തൃശൂർ കലോത്സവം2026
file photo
കൗമാര കലോത്സവത്തിന്‍റെ ആഘോഷാരവങ്ങളിലേക്കു കടക്കുകയാണ് കേരളത്തിന്‍റെ സാംസ്കാരിക നഗരി. ഇനിയുള്ള അഞ്ചുനാൾ അറുപത്തിനാലാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആവേശത്തിലാവും തൃശൂർ. കുട്ടികളുടെ ഉത്സവത്തെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. കലാ- സാംസ്കാരിക രംഗത്ത് നിരവധിയായ സംഭാവനകൾ നൽകിയിട്ടുള്ള തൃശൂരിന് കലകളെ സ്നേഹിക്കാനുള്ള നിറഞ്ഞ മനസുണ്ട്.
അതുകൊണ്ടു തന്നെ ഈ കലോത്സവം അതിഗംഭീരമാക്കാൻ കലാപ്രേമികൾ വിവിധ വേദികളിലേക്കു നിറഞ്ഞൊഴുകുമെന്നു കരുതാം. 25 വേദികളിലായി 249 ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ 15,000ത്തോളം വിദ്യാർഥികളാണു പങ്കെടുക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള എന്ന വിശേഷണം ഈ പങ്കാളിത്തം തന്നെ അന്വർഥമാക്കുന്നു. 7,500 പേരെ ഉൾക്കൊള്ളാവുന്നതാണ് തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദി.
ഇതടക്കം പൂക്കളുടെ പേരുകൾ നൽകിയിട്ടുള്ള മത്സരവേദികളെല്ലാം ആസ്വാദകരെക്കൊണ്ട് നിറഞ്ഞ് ആവേശം തുടിക്കുന്നതായി മാറട്ടെ. മത്സരങ്ങളുടെ ആവേശവും ആഘോഷവും വർധിപ്പിക്കുന്നതിനു നിറഞ്ഞ വേദികൾ പ്രധാന പങ്കുവഹിക്കും. നമ്മുടെ സ്കൂൾ കലോത്സവത്തിന്‍റെ ഏറ്റവും വലിയ ആകർഷണവും ഇത്തരത്തിൽ നിറഞ്ഞൊഴുകുന്ന സഹൃദയരാണ്.
മേളയിൽ പങ്കെടുക്കുന്ന മുഴുവൻ കൗമാര പ്രതിഭകൾക്കും ഏറ്റവും മികച്ച രീതിയിൽ തങ്ങളുടെ കഴിവു പ്രകടിപ്പിക്കാൻ തൃശൂരിലെ കലോത്സവത്തിൽ അവസരമുണ്ടാവട്ടെ. കലോത്സവത്തിനായി അവർ നടത്തിയ തയാറെടുപ്പുകൾ, കഠിന പരിശീലനങ്ങൾ ഒന്നും പാഴായിപ്പോവേണ്ടതല്ല. കലോത്സവ നടത്തിപ്പിന്‍റെ ഓരോ നിമിഷത്തിലും സംഘാടകർക്ക് അതേക്കുറിച്ചു ബോധ്യമുണ്ടാവട്ടെ.
കൃത്യമായ സമയക്രമം, കുറ്റമറ്റ വിധിനിർണയം, ഏറ്റവും നല്ല ഭക്ഷണം, കുടിവെള്ളം, താമസ സൗകര്യം എന്നിങ്ങനെ ഓരോ രംഗത്തും മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ സംഘാടകർക്കു കഴിയട്ടെ. രാവേറെ ചെല്ലും വരെ ഗ്ലാമർ മത്സരങ്ങൾ നീളുന്നത് ഒഴിവാക്കുന്നതിന് അപ്പീലുകൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.
അപ്പീലുമായി മത്സരിക്കാൻ അവസാന നിമിഷവും കുട്ടികളെത്തുമ്പോൾ മത്സരങ്ങളുടെ താളം തെറ്റുകയാണു ചെയ്യുന്നത്. വിധി നിർണയിക്കുന്നവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ, കോഴ ആരോപണം എന്നിങ്ങനെ കലോത്സവത്തിനു പേരുദോഷം വരുത്തുന്ന സകലതിനെയും തടയേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ ബന്ധപ്പെട്ടവരെല്ലാം ജാഗ്രത പുലർത്തണം.
