സ്കൂൾ അവധിക്കാല മാറ്റം പെട്ടെന്നു തീരുമാനിക്കാനാവില്ല

 
Representative image
Editorial

സ്കൂൾ അവധിക്കാല മാറ്റം പെട്ടെന്നു തീരുമാനിക്കാനാവില്ല

പുതിയ രീതിയിലേക്കു മാറുന്നത് കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കും എന്നു ചിന്തിക്കണം.

സ്കൂൾ വിദ്യാർഥികൾക്കുള്ള വേനൽ അവധി വർഷകാല അവധിയായി മാറ്റണോയെന്ന് ആലോചിക്കുകയാണു സംസ്ഥാന സർക്കാർ. അവധിക്കാലം മാറ്റുന്നതിനെക്കുറിച്ചു പൊതുചർച്ചയ്ക്ക് വിദ്യാഭ്യാസ വകുപ്പു തുടക്കമിട്ടിട്ടുണ്ട്. ഇപ്പോൾ ഏപ്രിൽ, മേയ് മാസങ്ങളിലാണ് സ്കൂളുകൾക്ക് അവധിയുള്ളത്. അത് ജൂൺ, ജൂലൈ മാസങ്ങളിലേക്കു മാറ്റണോ എന്നതു സംബന്ധിച്ചാണു ചർച്ച നടക്കുന്നത്. സ്വാഭാവികമായും ഇതുമായി ബന്ധപ്പെട്ടു രണ്ടു വാദങ്ങളുണ്ട്. വർഷങ്ങളായി തുടരുന്ന വേനൽ അവധി അതുപോലെ തുടരണമെന്നതാണ് ഒന്ന്. അതല്ല ഇപ്പോഴത്തെ മഴക്കാലത്തിന്‍റെ പ്രത്യേകത കൂടി കണക്കിലെടുത്ത് മഴക്കാലത്ത് അവധി നൽകുന്നതാണു നല്ലതെന്നു ചിന്തിക്കുന്നവർ മറുവശത്തുണ്ട്. ഇങ്ങനെയൊരു ചർച്ച തുടങ്ങിവച്ചു എന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല. രണ്ടിനും അതിന്‍റേതായ ഗുണങ്ങളുണ്ട്; പ്രശ്നങ്ങളുമുണ്ട്. എല്ലാം ചർച്ച ചെയ്യപ്പെടട്ടെ.

എന്തായാലും നിലവിലുള്ള രീതി മാറ്റാൻ പെട്ടെന്നൊരു തീരുമാനം എടുക്കാനാവില്ല. നല്ലപോലെ ആലോചിച്ചും വിദഗ്ധാഭിപ്രായങ്ങൾ പരിഗണിച്ചും തീരുമാനമെടുക്കേണ്ടതുണ്ട്. കേരളത്തിലെ ലക്ഷക്കണ‍ക്കിനു സ്കൂൾ വിദ്യാർഥികളെ ബാധിക്കുന്ന വിഷയമാണിത്. അവരുടെ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും എല്ലാം താത്പര്യമുള്ള വിഷയം. എത്രയേറെ ആളുകളെയാണു ബാധിക്കുകയെന്നു നന്നായി ഓർത്തു വേണം നിലവിലുള്ള രീതി മാറ്റുന്നത്. പുതിയ രീതിയിലേക്കു മാറുന്നത് കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കും എന്നു ചിന്തിക്കണം.

മഴക്കാലത്ത് വീട്ടിലിരിക്കുന്നതു നല്ലതു തന്നെയാണ്. പക്ഷേ, ഏപ്രിൽ, മേയ് മാസങ്ങളിൽ കൊടും വേനലാണ്. വേനൽ ഇപ്പോൾ അസഹനീയമാണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ഓരോ വർഷവും ചൂടു കൂടിവരുകയാണ്. സംസ്ഥാനത്തെ ശരാശരി താപനിലയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ക്രമാതീതമായ വർധനയുണ്ടെന്ന് കാലാവസ്ഥാ മാറ്റ പഠന ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഏപ്രിൽ, മേയ് മാസങ്ങളിലെ ചൂട് താങ്ങാൻ എളുപ്പമല്ല. സംസ്ഥാന ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വർഷം 2024 ആയിരുന്നുവെന്ന് പഠന റിപ്പോർട്ട് പറയുന്നുണ്ട്.

