ഫയൽ നീക്കത്തിനു വേഗമേറട്ടെ

 
Editorial

ഫയൽ നീക്കത്തിനു വേഗമേറട്ടെ

എൽഡിഎഫ് സർക്കാരിന്‍റെ കാലാവധി തീരുമ്പോൾ വിവിധ വകുപ്പുകളിലായി തീർപ്പാകാതെ കിടന്നിരുന്നത് അഞ്ചു ലക്ഷത്തോളം ഫയലുകളാണ് എന്നാണു കണക്ക്

MV Desk

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥരെ ആവർത്തിച്ച് ഓർമിപ്പിച്ചിരുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവു കൂടിയായ പിണറായി വിജയൻ. ഫയലുകൾ കെട്ടിക്കിടക്കാതെ എത്രയും വേഗം നടപടികൾ എടുക്കുക എന്നതു സർക്കാർ നയമായി അദ്ദേഹം അവകാശപ്പെടുന്നതും പതിവായിരുന്നു. ഫയൽ നീക്കത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുകളും മുൻ സർക്കാരിന്‍റെ കാലത്തു കേൾക്കാറുണ്ട്.

അപ്പോഴും, അത്യാവശ്യ കാര്യങ്ങളുടെ ഫയലുകൾ പോലും വേണ്ടവിധം കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർ മടികാണിച്ചിരുന്നു എന്നതിന് ഉദാഹരണങ്ങൾ പലതുണ്ട്. എൽഡിഎഫ് സർക്കാരിന്‍റെ കാലാവധി തീരുമ്പോൾ വിവിധ വകുപ്പുകളിലായി തീർപ്പാകാതെ കിടന്നിരുന്നത് അഞ്ചു ലക്ഷത്തോളം ഫയലുകളാണ് എന്നാണു കണക്ക്. സർക്കാർ നടത്തിയ ഫയൽ അദാലത്തുകൾക്കു ശേഷവും ഇതായിരുന്നു അവസ്ഥ.

സംസ്ഥാനത്തു മാസങ്ങൾക്കുള്ളിലാണ് തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. തെരഞ്ഞെടുപ്പു കാലത്തു പ്രത്യേകിച്ചു ഫയൽ നീക്കം മന്ദഗതിയിലാവുമെന്നു പ്രതീക്ഷിക്കേണ്ടതാണ്. സർക്കാരിനെ നയിക്കുന്നവർ രാഷ്ട്രീയച്ചൂടിലാവുമ്പോൾ ഫയൽ നീക്കത്തിൽ വേണ്ടത്ര ശ്രദ്ധയുണ്ടാവണമെന്നില്ലല്ലോ. രാഷ്ട്രീയ തീരുമാനം വൈകുമ്പോൾ പല ഫയലുകളും നീങ്ങാതെയാവും.

പ്രശ്ന പരിഹാരത്തിനു കൂടുതൽ സമയം ആവശ്യമായ പരാതികൾ അനങ്ങാതെയിരിക്കും. നയപരമായ തീരുമാനം എടുക്കുന്നതിനു വരുന്ന കാലതാമസം പ്രശ്ന പരിഹാരത്തിനു തടസമാവുന്നതു സ്വാഭാവികമാണ്. അതെല്ലാം കൂടി കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം വർധിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പും പുതിയ സർക്കാരിന്‍റെ അധികാരമേൽക്കലും എല്ലാം കഴിഞ്ഞു. ഇനി കാര്യക്ഷമമായ ഭരണം ഉറപ്പാക്കേണ്ട സമയമാണ്. അതുകൊണ്ടു തന്നെ സംസ്ഥാന വ്യാപകമായി സർക്കാർ ഓഫിസുകളിലെ ഫയൽനീക്കം വേഗത്തിലാക്കേണ്ടതുണ്ട്. അതിന് എന്തൊക്കെ ആവശ്യമാണോ അതെല്ലാം സർക്കാർ സ്വീകരിക്കണം.

