കെസിഎൽ രണ്ടാം സീസണിൽ ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം അംഗങ്ങളുടെ ആഹ്ളാദ പ്രകടനം.

 
Editorial

കേരളത്തിന്‍റെ ക്രിക്കറ്റ് സ്വപ്നങ്ങളുടെ താക്കോൽ

കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെയും യുവ ക്രിക്കറ്റ് പ്രതിഭകളുടെയും സ്വപ്ന സാക്ഷാത്കാരത്തിലേക്കൊരു കിളിവാതിലാണ് കെസിഎൽ തുറന്നിട്ടിരിക്കുന്നത്

1983ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുമ്പോൾ ആ ടീമിലൊരു മലയാളിയുണ്ടായിരുന്നു- ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം കിട്ടാത്ത മറുനാടൻ മലയാളി സുനിൽ വൽസൻ. 2007ൽ എം.എസ്. ധോണിയുടെ ഇന്ത്യൻ ടീം പ്രഥമ ട്വന്‍റി20 ലോകകപ്പിൽ ചാംപ്യന്മാരായപ്പോൾ, മലയാളി താരം എസ്. ശ്രീശാന്ത് എടുത്ത ക്യാച്ച് കൂടിയാണ് അനശ്വരമായത്. "ലോകത്തിന്‍റെ ഏതു കോണിൽ ചെന്നാലും ഒരു മലയാളിയെ കാണാം'' എന്നാണ് ഉത്തരേന്ത്യക്കാരായ കമന്‍റേറ്റർമാർ പോലും അന്നു പറഞ്ഞത്. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ഉണ്ടായിരുന്നു ടീമിൽ. പിന്നീട് 2024ൽ ഇന്ത്യ രണ്ടാം വട്ടം ടി20 ലോകകപ്പ് നേടുമ്പോൾ അവിടെയുമുണ്ടായിരുന്നു ഒരു മലയാളി സാന്നിധ്യം. ഒരു കളിയിൽ പോലും അവസരം കിട്ടിയില്ലെങ്കിലും, പതിനഞ്ചംഗ ടീമിൽ സഞ്ജു സാംസൺ ഉൾപ്പെട്ടിരുന്നു. ഇങ്ങനെ ഇന്ത്യ നേടിയ നാല് ലോക കിരീടങ്ങളോടും ചേർത്തുവയ്ക്കാൻ ഓരോ മലയാളി പേരുകൾ കിട്ടിയത് ക്രിക്കറ്റിലെ കേവല കൗതുകം മാത്രം. അതിനപ്പുറത്തേക്ക്, ഇന്ത്യൻ ടീമിൽ സ്ഥിരാംഗത്വമുറപ്പിക്കാൻ ഒരേ സമയം ഒന്നിലധികം മലയാളികൾ മത്സരിക്കുന്നൊരു കാലം കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇന്നും വന്യമായൊരു സ്വപ്നം മാത്രമാണ്. ആ സ്വപ്നത്തിന്‍റെ സാക്ഷാത്കാരത്തിലേക്കുള്ള കിളിവാതിലാണ് കേരള ക്രിക്കറ്റ് ലീഗ് തുറന്നിട്ടിരിക്കുന്നത്.‌

