26/11: ഗൂഢാലോചനയുടെ ചുരുളഴിയട്ടെ|മുഖപ്രസംഗം
26/11 മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതികളിലൊരാളായ തഹാവൂർ റാണയെ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞത് കേസന്വേഷണത്തിൽ നിർണായക നേട്ടമായി മാറിയിട്ടുണ്ട്. 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ ഭീകരാക്രമണം രാജ്യത്തെയൊന്നാകെ നടുക്കിയതാണ്.
അതിനു ശേഷം 16 വർഷവും അഞ്ചു മാസവും പിന്നിട്ടപ്പോഴാണ് കേസിലെ പ്രധാന കണ്ണിയായ ലഷ്കർ ഏജന്‍റിനെ ഇന്ത്യയ്ക്കു വിട്ടുകിട്ടുന്നത്. ലോസ് ഏഞ്ചലസിലെ ജയിലിലായിരുന്ന റാണയെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിച്ച ഉടൻ എൻഐഎ അറസ്റ്റ് ചെയ്തു.
ഡൽഹിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ദേശീയ അന്വേഷണ ഏജൻസിയുടെ ആസ്ഥാനത്തെ അതിസുരക്ഷാ സെല്ലിൽ പാർപ്പിച്ചിരിക്കുന്ന റാണയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.
ഭീകരാക്രമണം സംബന്ധിച്ച് രാജ്യത്തിന് ഇനിയും അറിയേണ്ടതെല്ലാം റാണയിൽ നിന്ന് അറിയാനാവുമെന്നു പ്രതീക്ഷിക്കാം. റാണയ്ക്ക് അർഹിക്കുന്ന ശിക്ഷ കിട്ടണമെന്ന് ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾ മാത്രമല്ല ഈ രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നുണ്ട്.
വർഷങ്ങൾ എടുത്താണെങ്കിലും അമെരിക്കയിൽ നിന്ന് റാണയെ നിയമ നടപടികൾക്കായി ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞത് ഭീകരാക്രമണത്തിന് ഇരയായവർക്കു നീതി ഉറപ്പാക്കുന്നതിൽ പ്രധാനമായിട്ടുണ്ട്.
റാണയുടെ കൂട്ടാളിയും ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ കൂടി ഇന്ത്യയ്ക്കു കൈമാറാൻ യുഎസ് തയാറായെങ്കിൽ നന്നായിരുന്നു. എന്നാൽ, 2009ൽ റാണയ്ക്കൊപ്പം അമെരിക്കയിൽ അറസ്റ്റിലായ ഹെഡ്‌ലിയെ യുഎസ് തടവിൽ പാർപ്പിച്ചിരിക്കുകയാണ്. തന്നെ ഇന്ത്യയ്ക്കു വിട്ടുകൊടുക്കരുതെന്ന ഹെഡ്‌ലിയുടെ ആവശ്യം അംഗീകരിച്ചിരിക്കുകയാണ് യുഎസ് എന്നാണു റിപ്പോർട്ടുകൾ.
ഹെഡ്‌ലിയെ കൂടി ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കു മുന്നിലെത്തിക്കാനുള്ള പരിശ്രമങ്ങൾ തുടരേണ്ടതുണ്ട്. മുംബൈയിൽ ആക്രമണം ലക്ഷ്യമിടുന്ന സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തി ലഷ്കർ ഇ തൊയ്‌ബയ്ക്കു കൈമാറിയത് പല തവണ ഇന്ത്യയിലെത്തിയ ഹെഡ്‌ലിയാണ്.
ഗൂഢാലോചനയിൽ പങ്കെടുക്കുകയും ഹെഡ്‌ലിക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയുമാണ് പാക്- കനേഡിയൻ വംശജനായ റാണ ചെയ്തത്. ഭീകരർക്കു വേണ്ടി വിവരങ്ങൾ ശേഖരിച്ചതിൽ രണ്ടു പേർക്കും പങ്കുണ്ട്. ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരേ റാണ യുഎസ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.
അതു തള്ളിയതോടെയാണ് വിട്ടുകിട്ടുന്നതിനുള്ള തടസങ്ങൾ നീങ്ങിയത്. ഭീകര ബന്ധത്തിന്‍റെ പേരിൽ റാണ യുഎസിൽ അറസ്റ്റിലാവുന്നത് 2009 ഒക്റ്റോബറിലാണ്. യുഎസിൽ റാണയ്ക്ക് 14 വർഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഇന്ത്യയിൽ ദേശീയ അന്വേഷണ ഏജൻസിയുടെ കുറ്റപത്രത്തിൽ റാണയെ ഉൾപ്പെടുത്തിയത് 2011ൽ ആണ്. റാണയെ വിട്ടുകിട്ടാനുള്ള നിയമപോരാട്ടത്തിലായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്ര സർക്കാർ.
