സജ്ജമായോ, ടേക്ക് ഓഫിന്? മുഖപ്രസംഗം KBJ | Metro Vaartha
Editorial

സജ്ജമായോ, ടേക്ക് ഓഫിന്? മുഖപ്രസംഗം

പിണറായി വിജയന്‍റെ രണ്ടാം സർക്കാരിന്‍റെ അവസാനത്തെ സമ്പൂർണ ബജറ്റാണിത്

രൂക്ഷമായ ധനഞെരുക്കത്തിന്‍റെ തീക്ഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചിരിക്കുന്നുവെന്നും ടേക്ക് ഓഫിനു സജ്ജമായിരിക്കുകയാണെന്നുമുള്ള അവകാശവാദവുമായാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. നികുതി വിഹിതം വെട്ടിക്കുറച്ചതടക്കമുള്ള കേന്ദ്രത്തിന്‍റെ നടപടികൾ സർക്കാരിനെ ഞെരുക്കുന്നതായിട്ടും തനതു വരുമാനത്തിൽ വർധനയുണ്ടാക്കി പിടിച്ചുനിൽക്കാൻ കഴിഞ്ഞതു നേട്ടമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ സർക്കാരിന്‍റെ കാലത്ത് റവന്യൂ കമ്മിയും ധനക്കമ്മിയും കടഭാരവും ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞുവെന്നും കണക്കുകൾ നിരത്തി അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ, ബജറ്റ് പ്രതികരണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിക്കുന്നത് സാമ്പത്തിക പ്രതിസന്ധി ഗുരുതരമെന്നു തന്നെയാണ്. കഴിഞ്ഞ ബജറ്റിൽ വിവിധ പദ്ധതികൾക്കു പ്രഖ്യാപിച്ച തുക വൻതോതിൽ വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സർക്കാരിനു നിലവിലുള്ള കടം നികത്താൻ പോലും പുതിയ ബജറ്റിൽ അനുവദിച്ച തുക തികയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നുണ്ട്. സർക്കാർ പക്ഷത്തും പ്രതിപക്ഷത്തുമുള്ള വിദഗ്ധർ ബജറ്റിനെ രണ്ടു തരത്തിൽ വിലയിരുത്തുന്നതു സ്വാഭാവികമാണ്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടന്നോ എന്നത് വരുംദിവസങ്ങളിലും ചർച്ച ചെയ്യപ്പെടും.

പിണറായി വിജയന്‍റെ രണ്ടാം സർക്കാരിന്‍റെ അവസാനത്തെ സമ്പൂർണ ബജറ്റാണിത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. അതിനുമുൻപ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമുണ്ട്. തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുകൊണ്ട് ബജറ്റ് ഏറെ ജനപ്രിയമാവുമെന്നു പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കൈവിട്ട കളികൾക്ക് ധനമന്ത്രി തുനിഞ്ഞിട്ടില്ല. ശമ്പള പരിഷ്കരണ കമ്മിഷൻ സംബന്ധിച്ച പ്രഖ്യാപനമൊന്നും ഉണ്ടായില്ല. സാമൂഹിക ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചിട്ടില്ല. അധിക വിഭവ സമാഹരണത്തിനായി നികുതി-ഫീസ് വർധന പ്രഖ്യാപിക്കുകയും ചെയ്തു. ഭൂനികുതി 50 ശതമാനമാണു കൂട്ടുന്നത്. ഒറ്റയടിക്ക് ഇത്രയും വർധന വിമർശിക്കപ്പെടുന്നുണ്ട്. കോടതി ഫീസുകളും വാഹന നികുതിയും വർധിക്കുന്നു. ഇലക്‌ട്രിക് വാഹനങ്ങൾക്കു പ്രോത്സാഹനം നൽകുന്നതാണ് രാജ്യത്തു പൊതുവിൽ കണ്ടുവരുന്ന രീതി. എന്നാൽ, ഈ ബജറ്റിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി വർധിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും അധിക വിഭവ സമാഹരണത്തിനു വഴി കണ്ടെത്താതെ മുന്നോട്ടുപോകാനാവില്ലെന്നാണു ബജറ്റ് കാണിച്ചുതരുന്നത്.