കേവലം രണ്ടു സീസൺ മാത്രം പാരമ്പര്യമുള്ളൊരു ലീഗിനെക്കുറിച്ച് അമിതമായി ആവേശം കൊള്ളുന്നത് അസ്ഥാനത്തായിരിക്കാം. ക്രിക്കറ്റ് സജീവമായ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോൾ ഐപിഎൽ മാതൃകയിൽ സ്വന്തമായി ക്രിക്കറ്റ് ലീഗുകൾ ഉള്ള സാഹചര്യത്തിൽ പ്രത്യേകിച്ചും. ട്വന്‍റി20 ക്രിക്കറ്റിന്‍റെ വളർച്ച ക്ലാസിക് ക്രിക്കറ്റർമാരെ സംഭാവന ചെയ്യില്ലെന്നു വാദിക്കുന്നവരുമുണ്ട്. എന്നാൽ, ലോകത്തെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ജസ്പ്രീത് ബുംറയും, രാജ്യത്തെ ഏറ്റവും മികച്ച പേസ് ബൗളിങ് ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയും അടക്കമുള്ളവർ ഐപിഎല്ലിലൂടെ വളർന്നു വന്നവരാണെന്ന കാര്യം വിസ്മരിക്കാനും സാധിക്കില്ല. ഇതേ മാതൃകയിൽ, കേരള ക്രിക്കറ്റിനു കരുത്തു പകരാൻ ശേഷിയുള്ള ഒരു കൂട്ടം പ്രതിഭകളെ കണ്ടെത്താനുള്ള അക്ഷയഖനിയായി കെസിഎൽ മാറുന്നതിന്‍റെ സൂചനകളാണ് രണ്ടാം സീസൺ നൽകുന്നത്. ഡൽഹിയുടെയും തമിഴ്നാടിന്‍റെയുമൊക്കെ ലീഗുകളിൽ നിന്ന് ഐപിഎല്ലിലേക്കും അവിടെനിന്ന് ദേശീയ ടീമിലേക്കുമൊക്കെ എത്തിച്ചേർന്ന താരങ്ങൾ ഏറെയാണ്. കെസിഎല്ലിന്‍റെ ആദ്യ സീസണിലെ പ്രകടനമാണ് വിഘ്നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യൻസിലെത്തിച്ചത്. ഇത്തവണയും ഐപിഎൽ ടീമുകളുടെ ടാലന്‍റ് സ്കൗട്ട് സംഘങ്ങൾ കെസിഎൽ മത്സരങ്ങൾ നടത്തിയ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സജീവമായിരുന്നു.

കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ കേരളത്തെ ഫൈനലിലെത്തിച്ച അസാമാന്യ പ്രകടനങ്ങൾ സൽമാൻ നിസാറിനെ ക്ലാസിക് ക്രിക്കറ്റ് ആരാധകർക്കു പ്രിയങ്കരനാക്കിയിരിക്കാം. എന്നാൽ, ദേശീയ മാധ്യമങ്ങൾ പോലും ആഘോഷിക്കുന്നിടത്തോളം സൽമാന്‍റെ പ്രശസ്തി വർധിപ്പിച്ചത് ഇക്കുറി കെസിഎൽ മത്സരത്തിലെ രണ്ടോവറിൽ നേടിയ പതിനൊന്ന് സിക്സറുകളാണ്. വലിയ പ്രചാരം കിട്ടാതെ പോയ ആദ്യ സീസണിൽനിന്നു ഭിന്നമായി രണ്ടാം സീസണിൽ മത്സരച്ചൂട് പരമാവധി ക്രിക്കറ്റ് ആരാധകരിലേക്കും മാധ്യമങ്ങളിലേക്കും എത്തിക്കാൻ സാധിച്ചതിനു പിന്നിൽ കെസിഎൽ സംഘാടകരുടെ കഠിനാധ്വാനമുണ്ട്. സഞ്ജു സാംസൺ എന്ന ഇന്‍റർനാഷണൽ സ്റ്റാറിന്‍റെ സാന്നിധ്യവും ഇതിൽ നിർണായക പങ്ക് വഹിച്ചു. കഴിഞ്ഞ സീസണിൽ കെസിഎ ഭാരവാഹികളും സഞ്ജുവും തമ്മിൽ ഉടലെടുത്ത അഭിപ്രായഭിന്നതകളൊക്കെ മാറ്റിവച്ച് കേരള ക്രിക്കറ്റിന്‍റെ വളർച്ചയ്ക്ക് എല്ലാവരും ഒന്നിച്ചണിനിരക്കുന്ന കാഴ്ച കൂടിയായിരുന്നു ഇത്തവണത്തെ കെസിഎൽ. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും, അതിൽ ഇടപെട്ട് സംസാരിച്ച ശ്രീശാന്തിനെതിരേ കെസിഎ നടപടിയെടുത്തതുമെല്ലാം തത്കാലത്തേക്കെങ്കിലും കഴിഞ്ഞ കഥകൾ മാത്രമായി.

