.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ട്രെയ്‌നുകൾക്കു നേരേയുള്ള കല്ലേറ് അതീവ ഗൗരവത്തിൽ കാണണം
കേരളത്തിലോടുന്ന ട്രെയ്‌നുകളിൽ യാത്ര സുരക്ഷിതമാക്കാനുള്ള നടപടികൾ കർശനമാക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ട്രെയ്നിന് അകത്തും റെയ്‌ൽവേ സ്റ്റേഷനുകളിലും മാത്രമല്ല ട്രെയ്‌ൻ ഓടിക്കൊണ്ടിരിക്കുമ്പോൾ പുറത്തുനിന്നുള്ള കല്ലേറും ഒരു സുരക്ഷാ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണു സമീപകാലത്തു കാണുന്നത്. സമൂഹ വിരുദ്ധർ ട്രെയ്‌നുകൾക്കു കല്ലെറിഞ്ഞ എത്രയോ സംഭവങ്ങളാണു തുടർച്ചയായി ഉണ്ടായിട്ടുള്ളത്. വന്ദേഭാരത് അടക്കം ട്രെയ്നുകൾക്കു കല്ലേറു കിട്ടിയിട്ടുണ്ട്. ഇങ്ങനെ എറിയുന്ന കല്ലുകൾ ശരീരത്തു കൊണ്ട് പലർക്കും പരുക്കേറ്റിട്ടുമുണ്ട്. അതിൽ അവസാനത്തെ സംഭവമാണു കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായത്. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിനു നേരേ കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ വച്ചായിരുന്നു കല്ലേറ്. താടിയെല്ലിനു ഗുരുതരമായി പരുക്കേറ്റ ഐശ്വര്യ എന്ന വിദ്യാർഥിനിക്കു വലിയ സാമ്പത്തിക ചെലവുള്ള ശസ്ത്രക്രിയ വേണ്ടിവന്നു. ഏതാനും പല്ലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റു ചില പല്ലുകൾക്കു കല്ലേറിൽ പൊട്ടലുണ്ടെന്നും പറയുന്നു.
യുസി കോളെജിൽ ബയോ ഇൻഫർമാറ്റിക്സ് പിജി കോഴ്സ് വിദ്യാർഥിനിയായ ഐശ്വര്യ ആലുവയിൽ നിന്ന് വടകരയിലെ വീട്ടിലേക്കു ട്രെയ്നിൽ പോവുകയായിരുന്നു. ഈ മാസം 16ന് പരീക്ഷ ആരംഭിക്കാനിരിക്കെ പാചകവാതക ക്ഷാമം കണക്കിലെടുത്ത് ഹോസ്റ്റലിൽ നിന്ന് പഠനാവധിക്കു വീട്ടിലേക്കു തിരിച്ചതായിരുന്നു. ഐശ്വര്യ ട്രെയ്നിൽ ജനലിന്‍റെ അരികിലേക്കു നീങ്ങിയിരുന്ന് അൽപ്പം കഴിഞ്ഞപ്പോഴാണു കല്ലേറുണ്ടായതത്രേ. മകൾ വീട്ടിലെത്തുന്നതു കാത്തിരിക്കുന്ന ഒരു കുടുംബത്തെ ഈ വിധത്തിൽ ദ്രോഹിച്ചിട്ട് എന്തു പ്രയോജനമാണു കല്ലെറിഞ്ഞ സമൂഹ വിരുദ്ധർക്കു കിട്ടുന്നത്. പൊതുമുതൽ നശിപ്പിക്കുകയും മറ്റുള്ളവരുടെ ജീവനു ഭീഷണി ഉയർത്തുകയും ചെയ്യുന്ന ഇത്തരക്കാരെ കർശനമായി നേരിടേണ്ടതുണ്ട്. ട്രെയ്നുകൾക്കു നേരേ അതിക്രമം കാണിക്കുന്നവരെ പൂട്ടിക്കെട്ടുമെന്ന് ഐശ്വര്യയെയും കുടുംബത്തെയും സന്ദർശിച്ച ശേഷംകേന്ദ്ര മന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. കർശനമായ നിയമം കൊണ്ടുവരുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതിന് ഒട്ടും വൈകരുത് എന്നു തന്നെയാണു മുഴുവൻ ട്രെയ്‌ൻ യാത്രക്കാരും ആഗ്രഹിക്കുന്നത്. ഒപ്പം പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിക്ക് എല്ലാവിധ ചികിത്സാ സഹായവും നൽകേണ്ടതുമുണ്ട്.
