ഇന്ത്യ നയിക്കട്ടെ, എഐ ലോകത്തെ

 

file photo

Editorial

ഇന്ത്യ നയിക്കട്ടെ, എഐ ലോകത്തെ

എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്ക് ഉപയോഗിക്കുന്ന തന്ത്രപ്രധാനമായ ഉപകരണമായി എഐ മാറേണ്ടതുണ്ട്

Reena Varghese

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്ന എഐ സാങ്കേതിക വിദ്യ ലോകത്തെ തന്നെ മാറ്റിമറിക്കുകയാണ്. നാളത്തെ ലോകം ഈ സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ഉപയോഗപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കുമെന്നു വ്യക്തമാണ്. എഐ സാങ്കേതിക വിദ്യയ്ക്കു വളരാൻ വിശാലമായ അവസരങ്ങളുണ്ടാവുക എന്നത് നമ്മുടെ രാജ്യത്തിന്‍റെ വികസനമായി ബന്ധപ്പെട്ടും പ്രധാനമാണ്.

2047 ആവുമ്പോഴേക്കും വികസിത ഭാരതമാവുക എന്ന ലക്ഷ്യത്തിൽ എഐ അഥവാ നിർമിത ബുദ്ധി പ്രധാന പങ്കു വഹിക്കേണ്ടതുണ്ടെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിർമിത ബുദ്ധിയുടെ ആഗോള ഹബ്ബായി മാറുക എന്ന ലക്ഷ്യം രാജ്യത്തിനു പൂർത്തീകരിക്കേണ്ടതുണ്ട്. ഈ സാങ്കേതിക വിദ്യയിൽ ലോകത്തെ നയിക്കാനുള്ള പ്രാപ്തി നേടുക എന്നതാണു പ്രധാനമായിട്ടുള്ളത്.

അതിനൊപ്പം വിനാശകരമായ രീതികളിലേക്കു നീങ്ങാതെ നാടിനും ജനങ്ങൾക്കും ഗുണം ചെയ്യുന്ന വിധത്തിലാണ് എഐയുടെ ഉപയോഗം എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്ക് ഉപയോഗിക്കുന്ന തന്ത്രപ്രധാനമായ ഉപകരണമായി എഐ മാറേണ്ടതുണ്ട് എന്നതാണു നമ്മുടെ കാഴ്ചപ്പാട്. എല്ലാവർക്കും ക്ഷേമം, എല്ലാവർക്കും സന്തോഷം എന്ന ആശയം മുൻനിർത്തി ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്റ്റ് ഉച്ചകോടി ഇന്നു സമാപിക്കുമ്പോൾ ഈ ലക്ഷ്യത്തിൽ നിർണായകമായൊരു ചുവടുവയ്പ്പായി അതു മാറുമെന്നു തന്നെ കരുതണം.

നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് ഇത്രയും വിപുലമായ ആഗോള ഉച്ചകോടി ഇന്ത്യയിൽ നടക്കുന്നത് ഇതാദ്യമായാണ്. വിവിധ രാഷ്ട്രങ്ങളുടെ തലവൻമാർ, ഭരണത്തലവൻമാർ, മന്ത്രിമാർ, സാങ്കേതിക വിദ്യയിലെ ആഗോള നേതാക്കൾ, പ്രഗത്ഭരായ ഗവേഷകർ, ലോക പ്രശസ്തമായ സ്ഥാപനങ്ങളിലെ പ്രമുഖർ എന്നിങ്ങനെ ഏറ്റവും മികച്ച പ്രാതിനിധ്യമാണ് ഈ ഉച്ചകോടിക്കുള്ളത്.

സമഗ്രമായ വളർച്ച, സുസ്ഥിരമായ പുരോഗതി, പൊതു സംവിധാനങ്ങളുടെ കരുത്ത് എന്നിവ എഐ ഉപയോഗം കൊണ്ടു നേടേണ്ട പൊതു ലക്ഷ്യങ്ങളാണ്. സാങ്കേതിക വിദ്യയുടെ ഉപയോഗം ജനാധിപത്യവത്കരിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ഉൾക്കൊണ്ടാണ് ഇന്ത്യയുടെ എഐ സ്ട്രാറ്റജി ആവിഷ്കരിച്ചിട്ടുള്ളതെന്ന് ഇലക്‌ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകത്തിനാകെ ഉപകാരപ്രദമാവുന്ന എഐ സൗകര്യങ്ങളാണ് ഇന്ത്യയിലുണ്ടാവേണ്ടത്. അതിന് എല്ലാ ഭാഗത്തുനിന്നുള്ള പിന്തുണയും അനിവാര്യമാണ്.

