മൂന്നു യുദ്ധങ്ങൾക്കു ശേഷം പാക്കിസ്ഥാൻ പാഠം പഠിച്ചുവെന്ന് ഷഹബാസ് ഷരീഫ് തുറന്നു പറഞ്ഞത് കഴിഞ്ഞവർഷം ജനുവരിയിലാണ്. ഇന്ത്യയുമായി സമാധാനത്തിൽ ജീവിക്കാനാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും അന്നു പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം പറയുകയുണ്ടായി. സമാധാനത്തോടെ ജീവിച്ച് പുരോഗതി നേടണോ പരസ്പരം തമ്മിലടിച്ച് സമയവും വിഭവങ്ങളും പാഴാക്കണോയെന്ന് ഞങ്ങൾ തന്നെയാണു തീരുമാനിക്കേണ്ടതെന്നും ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങൾ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിപ്പിച്ചതേയുള്ളൂ എന്നും ദുബായ് ആസ്ഥാനമായ അൽ അറേബ്യ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് അന്നു ഷഹബാസ് പറഞ്ഞത്. പക്ഷേ, മറ്റു പാക് പ്രധാനമന്ത്രിമാരെപ്പോലെ ഷഹബാസിനും "കശ്മീർ വിഷയം' വിട്ടു കളിക്കാൻ കഴിയില്ലെന്നു വീണ്ടും തെളിയുകയാണ്. രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹബാസ് പുതിയ ടേമിൽ ദേശീയ അസംബ്ലിയിലെ ആദ്യ പ്രസംഗത്തിലും കശ്മീർ പരാമർശിച്ചിരിക്കുന്നു. പലസ്തീനികളുടെയും കശ്മീരികളുടെയും "സ്വാതന്ത്ര്യ'ത്തിനു വേണ്ടി ദേശീയ അസംബ്ലിയിലെ എല്ലാവരും ഒരുമിച്ചു നിന്നു പ്രമേയം പാസാക്കണമെന്നാണ് പാക് പ്രധാനമന്ത്രിയുടെ അഭ്യർഥന. അയൽ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നു പറയുന്ന അതേ നാവുകൊണ്ടാണ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീരിനെക്കുറിച്ചും ഷഹബാസ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ സംസാരിക്കുന്നത്.
കശ്മീരിനെ പലസ്തീനുമായി കൂട്ടിക്കെട്ടുന്ന ഷഹബാസിന്‍റെ തന്ത്രം സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികളെ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ളതാണെന്നു വ്യക്തമാണ്. പാക്കിസ്ഥാനിൽ ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് 93 സീറ്റ് നേടിയാണ്. സൈന്യത്തിനു താത്പര്യമില്ലാത്ത ഇമ്രാനെ അധികാരത്തിൽ നിന്ന് അകറ്റുന്നതിന് വ്യാപകമായി ക്രമക്കേടു നടത്തിയെന്നാണ് ആരോപണം ഉയരുന്നത്. തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇമ്രാന്‍റെ പാർട്ടി പദ്ധതിയിടുന്നതും. അതിനിടെയാണ് രണ്ടാം സ്ഥാനത്തെത്തിയ നവാസ് ഷെരീഫിന്‍റെ പാർട്ടി പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്- നവാസും (പിഎംഎൽ-എൻ) ബിലാവൽ ഭൂട്ടോ സർദാരിയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി)യും ചേർന്നു വീണ്ടും സർക്കാരുണ്ടാക്കാൻ ധാരണയായത്. പിഎംഎൽ-എൻ 75 സീറ്റിലും പിപിപി 54 സീറ്റിലുമാണ് ജയിച്ചിരുന്നത്. ദേശീയ അസംബ്ലിയിൽ മറ്റു ചില കക്ഷികളും പിഎംഎൽ-എൻ നേതാവായ ഷഹബാസിനെ പിന്തുണയ്ക്കുന്നുണ്ട്. ഈ കൂട്ടുസർക്കാരിനു കെട്ടുറപ്പുണ്ടാവില്ലെന്നാണു വിദഗ്ധരുടെ നിരീക്ഷണം. സഖ്യകക്ഷികളെ ഒപ്പം നിർത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കശ്മീരും ഷഹബാസ് ഉപയോഗിക്കുന്നത്.
അതേസമയം, ഭീകരപ്രവർത്തനത്തോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്. ജമ്മു- കശ്മീരിൽ ഭീകര പ്രവർത്തനത്തിനു തുനിയുന്നവർക്ക് പിന്തുണ നൽകുന്ന പാക്കിസ്ഥാനുമായി അതിനാൽ തന്നെ നല്ല ബന്ധം സ്ഥാപിക്കാനും ഇന്ത്യയ്ക്കു പ്രയാസമാണ്. ഭീകരർക്കു പാക്കിസ്ഥാനിൽ പരിശീലനം നൽകി അതിർത്തി കടത്തിവിടുന്ന പാക് നയത്തെ ശക്തമായി പ്രതിരോധിക്കുകയാണ് ഇന്ത്യ. പാക്കിസ്ഥാന്‍റെ ഭീകരരോടുള്ള അടുപ്പം അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനും ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍റെ നിലപാടു മൂലം "സാർക്ക് ' പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകൾ ഇല്ലാതായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കുകയുണ്ടായി. സാർക്കിലെ മറ്റ് അംഗരാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നതാണു പാക്കിസ്ഥാന്‍റെ ഭീകരാനുകൂല നിലപാടെന്ന് അദ്ദേഹം പറയുന്നു. ഷഹബാസിന്‍റെ സർക്കാരിന് ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കണമെങ്കിൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കുക തന്നെ വേണം. അതുപക്ഷേ, ഉറപ്പില്ലാത്ത ഒരു സർക്കാരിനു കഴിയുമോ എന്നതാണു വിഷയം.
സാമ്പത്തിക പ്രതിസന്ധിയടക്കം നിരവധി പ്രശ്നങ്ങളാണ് പാക് സർക്കാർ അഭിമുഖീകരിക്കേണ്ടത്. പാക്കിസ്ഥാനിൽ നാണയപ്പെരുപ്പം കുതിച്ചുകയറിയിരിക്കുകയാണ്. തൊഴിലില്ലായ്മയും വായ്പാ ഭാരവും വർധിച്ചിരിക്കുന്നു. രാജ്യപുരോഗതി തടസപ്പെട്ടിരിക്കുന്നു. പട്ടിണി മാറ്റാൻ അത്യാവശ്യമായ ഭക്ഷ്യവസ്തുക്കൾക്കു പോലും താങ്ങാനാവാത്ത വിലയാണ്. ധനമാനെജ്മെന്‍റ് വലിയ പ്രതിസന്ധി നേരിടുന്നു. ഖജനാവിൽ വരുമാനമെത്തിക്കുന്നതും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതും അനിവാര്യമായിരിക്കുകയാണ്. സാമ്പത്തിക തകർച്ചയിൽ നിന്നു പാക്കിസ്ഥാനെ കരകയറ്റാതെ ഷഹബാസിന്‍റെ ഭരണം പൊതുവിശ്വാസം ആർജിക്കുക എളുപ്പമല്ല. ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന നയം കൊണ്ട് സാമ്പത്തിക പ്രതിസന്ധി തീരുകയുമില്ല. എതിരാളികൾ ഒന്നിച്ച് ആക്രമിച്ചിട്ടും തകരാതെ പിടിച്ചുനിന്ന ഇമ്രാന്‍റെ പാർട്ടി വർധിത വീര്യത്തോടെ സർക്കാരിനെതിരേ രംഗത്തുണ്ടാവും. അസ്ഥിരത ഭയക്കുന്ന ഷഹബാസ് പിടിച്ചുനിൽക്കാനുള്ള ആയുധമായി ഇന്ത്യാവിരുദ്ധത എത്രകാലം ഉപയോഗിക്കുമെന്ന് കണ്ടറിയാം. ഇതാണു നിലപാടെങ്കിൽ ഇന്ത്യ- പാക് ബന്ധങ്ങളിൽ പുതിയൊരു തുടക്കം കുറിക്കാൻ ഷഹബാസിനു കഴിയില്ലെന്നു തന്നെ കരുതണം.