മഹാരാ​ഷ്‌​ട്ര​യിലെ മഹാ വിസ്മയം|മുഖപ്രസംഗം 
Editorial

മഹാരാ​ഷ്‌​ട്ര​യിലെ മഹാ വിസ്മയം|മുഖപ്രസംഗം

ബിജെപി, അജിത് പവാറിന്‍റെ എന്‍സിപി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന എന്നിവയടങ്ങിയ മഹായുതി സഖ്യം 288 അംഗ നിയമസഭയിൽ 235 സീറ്റുകളാണു നേടിയത്

മഹാരാഷ്‌​ട്ര, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഭരിക്കുന്ന മുന്നണികളുടെ ഭരണത്തുടർച്ചയ്ക്കുള്ള ജനവിധിയാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിരിക്കുന്നത്. അതിൽ തന്നെ നിരീക്ഷകരെ ഏറെ അമ്പരപ്പിച്ച ഫലം മഹാരാ​ഷ്‌​ട്ര​യിലേതാണ്. അവിടെ പ്രതിപക്ഷ മുന്നണിയെ തകർത്തു തരിപ്പണമാക്കിയാണു ഭരണപക്ഷം മൃഗീയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറുന്നത്. നിയമസഭയിൽ ഔദ്യോഗികമായി പ്രതിപക്ഷ നേതാവില്ലാതെയാവുന്നു. തെരഞ്ഞെടുപ്പു പ്രചാരണ സമയത്തോ വോട്ടെടുപ്പു സമയത്തോ ഒരിക്കലും പ്രതീക്ഷിക്കാത്തത്ര വലിയ തിരിച്ചടിയാണ് കോൺഗ്രസ്, ഉദ്ധവ് താക്കറെയുടെ ശിവസേന, ശരദ് പവാറിന്‍റെ എന്‍സിപി എന്നിവയടങ്ങുന്ന മഹാവികാസ് അഘാഡി സഖ്യത്തിന് ഉണ്ടായിരിക്കുന്നത്. സഖ്യത്തിലെ ചില നേതാക്കൾ വോട്ടിങ് യന്ത്രത്തെ പഴിക്കുന്നത് എന്താണു സംഭവിച്ചത് എന്നുപോലും അറിയാത്ത അമ്പരപ്പിലാണ്.

ബിജെപി, അജിത് പവാറിന്‍റെ എന്‍സിപി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന എന്നിവയടങ്ങിയ മഹായുതി സഖ്യം 288 അംഗ നിയമസഭയിൽ 235 സീറ്റുകളാണു നേടിയത്. അതിൽ തന്നെ ബിജെപിയുടെ വിജയത്തിനു പത്തരമാറ്റു തിളക്കമുണ്ട്. 132 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയേറെ സീറ്റിൽ ബിജെപിയുടെ വിജയമുണ്ടാകുന്നത്. 2014ൽ 122 സീറ്റുകളിൽ വിജയിച്ച റെക്കോഡ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിൽ ബിജെപി തിരുത്തിയിരിക്കുകയാണ്. ഷിൻഡെയുടെ ശിവസേന 57 സീറ്റിലും അജിത് പവാറിന്‍റെ എൻസിപി 41 സീറ്റിലുമാണു വിജയിച്ചിരിക്കുന്നത്. അതേസമയം, ചരിത്രത്തിലെ ഏറ്റവും കനത്ത തിരിച്ചടിയാണു കോൺഗ്രസിനുണ്ടായത്. പഴയ കോൺഗ്രസ് കോട്ടകൾ ഒന്നായി തകർന്നുവീഴുന്നത് ആ പാർട്ടിയെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആളുകളെ നിരാശപ്പെടുത്തുന്നുണ്ടാവും.

2014ലെ മോദി തരംഗത്തിന്‍റെ സമയത്ത് 42 സീറ്റിലേക്കു കൂപ്പുകുത്തിയതാണു കോൺഗ്രസ്. അതിനുശേഷം 2019ൽ 44 സീറ്റു നേടി. ഇപ്പോഴിതാ വെറും 16 സീറ്റ് മാത്രമാണ് കോൺഗ്രസിനുള്ളത്. ഉദ്ധവ് താക്കറെയുടെ ശിവസേന 20 മണ്ഡലങ്ങളിലും ശരദ് പവാറിന്‍റെ എന്‍സിപി 10 മണ്ഡലങ്ങളിലും വിജയിച്ചു. ഈ പാർട്ടികളുടെ പിളർപ്പിനു ശേഷം യഥാർഥ ശിവസേനയും എന്‍സിപിയുമായി ജനങ്ങൾ കാണുന്നത് ഏതു വിഭാഗങ്ങളെയാണെന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമായി. മറാത്താ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ദശകങ്ങൾ തലയുയർത്തി നിന്ന ശരദ് പവാറിന് ഇതിലും ശക്തമായൊരു തിരിച്ചടി കിട്ടാനില്ല. അതുപോലെ തന്നെയാണ് താക്കറെ കുടുംബത്തിനു നേരിടേണ്ടിവന്ന പതനവും. ബിജെപി 27 ശതമാനത്തോളം വോട്ട് വിഹിതം നേടിയപ്പോൾ ഷിൻഡെയുടെ ശിവസേനയ്ക്ക് 12 ശതമാനവും അജിത് പവാറിന്‍റെ എൻസിപിക്ക് ഒമ്പതു ശതമാനവും വോട്ടുണ്ട്. പോൾ ചെയ്തതിന്‍റെ 48 ശതമാനം വോട്ടും ബിജെപി സഖ്യത്തിനു തന്നെയാണ്. എന്നാൽ, കോൺഗ്രസ് 12 ശതമാനത്തിലേക്കും ശരദ് പവാറിന്‍റെ എൻസിപി 11 ശതമാനത്തിലേക്കും ഉദ്ധവ് താക്കറെയുടെ ശിവസേന 10 ശതമാനത്തിലേക്കും വോട്ടുവിഹിതം താഴ്ത്തി. പ്രതിപക്ഷ മുന്നണിയുടെ മൊത്തം വോട്ട് വിഹിതം 35 ശതമാനം പോലും തികഞ്ഞില്ല!