സാങ്കേതിക വിദ്യയുടെ തരംഗത്തിലാണു വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കു കുതിക്കേണ്ടത്. പരിവർത്തനത്തിൽ ഏറ്റവും നിർണായകമായ സാങ്കേതിക വിദ്യ എഐ തന്നെയാവും. ഏതു സാങ്കേതിക വിദ്യയായാലും അതിന്‍റെ നിയന്ത്രണം മനുഷ്യനിലായിരിക്കുക എന്നതു പ്രധാനമാണെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാണിക്കുകയുണ്ടായി.

മനുഷ്യനെ കേന്ദ്രീകരിച്ചുള്ളതാവണം അതിന്‍റെ വികാസവും. അത്തരത്തിലുള്ള ഇന്ത്യയുടെ "മാനവ്' കാഴ്ചപ്പാടിനെക്കുറിച്ച് പ്രധാനമന്ത്രി വിവരിക്കുന്നുണ്ട്. പരസ്പരം പങ്കുവയ്ക്കുമ്പോഴാണ് ഈ സാങ്കേതിക വിദ്യയുടെ നേട്ടം ലോകത്തിനു മുഴുവനായും അനുഭവിക്കാനാവുന്നത്. ഇന്ത്യ നിർമിത ബുദ്ധിയെ ഭയപ്പെടുന്നില്ലെന്നും അതിലെ അവസരങ്ങളെ കാണുന്നുണ്ടെന്നും നരേന്ദ്ര മോദി പറയുകയുണ്ടായി.

ലോകത്ത് ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. സാങ്കേതിക വിദ്യയിൽ പ്രാഗത്ഭ്യമുള്ളവരുടെ വളരെ വലിയൊരു നിര തന്നെയാണ് ഇന്ത്യയിലുള്ളത്. നിർമിത ബുദ്ധിയുടെ കാര്യത്തിലും ഈ പ്രാഗത്ഭ്യം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാനാവണം. എഐ വിപ്ലവത്തിന്‍റെ ഭാഗമായിരിക്കുക എന്നതല്ല, അതിനു രൂപം നൽകുകയും നയിക്കുകയും ചെയ്യുന്ന റോൾ ഇന്ത്യ ഏറ്റെടുക്കുക എന്നതാണു പ്രധാനം.

പുതിയ സാങ്കേതിക വിദ്യയെ അസാധാരണ വേഗത്തിൽ ഉൾക്കൊള്ളാൻ നമുക്കു കഴിയുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകത്തെ നയിക്കുന്നതിലേക്ക് അതു നിർണായക പങ്കുവഹിക്കും. എല്ലാവരെയും ഉൾക്കൊള്ളുന്ന, ഉത്തരവാദിത്വമുള്ള, വികസനോന്മുഖ എഐ എന്ന ലക്ഷ്യം എത്രയും ഭംഗിയായി നടപ്പാക്കാൻ ഇത്തരത്തിലുള്ള ഉച്ചകോടികൾ സഹായിക്കും. ഈ ഉച്ചകോടിയിലെ ശക്തമായ ആഗോള പങ്കാളിത്തം ഇന്ത്യയ്ക്കു വലിയ പ്രതീക്ഷകൾ നൽകുന്നതാണ്.

രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ശേഷിയുള്ള ഉപകരണമായി എഐ ഉയർന്നു നിൽക്കട്ടെ. സുരക്ഷിതവും വിശ്വസനീയവുമായ എഐ എന്നതിൽ നമുക്കു മുറുകെ പിടിക്കാം. സേവനത്തിനുള്ള ഒരു മാധ്യമമെന്ന നിലയിൽ, ധാർമിക പ്രതിബദ്ധതയോടെ അതു പ്രവർത്തിക്കുമ്പോൾ മനുഷ്യരാശിയുടെ ക്ഷേമത്തിനു സഹായകരമാവുന്നു.

ബംഗ്ലാദേശിലെ വിസ സേവനങ്ങൾ ഇന്ത്യ പുനഃസ്ഥാപിക്കും

വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; നേതൃത്വത്തെ അറിയിച്ചെന്ന് എംഎൽഎ കെ. ബാബു

പൂവാറിലെ പൊലീസുകാർക്ക് വയർലെസ് വഴി അടിയന്തര സ്ഥലം മാറ്റം

"ആറ്റുകാല്‍ അമ്മയ്ക്കെന്തിനാണ് ഫ്ലക്സ്?"; ബോർഡുകൾ മാറ്റണമെന്ന് ഹൈക്കോടതി