ഒന്നിച്ചു നിൽക്കാം, നമ്മുടെ ആവശ്യങ്ങൾക്കായി
ജനങ്ങളുടെ താത്പര്യമാണ് ജനാധിപത്യത്തിൽ മുഖ്യം. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരും എല്ലാം പ്രവർത്തിക്കേണ്ടതു ജനങ്ങൾക്കു വേണ്ടി തന്നെ. നാടിന്‍റെയും ജനങ്ങളുടെയും ആവശ്യങ്ങൾക്കു മുന്നിൽ രാഷ്ട്രീയം കളിക്കുന്നത് ജനാധിപത്യത്തിനു ഗുണകരമാവില്ല. നാടിന്‍റെ വികസനത്തിനു വേണ്ടി രാഷ്ട്രീയം മാറ്റിവച്ച് എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ തീർച്ചയായും അതിനു ഫലമുണ്ടാവും. അത്തരത്തിലുള്ള നീക്കങ്ങളാണ് കേരളം ഇപ്പോൾ ആഗ്രഹിക്കുന്നതും. പരസ്പരം വെല്ലുവിളിച്ചതു കൊണ്ടോ പോരടിച്ചതു കൊണ്ടോ സാമ്പത്തിക പ്രതിസന്ധിയടക്കം സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാനാവില്ല. രാഷ്ട്രീയമൊക്കെ ആവശ്യമാണ്. അതുപക്ഷേ, സകലതിലും കൂട്ടിക്കലർത്തേണ്ടതില്ല.
ഏറെക്കാലമായി ഗവർണറും സർക്കാരും തമ്മിലുള്ള പോരാട്ടത്തിലായിരുന്നു സംസ്ഥാനം. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കാലത്ത് നിരന്തരം ഏറ്റുമുട്ടലുകളായിരുന്നു. ഗവർണറെ ഒതുക്കാൻ സർക്കാരും സർക്കാരിനെ പിടിക്കാൻ ഗവർണറും പരിശ്രമിച്ചുകൊണ്ടിരുന്നു. സർവകലാശാലകളുടെ ഭരണത്തെയും പ്രവർത്തനത്തെയും വരെ അതു ബാധിച്ചു. പ്രതിപക്ഷത്തെക്കാളേറെ സർക്കാരുമായി പോരടിക്കുന്ന ഗവർണർ എന്നതായിരുന്നു അവസ്ഥ. തനിക്കെതിരായ പ്രതിഷേധങ്ങളെ തെരുവിലിറങ്ങി നേരിട്ട ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ നയങ്ങളോടുള്ള തന്‍റെ അതൃപ്തി പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ബില്ലുകൾ ഒപ്പുവയ്ക്കാതെ പിടിച്ചുവച്ചതും സംസ്ഥാന സർക്കാരിനെ അസ്വസ്ഥമാക്കി. കേന്ദ്രത്തിന്‍റെ വക്താവായി നിന്ന് ഗവർണർ സംസ്ഥാന സർക്കാരിനെ ദ്രോഹിക്കുന്നു എന്നായിരുന്നു ഇടതുപക്ഷ നേതാക്കളുടെ ആരോപണം.
കേരളത്തിൽ മാത്രമല്ല പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള വടംവലികളുണ്ടാവുന്നുണ്ട്. തമിഴ്നാട്ടിൽ ഈ പോര് കൂടുതൽ രൂക്ഷമാണ്. ഇത്തരത്തിലുള്ള ഒരു പോരിനില്ലെന്നു കേരളത്തിൽ അധികാരമേറ്റപ്പോൾ മുതൽ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്ലേക്കർ സൂചന നൽകുന്നുണ്ട്. സർക്കാരുമായി ഒരുവിധ ഏറ്റുമുട്ടലിനും അദ്ദേഹം തുനിയുന്നില്ല. എന്നു മാത്രമല്ല സർക്കാരിനെ പരമാവധി സഹായിക്കാനുള്ള സന്നദ്ധതയും കാണിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസം ഡൽഹിയിലെ കേരള ഹൗസിലുണ്ടായ അസാധാരണമായ സംഭവവികാസങ്ങൾ അതിന്‍റെ തെളിവാണ്.
