ലാഘവത്തോടെ കാണരുത്; കേരളത്തിന്‍റെ എയിംസ് ആവശ്യം

 

file photo

Editorial

ലാഘവത്തോടെ കാണരുത്; കേരളത്തിന്‍റെ എയിംസ് ആവശ്യം

പരിഗണിക്കാനുള്ള സ്ഥലങ്ങൾ പലതുള്ളപ്പോൾ സാധ്യതാപഠനം തന്നെ മുടങ്ങിക്കിടക്കുന്നു എന്നതാണു നിർഭാഗ്യകരമായിട്ടുള്ളത്

MV Desk

കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. യുപിഎ സർക്കാരിന്‍റെ കാലം മുതൽ നിലനിൽക്കുന്ന ആവശ്യമാണിത്. ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോഴും എയിംസ് ചർച്ചാവിഷയമാവാറുണ്ട്. മറ്റു പല സംസ്ഥാനങ്ങൾക്കും അനുവദിച്ചതുപോലെ കേരളത്തിനും എയിംസ് കിട്ടുമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുകയുമുണ്ടായിട്ടുണ്ട്.

പക്ഷേ, അന്തിമ അംഗീകാരം ലഭിക്കുന്നില്ല. എവിടെ വേണം എന്ന കാര്യത്തിൽ പോലും തീരുമാനമുണ്ടാവുന്നില്ല. ആരോഗ്യ രംഗത്ത് രാജ്യത്തിനു മാതൃകയായി നിലകൊള്ളുന്ന സംസ്ഥാനമായിട്ടും കേരളത്തിലെ എയിംസിന്‍റെ കാര്യത്തിൽ നീണ്ട അനിശ്ചിതത്വമാണു നിലവിലുള്ളത്. ഈ സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം ഹൈക്കോടതി കേന്ദ്രനിലപാടിൽ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.

എയിംസ് ആവശ‍്യത്തെ ലാഘവത്തോടെ കാണാനാവില്ലെന്നു കോടതി ഓർമപ്പെടുത്തിയിരിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ടിനായി സംസ്ഥാനം നിർദേശിച്ച സ്ഥലത്തു സാധ്യതാ പഠനം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി സംസ്ഥാന സർക്കാർ നിർദേശിച്ച കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന്‍റെ സാധ്യതാപഠനം നടത്താൻ നിർദേശിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ചു മറുപടി നൽകാൻ നാലാഴ്ച കൂടി സമയം ചോദിച്ച കേന്ദ്രത്തിന് അനുവദിച്ചിരിക്കുന്നതു രണ്ടാഴ്ചയാണ്.

ഹൈക്കോടതി വളരെ ഗൗരവത്തിൽ ഈ വിഷയത്തെ സമീപിക്കുന്നുണ്ട് എന്നത് കേരളത്തിനു പ്രതീക്ഷ നൽകുകയാണ്. ഇനി കേസ് പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ പ്രതിനിധി ഓൺലൈനായി ഹാജരാകാനുള്ള കോടതി നിർദേശം വിഷയത്തിലൊരു വ്യക്തതയുണ്ടാക്കാൻ സഹായിക്കും. സംസ്ഥാന സർക്കാരിനെക്കൂടി സഹകരിപ്പിച്ചുകൊണ്ട് എത്രയും വേഗം സാധ്യതാ പഠനം നടത്തി റിപ്പോർട്ട് നൽകാൻ കഴിയേണ്ടതാണ്. സംസ്ഥാനം കണ്ടെത്തിയ സ്ഥലം എയിംസ് മാർഗനിർദേശങ്ങൾക്കു യോജിച്ചതാണോ എന്നതിൽ കൃത്യമായ ഉത്തരം പറയേണ്ടത് സാധ്യതാപഠനത്തിനു ശേഷമാണ്.

എല്ലാ അടിസ്ഥാന സൗകര്യങ്ങളും കിനാലൂരിൽ ലഭ്യമാക്കാനാവുമെന്നു സംസ്ഥാന സർക്കാർ നേരത്തേ തന്നെ കേന്ദ്ര ആരോഗ്യ വകുപ്പിന് ഉറപ്പുനൽകിയിട്ടുള്ളതാണ്. പദ്ധതിക്കു വേണ്ട എല്ലാ സൗകര്യങ്ങളും കിനാലൂരിലുണ്ടെന്നാണു സർക്കാർ അവകാശപ്പെടുന്നത്. ഭാവി വികസനം കൂടി കണക്കിലെടുത്ത് 250 ഏക്കർ ഭൂമിയാണ് ഇവിടെ പദ്ധതിക്കു വേണ്ടി സജ്ജമാക്കുന്നത്. ഇതിൽ വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള 150 ‍ഏക്കർ ഭൂമി എയിംസിനായി കൈമാറിയിട്ടുള്ളതാണ്.

