സതീശനു മുന്നിൽ വെല്ലുവിളികൾ ഏറെ

 
Editorial

സതീശനു മുന്നിൽ വെല്ലുവിളികൾ ഏറെ

വികസന കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ നിശ്ചയദാർഢ്യത്തോടെയുള്ള നീക്കങ്ങൾ ആവശ്യമാണ്.

MV Desk

വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്നു നിയമസഭയിൽ അവതരിപ്പിക്കുകയാണ്. കഴിഞ്ഞ 10 വർഷവും ഭരിച്ച ഇടതു മുന്നണിയുടെ ബജറ്റുകളോടു ശക്തമായി വിയോജിച്ചിരുന്ന മുന്നണിയുടെ നയസമീപനങ്ങൾ എങ്ങനെയൊക്കെയാവുമെന്നറിയാനുള്ള കാത്തിരിപ്പിലാണു ജനങ്ങൾ. മുഖ്യമന്ത്രി തന്നെയാണു ധന വകുപ്പിന്‍റെയും ചുമതലയിലുള്ളത്. വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ബജറ്റ് സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിൽ എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്നതടക്കം നിരവധി വസ്തുതകൾ പരിശോധിക്കാനിരിക്കുകയാണു വിദഗ്ധർ. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി തീർത്തും മോശമാണെന്നാണു സതീശൻ തന്നെ നിയമസഭയിൽ വച്ച ധവളപത്രം ചൂണ്ടിക്കാണിച്ചത്.

സംസ്ഥാനത്തിന്‍റെ കടം കുന്നുകൂടുകയാണ്. 5.07 ലക്ഷം കോടി രൂപയാണ് ഇപ്പോൾ നമ്മുടെ കടബാധ്യത. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഎസ്ഡിപി) 35.5 ശതമാനത്തോളം വരും ഇത്. ദേശീയ ശരാശരി 29.2 ശതമാനം മാത്രമാണ് എന്നു കൂടി അറിയണം. സംസ്ഥാന സർക്കാർ കൊടുത്തുതീർക്കാനുള്ള ബാധ്യതകൾ ചെറുതൊന്നുമല്ല. സാമ്പത്തിക കാര്യങ്ങളിൽ അതീവ ജാഗ്രതയും സൂക്ഷ്മതയും കാണിച്ചില്ലെങ്കിൽ കൂടുതൽ പ്രതിസന്ധിയിലേക്കാണു നാടു നീങ്ങുകയെന്നു ധവളപത്രത്തിൽ നിന്നു വായിച്ചെടുക്കാം. വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കുന്നതിനെക്കുറിച്ചു ധവളപത്രം ഓർമിപ്പിക്കുന്നുണ്ട്. ഈ ഓർമപ്പെടുത്തൽ ബജറ്റിൽ പ്രതിഫലിക്കുമോയെന്നു സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുകയാണ്.

വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധനച്ചെലവ് രാജ്യത്തു തന്നെ ഏറ്റവും താഴ്ന്ന നിരക്കിലുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം എന്നതും ധവളപത്രം ചൂണ്ടിക്കാണിക്കുന്നതാണ്. വരുമാനത്തിന്‍റെ 77 ശതമാനം ശമ്പളവും പെൻഷനും പലിശയും ഒക്കെ നൽകാൻ ഉപയോഗിക്കുന്നു. ഇതിൽ തന്നെ പലിശ ഇനത്തിൽ മാത്രം ചെലവാകുന്നത് 20.9 ശതമാനമാണ്. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശിക ഉൾപ്പെടെ 48,733 കോടിയുടെ കുടിശിക ബാധ്യതകൾ പുതിയ സർക്കാർ ഏറ്റെടുക്കേണ്ടതായിട്ടുമുണ്ട്. കിഫ്ബി സംസ്ഥാനത്തിനു വരുത്തിവച്ചിട്ടുള്ള വലിയ ബാധ്യതകളെക്കുറിച്ചും ധവളപത്രം ചൂണ്ടിക്കാണിച്ചിരുന്നു. ഇതൊക്കെ ബജറ്റ് തയാറാക്കുമ്പോൾ ധനമന്ത്രിയുടെ മനസിലുണ്ടാവേണ്ടതാണ്. കിഫ്ബിയുടെ ഭാവി എന്താവുമെന്നറിയാൻ എല്ലാവർക്കും താത്പര്യമുണ്ട്.

