കുമുള്ള എക്സ്പ്രസ് ട്രെയ്‌നുകളുമാണിവ. അതീവ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയാണ് ഈ റെയ്‌ൽ പാത കടന്നുപോകുന്നത്. 143 പാലങ്ങളും 45 തുരങ്കങ്ങളും ഈ പാതയിലുണ്ട്. ഇതിൽ ഒരു പാലം കുത്തബ് മിനാറിനെക്കാൾ ഉയരമുള്ളതാണ്. മറ്റെല്ലാ ഹിമാലയൻ പാതകളെയും പോലെ ഒരു പാലം, തുടർന്ന് ഒരു തുരങ്കം, തുടർന്ന് ഒരു പാലം എന്നിങ്ങനെയാണ് ഈ പാതയും നിർമിച്ചിരിക്കുന്നത്. അസാധാരണമായ വെല്ലുവിളികൾ നേരിട്ടുള്ള നിർമാണ പ്രവർത്തനങ്ങൾ റെയ്‌ൽവേയുടെ ദൃഢനിശ്ചയത്തെയാണു കാണിക്കുന്നത്. നമ്മുടെ എൻജിനീയർമാർ വികസിപ്പിച്ചെടുത്ത "ഹിമാലയൻ തുരങ്ക നിർമാണ രീതി' ഏറെ പ്രശംസനീയമാണ്. ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഇത്തരത്തിലുള്ള ഭൂപ്രദേശങ്ങൾക്ക് ഒരു മാതൃകയാവുന്ന രീതിയിലുള്ള നിർമാണമാണു മിസോറാമിൽ നടന്നിരിക്കുന്നത്.

വടക്കുകിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ 30,000 കോടി രൂപ ചെലവിട്ട് 500 കിലോമീറ്റർ റെയ്‌ൽവേ ലൈൻ നിർമിക്കാൻ ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നതായി റിപ്പോർട്ടു വന്നതു കഴിഞ്ഞ ദിവസമാണ്. ചൈനയോടടുത്തുള്ള പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനു പ്രാധാന്യം നൽകുന്നതിന്‍റെ ഭാഗം കൂടിയാണിത്. നിരവധിയായ പാലങ്ങളും തുരങ്കങ്ങളുമൊക്കെ ഈ പാതകളിൽ ആവശ്യമായി വരും. നാലു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണത്രേ പദ്ധതി. വടക്കു കിഴക്കു മാത്രമല്ല മറ്റു പ്രദേശങ്ങളിലും ശ്രദ്ധേയമായ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും നീളമുള്ള റെയ്‌ൽ തുരങ്കം ഉത്തരാഖണ്ഡിൽ പൂർത്തിയായിരിക്കുന്നു. ഋഷികേശ്- കർണപ്രയാഗ് റെയ്‌ൽ പാതാ പദ്ധതിയുടെ ഭാഗമായി ദേവപ്രയാഗിനെയും ജനാസുവിനെയും ബന്ധിപ്പിക്കുന്ന തുരങ്കമാണു പൂർത്തീകരിച്ചിരിക്കുന്നത്. 14.57 കിലോമീറ്ററാണ് ഈ തുരങ്കത്തിന്‍റെ നീളം. ദുഷ്കരമായ ഹിമാലയൻ പ്രദേശത്തു നിശ്ചയിച്ച സമയത്തിനും മുൻപേയാണ് ഈ അഭിമാന പദ്ധതി പൂർത്തീകരിച്ചത് എന്നു കൂടി അറിയണം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയ്‌ൽവേ ആർച്ച് പാലമായ ചെനാബ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതും സമീപകാലത്താണ്. കശ്മീർ താഴ്വരയെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി റെയ്‌ൽവേ ലൈൻ വഴി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. രാജ്യത്തെ ആദ്യ കേബിൾ റെയ്‌ൽ പാലമായ അൻജി ഘാട്ട് അടക്കമുള്ള എൻജിനീയറിങ് അതിശയങ്ങൾ നിറഞ്ഞ പുതിയ റെയ്‌ൽ പാതയാണു കശ്മീരിൽ നിർമിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ രാജ്യത്തിന്‍റെ പലഭാഗത്തും നടക്കുമ്പോഴും കേരളത്തിലെ ശബരി പാതയ്ക്കു ശാപമോക്ഷം കിട്ടുന്നില്ല എന്നതു നിരാശാജനകമാണ്. കേരളം ഒറ്റക്കെട്ടായി ഇതിനുവേണ്ടി രംഗത്തുവരേണ്ടതുണ്ട്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