ബാക്കിയുള്ള 100 ഏക്കർ ഭൂമി ജനങ്ങളിൽ നിന്ന് ഏറ്റെടുക്കുന്നതിന് വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. നടപടികൾ തടസപ്പെട്ടു കിടക്കുന്നത് ഈ ഭൂമിയിലുള്ള കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കും. സ്ഥലം കൈമാറ്റം ചെയ്യാനാവാതെ ഇവർ വലയുന്നത് ഒഴിവാക്കണമെങ്കിൽ എത്രയും വേഗം പദ്ധതി ഇവിടെ തന്നെ എന്നു തീരുമാനിക്കണം. നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ നടക്കണം. മറ്റൊരിടത്തേക്കു മാറ്റുന്നുവെങ്കിൽ അതും എത്രയും വേഗം തന്നെയുണ്ടാവണം.

കാസർഗോഡ് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി കിനാലൂരിൽ സാധ്യതാ പഠനം വൈകരുത് എന്നു നിർദേശിച്ചിരിക്കുന്നത് എന്നുകൂടി ഓർക്കണം. കാസർഗോട്ട് പദ്ധതിക്കായി ഭൂമി കിട്ടാൻ യാതൊരു ബുദ്ധിമുട്ടുമില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സർക്കാർ നിയന്ത്രണത്തിൽ ഏറ്റവും കൂടുതൽ ഭൂമിയുള്ള ജില്ലകളിലൊന്നു കൂടിയാണ് കാസർഗോഡ്. കേരളത്തിന്‍റെ വടക്കേയറ്റത്തുള്ള ഈ ജില്ലയിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുമുണ്ട്.

ആ നിലയ്ക്ക് ജനകീയ കൂട്ടായ്മയുടെ ആവശ്യം പരിഗണിക്കപ്പെടാവുന്നതാണ്. ‌കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആവർത്തിച്ചു പറയുന്നത് എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നാണ്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുരേഷ് ഗോപിയുടെ നിലപാടിനെ അനുകൂലിച്ചു രംഗത്തുവരുകയുണ്ടായി. ആലപ്പുഴയിൽ പദ്ധതി നടപ്പാക്കുന്നതിനു തടസങ്ങളുണ്ടായാൽ തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്നും സുരേഷ് ഗോപി നിലപാട് എടുത്തിരുന്നു.

എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം തിരുവനന്തപുരത്തെ കള്ളിക്കാട് പഞ്ചായത്തിലെ നെട്ടുകാൽത്തേരിയാണെന്ന വാദവും നേരത്തേ തന്നെ ഉയർന്നുവന്നിട്ടുള്ളതാണ്. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് എയിംസിനായി കേരളം നിർദേശിച്ചിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു നെട്ടുകാൽത്തേരി.

പരിഗണിക്കാനുള്ള സ്ഥലങ്ങൾ പലതുള്ളപ്പോൾ സാധ്യതാപഠനം തന്നെ മുടങ്ങിക്കിടക്കുന്നു എന്നതാണു നിർഭാഗ്യകരമായിട്ടുള്ളത്. അടുത്ത സാമ്പത്തിക വർഷം പദ്ധതി പരിഗണിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാവേണ്ടിയിരിക്കുന്നു.

പുലർച്ചെ രഹസ്യ ഡിസിചാർജ്; മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്ത മന്ത്രി വീട്ടിൽ!

ബ്രഹ്മപുരത്ത് മന്ത്രിമാർ തമ്മിൽ മാലിന്യത്തർക്കം

നിയമസഭാ തെരഞ്ഞെടുപ്പ്: ഐപിഎൽ മത്സരക്രമത്തിൽ അനിശ്ചിതത്വം

ഗോവൻ മാതൃകയിൽ ഇനി കേരളത്തിന്‍റെ സ്വന്തം കെ-ഫെനി | Video

ഇന്ത്യ സുസജ്ജം: പാക് ആണവ ഭീഷണിയെ ഭയക്കുന്നില്ലെന്ന് വെസ്റ്റേൺ ആർമി കമാന്‍ഡർ