ജനറൽ കംപാർട്ട്മെന്‍റുകളിൽ സുരക്ഷ ഉറപ്പാക്കണം.

 
Editorial

ട്രെയ്‌ൻ യാത്രകൾ സുരക്ഷിതമാക്കണം

കേരളത്തിലോടുന്ന പല ട്രെയ്‌നുകളിലെയും ജനറൽ കംപാർട്ട്മെന്‍റുകളിൽ കാലുകുത്താൻ ഇടമില്ലാത്ത തിരക്കാണ്. അങ്ങനെ യാത്ര ചെയ്യുന്നവരിൽ പല തരത്തിലുള്ളവരും ഉണ്ടാകും

MV Desk

കേരളത്തിലോടുന്ന ട്രെയ്‌നുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ടത്ര പൊലീസുകാരെ നിയോഗിക്കുന്നതടക്കം സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. 2011ൽ സൗമ്യ കൊല്ലപ്പെട്ട സംഭവമുണ്ടായതിനു ശേഷം ട്രെയ്‌നുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ടു നിരവധി നടപടികൾ പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ, അതിനു ശേഷവും ട്രെയ്‌നിൽ യാത്രക്കാരും ജീവനക്കാരും പലവിധ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. 'ഗോവിന്ദച്ചാമിമാർ' സുരക്ഷാ ഭീഷണി ഉയർത്തിയിട്ടുണ്ട്. ‌അതിൽ ഏറ്റവും അവസാനത്തേതാണ് ഞായറാഴ്ച രാത്രി വർക്കലയിലുണ്ടായത്.

മദ്യപിച്ചു ട്രെയ്‌നിൽ കയറിയ അക്രമി തിരുവനന്തപുരം പാലോട് സ്വദേശിനിയായ പത്തൊമ്പതുകാരിയെ ആക്രമിച്ചു പുറത്തേക്കു ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കേരള എക്സ്പ്രസിലായിരുന്നു സംഭവം. 48 വയസുകാരനായ അക്രമി സുരേഷ് കുമാറിനെ പിടികൂടി വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. പ്രതിയുടെ മോശമായ പെരുമാറ്റത്തെ യുവതിയും കൂട്ടുകാരിയും ചോദ്യം ചെയ്തതാണ് അയാളെ പ്രകോപിപ്പിച്ചത് എന്നാണു പറയുന്നത്. കൂട്ടുകാരിയെയും തള്ളിയിടാൻ ഇയാൾ ശ്രമിച്ചുവെങ്കിലും വാതിലിന്‍റെ കമ്പിയിൽ പിടിച്ചു തൂങ്ങിക്കിടന്നു രക്ഷപെടുകയായിരുന്നു.

അതീവ ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. രക്തത്തിൽ കുളിച്ച്, ശരീരമാകെ ചതവുകളുമായി ട്രാക്കിൽ വീണുകിടന്ന യുവതിയെ എതിരേ വന്ന മെമു ട്രെയ്‌ൻ നിർത്തി അതിൽ കയറ്റിയാണു വർക്കല റെയ്‌ൽവേ സ്റ്റേഷനിലും പിന്നീട് ആശുപത്രിയിലും എത്തിച്ചത്. ട്രെയ്‌നിനു വേഗം കുറവായിരുന്നതും സഹയാത്രികർ ഇടപെട്ടതും യുവതിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു എന്നു പറയാം. ആലുവയിൽ നിന്ന് ജനറൽ കംപാർട്ട്മെന്‍റിൽ കയറിയതാണു പരുക്കേറ്റ യുവതിയും കൂട്ടുകാരിയും. കോട്ടയത്തു നിന്നു കയറിയ അക്രമി നന്നായി മദ്യപിച്ചിരുന്നു എന്നാണു യാത്രക്കാർ പറയുന്നത്. ട്രെയ്‌നിൽ കയറിയതു മുതൽ ഇയാൾ അപമര്യാദയായാണു പെരുമാറിയതത്രേ. അങ്ങനെയൊരാളുടെ ഭീഷണി ഒഴിവാക്കാൻ റെയ്‌ൽവേ പൊലീസിന്‍റെ സാന്നിധ്യം ജനറൽ കംപാർട്ട്മെന്‍റുകളിൽ അത്യാവശ്യമാണ്.

കേരളത്തിലോടുന്ന പല ട്രെയ്‌നുകളിലെയും ജനറൽ കംപാർട്ട്മെന്‍റുകളിൽ കാലുകുത്താൻ ഇടമില്ലാത്ത തിരക്കാണ്. അങ്ങനെ യാത്ര ചെയ്യുന്നവരിൽ പല തരത്തിലുള്ളവരും ഉണ്ടാകും. പൊലീസിന്‍റെ സാന്നിധ്യമുണ്ടെങ്കിൽ അക്രമികൾക്ക് അഴിഞ്ഞാടാനുള്ള അവസരം ഇല്ലാതാവും. ആവശ്യത്തിനു റെയ്‌ൽവേ പൊലീസുകാരെ നിയോഗിക്കുക എന്നതാണ് യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അത്യാവശ്യമായി ചെയ്യാനുള്ളത്. മദ്യവും മയക്കുമരുന്നുമൊക്കെ ഉപയോഗിച്ച് ലക്കുകെട്ടവർ ട്രെയ്‌നുകളിൽ അഴിഞ്ഞാടുന്നത് അവസാനിപ്പിക്കുക തന്നെ വേണം. സുരക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പല നിർദേശങ്ങളും കടലാസിൽ ഒതുങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

