സംസ്ഥാന സ്കൂൾ കലോത്സവത്തിനു ശേഷം തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം.

 

Manu Shelly | Metro Vaartha

Editorial

നമുക്കു നേരാം, അഭിനന്ദനങ്ങൾ

അപ്പീലുകളുമായി മത്സരിക്കാനെത്തുന്നവർ നൃത്തവേദികളിലെ മത്സരങ്ങൾ വൈകിക്കുന്നതിന് ഒരു മാറ്റവും ഉണ്ടാവുന്നില്ല എന്നതാണ് ഈ കലോത്സവവും തെളിയിച്ചത്.

MV Desk

തുടക്കം മുതൽ ഒടുക്കം വരെ മുന്നിൽ നിന്ന കണ്ണൂർ ജില്ല സ്വർണക്കപ്പുമായി മടങ്ങുന്നതു കണ്ടുകൊണ്ടാണ് അറുപത്തിനാലാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിന് കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനത്തു തിരശ്ശീല വീണത്. ആതിഥേയരും മുൻവർഷത്തെ ഓവറോൾ ജേതാക്കളുമായ തൃശൂരിനെ അഞ്ചു പോയിന്‍റ് വ്യത്യാസത്തിന് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയ കണ്ണൂർ അവസാന ദിവസം ഒരട്ടിമറിക്കും സാധ്യതകൾ നൽകിയില്ല. 2024 ജനുവരിയിൽ കലാകിരീടമണിഞ്ഞ അവർക്ക് കഴിഞ്ഞ വർഷം ജനുവരിയിൽ നഷ്ടപ്പെട്ട കിരീടമാണ് ഇക്കുറി തിരിച്ചുപിടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ തിരുവനന്തപുരത്തു നടന്ന അറുപത്തിമൂന്നാമതു കലോത്സവത്തിൽ തൃശൂർ പാലക്കാടിനെ പിന്തള്ളി ഓവറോൾ ജേതാക്കളായത് ഒരേയൊരു പോയിന്‍റിന്‍റെ വ്യത്യാസത്തിലാണ്. ഈ മത്സരത്തിനിടെ മൂന്നാം സ്ഥാനത്തായ കണ്ണൂരിന് ജേതാക്കളായ തൃശൂരുമായുള്ള വ്യത്യാസവും അഞ്ചു പോയിന്‍റായിരുന്നു. അതിനു തൊട്ടു മുൻവർഷം കണ്ണൂർ കപ്പ് നേടിയപ്പോൾ രണ്ടാമതെത്തിയ കോഴിക്കോടുമായുള്ള വ്യത്യാസം മൂന്നു പോയിന്‍റിന്‍റേതു മാത്രമായിരുന്നു. സ്കൂൾ കലോത്സവത്തിൽ മുൻ നിരയിലെത്തുന്ന ജില്ലകൾ തമ്മിലുള്ള വ്യത്യാസം എത്ര കുറവാണെന്ന് ഇതിൽ നിന്നു മനസിലാക്കാം.

ഇക്കുറി കണ്ണൂർ 1028 പോയിന്‍റും തൃശൂർ 1023 പോയിന്‍റുമാണു നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 1017, തൊട്ടുപിന്നിലുള്ള പാലക്കാടിന് 1013 എന്നിങ്ങനെയാണു പോയിന്‍റുകൾ. കഴിഞ്ഞ തവണയും ഈ നാലു ജില്ലകൾക്കു തന്നെയായിരുന്നു ആയിരത്തിനു മുകളിൽ പോയിന്‍റുകളുണ്ടായിരുന്നത്. നമ്മുടെ സ്കൂൾ കലോത്സവം എത്രമാത്രം ആവേശകരമാണെന്ന് ഈ ജില്ലകളുടെ പോരാട്ടം വ്യക്തമാക്കുന്നുണ്ട്. 988 പോയിന്‍റോടെ കൊല്ലമാണ് ഇക്കുറി അഞ്ചാം സ്ഥാനത്തുള്ളത്. സ്കൂൾ കലോത്സവ കിരീടത്തിൽ കണ്ണൂർ മുത്തമിടുന്നത് അഞ്ചാം തവണയാണ്. 1997, 98 വർഷങ്ങളിൽ അവർ കലാകിരീടം നേടിയിരുന്നു. രണ്ടായിരത്തിൽ എറണാകുളവുമായി കിരീടം പങ്കുവച്ചു. അതിനുശേഷം 2024ലും ജേതാക്കളായി. 1994, 1996, 1999, 2025 വർഷങ്ങളിൽ കിരീടം നേടിയിട്ടുള്ള തൃശൂർ സ്വന്തം തട്ടകത്തിൽ കിരീടം നിലനിർത്താനുള്ള ശ്രമങ്ങൾ അവസാന മത്സരങ്ങൾ വരെ തുടർന്നു. പക്ഷേ, ഇക്കുറി കിരീടം കൈവിട്ടുപോകരുതെന്ന വാശിയിൽ തന്നെയായിരുന്നു കണ്ണൂർ ടീം.

കലോത്സവത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ എന്ന പദവി തുടർച്ചയായി പതിമൂന്നാം വർഷവും പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി നിലനിർത്തിയിരിക്കുകയാണ്. സ്കൂളുകളിലെ ഒന്നാം സ്ഥാനത്തിന് അവർക്കു ശക്തരായ എതിരാളികൾ പോലുമില്ല. ആകെ 238 പോയിന്‍റാണ് ഗുരുകുലം സ്കൂളിനു ലഭിച്ചത്. പത്തനംതിട്ട കിടങ്ങന്നൂർ എസ് വിജിവിഎച്ച്എസ്എസ് 157 പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. വയനാട് മാനന്തവാടി എംജിഎം എച്ച്എസ്എസാണു മൂന്നാമത്- 136 പോയിന്‍റ്. സെന്‍റ് തെരേസാസ് എറണാകുളം, എൻഎസ് ബോയ്സ് എച്ച്എസ്എസ് മാന്നാർ എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. കലാമികവിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിലുള്ള സ്കൂൾ എന്ന സ്ഥാനം ഒരിടിവും സംഭവിക്കാതെ നിലനിർത്താൻ ഗുരുകുലത്തിനു കഴിയുന്നത് ഒട്ടും ചെറിയ കാര്യമല്ല. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയുമൊക്കെ പൂർണ സഹകരണത്തോടെയാണ് അവർ ഈ മികവ് കാത്തുസൂക്ഷിക്കുന്നത്. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ടവിധത്തിൽ പരിശീലനം നൽകുന്നതിൽ ഗുരുകുലം സ്കൂൾ കാഴ്ചവയ്ക്കുന്ന മാതൃക പ്രശംസിക്കപ്പെടുക തന്നെ വേണം.

അപ്പീലുകളുമായി മത്സരിക്കാനെത്തുന്നവർ നൃത്തവേദികളിലെ മത്സരങ്ങൾ വൈകിക്കുന്നതിന് ഒരു മാറ്റവും ഉണ്ടാവുന്നില്ല എന്നതാണ് ഈ കലോത്സവവും തെളിയിച്ചത്. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തത്തിൽ 27 ടീമുകളാണു മത്സരിച്ചത്. ഹയർ സെക്കൻഡറി സംഘനൃത്തത്തിൽ മത്സരിക്കാനെത്തിയത് 25 ടീമുകളായിരുന്നു. ഹൈസ്കൂൾ ഒപ്പനയിൽ 26 കുട്ടികളാണു മത്സരിച്ചത്; നാടോടി നൃത്തത്തിൽ 20 പേരും. ഹയർ സെക്കൻഡറി പെൺകുട്ടികളുടെ കേരള നടനത്തിൽ 20 പേരും ഭരതനാട്യത്തിൽ 24 പേരും മത്സരിക്കാനെത്തി. ഹയർ സെക്കൻഡറി പെൺകുട്ടികളുടെ തന്നെ മോഹിനിയാട്ടത്തിൽ 23 പേരും കുച്ചുപ്പുടിയിൽ 24 പേരും ഒപ്പനയിൽ 25 ടീമുകളും മത്സരിക്കാനിറങ്ങിയിരുന്നു. ഹൈസ്കൂൾ പെൺകുട്ടികളുടെ കുച്ചുപ്പുടിയിൽ 22, കേരള നടനത്തിൽ 21, മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും 19 വീതം മത്സരാർഥികളുണ്ടായിരുന്നു. നാഞ്ഞൂറിലേറെ അപ്പീലുകളാണ് ഇക്കുറി അനുവദിക്കപ്പെട്ടത്. അതിൽ മുന്നൂറിലേറെയും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റർമാർ മുഖേന അനുവദിച്ചതാണ്. അപ്പീലുകളിലൂടെ രണ്ടായിരത്തിലേറെ കുട്ടികൾ അധികമായി മത്സരിക്കാനെത്തി.

അഞ്ചു ദിവസം കൊണ്ട് 25 വേദികളിലായി 249 ഇനങ്ങളിൽ പതിനയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത കലാമേള പരാതിരഹിതമായി നടത്താൻ കഴിഞ്ഞു എന്നതിൽ സംഘാടകർക്ക് അഭിമാനിക്കാം. കലോത്സവം ഗംഭീര വിജയമാക്കി മാറ്റുന്നതിന് തൃശൂരിലെ കലാസ്നേഹികളും പ്രധാന പങ്കുവഹിച്ചു. വേദികളിലേക്ക് ഒഴുകിയെത്തിയ നാട്ടുകാരുടെ പ്രോത്സാഹനം കുട്ടികൾക്ക് ആവേശം പകരുന്നതായി. ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കാസർഗോട്ടെ സിയ ഫാത്തിമ എന്ന വിദ്യാർഥിക്ക് വിഡിയോ കോൺഫറൻസ് വഴി മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രത്യേകമായി അഭിനന്ദനം അർഹിക്കുന്നുണ്ട്. മന്ത്രിയുടെ പ്രത്യേക ഉത്തരവിലൂടെ അറബിക് പോസ്റ്റർ നിർമാണ മത്സരത്തിൽ പങ്കെടുത്ത സിയ എ ഗ്രേഡ് നേടുകയുണ്ടായി. കഴിഞ്ഞ വർഷമാണ് ഗോത്രകലകൾ കലോത്സവത്തിലെ മത്സരയിനങ്ങളായി എത്തിയത്. ഇരുള നൃത്തം, പളിയ നൃത്തം, മലപ്പുലയ ആട്ടം, മംഗലംകളി, പണിയ നൃത്തം എന്നീ മത്സരയിനങ്ങളെ പ്രോത്സാഹിപ്പിക്കാൻ തൃശൂരിലും ധാരാളം ആസ്വാദകരുണ്ടായി. അടുത്ത തവണ സ്കൂൾ കലോത്സവത്തിന്‍റെ നടത്തിപ്പിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് മന്ത്രി ശിവൻകുട്ടി പറഞ്ഞിരിക്കുന്നത്. വിധി നിർണയ രീതികളിലടക്കം മാറ്റം വരുമത്രേ. കലയെ ഗൗരവമായി സമീപിക്കുന്ന കുട്ടികൾക്ക് കലാ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതും സ്വാഗതാർഹമാണ്. കലാകേരളത്തിന്‍റെ ഭാവി എത്രമാത്രം ശോഭനമാണെന്ന് ഈ മേളയിൽ പങ്കെടുത്ത കുട്ടികൾ തെളിയിക്കുന്നുണ്ട്. തങ്ങളുടെ കലാമികവ് നാടിനു മുന്നിൽ കാഴ്ചവയ്ക്കാനായി എന്ന അഭിമാനത്തോടെയും സന്തോഷത്തോടെയും തൃശൂരിൽ നിന്നു മടങ്ങുന്ന ഓരോ വിദ്യാർഥിക്കും അഭിനന്ദനങ്ങൾ. അവർക്ക് അതിനു വേണ്ട എല്ലാ സൗകര്യവും ചെയ്തുകൊടുത്തവരും അഭിനന്ദനം അർഹിക്കുന്നു.

വനം വകുപ്പിൽ അഴിമതിക്കാർക്ക് അനുകൂലമായി സ്ഥലംമാറ്റം

കോലിയുടെ സെഞ്ചുറി വിഫലം; ഇന്ത്യ തോറ്റു, പരമ്പര നഷ്ടം

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

യുഎസിന് യൂറോപ്പിന്‍റെ തിരിച്ചടി: വ്യാപാര കരാർ മരവിപ്പിച്ചു

പി.ബി. ബിച്ചു കലോത്സവ പുരസ്കാരം ഏറ്റുവാങ്ങി