മുല്ലപ്പെരിയാർ: അനുകൂല സാഹചര്യം വിനിയോഗിക്കണം

 
Editorial

മുല്ലപ്പെരിയാർ: അനുകൂല സാഹചര്യം വിനിയോഗിക്കണം

1895ൽ സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമിച്ച ഈ അണക്കെട്ടിന്‍റെ 130 വർഷത്തിലേറെയുള്ള പഴക്കം തന്നെയാണു കേരളത്തെ ഭയപ്പെടുത്തുന്നത്.

MV Desk

തെക്കൻ തമിഴ്നാടിന്‍റെ അതിർത്തിയോടു ചേർന്ന് ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾക്കു നിരവധി വർഷങ്ങളുടെ പഴക്കമുണ്ട്. ഓരോ മഴക്കാലം വരുമ്പോഴും മുല്ലപ്പെരിയാർ കേരളത്തിന് ഉയർത്തുന്ന ഭീഷണി വലിയ തോതിൽ ചർച്ചയാവാറുണ്ട്. നിയമപരവും രാഷ്‌ട്രീയവുമായ തർക്കങ്ങൾ പരിഹാരമില്ലാതെ നീളുകയും ചെയ്യുന്നുണ്ട്. ബ്രിട്ടിഷ് ഭരണകാലത്ത് 1895ൽ സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമിച്ച ഈ അണക്കെട്ടിന്‍റെ 130 വർഷത്തിലേറെയുള്ള പഴക്കം തന്നെയാണു കേരളത്തെ ഭയപ്പെടുത്തുന്നതും. അന്ന് 50 വർഷം കാലാവധി നിശ്ചയിച്ചു നിർമിച്ചതാണ് ഈ ഡാം എന്നും പറയുന്നുണ്ട്. ബലക്ഷയം മൂലം ഡാം തകരുന്ന അവസ്ഥയുണ്ടായാൽ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ ദശലക്ഷക്കണക്കിന് ആളുകളെയാണ് അതു ബാധിക്കുക. അതുകൊണ്ടു തന്നെയാണു പഴയ ഡാം ഡീകമ്മിഷൻ ചെയ്യണമെന്നും പകരം പുതിയ അണക്കെട്ടു നിർമിക്കാമെന്നും കേരളം പറയുന്നത്. അങ്ങനെയായാൽ തമിഴ്നാടിന് ഇപ്പോഴത്തേതുപോലെ ഡാമിലെ വെള്ളം ഉപയോഗിക്കാനാവും. കേരളത്തിന്‍റെ സുരക്ഷാഭീതിയും മാറിക്കിട്ടും.

ലക്ഷക്കണക്കിനാളുകളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന ഡാം എന്ന നിലയിൽ കേരളം ഉന്നയിക്കുന്ന ആശങ്കകൾ അതീവ ഗൗരവത്തോടെ പരിഗണിക്കാൻ തമിഴ്നാട് തയാറാവേണ്ടതാണ്. എന്നാൽ, അതുണ്ടാവുന്നില്ല എന്നതാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. തമിഴ്നാടിന്‍റെ കാർഷിക മേഖലയ്ക്ക് മുല്ലപ്പെരിയാർ നൽകിയിട്ടുള്ള സംഭാവനകൾ ചെറുതൊന്നുമല്ല. മധുര, രാമനാഥപുരം, തേനി, ദിണ്ഡിഗൽ, ശിവഗംഗ ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് മുല്ലപ്പെരിയാർ ഡാമാണ്. അതുകൊണ്ടു തന്നെ ഇവിടെനിന്നുള്ള വെള്ളം കൊണ്ടുപോകുന്നത് ഒഴിച്ചുകൂടാനാവില്ല എന്ന അവരുടെ വാദത്തിൽ പ്രസക്തിയുമുണ്ട്. പക്ഷേ, നമ്മുടെ ആശങ്കകൾ അവരെന്തേ കാണാതെ പോകുന്നു എന്നതാണു മുല്ലപ്പെരിയാർ സമരസമിതിയുമായി ബന്ധപ്പെട്ടവർ നിരന്തരം ഉന്നയിക്കുന്ന ചോദ്യം. ഡാമിന്‍റെ സുരക്ഷയിൽ ആശങ്ക ഉയർത്തിയുള്ള നിരവധി പ്രക്ഷോഭങ്ങൾ കേരളത്തിൽ നടന്നു കഴിഞ്ഞതാണ്. പുതിയ ഡാം നിർമിക്കണമെന്ന ആവശ്യം സുപ്രീം കോടതിയിലും എത്തിയിട്ടുണ്ട്. കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ തന്നെ കോടതിക്കു പുറത്തുള്ള ചർച്ചകളിലൂടെ പരിഹാരത്തിനും ശ്രമിക്കാവുന്നതാണ്.

നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്നും പുതിയ ഡാം വന്നാൽ അതു തങ്ങളുടെ ജലലഭ്യതയെ ബാധിക്കുമെന്നുമുള്ള തമിഴ്നാടിന്‍റെ നിലപാടിലാണു മാറ്റമുണ്ടാകേണ്ടത്. അതിന് ഇരു സംസ്ഥാനങ്ങളിലെയും സർക്കാരുകൾ തമ്മിൽ ചർച്ച നടത്തുന്നതിന് ഇപ്പോൾ അവസരമുണ്ട്. കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരാണു ഭരിക്കുന്നത്. തമിഴ്നാട്ടിലെ വിജയ് സർക്കാരിനും കോൺഗ്രസിന്‍റെ പിന്തുണയുണ്ട്. മുല്ലപ്പെരിയാർ പ്രശ്ന പരിഹാരത്തിന് ഈ രാഷ്‌ട്രീയ സൗഹൃദം ഉപയോഗിക്കാവുന്നതാണ്. ഡിഎംകെയും അണ്ണാ ഡിഎംകെയും പോലുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിർപ്പ് ഭയന്നു വിജയ് പുതിയ ഡാമിനു വഴങ്ങുന്നില്ലെങ്കിൽ കോൺഗ്രസ് ഹൈക്കമാൻഡിനും സമ്മർദം ചെലുത്തി നോക്കാം. എന്തായാലും മുല്ലപ്പെരിയാർ പ്രശ്നത്തിനു ശാശ്വത പരിഹാരം പുതിയ ഡാം മാത്രമാണെന്നു കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പു മന്ത്രി മോൻസ് ജോസഫ് കോട്ടയത്തു പറയുകയുണ്ടായി. തമിഴ്നാടിനു ജലം, കേരളത്തിനു സുരക്ഷ എന്ന നമ്മുടെ എക്കാലത്തെയും നിലപാട് പുതിയ സർക്കാരും ഉയർത്തിപ്പിടിക്കുന്നതു സ്വാഗതാർഹമാണ്. തമിഴ്നാടുമായി ചർച്ച നടത്തുന്നതിനൊപ്പം പ്രധാനമാണ് നമ്മുടെ നിലപാട് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതും. അതിനുള്ള ശ്രമങ്ങളിൽ ഒട്ടും അലംഭാവം കാണിക്കരുത്.

മുല്ലപ്പെരിയാർ കേസ് നടത്തിപ്പിൽ കേരളത്തിന്‍റെ താത്പര്യം പൂർണമായി സംരക്ഷിക്കപ്പെട്ടോ എന്നു വിലയിരുത്തുമെന്നാണു മന്ത്രി അറിയിച്ചിരിക്കുന്നത്. പാകപ്പിഴകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതു പരിഹരിക്കുന്നതിന് ഇത്തരം വിലയിരുത്തലുകൾ ആവശ്യമാണ്. മുല്ലപ്പെരിയാറിന്‍റെ സുരക്ഷ സംബന്ധിച്ച് പലപ്പോഴായി പല വിദഗ്ധരും ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്. തകർച്ചാ സാധ്യതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഡാമാണു മുല്ലപ്പെരിയാറിലേത് എന്നത്രേ മുൻപ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത്. നദീസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ റിവേഴ്സ് എന്ന സംഘടനയുടെ ഡയറക്റ്റർമാരായ ജോഷ് ക്ലെം, ഇസബെല്ല വിങ്ക്‌ളർ എന്നിവർ ചേർന്നാണ് ആ ലേഖനം എഴുതിയിരുന്നത്. ലിബിയയിലെ വാഡി ഡെർനയിൽ രണ്ടു ഡാമുകൾ തകർന്നു നിരവധിയാളുകൾ മരണമടഞ്ഞ പശ്ചാത്തലത്തിൽ കാലാവധി കഴിഞ്ഞ ഡാമുകൾ ഉയർത്തുന്ന ഭീഷണി വിശദീകരിച്ചായിരുന്നു അന്നത്തെ ലേഖനം യുഎസ് പത്രം പ്രസിദ്ധീകരിച്ചത്.

മധ്യപ്രദേശ് രാജ‍്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്‍റെ പത്രിക തള്ളി, തെര. കമ്മിഷൻ ആസ്ഥാനത്ത് പ്രതിഷേധവുമായി നേതാക്കൾ

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി തുടരും; സംസ്ഥാന സമിതി യോഗത്തിൽ ധാരണ

അഭിഷേക് ബാനർജിയുടെയും മമതയുടെയും വസതികളിൽ ഒരേസമയം സിഐഡിയുടെ പരിശോധന

ഒമാന് നന്ദി പറഞ്ഞ് ഇന്ത്യ

'തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയം പാളി'; സ്വർണക്കൊള്ള തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് എം.വി. ഗോവിന്ദൻ