ധനപരമായ ചട്ടങ്ങൾ സംബന്ധിച്ചു വ്യക്തതയില്ലാതെ വിവിധ വകുപ്പുകളിൽ നിന്ന് ധനകാര്യ വകുപ്പിലേക്ക് എത്തുന്ന ഫയലുകൾ ഭരണനടപടികളിൽ കാലതാമസമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കേന്ദ്ര സർക്കാർ മാതൃകയിൽ എല്ലാ വകുപ്പുകളിലും ഇന്‍റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കാൻ സർക്കാർ നേരത്തേ തീരുമാനമെടുത്തിരുന്നു. ഫയലുകൾ ധനകാര്യ വകുപ്പിലേക്ക് അയക്കുന്നതു മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വകുപ്പുകൾക്കുള്ളിൽ തന്നെ സാമ്പത്തിക പരിശോധനകൾ സാധ്യമാകുമ്പോൾ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാനും ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കാനും സർക്കാരിനു കഴിയും. ഇതിനു പുറമേ സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡേറ്റ അധിഷ്ഠിത ഗവേണിങ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചുവെന്നാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും ഫയലുകളുടെ കാലതാമസവും മൂലം പദ്ധതികളടക്കം നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറയുകയുണ്ടായി. വിവിധ വകുപ്പുകളിലും മുഖ്യമന്ത്രിയുടെ ഓഫിസിലും ചീഫ് സെക്രട്ടറിയുടെ ഓഫിസിലും ഫയലുകളുടെയും പദ്ധതികളുടെയും നിലവിലെ സ്ഥിതി തത്സമയം വിലയിരുത്താൻ കഴിയുന്ന സംവിധാനമൊരുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

പ്രോജക്റ്റ് മാപ്പിങ്, പ്രോജക്റ്റ് പ്രോട്ടോകോൾ എന്നിവ ഉറപ്പാക്കി ഫയൽ നീക്കം വേഗത്തിലാക്കുമെന്നാണു മുഖ്യമന്ത്രി അവകാശപ്പെട്ടിരിക്കുന്നത്. വേണ്ടവിധത്തിൽ നടപ്പാക്കിയാൽ പ്രയോജനപ്പെടുന്ന തീരുമാനമാണിത്. പദ്ധതികളുടെ പുരോഗതിയും ഫയലുകളുടെ നീക്കവും തത്സമയം നിരീക്ഷിക്കാൻ ഇതുവഴി സാധിക്കും. വികസന പദ്ധതികൾ നടപ്പാക്കുന്നതിനു വേഗം കൂട്ടാൻ ഇത് ഉപകരിക്കും.

പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞാൽ പദ്ധതി നടത്തിപ്പിലെ കാലതാമസം മൂലമുള്ള സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനും സഹായകരമാകും. കോടിക്കണക്കിനു രൂപയാണു പദ്ധതികൾ വൈകുന്നതിലൂടെ നഷ്ടമാവുക.

ഫയൽ നീക്കം വേഗത്തിലാക്കുന്നതിനും സുതാര്യത ഉറപ്പിക്കുന്നതിനും ആരംഭിച്ച ഇ- ഓഫിസ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ഫയലുകളിലെ ചുവപ്പുനാട നാടിനെ ദോഷകരമായി ബാധിക്കുന്നതാണ്. അതു പൂർണമായി ഒഴിവാകണം.

"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം, ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ല എന്നതാണ് രാജശാസനം"

36 ലക്ഷത്തിന്‍റെ കടം, വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗകുടുംബത്തെ കണ്ടെത്തി

മെഴുകുതിരി റെഡിയാക്കിക്കോ, രാത്രി കറണ്ട് പോകും

കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയത്തിൽ മാറ്റം

പുരി രഥയാത്രയില്‍ തിക്കും തിരക്കും; ഒരാൾ മരിച്ചു, 120 പേര്‍ക്ക് പരുക്ക്