സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി രാജ്യത്തിനു തന്നെ മാതൃകയായി തീരാവുന്നതാണ്. അതിനാൽ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നതുമാണ്. 2025 നവംബർ ഒന്നിന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുക ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി ഒന്ന്, രണ്ട് ഘട്ടങ്ങളുടെ പ്രഖ്യാപനം ഈ വർഷവും അടുത്ത വർഷവുമായി നടത്താനും സർക്കാർ തലത്തിൽ തീരുമാനമുണ്ട്. ഓരോ ഘട്ടത്തിലും ഓരോ വിഭാഗങ്ങളിലും എത്ര കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്നു മോചിപ്പിച്ചുവെന്ന് പ്രത്യേകം പ്രഖ്യാപിക്കും എന്നാണ് അവകാശപ്പെടുന്നത്.
ഓരോ പൗരനും അതിദാരിദ്ര്യത്തിൽ നിന്നു മോചനം പ്രാപിക്കുന്നത് ഉറപ്പുവരുത്താൻ സർക്കാരിനു കഴിയുന്നത് അടിസ്ഥാനപരമായി ജനങ്ങളോടുള്ള ബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമാണ്. പക്ഷേ, അത് യാഥാർഥ്യമാക്കാൻ ജനാധിപത്യ സർക്കാരുകൾക്കു പലപ്പോഴും കഴിയാറില്ല എന്നതും വാസ്തവം. ഒരു നേരത്തെ ഭക്ഷണം കിട്ടാൻ വിഷമിക്കുന്ന നിരവധിയാളുകൾ നമ്മുടെ രാജ്യത്തുണ്ട്. വിശന്നു വലയുമ്പോൾ പൈപ്പു വെള്ളം കുടിച്ച് പല മണിക്കൂറുകൾ തള്ളിനീക്കാൻ വിധിക്കപ്പെട്ടവർ. വീടോ ജോലിയോ വരുമാനമോ ഉറ്റവരോ ഉടയവരോ ഇല്ലാതെ തെരുവിൽ അലയുന്നവർ മുതൽ തൊഴിലെടുക്കാൻ വയ്യാതെ ആരോഗ്യം ക്ഷയിച്ച് അവശത അനുഭവിക്കുന്നവർ വരെ എത്രയെത്ര ആളുകളാണ് അതിദാരിദ്ര്യത്തിൽ വലയുന്നത്. അവരുടെയൊക്കെ മിനിമം കാര്യങ്ങൾ നടന്നുപോകുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഒരു സർക്കാർ എന്തുകൊണ്ടും മാതൃകയാണ്.
നീതി ആയോഗിന്റെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണു കേരളം. അവർ തയാറാക്കിയ ഏറ്റവും അവസാനത്തെ ദാരിദ്ര്യ സൂചിക അനുസരിച്ച് 0.55 ശതമാനം പേർ മാത്രമാണ് കേരളത്തിൽ ദാരിദ്ര്യം അനുഭവിക്കുന്നത്. കഴിഞ്ഞ തവണ 0.71 ശതമാനമായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം, പാർപ്പിടം, പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, വൈദ്യുതി ലഭ്യത തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് നീതി ആയോഗ് സൂചിക തയാറാക്കുന്നത്. അതിദാരിദ്ര്യം തീരെ കുറഞ്ഞ സംസ്ഥാനം എന്നു പറയുമ്പോഴും കുറച്ചു പേരെങ്കിലും ഇവിടെയും പട്ടിണി കിടക്കുന്നുണ്ട്, വീടില്ലാതെ അലയുന്നുണ്ട്. അവരെക്കൂടി ദാരിദ്ര്യത്തിനു പുറത്തേക്കു നയിക്കുക എന്നതാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി ഉദ്ദേശിക്കുന്നതും.
2021 ജൂലൈ മുതൽ 2022 ജനുവരി വരെ നീണ്ടുനിന്ന ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങളിലാണ് അതിദരിദ്രരെ കണ്ടെത്തിയതെന്നു സർക്കാർ വിശദീകരിക്കുന്നുണ്ട്. ശാസ്ത്രീയമായി നടത്തിയ സർവെയിൽ 64,006 അതിദരിദ്ര കുടുംബങ്ങളെയാണു കണ്ടെത്തിയത്. നാലു ഘടകങ്ങൾ പരിഗണിച്ചാണ് അതിദാരിദ്ര്യ നിർണയം. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണിവ. ഇതിൽ ഓരോ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുക എന്നത് പദ്ധതി നടത്തിപ്പിന്റെ ഭാഗം. ഉദാഹരണത്തിന് ആരോഗ്യ പ്രശ്നങ്ങളുള്ള 28,663 വ്യക്തികൾ അടങ്ങിയ 13,753 കുടുംബങ്ങളാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഭക്ഷണത്തിനും ആരോഗ്യത്തിനും പ്രശ്നങ്ങളുള്ള 8,671 കുടുംബങ്ങളുണ്ട്. ഇവരുടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിക്കുന്ന നടപടികൾ ഫലപ്രദമാവുകയെന്നത് പദ്ധതിയുടെ വിജയത്തിൽ വളരെ നിർണായകമാണ്. അതുകൊണ്ടു തന്നെ സൂക്ഷ്മനിരീക്ഷണം ഇതിൽ ആവശ്യവുമാണ്.
അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞവർക്ക് അടുത്തുള്ള സ്കൂളിൽ പഠിക്കാൻ സൗകര്യം ഏർപ്പെടുത്തുമെന്നും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളജ് കാന്റീനിൽ സൗജന്യമായി ഭക്ഷണം എന്നിവ നൽകാനും തീരുമാനമുണ്ട്. ഭൂരഹിതർക്കും ഭവനരഹിതർക്കും ഭൂമിയും വീടും ഉറപ്പാക്കാനുള്ള നടപടികളും ഊർജിതമാക്കുകയാണ്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ശുശ്രൂഷ, പുനരധിവാസം എന്നിവ ഉറപ്പാക്കാനും മുഖ്യമന്ത്രി അധികൃതരോടു നിർദേശിച്ചിരിക്കുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാനസിക പ്രശ്നമുള്ളവർക്ക് മെഡിക്കൽ കോളെജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ മനോരോഗ വിദഗ്ധരുടെ സേവനങ്ങൾ നൽകുക, മരുന്നുകൾ ലഭ്യമാക്കുക എന്നീ നിർദേശങ്ങളും മുഖ്യമന്ത്രി നൽകിയിരിക്കുകയാണ്.
വരുമാനമില്ലാത്തവർക്ക് തൊഴിലുറപ്പു പദ്ധതിയിൽ തൊഴിലെടുക്കുന്നതിന് ജോബ് കാർഡുകൾ വിതരണം ചെയ്യുന്നതു പോലുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. പശു വിതരണം, തയ്യൽ മെഷീൻ വിതരണം എന്നിങ്ങനെയുള്ള നടപടികളും ദാരിദ്ര്യ നിർമാർജന യജ്ഞത്തിന്റെ ഭാഗമാണ്. പാവപ്പെട്ടവരെ വിശപ്പിന്റെയും അരക്ഷിതത്വത്തിന്റെയും പിടിയിൽ നിന്നു മോചിപ്പിക്കാനുള്ള ഏതു ശ്രമവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പദ്ധതിയുടെ വിജയത്തിനായി നൂറു ശതമാനം ആത്മാർഥതയോടെയുള്ള പ്രവർത്തങ്ങൾ ഉണ്ടാവട്ടെ.