വേഗത്തിലാവട്ടെ, വയനാട്ടിലെ പുനരധിവാസം | മുഖപ്രസംഗം file image
Editorial

വേഗത്തിലാവട്ടെ, വയനാട്ടിലെ പുനരധിവാസം | മുഖപ്രസംഗം

വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഇതിന്‍റെ ഭാഗമായി സർക്കാർ നിർമിക്കാനുദ്ദേശിക്കുന്നത് 1,000 ചതുരശ്ര അടി വീതമുള്ള വീടുകളാണെന്നാണ് റിപ്പോർട്ടുകൾ. പുനരധിവാസത്തിനുള്ള കരടു പദ്ധതി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അവതരിപ്പിച്ചു. ഇതിന്മേലുള്ള ചർച്ച 26നു ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ്. പദ്ധതി അനശ്ചിതമായി വൈകില്ല എന്ന് ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷിക്കാം.

ജൂലൈ 29ന്‌ അർധരാത്രി കഴിഞ്ഞ് വയനാട്‌ ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകൾ ഉൾപ്പെടുന്ന മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമറ്റം പ്രദേശങ്ങൾ ഉരുൾപൊട്ടലിൽ ഇല്ലാതാവുകയായിരുന്നു. 6 മാസം കഴിയാറായിട്ടും പുനരധിവാസത്തെപ്പറ്റിയുള്ള ആലോചനകൾ അനന്തമായി നീളുകയാണ്. അത് എത്രയും പെട്ടെന്ന് യാഥാർഥ്യമാവണം. വലിയൊരു ദുരന്തം അതിജീവിച്ച ജനതയെ അനശ്ചിതത്വത്തിലാക്കാതെ അവരുടെ ആശങ്കയും ഉത്കണ്ഠവും മനസിലാക്കി തീരുമാനമെടുക്കാൻ സാധിക്കേണ്ടതുണ്ട്.

ജനുവരിയിൽ ഗുണഭോക്താക്കളുടെ പട്ടിക പൂർത്തിയാക്കാനാണ് തീരുമാനം. എന്നാൽ, മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പില്‍ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയില്‍ പാകപ്പിഴയെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുണ്ടായത് ഉദ്യോഗസ്ഥരുടെ കണ്ണു തുറപ്പിക്കണം. ഇത് സാധാരണ ഉപഭോക്തൃ ലിസ്റ്റല്ല. ജീവിതം തിരിച്ചുപിടിക്കാൻ എല്ലാം നഷ്ടപ്പെട്ട ഒരു ജനത നടത്തുന്ന അതിജീവന പോരാട്ടമാണ്. അവർക്ക് പിന്തുണ നൽകുന്നതിനു പകരം അത് കൂടുതൽ കുരുക്കുന്ന വിധത്തിലുള്ള ഇടപെടൽ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അപലപനീയമാണ്.

ഇത്തരമൊരു ലിസ്റ്റ് തയാറാക്കുന്നതിൽ പോലും വീഴ്ച വരുത്തുന്നുണ്ടെങ്കിൽ അത് കർശനമായി നേരിടേണ്ട കാര്യമാണ്. അവിടെ, "ഇത് കരട് ലിസ്റ്റാണ്' എന്നു പറഞ്ഞ് ന്യായീകരിക്കുന്നത് ഒട്ടും ഭൂഷണമല്ല. രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ വീഴ്ചയായി അത് വിലയിരുത്തപ്പെടുക തന്നെ ചെയ്യും. ഒരു വാര്‍ഡില്‍ മാത്രം 70 പേര് ഇരട്ടിച്ചുവെങ്കിൽ ഇവർ എന്ത് ലിസ്റ്റാണ് തയ്യാറാക്കിയതെന്ന് ചോദിക്കാതിരിക്കാനാവില്ല. കേവലം 388 പേരുടെ പട്ടികയിലാണ് അതിന്‍റെ നാലിലൊന്നോളം ക്രമക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥലവാസികൾക്ക് പ്രതിഷേധിക്കേണ്ടി വന്നത്. പട്ടികയില്‍ പരാതിയുണ്ടെങ്കില്‍ ജനുവരി 10നുള്ളില്‍ അറിയിക്കാന്‍ കലക്റ്ററേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. ഈ ചെറുപട്ടികയിൽ പോലും ക്രമക്കേട് കാട്ടിയവരെ മാതൃകാപരമായി ശിക്ഷിക്കണം. അത്തരം നിരുത്തരവാദ ഇടപെടലുകൾ നടത്തിയവരെ പുനരധിവാസത്തിന്‍റെ ഏഴയലത്തു പോലും അടുപ്പിക്കാൻ പാടില്ല.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവമായി കാണുന്നുവെന്ന് റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചിട്ടുണ്ട്. പട്ടികയിലെ പേരുകളിലുണ്ടായ ഇരട്ടിപ്പും തെറ്റായ വിവരങ്ങളും ജാഗ്രതക്കുറവു കൊണ്ട് ഉണ്ടായതാണെങ്കിൽ കർശനമായ നടപടി ഉണ്ടാകും. ദുരന്തബാധിതരുടെ പുനരധിവാസത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സർക്കാരിന്. ജനുവരിയിൽ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പൂർത്തിയാക്കും. സബ് കലക്റ്ററുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നേരിട്ട് പോയി പരിശോധിച്ച ശേഷമാകും അന്തിമ പട്ടിക തയ്യാറാക്കുകയെന്ന് അദ്ദേഹം പറഞ്ഞത് പ്രാവർത്തികമാവുന്നതിനായി കാത്തിരിക്കാം.

