സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഒളിംപിക്സ് മാതൃക സ്വീകരിച്ചതു കഴിഞ്ഞ വർഷമാണ്. ഒളിംപിക്സ് ആശയങ്ങളുമായി കുട്ടികളെ കൂടുതൽ അടുപ്പിച്ചുകൊണ്ട് ഇത്തരത്തിൽ കായിക മേള സംഘടിപ്പിക്കുന്നത് മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നതിൽ സംശയമില്ല. കഴിഞ്ഞ വർഷം എറണാകുളത്തും ഈ വർഷം തിരുവനന്തപുരത്തും മേള ഭംഗിയായി നടന്നു എന്നും പറയാം. ഇത്തവണത്തെ മേളയിൽ പങ്കെടുത്ത് തങ്ങളുടെ മാറ്റു തെളിയിച്ച മുഴുവൻ വിദ്യാർഥികളെയും അഭിനന്ദിക്കുന്നു. അവർക്ക് ദേശീയ മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലുമൊക്കെ തിളങ്ങാനുള്ള അവസരങ്ങൾ ഉണ്ടാവണം.
അതിന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന താരങ്ങൾക്കു ശരിയായ പരിശീലനവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. സ്കൂൾ മീറ്റുകളിൽ തിളങ്ങിയ പലരും പിന്നീട് ഒന്നുമാവാതെ പോയിട്ടുണ്ട്. അതിനു കാരണം അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ സർക്കാരിനും കായികാധികൃതർക്കും സംഭവിച്ചിട്ടുള്ള പാളിച്ചകളാണ്. ഈ കുട്ടികളാണ് നാളെ രാജ്യത്തിന്‍റെയും കേരളത്തിന്‍റെയും അഭിമാനം സംരക്ഷിക്കുന്ന താരങ്ങളായി വളർന്നു വരേണ്ടത്. അങ്ങനെയൊരു ചിന്ത സർക്കാരിൽ ഉണ്ടാവുന്നതു മുഖ്യമാണ്.
കായിക മേളയിൽ സ്വർണം നേടിയ വീടില്ലാത്തവർക്കു വീടു നിർമിച്ചു നൽകുമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്. വീടുകൾ നിർമിക്കുന്നതിന് സ്പോൺസർമാരായിട്ടുണ്ടെന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള സഹായങ്ങൾ സ്പോർട്സിനോടുള്ള കുട്ടികളുടെ താത്പര്യം വർധിപ്പിക്കുക തന്നെ ചെയ്യും. നാളെ രാജ്യത്തെ മികച്ച താരമാവുന്നതിനു നല്ല പരിശ്രമം ഓരോ കുട്ടിക്കും ആവശ്യമുണ്ട്. അതിൽ അവർക്കൊപ്പം നിൽക്കുന്നതു സമൂഹത്തിന്‍റെ ഉത്തരവാദിത്വമായി കാണേണ്ടതാണ്. പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതു പോലെ പ്രധാനമാണല്ലോ താമസവും ഭക്ഷണവുമൊക്കെ.
കഴിഞ്ഞ വർഷത്തേതു പോലെ ഇത്തവണയും കായിക മേളയിൽ ഓവറോൾ ചാംപ്യന്മാരായിരിക്കുന്നതു തിരുവനന്തപുരം ജില്ലയാണ്. ജിവി രാജ സ്പോർട്സ് സ്കൂളിന്‍റെ കരുത്തിൽ തലസ്ഥാന ജില്ല കായിക രംഗത്തെയും തലസ്ഥാനമായി തലയുയർത്തി നിൽക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിനെക്കാൾ വളരെ മുന്നിലാണ് പോയിന്‍റ് നിലയിൽ തിരുവനന്തപുരമുള്ളത്. ഗെയിംസിലും അക്വാട്ടിക്സിലും ആതിഥേയർക്ക് എതിരാളികളേയുണ്ടായിരുന്നില്ല. 203 സ്വർണവും 147 വെള്ളിയും 171 വെങ്കലവും നേടിയ തിരുവനന്തപുരത്തിന് മൊത്തം 1825 പോയിന്‍റാണുള്ളത്.
കഴിഞ്ഞ വർഷം നേടിയ 1935 പോയിന്‍റിൽ എത്തിയില്ലെങ്കിലും മറ്റു ജില്ലകളുമായുള്ള താരതമ്യത്തിൽ അവരുടെ പ്രകടന മികവിൽ യാതൊരു സംശയവും ഉദിച്ചില്ല. 91 സ്വർണവും 56 വെള്ളിയും 109 വെങ്കലവും നേടിയ തൃശൂർ 892 പോയിന്‍റോടെയാണ് രണ്ടാം സ്ഥാനത്തെത്തിയത്. അതായത് രണ്ടാം സ്ഥാനക്കാരെക്കാൾ ഇരട്ടിയിലേറെ പോയിന്‍റ് തിരുവനന്തപുരത്തിനുണ്ട്. 859 പോയിന്‍റോടെ കണ്ണൂരും 834 പോയിന്‍റോടെ പാലക്കാടും 801 പോയിന്‍റോടെ മലപ്പുറവും മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലെത്തി.