"ഉത്തരവാദിത്ത കലോത്സവം' എന്ന ആശയത്തിലൂന്നി ഹരിത ചട്ടം കർശനമായി പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ കലോത്സവം നടത്തുന്നത്. സമൂഹത്തിനു നല്ല സന്ദേശങ്ങൾ നൽകാൻ കലോത്സവത്തെ ഉപയോഗിക്കുന്നതു സ്വാഗതാർഹമാണ്. കലോത്സവത്തിനു മുന്നോടിയായി ജനുവരി 9നു വൈകിട്ട് ലഹരിക്കെതിരേ വിദ്യാർഥികളുടെ പ്രതിരോധ ശൃംഖല സൃഷ്ടിച്ചതും ഇതുമായി ബന്ധപ്പെട്ടു കാണാം.
ലഹരി ഉപയോഗത്തിനെതിരേ ഏതവസരത്തിൽ നടത്തുന്ന ബോധവത്കരണവും സമൂഹത്തിനു ഗുണകരമായി മാറും. മത്സരത്തിനു ശേഷം വേദികൾ വൃത്തിയാക്കുന്നതടക്കം ഉത്തരവാദിത്ത കലോത്സവത്തിന്‍റെ ഭാഗമായി കാണാം. ആരോഗ്യത്തിനും പ്രകൃതിക്കും ദോഷകരമായതു ചെയ്യാതിരിക്കുക എന്നതു പ്രധാനമാണ്. ഉത്തരവാദിത്ത മത്സരശീലം, ഉത്തരവാദിത്ത ഭക്ഷണശീലം എന്നിങ്ങനെ ചില ചിട്ടകൾ വളർത്തിയെടുക്കേണ്ടതുണ്ട്.
ജീവിതശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന കാലഘട്ടമാണിത്. അതുകൊണ്ടു തന്നെ ഭക്ഷണശീലത്തിനു പ്രസക്തിയേറെയാണ്. ഒരു മത്സരത്തിലെ തോൽവി ജീവിതത്തിന്‍റെ അവസാനമല്ല എന്ന പാഠമാണ് മത്സരശീലത്തിൽ പ്രധാനമായി വരുന്നത്. ഓരോ മത്സരവും പകർന്നു നൽകുന്ന പാഠങ്ങൾ ഉൾക്കൊള്ളുകയാണു വിജയത്തിലേക്കുള്ള വഴി. കുട്ടികളിൽ പകയും വൈരാഗ്യവും നിരാശയും വളർത്തുന്നതിനാവരുത് കലാമത്സരങ്ങൾ. കലോത്സവം ശരിക്കും ഉത്സവമായി കുട്ടികൾക്കു ബോധ്യപ്പെടട്ടെ.
കലോത്സവത്തിന്‍റെ തുടർ പ്രവർത്തനങ്ങൾ എന്ന നിലയിൽ കുട്ടികളിൽ മൂല്യബോധവും കഴിവും വർധിപ്പിക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നതും സ്വാഗതാർഹമായ സംഗതിയാണ്. എല്ലാ കുട്ടികൾക്കും കളിക്കാൻ ഒരു മണിക്കൂറെങ്കിലും അനുവദിക്കുന്ന "നാരങ്ങാ മിഠായി' ശ്രദ്ധേയമായ തുടർ പ്രവർത്തനമാണ്. കളിക്കാനുള്ള കുട്ടികളുടെ അവകാശം കുഴിച്ചുമൂടപ്പെടാതിരിക്കാൻ ഇത്തരം ക്യാംപെയ്നുകൾ സഹായിക്കും.