ഭീകരാക്രമണത്തിനുള്ള സാധ്യത പരിശോധിക്കാൻ 2008 നവംബർ 13നും 21നും ഇടയിൽ ഡൽഹി, അഹമ്മദാബാദ്, കൊച്ചി, ആഗ്ര, ഹാപുർ, മുംബൈ നഗരങ്ങളിൽ ഭാര്യയ്ക്കൊപ്പം റാണ സന്ദർശനം നടത്തിയിരുന്നു എന്നാണു പറയുന്നത്. റാണയുടെ കൊച്ചി സന്ദർശനത്തിനു ശേഷമാണ് കേരളത്തിൽ തീവ്രവാദ സ്ലീപ്പർ സെല്ലുകൾ സജീവമായതെന്നും സൂചനയുണ്ട്.
ഇതിന്‍റെ വിശദാംശങ്ങൾ അറിയേണ്ടത് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. റാണയെ കൊച്ചിയിൽ ആരൊക്കെയാണു സന്ദർശിച്ചത്, എന്തായിരുന്നു സന്ദർശന ലക്ഷ്യം എന്നൊക്കെ കൃത്യമായി അറിയേണ്ടതുണ്ട്.
മുംബൈ ഭീകരാക്രമണത്തിനു കേരളത്തിൽ നിന്ന് ആരുടെയെങ്കിലും സഹായം റാണ തേടിയിട്ടുണ്ടെങ്കിൽ അതു ചോദ്യം ചെയ്യുമ്പോൾ അറിയാൻ കഴിഞ്ഞേക്കും. കൊച്ചിയിലെ ഹോട്ടലിൽ മുറിയെടുത്തു മൂന്നാലു ദിവസം റാണ ഇവിടെ തങ്ങി എന്നാണു പറയുന്നത്.
വിദേശ റിക്രൂട്ട്മെന്‍റ് നടത്താനെന്ന വ്യാജേനയാണു കൊച്ചിയിൽ തങ്ങിയതെന്ന് എൻഐഎ കണ്ടെത്തിയിരുന്നതാണ്. യുഎസിലും ക്യാനഡയിലും തൊഴിൽ അവസരം ഉണ്ടെന്നു കാണിച്ച് ഇയാൾ പരസ്യം നൽകിയെന്നാണ് എന്‍ഐഎ കണ്ടെത്തിയിരുന്നത്. കൊച്ചിയടക്കം റാണ സന്ദർശിച്ച സ്ഥലങ്ങളിൽ എൻഐഎ സംഘം തെളിവെടുപ്പു നടത്തുമോയെന്ന് അറിയേണ്ടതുണ്ട്.
പാക്കിസ്ഥാനിൽ ജനിച്ച് പാക് സേനയിൽ ഡോക്റ്ററായി മുൻപു പ്രവർത്തിച്ചിട്ടുള്ള റാണ 1990കളിലാണ് ക്യാനഡയിലേക്കു കുടിയേറുന്നത്. ലഷ്കറുമായുള്ള ഇയാളുടെ ബന്ധം ഭീകരാക്രമണത്തെ എങ്ങനെയൊക്കെ സഹായിച്ചുവെന്ന് ചോദ്യം ചെയ്യലിൽ നിന്നു വ്യക്തമാവണം.
ഭീകരാക്രമണത്തിൽ പാക് ഗൂഢാലോചനയുടെ ചുരുളഴിക്കാൻ ഏറെ ഉപകാരപ്പെടുന്നതാണ് ഈ അറസ്റ്റ്. കേരളം അടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പാക്കിസ്ഥാന്‍റെ പിന്തുണയോടെ ഭീകര സംഘടന പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേ വന്നിട്ടുണ്ട്.
ഇതു സംബന്ധിച്ച് എന്‍ഐഎയുടെ റെയ്ഡുകളും നടന്നിട്ടുണ്ട്. റാണയെപ്പോലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നത് ഭീകര പ്രവർത്തനം തടയുന്നതിൽ പ്രധാനമാണ്.
ഭീകര സംഘങ്ങൾക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ അതുകൊണ്ടു തന്നെ റാണയെ വിട്ടുകിട്ടിയതിനു പ്രത്യേക സ്ഥാനമുണ്ടാവും. രാജ്യത്തിനു പുറത്തിരുന്ന് ഇന്ത്യക്കെതിരായി ഗൂഢാലോചന നടത്തുന്നവർക്ക് ഇതൊരു മുന്നറിയിപ്പായും കാണാവുന്നതാണ്.