നെല്ല് നശിക്കുമ്പോൾ തകരുന്നത് കർഷകന്‍റെ നെഞ്ചാണ്
file image
ക്ഷേമപെൻഷൻ വർധനയടക്കം മന്ത്രിസഭാ യോഗം തീരുമാനിച്ച ജനപ്രിയ നടപടികൾക്കൊപ്പമാണ് റബറിന്‍റെ താങ്ങുവില ഉയർത്തിയതും നെല്ലിന്‍റെ സംഭരണ വില വർധിപ്പിച്ചതും. കിലോഗ്രാമിനു 180 രൂപയിൽ നിന്ന് റബറിന്‍റെ താങ്ങുവില 200 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. നെല്ലിന്‍റെ സംഭരണ വില 28.20 രൂപയിൽ നിന്ന് 30 രൂപയാക്കിയിരിക്കുന്നു. ഈ സർക്കാർ കർഷകർക്കൊപ്പം എന്നു തെളിയിക്കുന്നതാണ് ഈ നടപടിയെന്ന് എൽഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നുണ്ട്. അന്നമൂട്ടുന്ന കർഷകനെ സർക്കാർ ചേർത്തുപിടിക്കുന്നു എന്നൊക്കെയാണ് അവകാശവാദങ്ങൾ. കർഷകർക്കു കൂടുതൽ വില ലഭ്യമാവുന്നതു നല്ല കാര്യം തന്നെയാണ്. പക്ഷേ, അതിന്‍റെ പ്രയോജനം ലഭിക്കണമെങ്കിൽ സമയത്തിനു സംഭരണവും നടക്കണം. നെല്ല് സംഭരണത്തിന്‍റെ കാര്യത്തിലുണ്ടായിരിക്കുന്ന അനിശ്ചിതത്വം ഇപ്പോൾ കർഷകർക്കു വരുത്തിവയ്ക്കുന്നതു വളരെ വലിയ നഷ്ടമാണ്. സംഭരണം സംബന്ധിച്ച കാര്യങ്ങൾ മുൻകൂട്ടി തീരുമാനിച്ച് കൊയ്ത്തിനു മുൻപ് എല്ലാ തയാറെടുപ്പുകളും നടത്താതിരുന്നതാണ് പാലക്കാടും കുട്ടനാട്ടിലും കൊയ്ത നെല്ല് സംഭരിക്കാനാളില്ലാതെ നശിക്കുന്നതിനു കാരണമായിട്ടുള്ളത്. സർക്കാരിന്‍റെ "കർഷക സ്നേഹം' കർഷകർക്ക് ഉപകാരപ്പെടാതെ പോകുന്നത് കഷ്ടം എന്നല്ലാതെ എന്തു പറയാനാണ്. കൊയ്തു കൂട്ടിയ നെല്ല് സംഭരിക്കാൻ ആരു വരും എന്നു കാത്തിരിക്കുന്ന കർഷകരുടെ വേദന ഉത്തരവാദപ്പെട്ടവർക്കു മനസിലാവാതെ പോകുന്നുവെന്നാണു മനസിലാക്കേണ്ടത്.
പാലക്കാട്ട് ഒന്നാം വിള കൊയ്ത്ത് അവസാനിക്കാറായി. ഇതുവരെ സപ്ലൈകോയുടെ സംഭരണം ആരംഭിച്ചിട്ടില്ല. ചിലർ കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകാർക്കു നെല്ല് വിറ്റു. പതിനെട്ടും ഇരുപതും ഇരുപത്തിരണ്ടുമൊക്കെ രൂപയ്ക്കാണ് ഇങ്ങനെ നെല്ല് വിറ്റുപോയത്. 28 രൂപ പോലും കിട്ടിയില്ല. പലയിടത്തും നെല്ലുകിടന്നു നശിക്കുന്നുമുണ്ട്. കനത്ത മഴ പ്രതിസന്ധി കൂടുതൽ വഷളാക്കി. ഉള്ളതെല്ലാം വിറ്റുപെറുക്കിയും വായ്പയെടുത്തുമൊക്കെ കൃഷി നടത്തിയവർ സംഭരണത്തിലെ അനിശ്ചിതത്വത്തിൽ വട്ടം കറങ്ങി. കൊയ്തെടുത്ത നെല്ലു സംഭരിക്കാൻ സംവിധാനമായില്ല എന്നതു കർഷകരിലുണ്ടാക്കിയ ആശങ്ക ഉത്തരവാദപ്പെട്ട ആരുടെയും നെഞ്ചു പൊള്ളിച്ചില്ല. മഴക്കാലത്ത് നെല്ല് ഉണക്കിയെടുത്തു സൂക്ഷിക്കേണ്ടിവരുന്നതുപോലുള്ള പ്രയാസങ്ങൾ ആരോടു പറഞ്ഞാലാണു മനസിലാവുക. കുട്ടനാട്ടിലും ഇതു തന്നെയാണു സ്ഥിതി. മഴയത്ത് കൊയ്തെടുത്ത നെല്ല് പലയിടത്തും കെട്ടിക്കിടക്കുകയാണ്. സ്വകാര്യ മില്ലുകളുടെ ഏജന്‍റുമാർ കർഷകരെ സമീപിക്കുന്നത് തീരെ ചെറിയ വില വാഗ്ദാനം ചെയ്താണ്. നെല്ലു കിടന്നു മുളച്ചു നശിച്ചാൽ നഷ്ടം കർഷകർക്കു മാത്രം. അവസാനം ഞങ്ങളിതാ സംഭരണത്തിന് തയാറായി എന്നു പറഞ്ഞു രംഗത്തുവന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്.