സംഭവത്തിൽ ഊർജിതമായ അന്വേഷണം നടക്കണം. എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ട്. റെയ്‌ൽവേ പൊലീസും ആർപിഎഫും സംയുക്തമായി നടത്തുന്ന അന്വേഷണത്തിൽ കാര്യമായ തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണു കേൾക്കുന്നത്. സംഭവസ്ഥലത്തുള്ളവരല്ല കല്ലെറിഞ്ഞത് എന്നാണു പ്രാഥമിക നിഗമനം. ഒറ്റപ്പെട്ട സ്ഥലമാണെന്നും അവിടെ സിസിടിവിയില്ലെന്നും പറയുന്നുണ്ട്. സമീപപ്രദേശത്തുള്ള ക്യാമറകൾ പരിശോധിക്കുന്നതടക്കം അന്വേഷണത്തിന്‍റെ ഭാഗമാവേണ്ടതുണ്ട്. ലഹരി മരുന്ന് ഉപയോഗിക്കുന്നവർ ഈ ഭാഗത്തു വരാറുണ്ടെന്നു പറയുന്നുണ്ട്. അതും അന്വേഷണത്തിന്‍റെ ഭാഗമാവേണ്ടതാണ്. ഗുരുതരമായ മാനസിക വൈകല്യമുള്ളവരും അക്രമ സ്വഭാവം കാണിക്കുന്നവരുമാണ് ഇത്തരം അക്രമങ്ങൾക്കു മുതിരുന്നത്. അവരിൽ കുട്ടികളും പ്രായപൂർത്തിയായവരും ഉണ്ടാവാം. പിടിക്കപ്പെടുമെന്നും കർശന നടപടിയുണ്ടാവുമെന്നും ഉറപ്പാക്കിക്കൊണ്ടുവേണം ഇത്തരക്കാരെ നേരിടാൻ. ആവർത്തിച്ചു കല്ലേറുണ്ടാകുന്ന സ്ഥലങ്ങളിൽ നിരന്തരം പൊലീസ് നിരീക്ഷണം ഉണ്ടാവേണ്ടതുണ്ട്. പട്രോളിങ് ശക്തമാക്കുകയും ഡ്രോൺ, സിസിടിവി ക്യാമറകൾ അടക്കം നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണം. അക്രമികളെ കണ്ടെത്താൻ നാട്ടുകാരുടെ സഹായവും അനിവാര്യമാണ്.
ഏതാനും ദിവസം മുൻപാണ് തിരുവനന്തപുരത്തു നിന്നു മംഗലാപുരത്തേക്കു പോകുന്ന വന്ദേഭാരതിനു നേരേ നെടുമ്പാശേരി വിമാനത്താവളത്തിനടുത്തു വച്ചു കല്ലേറുണ്ടായത്. വന്ദേഭാരതിന്‍റെ പുറത്തുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് ആലുവ റെയ്‌ൽവേ പൊലീസ് 19കാരനായ പ്രതിയെ പിടികൂടുകയുണ്ടായി. പ്രണയനൈരാശ്യം മൂലമാണു കല്ലെറിഞ്ഞതെന്നത്രേ പ്രതി പൊലീസിനോടു പറഞ്ഞത്. അതിനു മുൻപ് ഫെബ്രുവരിയിൽ കണ്ണൂരിലും വന്ദേഭാരതിനു നേരേ കല്ലേറുണ്ടായി. ജനലിൽ തട്ടി കല്ല് പുറത്തേക്കു തെറിച്ചതിനാൽ ആർക്കും പരുക്കേറ്റില്ല. അതിനു മുൻപും പല തവണ ട്രെയ്നുകൾക്കു നേരേ കല്ലേറുണ്ടായിട്ടുണ്ട്. ട്രെയ്ൻ കടന്നുപോകും മുൻപ് ട്രാക്കിൽ കല്ലു കണ്ടെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ട്രെയ്‌ൻ യാത്ര സുരക്ഷിതമാക്കുന്നതിനുള്ള നടപടികളിൽ റെയ്‌ൽവേ കൂടുതൽ ശ്രദ്ധ പതിപ്പിച്ചേ മതിയാകൂ.
ട്രെയ്നുകൾക്കു നേരേ കല്ലെറിയുന്നതുപോലെ ഗുരുതരമായ കുറ്റമാണു റെയ്‌ൽ പാളത്തിൽ തടസങ്ങളുണ്ടാക്കുന്നതും. അട്ടിമറിക്കുള്ള ശ്രമം ആരു നടത്തിയാലും അവർക്കെതിരേ കർശന നടപടികൾ എടുക്കേണ്ടിയിരിക്കുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ റെയ്‌ൽ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യയിലേത്. രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനവും ഇതാണ്. ചരക്കുനീക്കത്തിന്‍റെ മുഖ്യപങ്കു വഹിക്കുന്നതും റെയ്‌ൽവേ തന്നെയാണ്. കേരളത്തിൽ എന്നല്ല, രാജ്യത്ത് ഒരിടത്തും ഈ സംവിധാനത്തിന്‍റെ ഒരുഭാഗത്തും സുരക്ഷാഭീഷണിയില്ലാതെ നോക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളുടെ പൂർണമായ സഹകരണവും ഇക്കാര്യത്തിൽ റെയ്‌ൽവേയ്ക്കു ലഭിക്കേണ്ടതുണ്ട്.