ഗെയിംസിൽ തിരുവനന്തപുരം 1107 പോയിന്‍റ് നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ കണ്ണൂരിന് 798 പോയിന്‍റാണുള്ളത്. തൃശൂരിന് 695. നീന്തൽ കുളത്തിൽ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലായിരുന്നു തലസ്ഥാനം. 649 പോയിന്‍റാണ് അക്വാട്ടിക്സിൽ തിരുവനന്തപുരം നേടിയത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 149 പോയിന്‍റ്. മൂന്നാമതു വന്ന എറണാകുളം നേടിയത് 133 പോയിന്‍റാണ്.
അത്‌ലറ്റിക്സിൽ മാത്രമാണ് ആതിഥേയർ പിന്നിലായിപ്പോയത്. മലപ്പുറവും പാലക്കാടും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമായിരുന്നു ട്രാക്കിലും ഫീൽഡിലും കണ്ടത്. കഴിഞ്ഞ തവണ പാലക്കാടിനെ പിന്തള്ളി ചരിത്രത്തിൽ ആദ്യമായി സ്കൂൾ അത്‌ലറ്റിക്സ് ചാംപ്യൻമാരായ മലപ്പുറം ഇത്തവണയും കിരീടം നിലനിർത്തുകയും ചെയ്തു. 22 സ്വർണവും 29 വെള്ളിയും 24 വെങ്കലവും 247 പോയിന്‍റുമാണ് അത്‌ലറ്റിക്സിൽ മലപ്പുറത്തിന്‍റെ നേട്ടം. 26 സ്വർണം, 15 വെള്ളി, 14 വെങ്കലം, 212 പോയിന്‍റ് എന്നതു പാലക്കാടിന്‍റെയും നേട്ടമായി.
മൂന്നാം സ്ഥാനത്തു വന്ന കോഴിക്കോടിന് 91 പോയിന്‍റാണുള്ളത് എന്നു പറയുമ്പോൾ മലപ്പുറവും പാലക്കാടും തമ്മിലുള്ള മത്സരത്തിന്‍റെ ചിത്രം തെളിഞ്ഞുകിട്ടും. അത്‌ലറ്റിക്സിൽ സ്കൂളുകളിൽ ഒന്നാം സ്ഥാനത്തു വന്ന മലപ്പുറത്തിന്‍റെ ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരിക്ക് 78 പോയിന്‍റാണുള്ളത്. രണ്ടാം സ്ഥാനത്ത് പാലക്കാടിന്‍റെ വിഎംഎച്ച്എസ് വടവന്നൂരും മൂന്നാം സ്ഥാനത്ത് മലപ്പുറത്തിന്‍റെ നാവാമുകുന്ദ എച്ച്എസ്എസ് തിരുനാവായയുമാണുള്ളത്.
അതേസമയം, അക്വാട്ടിക്സിലെ ആദ്യ ആറു സ്ഥാനങ്ങളും തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്കാണ്. എംവിഎച്ച്എസ്എസ് തുണ്ടത്തിൽ, ഗവ. വിഎച്ച്എസ്എസ് പിരപ്പൻകോട്, ഗവ. ഗേൾസ് എച്ച്എസ്എസ് കന്യാകുളങ്ങര എന്നിവ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി.
മേളയിൽ കുറിക്കപ്പെട്ട റെക്കോഡുകൾ സ്പോർട്സ് മികവിന്‍റെ പുതിയൊരു കാലഘട്ടത്തിലേക്കു കേരളം കാലെടുത്തുവയ്ക്കുന്നതിന്‍റെ തുടക്കമായി മാറട്ടെ എന്നു പ്രതീക്ഷിക്കാനാണു നമുക്കു കഴിയുക. അക്വാട്ടിക്സിലായാലും അത്‌ലറ്റിക്സിലായാലും ഗെയിംസിലായാലും ദേശീയ തലത്തിൽ ഏറ്റവും മികച്ച ടീമായി മാറാൻ ഇനിയുമേറെ കേരളത്തിനു സഞ്ചരിക്കേണ്ടതുണ്ട്. അതായത് ഇനി ഈ കുട്ടികളുടെ ഓരോ ചുവടുവയ്പ്പും മികവിന്‍റെ പാതയിൽ മാത്രമായിരിക്കണം. കായിക മേളയിൽ കണ്ട പ്രായത്തട്ടിപ്പ് നിർഭാഗ്യകരമായിപ്പോയി എന്നു പറയാതെ വയ്യ.
കേരളത്തിലെ സ്കൂളിൽ പ്രവേശനം നേടിയ ഉത്തർപ്രദേശ് സ്വദേശിയാണു പ്രായത്തട്ടിപ്പിനു പിടിക്കപ്പെട്ടത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ കായികരംഗത്തിനു യാതൊരു ഗുണവും ചെയ്യില്ല. മാന്യമായ, സത്യസന്ധമായ സ്പോർട്സാണു നമുക്കു വേണ്ടത്. കുട്ടികളെ അതു മാത്രമേ പഠിപ്പിക്കാവൂ. സ്പോർട്സ്മാൻ സ്പിരിറ്റ്, സ്പോർട്സ്മാൻഷിപ്പ് എന്നൊക്കെ പറയുന്നത് കുട്ടികളിൽ ചെറുപ്പത്തിലേ വളർത്തിയെടുക്കേണ്ടതാണ്.