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യം 30 സീറ്റിൽ വിജയിച്ചപ്പോൾ മഹായുതി സഖ്യത്തിന് 17 മണ്ഡലങ്ങളിൽ മാത്രമാണു വിജയം നേടാനായത്. സംസ്ഥാനത്തുനിന്ന് ആകെയുള്ള 48 ലോക്സഭാ സീറ്റുകളിൽ ഒരിടത്ത് സ്വതന്ത്രനായിരുന്നു വിജയിച്ചത്. അന്നത്തെ ഫലം ഏതാനും മാസങ്ങൾ കൊണ്ട് മാറ്റിമറിക്കാൻ മഹായുതി സഖ്യത്തിനു കഴിഞ്ഞിരിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് ജനങ്ങളുടെ പ്രീതി സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ ഷിൻഡെ സർക്കാർ വിജയിച്ചു എന്നു വേണം വിലയിരുത്താൻ. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പാഠം ഉൾക്കൊള്ളാൻ ബിജെപിക്കും സഖ്യകക്ഷികൾക്കുമായി. പ്രതിവർഷം രണ്ടര ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സ്ത്രീകൾക്ക് മാസം തോറും 1500 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു നൽകുന്ന "ലാഡ്കി ബഹിൻ' പോലുള്ള ആകർഷകമായ പദ്ധതികൾ അവർക്കു ഗുണകരമായി എന്നുവേണം കരുതാൻ.

അതേസമയം, എന്തുകൊണ്ടാണ് ഇങ്ങനെയൊരു തിരിച്ചടിയെന്ന് കോൺഗ്രസും ശരദ് പവാറും ‍ഉദ്ധവ് താക്കറെയും വിശദമായി പരിശോധിക്കേണ്ടിയിരിക്കുകയാണ്. ഹരിയാനയ്ക്കു പിന്നാലെ മഹാരാ​ഷ്‌​ട്ര​യിലും പ്രഹരമേറ്റത് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. മഹാരാഷ്ട്ര പോലുള്ള വലിയൊരു സംസ്ഥാനത്ത് ഇതുപോലെ തകർന്നുപോയത് പാർട്ടി അനുഭാവികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ല. ഝാർഖണ്ഡിൽ ഭരണത്തുടർച്ച കിട്ടുന്നു എന്നതാണ് ഇതിനിടയിലും കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും അൽപ്പം ആശ്വാസമായുള്ളത്. 81 നിയമസഭാ മണ്ഡലങ്ങളുള്ള അവിടെ ഇന്ത്യ മുന്നണി നേടിയത് 56 സീറ്റുകളാണ്. അതിൽ 34 സീറ്റുകളും നിലവിലുള്ള മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ജെഎംഎമ്മിനാണ്. സഖ്യകക്ഷികളെ ചേർത്തുനിർത്തുന്നതിലും ജനങ്ങളെ ഒപ്പം നിർത്തുന്നതിലും ഹേമന്ത് സോറൻ ഒരുപോലെ വിജയിച്ചു എന്നുവേണം വിലയിരുത്താൻ.

''മുഖ്യമന്ത്രിക്കെതിരേ അന്വേഷണം വേണ്ടിവന്നാൽ എന്തു ചെയ്യും?'' അപ്പീലുമായി അജിത് കുമാർ

'അമ്മ'യിലേക്ക് തിരികെ എത്തുമോ എന്ന് ചോദ്യം; രൂക്ഷ ഭാഷയിൽ റിമ കല്ലിങ്കലിന്‍റെ മറുപടി

വിദേശത്തേക്ക് കള്ളപ്പണം കടത്തി, വിവിധയിടങ്ങളിൽ ചൂതാട്ട കേന്ദ്രങ്ങൾ; എംഎൽഎയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യയുടെ ഇന്‍റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്‍റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം | Video

മഹാരാഷ്ട്രയിൽ ബസിനു തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