ഏഷ്യ കപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനൊപ്പം ചേരേണ്ടതിനാൽ കെസിഎല്ലിലെ ആറ് മത്സരങ്ങളിൽ മാത്രമാണ് സഞ്ജു കളിക്കാനിറങ്ങിയത്. അതിൽ ബാറ്റ് ചെയ്തത് അഞ്ച് ഇന്നിങ്സിലും. എന്നാൽ, അത്രയും മത്സരങ്ങളിൽ നിന്ന് 30 സിക്സറാണ് സഞ്ജു നേടിയത്. ടൂർണമെന്‍റിൽ 12 മത്സരങ്ങളും കളിച്ചവർക്കു പോലും അതിനടുത്തു പോലും എത്താനായിട്ടില്ല.

കേരളത്തിൽ ഏജ് ഗ്രൂപ്പ് ക്രിക്കറ്റ് കളിച്ച് വളർന്ന താരമാണ് സഞ്ജു. ഐപിഎൽ ടീമിലെയും ഇന്ത്യൻ ടീമിലെയും പരിശീലനവും സൗകര്യങ്ങളും അദ്ദേഹത്തെ ഏതു തലത്തിലേക്കു വളർത്തി എന്നതിന് ഉദാഹരണമാണ് കെസിഎല്ലിലെ ആറു മത്സരങ്ങളിൽ 74 ശരാശരിയിൽ നേടിയ 368 റൺസ്. മറ്റുള്ളവരുടെ പാതി മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു ടൂർണമെന്‍റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുമുണ്ട്. ഈ നിലവാരത്തിലേക്ക് വളരാൻ ശേഷിയുള്ള ഒരുപിടി താരങ്ങളെ കണ്ടെത്താൻ സാധിക്കുന്നു എന്നതാണ് കെസിഎൽ പോലുള്ള ലീഗുകളുടെ ഏറ്റവും വലിയ നേട്ടം. 314 റൺസും 25 വിക്കറ്റും നേടിയ അഖിൽ സ്കറിയ എന്ന പേസ് ബൗളിങ് ഓൾറൗണ്ടറും, 400 റൺസിനു മുകളിൽ സ്കോർ ചെയ്ത കൃഷ്ണപ്രസാദ്, അഹമ്മദ് ഇമ്രാൻ, വിനൂപ് മനോഹരൻ എന്നീ ഓപ്പണർമാരുമെല്ലാം വരും സീസണിൽ കേരള ക്രിക്കറ്റിനു കരുത്തു പകരുമെന്നു പ്രതീക്ഷിക്കാം. അവരുടെയൊക്കെ കൈകളിലാണ് കേരളത്തിന്‍റെ ക്രിക്കറ്റ് സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിലേക്കുള്ള താക്കോൽ. അത് ശരിയായി ഉപയോഗിക്കേണ്ട ഉത്തരവാദിത്വം സംഘാടകരും ക്രിക്കറ്റ് ഭരണകർത്താക്കളും കൃത്യമായി നിറവേറ്റിയാൽ വിരലിലെണ്ണാവുന്ന പേരുകളിൽ ഒതുങ്ങി നിൽക്കാതെ സ്പഷ്ടമായൊരു മേൽവിലാസം കേരള ക്രിക്കറ്റിനുമുണ്ടാകും.

'ജെൻ സി' പ്രക്ഷോഭം ലക്ഷ്യം കണ്ടു; നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് മൂന്ന് പാർട്ടികൾ, 12 എംപിമാർ

ഹിമാചലിൽ മണ്ണിടിച്ചിൽ; ഒരു സ്ത്രീ മരിച്ചു, സഞ്ചാരികൾ കുടുങ്ങി

ചിത്രങ്ങൾ‌ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതിയിൽ ഹർജിയുമായി ഐശ്വര്യ റായ്

നേപ്പാളിൽ 'ജെൻ സി' പ്രക്ഷോഭം തുടരുന്നു; പ്രധാനമന്ത്രിയുടെ രാജിക്കായി സമ്മർദം