.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
യുഎസും ഇസ്രയേലും കീഴടങ്ങുന്നതു വരെ യുദ്ധം തുടരുമെന്ന് ഇറാൻ
file photo
ആറാമത്തെ ആഴ്ചയിലെത്തിയ പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കാനുള്ള സാധ്യതകളൊന്നും ഇപ്പോഴും തെളിയുന്നില്ല എന്നത് ഏറെ നിരാശാജനകമാണ്. അമെരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെയുണ്ടായ സംഘർഷം അവസാനിപ്പിക്കാനുള്ള ചില മധ്യസ്ഥശ്രമങ്ങൾ വിജയിക്കുമെന്ന സൂചന ഉണ്ടായിരുന്നതാണ്. ഇറാനും അമെരിക്കയും തമ്മിലുള്ള ഒത്തുതീർപ്പു ചർച്ചകൾ പാക്കിസ്ഥാനിൽ നടക്കുമെന്നുവരെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, ഈ നീക്കങ്ങളൊന്നും ഫലപ്രദമായില്ല. ചർച്ചകൾക്ക് ഇസ്‌ലാമാബാദ് വേദിയൊരുക്കുമെന്നു പറഞ്ഞതു പാക്കിസ്ഥാനാണെന്നും അതിൽ ഒരു സത്യവുമില്ലെന്നുമാണ് ഇറാൻ അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേൽ- അമെരിക്ക ആക്രമണങ്ങളിൽ ഇറാനിൽ ഇരുപത്തഞ്ചിലേറെ പേർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ടുകൾ.
ഗൾഫ് മേഖലയിൽ ഇറാന്‍റെ പ്രത്യാക്രമണങ്ങളും നടക്കുന്നുണ്ട്. ഇന്നലെ അബുദാബിയിൽ ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ ഒരാൾക്കു പരുക്കേറ്റിട്ടുണ്ട്. ഇറേനിയൻ മിസൈലുകളും ഡ്രോണുകളും നേരിടാൻ കുവൈറ്റും യുഎഇയും സൗദിയും എല്ലാം അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്നു.
യുദ്ധത്തിനു ശാശ്വതമായ അന്ത്യം കുറിക്കുന്നതിന് 45 ദിവസത്തെ വെടിനിർത്തൽ കരാറിന് യുഎസും ഇറാനും ചർച്ച നടത്തുന്നതായി ചില റിപ്പോർട്ടുകളുണ്ടെങ്കിലും അതു സംബന്ധിച്ചു വ്യക്തതയായിട്ടില്ല. ഇനിയും ഈ യുദ്ധം നീണ്ടുപോകുന്നതു സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും.
യുഎസും ഇസ്രയേലും കീഴടങ്ങുന്നതു വരെ യുദ്ധം തുടരുമെന്ന് ഇറാൻ രണ്ടു ദിവസം മുൻപും പ്രഖ്യാപിക്കുകയുണ്ടായി. ഇറാന്‍റെ നാവികസേനയും വ്യോമസേനയും എല്ലാം തകർന്നുവെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദം. എന്നാൽ, ഇറാൻ അത് അംഗീകരിക്കുന്നില്ല. ഇറാന്‍റെ സൈനിക ശക്തിയെക്കുറിച്ച് അമെരിക്കയ്ക്കു വേണ്ടത്ര അറിവില്ലെന്നാണ് അവർ അവകാശപ്പെടുന്നത്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി ഉടൻ തുറന്നുകൊടുത്തില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന് ട്രംപ് ആവർത്തിച്ചു ഭീഷണിപ്പെടുത്തുന്നുണ്ട്. ഇന്നു രാത്രി എട്ടുമണി വരെ (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5:30)യാണ് ഇറാന് ട്രംപ് ഇതിനായി നൽകിയിരിക്കുന്ന സമയം. അതിനുള്ളിൽ കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ഇറാന്‍റെ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ ബോംബിട്ടു തകർക്കുമെന്നാണ് അന്ത്യശാസനം.
അത്തരത്തിൽ ഊർജ കേന്ദ്രങ്ങളും പാലങ്ങളും എല്ലാം തകർത്തു കഴിഞ്ഞാൽ രാജ്യം പുനർനിർമിക്കുന്നതിന് കുറഞ്ഞത് 20 വർഷമെങ്കിലും വേണ്ടിവരുമെന്നും ട്രംപ് പറയുന്നു. ട്രംപിന്‍റെ ഈ പ്രഖ്യാപനം സമാധാനപ്രിയരായ ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. അമെരിക്കൻ ആക്രമണങ്ങളെ യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട ഇറാൻ യുഎസിനെതിരേ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്നാണ് ഇറാൻ ഭീഷണിപ്പെടുത്തുന്നത്. ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികൾ അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാരെയും ഇറാന്‍റെ ഭീഷണി ആശങ്കപ്പെടുത്തുകയാണ്. സ്ഥിതിഗതികൾ ഇനിയും വഷളാവാതെ നോക്കാൻ മധ്യസ്ഥത വഹിക്കുന്നു എന്നു പറയുന്ന പാക്കിസ്ഥാൻ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കു കഴിയുമോ എന്നാണു സർവരും ഉറ്റുനോക്കുന്നത്.
ലോകത്തെ എണ്ണ നീക്കത്തിന്‍റെ അഞ്ചിലൊന്നും നടക്കുന്ന തന്ത്രപ്രധാന പാതയാണു ഹോർമുസ് കടലിടുക്ക്. യുദ്ധം തുടങ്ങിയതു മുതൽ അവിടെ തടസമുണ്ടാക്കുകയാണ് ഇറാൻ ചെയ്യുന്നത്. എണ്ണ നീക്കം തടസപ്പെട്ടതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയിരിക്കുകയാണ്. നിരവധി രാജ്യങ്ങൾ ഇന്ധന പ്രതിസന്ധി നേരിടുന്നു. ഇന്ത്യയിലുണ്ടായിട്ടുള്ള പാചക വാതക ക്ഷാമം കേരളത്തിലടക്കം ഹോട്ടൽ മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
കേരളത്തിലെ പകുതിയോളം ഹോട്ടലുകൾ പാചക വാതകമില്ലാതെ പൂട്ടിക്കഴിഞ്ഞു. തുറന്നിരിക്കുന്ന പല ഹോട്ടലുകളിലും ഭക്ഷണ വിഭവങ്ങൾ കുറവാണ്. ഹോട്ടൽ മേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിനാളുകളാണ് ആശങ്കയിലായിരിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള എൽപിജി വിതരണം കാര്യക്ഷമമായി നടക്കണമെങ്കിൽ യുദ്ധം എത്രയും വേഗം അവസാനിക്കേണ്ടതുണ്ട്.
പശ്ചിമേഷ്യൻ യുദ്ധം നീളുന്നത് ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലയെയും ബാധിച്ചേക്കാം. വലിയ തോതിലുള്ള ഇന്ധന വില വർധന മൊത്തത്തിലുള്ള വിലക്കയറ്റത്തിനും കാരണമാവും. നയതന്ത്രത്തിന് ഒരവസരം നൽകൂ എന്നാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ കഴിഞ്ഞ ദിവസം അമെരിക്കയോടും ഇസ്രയേലിനോടും ഇറാനോടും ആവശ്യപ്പെട്ടത്. പരസ്പരം ചർച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കാതെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചു തകർക്കുന്നത് സാധാരണക്കാരായ ജനങ്ങളോടു ചെയ്യുന്ന കൊടുംപാതകമാണ്.