സപ്ലൈകോയ്ക്കു വേണ്ടി കർഷകരിൽ നിന്നു നെല്ല് സംഭരിച്ച് അരിയാക്കി മാറ്റുന്നത് ഏതാനും സ്വകാര്യ മില്ലുകളാണ്. ഇവരുമായി നേരത്തേ തന്നെ ഒരു ധാരണയിലെത്താൻ അധികൃതർക്കു കഴിഞ്ഞില്ല. നെല്ല് അരിയാക്കി നൽകുന്ന അനുപാതം (ഔട്ട് ടേൺ റേഷ്യോ) സംബന്ധിച്ച തർക്കമാണു പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. 100 കിലോ നെല്ല് മില്ലുകൾ സംഭരിച്ചാൽ അതു സംസ്കരിച്ച് 68 കിലോഗ്രാം അരി സംഭരണ ഏജൻസിക്കു നൽകണമെന്നതാണു കേന്ദ്ര മാനദണ്ഡം. എന്നാൽ, അത് 64.5 കിലോഗ്രാമായി കുറയ്ക്കണം എന്നതാണു മില്ലുടമകൾ ആവശ്യപ്പെടുന്നത്. 2022-23 സീസൺ വരെ ഔട്ട് ടേൺ 64.5 ശതമാനമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പിന്നീടാണ് അതുയർത്തിയത്. കേരളത്തിലെ നെല്ലിൽ നിന്ന് 64.5 ശതമാനം ഔട്ട് ടേണേ സാധ്യമാകൂ മില്ലുടമകളുടെ വാദം. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട് സർക്കാരും മില്ലുടമകളുമായി ചർച്ച നടത്തിയതാണ്. ഔട്ട് ടേൺ 66.5 കിലോഗ്രാമായി നിശ്ചയിക്കാമെന്നു ചർച്ചയിൽ മുഖ്യമന്ത്രി നിർദേശിച്ചെങ്കിലും 64.5 എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു മില്ലുടമകൾ. കൈകാര്യച്ചെലവ് ഉയർത്തുക, ട്രാൻസ്പോർട്ടേഷൻ ചാർജ് നിശ്ചയിച്ച് കരാറിൽ ഉൾപ്പെടുത്തുക തുടങ്ങി മറ്റു പല ആവശ്യങ്ങളും മില്ലുടമകൾ ഉയർത്തിയിട്ടുണ്ട്. ഈ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ഇനിയെന്ത് എന്ന ആശങ്ക കർഷകരിൽ വർധിച്ചിരിക്കുകയാണ്. തങ്ങൾക്കു നൽകുന്ന വാഗ്ദാനങ്ങളൊന്നും സർക്കാർ പാലിക്കുന്നില്ലെന്നു മില്ലുടമകൾ കുറ്റപ്പെടുത്തുന്നുണ്ട്. 2022-23 മുതലുള്ള കൈകാര്യച്ചെലവ് മില്ലുടമകൾക്കു കിട്ടാനുണ്ടത്രേ. കേന്ദ്ര സർക്കാർ കൈകാര്യച്ചെലവ് ഇനത്തിൽ വർധന വരുത്തിയാലും സംസ്ഥാന സർക്കാർ വർധന അനുവദിക്കുന്നില്ലെന്നും അവർക്കു പരാതിയുണ്ട്.
വൈകിയ സമയത്തും സംഭരണം മുടങ്ങുന്ന തരത്തിൽ തർക്കങ്ങൾ നിലനിൽക്കുമ്പോഴാണ് മില്ലുടമകളെ ക്ഷണിക്കാതെ കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളം ഗസ്റ്റ് ഹൗസിൽ സംഭരണ പ്രതിസന്ധി പരിഹരിക്കാനുള്ള യോഗം വിളിച്ചുകൂട്ടിയത്. മില്ലുടമകളെ ക്ഷണിക്കാത്തത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചുവെന്നും അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമാണ് പിറ്റേന്ന് മില്ലുടമകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി തിരുവനന്തപുരത്തു യോഗം ചേർന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തായാലും പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ടു തന്നെ നെൽ കർഷകർക്ക് ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ല. കർഷകരുടെ കഠിനാധ്വാനത്തിന്‍റെ വിലയാണ് തർക്കങ്ങളിലും വിലപേശലുകളിലും കുടുങ്ങിക്കിടക്കുന്നത്. പാടത്തു കൂട്ടിയിട്ടിരിക്കുന്ന നെല്ല് മഴ കൊള്ളാതെ സൂക്ഷിക്കാൻ കഴിയാതെ കർഷകർ നട്ടം തിരിയുന്നത് എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്.