എന്തായാലും സർക്കാർ ജീവനക്കാരെ ഒപ്പം നിർത്തുന്നതിനു സഹായിക്കുന്ന ചില പ്രഖ്യാപനങ്ങൾ ധനമന്ത്രി നടത്തിയിട്ടുണ്ട്. ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കുന്നു. അത് പിഎഫില്‍ ലയിപ്പിക്കുകയാണു ചെയ്യുക. ഡിഎ കുടിശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക് ഇന്‍ പീരിയഡ് ഒഴിവാക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത/ക്ഷാമാശ്വാസം ഈ ഏപ്രിലിൽ നല്‍കും. സർവീസ് പെന്‍ഷന്‍ പരിഷ്കരണ കുടിശികയുടെ അവസാന ഗഡു ഫെബ്രുവരിയില്‍ വിതരണം ചെയ്യും. ദിവസ വേതന കരാര്‍ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം വർധിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിർമാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക് / ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് രണ്ടു ശതമാനം പലിശയിളവു നല്‍കും. പങ്കാളിത്ത പെന്‍ഷനു പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി 2025-26ല്‍ നടപ്പിലാക്കും. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 750 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന രണ്ട് ടൗൺഷിപ്പുകൾ നിർമിക്കുമെന്ന് സർക്കാർ നേരത്തേ പ്രഖ്യാപിച്ചതാണ്. ഈ പദ്ധതിക്കുള്ള 750 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് എന്നതു ശ്രദ്ധേയമാണ്. ആദ്യ ഘട്ടം പദ്ധതി മാത്രമാണിത്. വയനാട്ടിൽ സംഭവിച്ചത് 1202 കോടി രൂപയുടെ നഷ്ടമാണെന്നും പുനരധിവാസത്തിനു മൊത്തം 2221 കോടി രൂപ ആവശ്യമാണെന്നും ബജറ്റ് വ്യക്തമാക്കുന്നു. ദുരിതബാധിതർക്കായി കേന്ദ്രം യാതൊരു സഹായവും നൽകിയിട്ടില്ലെന്നും ധനമന്ത്രി ഓർമിപ്പിക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖം ഉയർത്തുന്ന വികസന സാധ്യതകൾ ബജറ്റ് വ്യക്തമായി കാണുന്നുണ്ട്. വിഴിഞ്ഞം– കൊല്ലം– പുനലൂര്‍ വികസന ത്രികോണത്തിന് 1000 കോടി രൂപയാണു വിനിയോഗിക്കുന്നത്. വിഴിഞ്ഞത്തെ പ്രധാന ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. ഈ തുറമുഖവുമായി ബന്ധപ്പെടുത്തിയുള്ള വ്യവസായ ഇടനാഴിയുടെ വികസനം കേരളത്തിന്‍റെ മൊത്തത്തിലുള്ള വികസനത്തിനു സഹായിക്കുമെന്നതിൽ സംശയമില്ല. കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിക്ക് 200 കോടി രൂപയാണു മാറ്റിവച്ചിരിക്കുന്നത്. ഈ വ്യവസായ ഇടനാഴിയും നാളത്തെ കേരളത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കേണ്ടതാണ്.

അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനു ബജറ്റിൽ പൊതുവേ ഊന്നൽ നൽകിയിട്ടുണ്ട്. കിഫ്ബിക്കു വരുമാനമുണ്ടാക്കുന്നതിനെക്കുറിച്ച് ബജറ്റ് പറയുന്നുണ്ട്. കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാൻ ആലോചനയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. കിഫ്ബിയുമായി ബന്ധപ്പെടുത്തി പുതിയ ഐടി പാർക്കുകൾ തുടങ്ങുന്നത് ഐടി മേഖലയിലുള്ള യുവാക്കൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. ദക്ഷിണ കേരളത്തിൽ കപ്പൽ ശാലയ്ക്കുള്ള നിർദേശം, കൊച്ചി മെട്രൊയുടെ വികസനം, തിരുവനന്തപുരം, കോഴിക്കോട് മെട്രൊകൾക്കായുള്ള പരിശ്രമം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ ബജറ്റ് നിരത്തുന്നു. തിരുവനന്തപുരം മെട്രൊയുടെ പ്രാരംഭ പ്രവർത്തനങ്ങൾ 2025-26ൽ ആരംഭിക്കാനാണു പദ്ധതിയിടുന്നത്. അതിവേഗ റെയ്‌ൽപ്പാത വേണമെന്ന നിലപാടിലും സർക്കാർ ഉറച്ചുനിൽക്കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കു പുതു സംരംഭങ്ങള്‍ തുടങ്ങാന്‍ ന്യൂ ഇന്നിങ്സ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