വിഷയാധിഷ്ഠിത ആഴ്ചാപദ്ധതിയാണ് മറ്റൊരു തുടർ പ്രവർത്തനം. ആറ് ആഴ്ചകളിൽ ഓരോ ആശയങ്ങൾ മുൻനിർത്തി വിദ്യാലയങ്ങളിൽ പ്രത്യേക ആഴ്ചകൾ ആചരിക്കുന്നതാണിത്. ശകാരിക്കാത്ത വാരം, അഭിനന്ദന വാരം, ഡിജിറ്റൽ അടിമത്തം ഉപേക്ഷിക്കൽ വാരം, നന്ദിപ്രകടന വാരം, ക്ഷമാപണ വാരം, സ്നേഹ (ലവ്) വാരം എന്നിങ്ങനെയാണിത്.
കലോത്സവത്തിലേക്കു തിരിച്ചുവന്നാൽ, കഴിഞ്ഞ തവണത്തെ വിജയികളാണ് ഇത്തവണ ആതിഥേയരാവുന്നത് എന്നതു ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം തിരുവനന്തപുരത്തു നടന്ന കലോത്സവത്തിൽ സ്വർണക്കപ്പ് സ്വന്തമാക്കിയതു തൃശൂർ ജില്ലയായിരുന്നു. പക്ഷേ, അവരുടെ ഈ നേട്ടം ഒരേയൊരു പോയിന്‍റിന്‍റെ മാത്രം വ്യത്യാസത്തിലായിരുന്നു. തൃശൂരിന് 1,008 പോയിന്‍റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1,007 പോയിന്‍റുമാണ് ഉണ്ടായിരുന്നത്.
മുൻ വർഷത്തെ ജേതാക്കളായിരുന്ന കണ്ണൂർ ജില്ല 1,003 പോയിന്‍റും അതിനു മുൻപ് ജേതാക്കളായിരുന്ന കോഴിക്കോട് ജില്ല 1,002 പോയിന്‍റും നേടി. 1,000ത്തിനു മുകളിൽ പോയിന്‍റ് നേടിയ നാലു ജില്ലകൾ നമ്മുടെ സ്കൂൾ കലോത്സവം എത്രമാത്രം ആവേശകരമാവുന്നു എന്നു കാണിക്കുന്നതാണ്. അവസാന ഘട്ടം വരെ സാധ്യതകൾ മാറിമറിഞ്ഞ കഴിഞ്ഞ വർഷത്തെ കലോത്സവത്തിൽ ഓരോ ഇഞ്ചിലും വെല്ലുവിളി ഉയർത്താൻ മുൻനിര ജില്ലകൾക്കു കഴിഞ്ഞു.
ഇതിനു പുറമേ എറണാകുളം, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കാസർഗോഡ് ജില്ലകളും 900ലേറെ പോയിന്‍റ് നേടിയിരുന്നു.അതിനുമുൻപുള്ള ചരിത്രമെടുത്താലും നമ്മുടെ സ്കൂൾ കലോത്സവങ്ങളിൽ വളരെ നേരിയ വ്യത്യാസത്തിൽ സ്വർണ കപ്പ് തീരുമാനിക്കുന്നതു കണ്ടിട്ടുണ്ട്.
2024 ജനുവരിയിൽ നടന്ന 62ാം കലോത്സവത്തിൽ ജേതാക്കളായ കണ്ണൂരും കോഴിക്കോടും തമ്മിലുള്ള വ്യത്യാസം മൂന്നു പോയിന്‍റിന്‍റേതു മാത്രമായിരുന്നു. ഇക്കുറിയും ജില്ലകളുടെ മത്സരവാശി കുറയില്ലെന്ന് ഉറപ്പാണ്. വിവിധ സ്കൂളുകൾ തമ്മിലുള്ള മത്സരത്തിലും ഈ വാശി കാണാം. എന്നാൽ, അതിന്‍റെയൊക്കെ സമ്മർദം കുട്ടികളിൽ അമിത സമ്മർദമായി മാറാതിരിക്കാനുള്ള ശ്രദ്ധ ബന്ധപ്പെട്ട എല്ലാവരിലും ഉണ്ടാവണം.