ചൊവ്വാഴ്ച കേരള ഹൗസിൽ സംസ്ഥാനത്തു നിന്നുള്ള എംപിമാർക്കായി ഗവർണർ അത്താഴവിരുന്ന് ഒരുക്കുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും അതിൽ പങ്കെടുത്തു. കേരളത്തിന്‍റെ പൊതുവായ ലക്ഷ്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഗവർണറും മുഖ്യമന്ത്രിയും എംപിമാരും തമ്മിലുള്ള ഈ കൂടിക്കാഴ്ച ഉപകരിച്ചിട്ടുണ്ട്. വികസനത്തിനു വേണ്ടിയുള്ള സംയുക്ത ശ്രമങ്ങൾ ഇത്തരത്തിലാണു മുന്നോട്ടുപോകേണ്ടത്. ഗവർണറും മുഖ്യമന്ത്രിയും എംപിമാരും ഒറ്റക്കെട്ടായി നിന്ന് ഇനിയും കേരളത്തിനു വേണ്ടി പ്രവർത്തിക്കണം. അതിനുള്ള തുടക്കമായി ഇതു മാറിയാൽ ജനങ്ങൾ കൈയടിച്ചു സ്വാഗതം ചെയ്യും. സംസ്ഥാനത്തിന്‍റെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനു മുന്നിൽ അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്കൊപ്പം നിലകൊള്ളുമെന്നാണ് കൂടിക്കാഴ്ചയിൽ ഗവർണർ പറഞ്ഞത്. കേരളത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ചു താൻ ബോധവാനാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കേരളത്തിനു മുൻഗണന നൽകി ഒരുമിച്ചു പ്രവർത്തിക്കണമെന്നാണ് അദ്ദേഹം എംപിമാരോടു പറഞ്ഞത്. ഗവർണർ ഒപ്പം നിൽക്കുന്നതിനെ മുഖ്യമന്ത്രിയും സ്വാഗതം ചെയ്യുന്നുണ്ട്. കോൺഗ്രസ് നേതാവും എംപിയുമായ ഡോ. ശശി തരൂരും ഗവർണറുടെ നടപടിയെ അഭിനന്ദിക്കുകയുണ്ടായി. ഒരു പുതിയ തുടക്കമായി ഇതിനെ കാണാവുന്നതാണ്.
ഇതിനു പിന്നാലെ ഇന്നലെ രാവിലെ കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കൂടിക്കാഴ്ച നടത്തിയപ്പോഴും ഗവർണർ അർലേക്കർ ഒപ്പമുണ്ടായിരുന്നു. സംസ്ഥാനത്തിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പ്രോട്ടോകോളുകൾ മറികടന്ന് മുഖ്യമന്ത്രിക്കൊപ്പം ഗവർണറും കൂടിയിരുന്ന് കേരളത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കുന്നത് അത്യസാധാരണ സംഭവവികാസം തന്നെയാണ്.
സാമ്പത്തിക സഹായം നൽകുന്നതിൽ കേന്ദ്ര സർക്കാർ കേരളത്തോടു വിവേചനം കാണിക്കുന്നുവെന്ന പരാതി നിലനിൽക്കുന്നുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ധനസഹായത്തിന്‍റെ കാലാവധി നീട്ടുന്നതും പ്രത്യേക പാക്കെജും അടക്കം വിഷയങ്ങളുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സഹായം ലഭിക്കേണ്ടതുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം നിർത്തിയതും ഗ്രാന്‍റുകൾ കുറഞ്ഞതും കേരളത്തെ ബാധിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ കടമെടുപ്പു പരിധി കുറച്ചതിനെതിരേയും നേരത്തേ സംസ്ഥാന സർക്കാർ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം വിഷയങ്ങളിലെല്ലാം കേരളം ഒന്നിച്ചു നിൽക്കണം. ഗവർണറും സർക്കാരും തമ്മിലുള്ള സൗഹൃദം തുടർന്നും നിലനിൽക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കേരളത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്ര ധനമന്ത്രി ഗൗരവത്തോടെ പരിഗണിക്കുമെന്നും കരുതാം.