ഏപ്രിൽ ആവുമ്പോഴേക്കും പകൽ താപനില ക്രമാതീതമായി ഉയരുന്നതു കൊണ്ട് വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിക്കേണ്ടിവരാറുണ്ട്. സൂര്യാഘാത സാധ്യത കണക്കിലെടുത്തുള്ള മുന്നറിയിപ്പുകൾ എല്ലാ വർഷവും പുറത്തിറക്കുന്നതു സർക്കാർ തന്നെയാണ്. കത്തിക്കാളുന്ന വെയിലിൽ ക്ലാസ് മുറികളിലിരുന്നു പഠിക്കേണ്ടിവരുന്ന കുട്ടികളുടെ അവസ്ഥ എന്താവുമെന്ന ആശങ്ക ബന്ധപ്പെട്ട എല്ലാവർക്കും ഉണ്ടാവേണ്ടതാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ പല ഭാഗത്തും കുടിവെള്ള ക്ഷാമം ഒരു വിഷയമാണ്. ജലക്ഷാമം സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കും.

ക്ലാസ് റൂമുകളിൽ ആവശ്യത്തിനു ഫാൻ പോലുമില്ലാത്ത അവസ്ഥയുമുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് അവധിക്കാലം എന്നതു മറ്റൊരു വശം. കുട്ടികളിലുള്ള സർഗശേഷി പരിപോഷിപ്പിക്കാനുള്ള കാലമായി കൂടി ഇതിനെ കാണുന്നുണ്ട്. വിവിധ തരത്തിലുള്ള പരിശീലന പരിപാടികൾ ഈ കാലത്തു നടക്കുന്നു. സമ്മർ ക്യാംപുകൾ വേനലവധിക്കാലത്തിന്‍റെ പ്രത്യേകതയാണ്. അവധിക്കാല യാത്രകൾ, ബന്ധുവീടുകളിലെ സന്ദർശനങ്ങൾ തുടങ്ങി പലവിധ പരിപാടികളും വർഷകാലത്ത് എളുപ്പമല്ല.

വീടിനു പുറത്തിറങ്ങാൻ കഴിയാത്ത മഴക്കാലത്ത് അവധി നൽകുന്നത് അതിന്‍റെ ഉദ്ദേശ്യലക്ഷ്യം തന്നെ ഇല്ലാതാക്കുമെന്ന വാദം കാണാതിരിക്കാനാവില്ല. ഇതൊന്നും കൂടാതെ ദേശീയ പരീക്ഷകളെ ഉള്‍പ്പെടെ മാറ്റം ബാധിക്കുമെന്നു ചില വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മഴക്കാലത്ത് കുട്ടികൾ തനിച്ചു വീട്ടിൽ ഇരിക്കേണ്ടി വന്നാൽ അതു കൂടുതൽ അപകടങ്ങൾക്കു കാരണമാവുമെന്ന വാദവുമുണ്ട്.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴമൂലം ക്ലാസുകള്‍ക്ക് ചില ദിവസങ്ങളിൽ അവധി നല്‍കേണ്ടിവരുന്നുണ്ട് എന്നതു യാഥാർഥ്യമാണ്. മഴക്കാലം അവധിയാക്കിയാൽ കുട്ടികളുടെ ക്ലാസുകൾ മുടങ്ങുന്നതു‌ കുറയും. പെരുമഴയത്ത് സ്കൂളിലെത്താനും തിരിച്ചുപോകാനും കുട്ടികൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് എന്നതും വാസ്തവം. കുട്ടികള്‍ക്കു മഴ നനഞ്ഞ് അസുഖങ്ങള്‍ ഉണ്ടാകുന്നതും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാണിക്കുന്നുണ്ട്. ജില്ലാ കലക്റ്റര്‍മാര്‍ രാത്രി എപ്പോഴാണ് അവധി പ്രഖ്യാപിക്കുന്നതെന്നു കാത്തിരിക്കേണ്ട സ്ഥിതി പലപ്പോഴുമുണ്ടാകുന്നു.

മഴ രൂക്ഷമാകുമ്പോള്‍ സ്‌കൂളുകളിലാണു താത്കാലിക ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതും പഠനത്തിനു തടസമാവുന്നതാണ്. ഇത്തരം കാര്യങ്ങൾ പരിഗണിച്ച് മഴക്കാലമാണ് അവധിക്കു നല്ലത് എന്നു തീരുമാനിക്കുമ്പോൾ കടുത്ത വേനലിൽ ക്ലാസ് നടത്തുന്നതു മൂലമുള്ള പ്രശ്നങ്ങൾ അവഗണിക്കേണ്ടിവരും. മാറ്റത്തിനു വേണ്ടിയുള്ള ഒരു മാറ്റം എന്തായാലും ഇക്കാര്യത്തിലുണ്ടാവരുത്. നന്നായി ആലോചിച്ചും ചർച്ച ചെയ്തും ഉചിതമായ തീരുമാനത്തിലെത്താം.

ബലാത്സംഗക്കേസ്; മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

ബജ്റംഗ്ദളിനെതിരേ പരാതി നൽകി കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ‌

കോങ്ങാട് മലയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി