തെരുവു നായ ശല്യം രാജ്യവ്യാപകമായ ഗുരുതര പ്രശ്നം.
തെരുവു നായ ശല്യം രാജ്യവ്യാപകമായ ഗുരുതര പ്രശ്നം എന്ന നിലയിൽ പരിഗണിച്ചുകൊണ്ട് കർശനമായ നിലപാടു സ്വീകരിച്ചിരിക്കുകയാണു സുപ്രീം കോടതി. അതിന്‍റെ ഭാഗമായാണ് ഈ വിഷയത്തിൽ സ്വമേധയാ എടുത്ത കേസിൽ എല്ലാ സംസ്ഥാനങ്ങളെയും കോടതി കക്ഷി ചേർത്തതും, എല്ലാ ഹൈക്കോടതികളിലെയും സമാനമായ കേസുകൾ വിളിച്ചുവരുത്തിയതും. തെരുവു നായ്ക്കളുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ ഓഗസ്റ്റിൽ മുഴുവൻ സംസ്ഥാനങ്ങളോടും കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോഴും സംസ്ഥാനങ്ങളിൽ പശ്ചിമ ബംഗാളും തെലങ്കാനയും മാത്രമാണു സത്യവാങ്മൂലം നൽകിയിരുന്നത്. വീഴ്ച വരുത്തിയ സംസ്ഥാനങ്ങളിൽ കേരളവുമുണ്ട് എന്നതു മലയാളികളെ സംബന്ധിച്ചു കൂടുതൽ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. തെരുവുനായ ശല്യത്തിൽ ജനങ്ങൾ വല്ലാതെ വിഷമിക്കുന്ന സംസ്ഥാനമാണല്ലോ കേരളം. പക്ഷേ, അതിനെ എത്ര ലാഘവമായാണു സർക്കാർ കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവായി സുപ്രീം കോടതി നിർദേശം ഗൗരവത്തിൽ എടുക്കാതിരുന്ന സമീപനം.
സത്യവാങ്മൂലം സമർപ്പിക്കാത്ത കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നിർബന്ധമായും ഇന്ന് (നവംബർ മൂന്നിന്) സുപ്രീം കോടതിയിൽ നേരിട്ടു ഹാജരാവണമെന്നാണു കഴിഞ്ഞയാഴ്ച ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. ചീഫ് സെക്രട്ടറിമാരെ ഓൺലൈനായി ഹാജരാകാൻ അനുവദിക്കണമെന്നു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. എന്തുകൊണ്ട് കോടതിക്കു മറുപടി നൽകിയില്ലെന്നു ചീഫ് സെക്രട്ടറിമാർ നേരിട്ടു വിശദീകരിക്കട്ടെ എന്ന നിലപാടിൽ ജസ്റ്റിസ് സന്ദീപ് മെഹ്ത, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവർ കൂടി അടങ്ങിയ ബെഞ്ച് ഉറച്ചുനിൽക്കുകയായിരുന്നു. എന്തായാലും കോടതി കർശന നിലപാട് സ്വീകരിച്ചതിനു പിന്നാലെ കേരളം വൈകിയതിൽ ക്ഷമ ചോദിച്ചു സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ എത്ര കാര്യക്ഷമമായാണു നടപ്പാക്കിയതെന്നു കോടതിയെ ധരിപ്പിക്കണം. അതനുസരിച്ചാവണം സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഇന്നു സർക്കാർ കോടതിയിൽ എന്തു നിലപാടു സ്വീകരിക്കുമെന്ന് അറിയേണ്ടതുണ്ട്.
പേവിഷമുക്ത കേരളം എന്ന ലക്ഷ്യത്തിലാണു സംസ്ഥാനത്തെ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നാണു സർക്കാരിന്‍റെ അവകാശവാദം. അതിൽ വാക്സിനേഷനും തെരുവുനായകളുടെ ജനന നിയന്ത്രണവും മാത്രമല്ല അടങ്ങുന്നത്. പൊതുജന ബോധവത്കരണം, വളർത്തു മൃഗങ്ങളുടെ ഉടമസ്ഥാവകാശത്തിലെ ഉത്തരവാദിത്വം തുടങ്ങിയ കാര്യങ്ങളും അടങ്ങുന്ന ബഹുമുഖ സമീപനത്തെക്കുറിച്ചാണ് ബന്ധപ്പെട്ട അധികാരികൾ പറയുന്നത്. നായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ്പ് നൽകുക എന്നതു തന്നെ വളരെ പ്രധാനപ്പെട്ട കാര്യമായാണു കാണുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും പേവിഷമുക്ത കേരളം പദ്ധതി നടപ്പാക്കിയെന്നും കോട്ടയത്തേക്കും വ്യാപിപ്പിച്ചുവെന്നുമൊക്കെ ബന്ധപ്പെട്ടവർ അവകാശപ്പെടുന്നുണ്ട്.
ഒന്നുറപ്പാണ്. തെരുവു നായകളുടെ എണ്ണം നിയന്ത്രിക്കാതെ എന്തു ചെയ്താലും ജനങ്ങൾക്കു സമാധാനമായി ഇറങ്ങി നടക്കാൻ കഴിയുമെന്നു തോന്നുന്നില്ല. കേരളത്തിൽ അങ്ങോളമിങ്ങോളം തെരുവു നായകളുടെ ആക്രമണത്തിൽ ആളുകൾക്കു നിത്യേന പരുക്കേൽക്കുന്നുണ്ട്. കുട്ടികൾക്കു ധൈര്യമായി പുറത്തിറങ്ങാൻ കഴിയാത്ത നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. പല പ്രദേശങ്ങളും തെരുവു നായ്ക്കളുടെ പിടിയിലാണ്. നാടെങ്ങും മുക്കിനു മുക്കിനു പെരുകിയ മീൻ- ഇറച്ചിക്കടകൾ നായകളുടെ പെരുകലിനു വളം വച്ചിട്ടുണ്ട്. പച്ചമാംസവും ചോരയും ഇറച്ചി- മീൻ അവശിഷ്ടങ്ങളും യഥേഷ്ടം കഴിച്ച് പെറ്റുപെരുകി തെരുവുകൾ കൈയടക്കിയ നായക്കൂട്ടങ്ങൾ മനുഷ്യരെ ഓടിച്ചിട്ടു കടിക്കുകയാണ്. രാവിലെ വ്യായാമത്തിനായി നടക്കാൻ പോലും ആർക്കും റോഡിലിറങ്ങാൻ പറ്റാത്ത അവസ്ഥ.
എബിസി പദ്ധതിക്കും വാക്സിനേഷനുമൊക്കെ വേണ്ടി കോടികൾ ചെലവഴിക്കുന്നുവെന്നു പറയുന്നുണ്ടെങ്കിലും അതൊന്നും എവിടെയും എത്തുന്നില്ല. നായകളുടെ കടിയേറ്റവർക്ക് വാക്സിൻ എടുത്ത ശേഷവും അവർ പേവിഷ ബാധയേറ്റു മരിച്ച സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം മൂന്നു ലക്ഷത്തിലേറെ പേർക്ക് സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ കടിയേറ്റു എന്നാണു കണക്ക്. ഓരോ വർഷവും ഇങ്ങനെ ലക്ഷക്കണക്കിന് ആളുകൾക്കു കടിയേൽക്കുന്നു. അഞ്ചു വർഷത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്തു നൂറിലേറെ പേർ മരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിന്‍റെ കണക്കുകളിലുണ്ട്. അതിൽ തന്നെ 20ലേറെ പേർ മരിച്ചതു വാക്സിൻ എടുത്ത ശേഷമാണത്രേ. തെരുവു നായകളുടെ വിളയാട്ടം ഒട്ടും ലാഘവത്തിലെടുക്കാനാവില്ല എന്നതാണ് ഇതിനർഥം.
സുപ്രീം കോടതി തന്നെ ചൂണ്ടിക്കാണിച്ചതു പോലെ തെരുവുനായ്ക്കളുടെ ശല്യം വിദേശ രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായയെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. വിഷയത്തിൽ കോടതിയുടെ ഇടപെടൽ എന്തുകൊണ്ടും സ്വാഗതാർഹമാണ്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും വിഷയം കൂടുതൽ ഗൗരവത്തിൽ എടുക്കേണ്ടിയിരിക്കുന്നു. നടപടികൾ പേരിനു മാത്രമായതു കൊണ്ട് യാതൊരു കാര്യവുമില്ല.