പുനരധിവാസ പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ്. വീടുകൾ നിർമിക്കാൻ സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് തീരുമാനമെന്നറിയുന്നു. 26നേ ഇതു സംബന്ധിച്ച് വ്യക്തത കൈവരൂ. മികവും ഈടുനിൽക്കുന്നതുമായ വീടുകൾ നിർമിക്കുമെന്നുറപ്പുള്ളവർക്ക് ഭൂമി കൈമാറും. സർക്കാരിന്‍റെ രൂപകല്പനയ്ക്ക് അനുസൃതമായിട്ടായിരിക്കണം ഇവർ വീടുകൾ നിർമിക്കേണ്ടത്. ഇങ്ങനെ നിർമിക്കുന്ന വീടുകളിൽ ആവശ്യാനുസരണം സിമ‌ന്‍റും മണലും കമ്പിയും ഉൾപ്പെടെയുള്ളവ ചേർക്കുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കണം. ഇത് ഏതെങ്കിലും സന്നദ്ധ സംഘടനകളെയോ പ്രസ്ഥാനങ്ങളെയോ അപമാനിക്കാനല്ല. അവർ നൽകുന്ന പണം കൃത്യമായി വിനിയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകതന്നെ വേണം. ദുരിതാശ്വാസ ഫണ്ടു കൊണ്ട് നിർമിച്ച വീടുകൾ മാത്രമല്ല, റോഡും അധികം വൈകാതെ തകർന്നതിന് ഒരുപാട് ഉദാഹരണങ്ങൾ നാട്ടിലുണ്ട്.

നെടുമ്പാറ, എൽസ്റ്റോൺ എസ്റ്റേറ്റുകളാണ് പുനരധിവാസത്തിനായി സർക്കാരിന്‍റെ പരിഗണനയിലുള്ളത്. ഭൂമി ദുരന്തനിവാരണ നിയമ പ്രകാരം ഏറ്റെടുക്കാനാണ് ധാരണ. ഭൂമി ഏറ്റെടുക്കലിനെതിരേ എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ പോയിരിക്കുകയാണ്. ഭൂമിക്ക് നഷ്ടപരിഹാരം നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി വിധി അനുസരിച്ചായിരിക്കും നടപടിയുമായി മുന്നോട്ട് പോകുക. അതിന്‍റെ വിധി വേഗത്തിലാക്കുന്നതിനുള്ള നിയമപരമായ ഇടപെടലുകൾ നടത്തി എത്രയും പെട്ടെന്ന് തീരുമാനം സാധ്യമാക്കാനാവണം.

അതിദാരിദ്ര നിർമ്മാർജനത്തിനായി കർമപദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന കുടുംബശ്രീക്ക് സമയബന്ധിതമായി ഉരുൾ പൊട്ടൽ ദുരന്ത പുനരധിവാസത്തിനായുള്ള മൈക്രോ പ്ലാൻ തയാറാക്കുന്നതിലും നേട്ടം കൈവരിക്കാനായത് എടുത്തു പറയേണ്ടതുണ്ട്. 6 മേഖലകൾ കേന്ദ്രീകരിച്ചുള്ള അതിജീവന പദ്ധതികൾ സൂഷ്മതലത്തിലുള്ള പുനരധിവാസം സാധ്യമാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് ഉറപ്പുനൽകി. ഇവയുടെ പൂർത്തീകരണവും മാതൃകാപരമായിരിക്കുമെന്ന വാഗ്ദാനം പ്രാവർത്തികമാവട്ടെ.

വയനാട് ദുരന്തമുണ്ടായി ഇത്രയും നാളായിട്ടും കേന്ദ്ര സർക്കാരിന്‍റെ സഹായത്തിൽ തീരുമാനമുണ്ടാവാത്തത് പ്രതിഷേധാർഹമാണ്. ഈ ദുരന്തത്തെ കേന്ദ്രം ഇനിയും അതിതീവ്ര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് 10ന്‌ വയനാട്ടിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ അടിയന്തര സഹായത്തിനുള്ള നിവേദനം കൈമാറിയിരുന്നു. കേരളത്തിന് ആവശ്യമായ സഹായം ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തതാണ്. എന്നാൽ, അതിനേക്കാൾ കുറഞ്ഞ പ്രളയ ദുരിതമുണ്ടായ സംസ്ഥാനങ്ങളിൽ മുൻകൂറായി പണം അനുവദിച്ചിട്ടും കേരളത്തിന് സഹായം നൽകാത്തത് വിവേചനപരമാണെന്ന വാദം ശരിവയ്ക്കാതിരിക്കാനാവില്ല. 2,219.033 കോടിയുടെ പ്രത്യേക പാക്കെജാണ്‌ കേരളം ആവശ്യപ്പെട്ടത്‌. ഓഖി ദുരന്തം, 2018ലെ പ്രളയം എന്നിവയിൽ കേരളം ആവശ്യപ്പെട്ടതിന്‍റെ ചെറിയ ശതമാനമാണ്‌ അനുവദിച്ചത്‌. ആ അനീതി തിരുത്തത്തക്കവിധത്തിൽ വയനാട് പുനരധിവാസം മികച്ച രീതിയിൽ പൂർത്തിയാക്കുന്നതിനാവശ്യമായ ധനസഹായം എത്രയും പെട്ടെന്ന് അനുവദിക്കാൻ കേന്ദ്ര സർക്കാൻ സന്നദ്ധമാവണമെന്ന് അഭ്യർഥിക്കുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു