ചൈനയുമായുള്ള ബന്ധം മെച്ചപ്പെടണം

 
Editorial

ചൈനയുമായുള്ള ബന്ധം മെച്ചപ്പെടണം

നേരത്തേ പ്രഖ്യാപിച്ചിരുന്ന 25 ശതമാനം തീരുവ കൂടിയാവുമ്പോൾ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്കു മൊത്തം തീരുവ 50 ശതമാനമാവും.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുവെന്ന പേരിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കു പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഈ മാസം ഇരുപത്തേഴിനു നിലവിൽ വരുകയാണ്. നേരത്തേ പ്രഖ്യാപിച്ചിരുന്ന 25 ശതമാനം തീരുവ കൂടിയാവുമ്പോൾ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്കു മൊത്തം തീരുവ 50 ശതമാനമാവും. ഇതോടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് യുഎസിൽ വലിയ തിരിച്ചടിയുണ്ടാവുമെന്നു പ്രതീക്ഷിക്കണം. യുഎസ് വിപണിയിൽ മറ്റു രാജ്യങ്ങളുമായുള്ള മത്സരത്തിൽ ഇന്ത്യയുടെ സാധ്യതകൾക്കു മങ്ങലേൽപ്പിക്കുന്ന നയം ട്രംപ് സ്വീകരിച്ചത് കയറ്റുമതിക്കാരിലുണ്ടാക്കിയിട്ടുള്ള നിരാശ എത്രയും വേഗം മറികടക്കേണ്ടതുണ്ട്.

അതിനുള്ള മാർഗം മറ്റു രാജ്യങ്ങളിൽ കൂടുതൽ സാധ്യതകൾ തുറക്കുക എന്നുള്ളതാണ്. യുഎസിലെ നഷ്ടം മറ്റു രാജ്യങ്ങളിൽ നികത്തണം എന്നർഥം. അങ്ങനെ നോക്കുമ്പോൾ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുന്നതും നമുക്ക് ഏറെ പ്രാധാന്യമുള്ളതാവുന്നു. ചൈനയിലേക്കുള്ള കയറ്റുമതിയിൽ ഇപ്പോൾ കാണുന്ന പുരോഗതികൊണ്ട് തൃപ്തരാവാതെ കൂടുതൽ മികച്ച വാണിജ്യ ബന്ധത്തിനു ശ്രമിക്കാവുന്നതാണ്.

2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മുൻവർഷം ഇതേ സമയത്തെ അപേക്ഷിച്ച് 18 ശതമാനം ഉയര്‍ന്ന് 4.4 ബില്യണ്‍ ഡോളറിലെത്തിയെന്നാണു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്. പെട്രോളിയം ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനം, ഓര്‍ഗാനിക് കെമിക്കല്‍സ്, സമുദ്രോത്പന്നങ്ങൾ എന്നിവയുടെയെല്ലാം കയറ്റുമതിയിൽ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷവും ഇതേ കാലയളവിൽ ചൈനയിലേക്കുള്ള കയറ്റുമതി ഇടിയുകയായിരുന്നു എന്നു കൂടി ഓർക്കണം.

പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തിൽ കയറ്റുമതി വരുമാനം ഏതാണ്ട് ഇരട്ടിയായിട്ടുണ്ട്. 452 മില്യൻ ഡോളറിൽ നിന്ന് 865 മില്യൻ ഡോളറിലേക്ക് ഈ കയറ്റുമതി ഉയർന്നു. സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 33 ശതമാനം വർധനയാണുള്ളത്. ഓര്‍ഗാനിക് കെമിക്കല്‍സ് കയറ്റുമതി 26 ശതമാനവും സമുദ്രോത്പന്ന കയറ്റുമതി അഞ്ചു ശതമാനവും ഉയർന്നു. മറ്റൊരു കണക്ക് പറയുന്നത് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള നാലു മാസ കാലയളവിൽ ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം ഉയർന്നുവെന്നാണ്. 5.76 ബില്യണ്‍ ഡോളറിന്‍റെ ക‍യറ്റുമതിയാണ് ഇക്കാലത്തു നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4.80 ബില്യണ്‍ ഡോളറിന്‍റെ ക‍യറ്റുമതിയായിരുന്നു ഉണ്ടായിരുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ നയതന്ത്ര തലത്തിൽ നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് വ്യാപാര ബന്ധത്തിലുണ്ടാവുന്ന ഉണർവ് കൂടുതൽ പ്രതീക്ഷകൾ പകരുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ക്ഷണപ്രകാരം, ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി 18, 19 തീയതികളില്‍ ഇന്ത്യയിൽ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യം ചൈനീസ് വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യ എടുത്തുപറയുകയുണ്ടായി.

ലിപുലേഖ്, ഷിപ്കി ലാ, നാഥു ലാ പാസുകള്‍ വഴി അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കുക, നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി പുനരാരംഭിക്കുക, ബിസിനസ്, ടൂറിസം എന്നിവയ്ക്കുള്ള വിസാ നടപടികള്‍ ലഘൂകരിക്കുക, തീര്‍ഥാടന പ്രവാഹം വർധിപ്പിക്കുക, ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും സുഗമമാക്കുക തുടങ്ങിയ വിഷ‍യങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.

ഇന്ത്യയുടെ കയറ്റുമതിക്ക് യുഎസ് ചുമത്തിയ ഒരു ന്യായീകരണവുമില്ലാത്ത തീരുവക്കെതിരേ ഏതാനും ദിവസം മുൻപ് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷൂ ഫെയ്ഹോങ് രംഗത്തുവന്നിരുന്നു. യുഎസ് നടപടിയെ ചൈന ശക്തമായി എതിർക്കുന്നുവെന്നും ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനീസ് വിപണിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്നും ഷൂ പറഞ്ഞു. ഇന്ത്യയും ചൈനയും പരസ്പര വിശ്വാസം വർധിപ്പിക്കുന്നത് ഏഷ്യയ്ക്കു മൊത്തത്തിൽ ഗുണം ചെയ്യുമെന്നാണ് ഷൂവിന്‍റെ അഭിപ്രായം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാഗതാർഹമായ ഒരു നിലപാടാണിത്. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിന് അവസരമുണ്ട്.

എന്നാൽ, അതിർത്തിയിൽ സമാധാനം തകർക്കാതിരിക്കാൻ ചൈന തയാറാവണം എന്നതു പ്രധാനമാണ്. ‌ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളായ അയൽ രാജ്യങ്ങൾ എതിരാളികളല്ല, പങ്കാളികളാണ് എന്നു വന്നാൽ വലിയ മാറ്റമാണ് അതുണ്ടാക്കുക. ചൈനയിൽ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് സാഹചര്യം ആവശ്യപ്പെടുന്നുവെങ്കിൽ പരിഗണിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിട്ടുണ്ട്. ഇതും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്‍റെ സൂചനയായി കരുതാം.

ഷാങ്ഹായ് സഹകരണ ഓർഗനൈസേഷന്‍റെ (എസ് സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുമെന്നാണു റിപ്പോർട്ടുകൾ. മോദിയുടെ സന്ദർശനത്തെ ചൈന വലിയ പ്രാധാന്യത്തോടെയാണു കാണുന്നതെന്നും അവിടെനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഈ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം ശക്തിപ്പെടുത്തുന്നതിന് ഉപകരിക്കുമെന്നു പ്രതീക്ഷിക്കാം.

പരിധി കടന്നു, ഉടൻ നിർ‌ത്തണം; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

"ശാസ്ത്രം പുരാണമല്ല''; ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന അനുരാഗ് ഠാക്കൂറിന്‍റെ പരാമർശത്തിനെതിരേ കനിമൊഴി

യുപിയിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേർക്ക് പരുക്ക്

അസാധാരണ നടപടി; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു

ഡൽഹിയിൽ കനത്ത മഴ; നിരവധി വിമാന സർവീസുകളെ ബാധിച്ചു, മുന്നറിയിപ്പ്