വർക്കലയിലെ സംഭവത്തിനു പിന്നാലെ കൊല്ലത്തും യാത്രക്കാരൻ ആക്രമിക്കപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. ഐലൻഡ് എക്സ്പ്രസ് ട്രെയ്‌നിൽ ഭിന്നശേഷിക്കാരനെ മർദിച്ച യുവാവ് ശാസ്താംകോട്ട സ്റ്റേഷനിൽ നിർത്താനായി ട്രെയ്‌ൻ വേഗം കുറച്ചപ്പോൾ ചാടി രക്ഷപെട്ടു എന്നാണു പറയുന്നത്. മർദനത്തിൽ യാത്രക്കാരന്‍റെ മൂക്കിനു പരുക്കേറ്റിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ കംപാർട്ട്മെന്‍റിലാണ് ഈ സംഭവം ഉണ്ടായത്. വഴി തടസപ്പെടുത്തി നിന്ന യുവാവിനോടു മാറിനിൽക്കാൻ ആവശ്യപ്പെട്ടതാണു പ്രകോപനമായതത്രേ. യാത്രക്കാർ മാത്രമല്ല ടിടിഇമാരും ട്രെയ്‌നുകളിൽ തുടർച്ചയായി ആക്രമിക്കപ്പെടുന്നുണ്ട്. ട്രെയ്‌നിലെ മദ്യപാനം ചോദ്യം ചെയ്ത ടിടിഇക്കു നേരേ തൃശൂരിൽ ആക്രമണമുണ്ടായതു ഞായറാഴ്ച രാത്രിയാണ്. ജനറൽ ടിക്കറ്റുമായി റിസർവ്ഡ് കോച്ചിൽ കയറിയ മദ്യലഹരിയിലായിരുന്ന യുവാവ് ട്രെയ്‌നിൽ ബഹളമുണ്ടാക്കുകയായിരുന്നു. ജനറൽ കംപാർട്ട്മെന്‍റിലേക്കു മാറണമെന്ന് ടിടിഇ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്‍റെ കൈയിൽ പിടിച്ചു വലിച്ച് ഒപ്പം പുറത്തേക്കു ചാടാൻ അക്രമി ശ്രമിച്ചു. സമീപത്തെ കൊളുത്തിൽ പിടിച്ചാണ് ടിടിഇ പുറത്തേക്കു വീഴാതെ രക്ഷപെട്ടത്. ട്രെയ്‌നിലുള്ളവർ ഓടിയെത്തി അക്രമിയെയും ടിടിഇയെയും അപകടത്തിൽ നിന്നു രക്ഷിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് എറണാകുളത്തുനിന്ന് പാറ്റ്നയിലേക്കുള്ള ട്രെയ്നിൽ തന്‍റെ ജോലി ചെയ്തിരുന്ന ടിടിഇ വിനോദിനെ തൃശൂർ വെളപ്പായയിൽ വച്ച് ഭിന്നശേഷിക്കാരനും ഒഡിഷ സ്വദേശിയുമായ രജനീകാന്ത് എന്ന അക്രമി തള്ളിതാഴെയിട്ടു കൊലപ്പെടുത്തിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന പ്രതി ടിടിഇ ടിക്കറ്റ് ചോദിച്ച വൈരാഗ്യത്തിലാണ് എസ് 11 കോച്ചിൽ നിന്നു തള്ളി താഴെയിട്ടത്. എതിർവശത്തെ ട്രാക്കിലേക്കു വീണ വിനോദ് അതിലൂടെ വന്ന ട്രെയ്‌ൻ കയറി മരിക്കുകയായിരുന്നു. കലാകാരനും സിനിമാ നടനും കൂടിയായിരുന്ന വിനോദിന്‍റെ ദാരുണാന്ത്യം ഞെട്ടലോടെയാണു കേരളം കേട്ടത്. അതിനു മുൻപും ശേഷവും ട്രെയ്‌നിൽ ടിടിഇമാർ പലയിടത്തായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിൽ ടിടിഇയെ ആക്രമിച്ചത് ഒരു ഭിക്ഷക്കാരനായിരുന്നു. ടിക്കറ്റില്ലാതെ ട്രെയ്‌നിൽ കയറിയതു ചോദ്യം ചെയ്തതിനായിരുന്നു അത്. ലേഡീസ് കംപാർട്ട്മെന്‍റിൽ ഇരുന്നതു ചോദ്യം ചെയ്തതിന് വനിതാ ടിടിഇക്കു നേരേ കൈയേറ്റ ശ്രമം ഉണ്ടായിട്ടും ഏറെക്കാലമായില്ല. റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളെ ചോദ്യം ചെയ്തിനിടയിൽ മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇയെ മർദിച്ച സംഭവവും ഉണ്ടായി.

സൗമ്യ കേസ് മുതൽ എലത്തൂർ ട്രെയ്‌ൻ തീവയ്പ്പ് കേസ് അടക്കം ഭയപ്പെടുത്തുന്ന പല അക്രമ സംഭവങ്ങളും കേരളത്തിലോടുന്ന ട്രെയ്നുകളിൽ ഉണ്ടായിട്ടുണ്ട്. ലഹരി വസ്തുക്കൾ ഉപയോഗിച്ച് ട്രെയ്നിൽ കയറി ശല്യം ചെയ്യുന്നവരെ പലപ്പോഴും യാത്രക്കാർക്കു നേരിടേണ്ടിവരുന്നുണ്ട്. പ്ലാറ്റ്ഫോമുകളിൽ അലഞ്ഞുതിരിയുന്ന ക്രിമിനലുകളെ പിടികൂടുന്നതടക്കം കാര്യങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ കൂടുതൽ താത്പര്യം കാണിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video