സാമ്പത്തിക തെരഞ്ഞെടുപ്പുകൾ വളരെ ശ്രദ്ധയോടെ വേണം എന്നതാണു സാഹചര്യം ആവശ്യപ്പെടുന്നത്. സർക്കാരിന്‍റെ മുൻഗണനകൾ നിശ്ചയിക്കുമ്പോൾ ധനമന്ത്രി നേരിടുന്ന വെല്ലുവിളി ഏ‍റ്റവും വിഷമം പിടിച്ച സാമ്പത്തികാവസ്ഥയാണ്. ഇന്ദിരാ ഗ്യാരന്‍റികൾ ഉൾപ്പെടെ യുഡിഎഫ് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന് അധിക വിഭവ സമാഹരണം ആവശ്യമാണ്. വിഭവ സമാഹരണത്തിനു പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നതിൽ ധനമന്ത്രി വിജയിക്കേണ്ടതുണ്ട്. കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര നടപ്പാക്കിയത് ആദ്യ ചുവടു മാത്രമാണ്. കോളെജ് വിദ്യാർഥിനികൾക്കു പ്രതിമാസം 1,000 രൂപ വീതം സഹായം, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, യുവസംരംഭകർക്ക് അഞ്ചു ലക്ഷം രൂപ വരെ പലിശരഹിത വായ്പ തുടങ്ങിയ പദ്ധതികൾ നടപ്പാക്കാനിരിക്കുകയാണ്. സാമൂഹിക സുരക്ഷാ പെൻഷനുകൾ പ്രതിമാസം 3,000 രൂപയായി വർധിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്.

എൽഡിഎഫ് സർക്കാരിലെ ധനമന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാൽ ജനുവരി അവസാനം അവതരിപ്പിച്ച ബജറ്റിൽ കണക്കുകൂട്ടിയ കേന്ദ്ര സഹായത്തിൽ 20,000 കോടിയുടെ കുറവുണ്ടാകും എന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്. റവന്യു കമ്മി ഗ്രാന്‍റ് ഇനത്തിൽ കേന്ദ്രത്തിൽനിന്നുള്ള 14,317 കോടി രൂപ കിട്ടില്ലെന്ന് ഉറപ്പായിട്ടുണ്ട്. കേന്ദ്ര നികുതി വിഹിതത്തിൽ പ്രതീക്ഷിച്ചതിനെക്കാൾ 5,000 കോടിയും കുറയും. ശമ്പളവും പെൻഷനും പലിശയും നൽകാനും ദൈനംദിന ഭരണം നടത്താനുമുള്ള പണം കഴിഞ്ഞാൽ വികസന പദ്ധതികൾക്കായി ബാലഗോപാലിന്‍റെ ബജറ്റിൽ ബാക്കിയുണ്ടായിരുന്നത് 33,000 കോടി രൂപയാണ്. അതിൽ 20,000 കോടി കുറയുന്നതോടെ വികസന പ്രവർത്തനങ്ങൾ വഴിമുട്ടാനുള്ള സാധ്യതയാണു തെളിയുന്നത്. ഈ പ്രതിസന്ധി സതീശൻ എങ്ങനെ മറികടക്കുമെന്നു കണ്ടു തന്നെ അറിയണം. കേന്ദ്ര വിഹിതങ്ങൾ കൃത്യമായി വാങ്ങിയെടുക്കാനും സംസ്ഥാനത്തിനകത്തു നിന്നുള്ള വരുമാനം ഗണ്യമായി വർധിപ്പിക്കാനും കഴിഞ്ഞാലേ മുന്നോട്ടുപോകാനാവൂ. സാധാരണക്കാരിൽ അമിത ഭാരം അടിച്ചേൽപ്പിക്കാതെ വരുമാനം വർധിപ്പിക്കുക ധനമന്ത്രിക്കു മുന്നിലുള്ള വെല്ലുവിളി തന്നെയാണ്.

സാമ്പത്തിക അച്ചടക്കം, ക്ഷേമപദ്ധതികൾ, വളർച്ചാലക്ഷ്യങ്ങൾ എന്നിവയെല്ലാം കോർത്തിണക്കുന്ന ബജറ്റിനു വേണ്ടിയാണു നാട് കാത്തിരിക്കുന്നത്. "പ്രാധാന്യമില്ലാത്ത' പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുക, ബെവ്കോയും സപ്ലൈകോയും ലയിപ്പിക്കുക, വിരമിക്കൽ പ്രായം ഉയർത്തുക തുടങ്ങിയ നിർദേശങ്ങൾ ധവളപത്രം മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഇതെല്ലാം പ്രതിഷേധം ഉയർത്തുന്ന വിഷയങ്ങളാണ് എന്നതു കൂടി പരിഗണിക്കേണ്ടതുണ്ട്. കേരളത്തെ തുറമുഖ നഗരമാക്കുമെന്നാണു സതീശൻ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനു കൃത്യമായ പ്ലാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഏവിയേഷൻ ഹബ്ബാക്കി മാറ്റുന്നതിനെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. ഇത്തരത്തിലുള്ള വികസന കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ നിശ്ചയദാർഢ്യത്തോടെയുള്ള നീക്കങ്ങൾ ആവശ്യമാണ്.

വിസ്മയിപ്പിക്കുമോ? യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച

ശബരിമല സ്വർണക്കൊള്ള; സമഗ്ര റിപ്പോർട്ട് ജൂൺ 29 നുള്ളിൽ ഹൈക്കോടതിയിൽ സമർപ്പിക്കും

ആലുവയില്‍ പ്രീ സ്‌കൂളിന്‍റെ ഗേറ്റിലൂടെ ഓടിയിറങ്ങിയ കുട്ടിയെ രക്ഷിച്ച് ലോറി ഡ്രൈവര്‍

യോഗാദിനത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തതിൽ സർക്കാരിന് കടുത്ത അസംതൃപ്തി

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; കെസിഎയ്ക്ക് നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